തുല്യതയുടെ വിളംബരം

മദീന ആസ്ഥാനമായി ഖലീഫ ഉമർ ഭരണംനടത്തുന്ന കാലം. ഖലീഫയുടെ നേതൃത്വത്തിൽ യെമനിൽനിന്ന് വൻതോതിൽ പരുത്തിത്തുണികൾ ഇറക്കുമതിചെയ്യുകയും എല്ലാ പൗരന്മാർക്കിടയിലും തുല്യമായി വീതിക്കുകയും ചെയ്തു. ഖലീഫയ്ക്കടക്കം എല്ലാവർക്കും ഷർട്ടിനു സമാനമായ അരവസ്ത്രം തയ്‌ക്കാനുള്ള തുണിയാണ് നൽകിയിരുന്നത്. തുണി വിതരണംചെയ്ത് ഏതാനും ദിവസങ്ങൾക്കകം ഖലീഫ ജനങ്ങളെ സംബോധനചെയ്ത് സംസാരിക്കുന്നതിനിടെ ഒരാൾ എണീറ്റുനിന്നു പറഞ്ഞു: ‘‘അങ്ങയെ ഞങ്ങൾക്ക് കേൾക്കേണ്ടാ, ഞങ്ങൾ നിങ്ങളെ അനുസരിക്കുകയുമില്ല.’’ എന്തുകൊണ്ടാണ് നിങ്ങൾ ഇങ്ങനെ പറയുന്നതെന്ന് ഖലീഫ ഉമർ തിരിച്ചുചോദിച്ചു. ‘അങ്ങ് ഞങ്ങളെക്കാൾ അധികം എടുത്തിട്ടുണ്ട്’’ എന്നായി അയാൾ. ‘‘എന്താണ് ഞാൻ നിങ്ങളെക്കാൾ അധികമെടുത്തത്’ -ഖലീഫ തിരിച്ചുചോദിച്ചു. അയാൾ പറഞ്ഞു: ‘‘യെമനിൽനിന്ന് കൊണ്ടുവന്ന തുണി എല്ലാവർക്കും ഒന്നുവീതമാണല്ലോ നൽകിയത്. താഴെവരെയെത്തുന്ന പൂർണവസ്ത്രം (ഖമീസ്) തയ്‌ക്കാൻ അതു തികയുകയില്ല. ഞങ്ങളെക്കാൾ ഉയരമുള്ള അങ്ങ് ആ തുണികൊണ്ട് പൂർണവസ്ത്രം തയ്ച്ചിട്ടുമുണ്ട്. നിങ്ങൾ അധികം തുണി എടുത്തെന്ന് മനസ്സിലാവുന്നു.’’
ഇതുകേട്ട ഖലീഫ ഉമർ സദസ്സിലുള്ള തന്റെ മകൻ അബ്ദുല്ലയോടായി പറഞ്ഞു: ‘‘ഈ ആരോപണത്തിന് നീ മറുപടിപറയൂ.’’ അബ്ദുല്ല പറഞ്ഞു: ‘‘യെമനിൽനിന്ന് കൊണ്ടുവന്ന തുണികൊണ്ട് ഖലീഫ ഖമീസ് തയ്‌ക്കാൻ മുറിച്ചപ്പോഴാണ് അതു തികയില്ലെന്ന് മനസ്സിലായത്. അപ്പോൾ ഞാൻ എനിക്കു ലഭിച്ച തുണി ഖലീഫയ്ക്ക് ഖമീസ് പൂർണമാക്കാൻ നൽകി.’’ ഇതുകേട്ട് നേരത്തേ എണീറ്റുനിന്ന് ചോദ്യമുന്നയിച്ചയാൾ പറഞ്ഞു: ‘‘ഇപ്പോൾ എല്ലാം വ്യക്തം, ഇനി ഞങ്ങൾ അങ്ങയെ കേൾക്കുകയും അനുസരിക്കുകയും ചെയ്യാം.’’മദീനയിലെ മികച്ച ഖലീഫമാരിൽ ഒരാളായിരുന്ന ഉമറിന്റെ കാലത്തുനടന്ന ഈ സംഭവം നമുക്ക് നൽകുന്ന സന്ദേശങ്ങൾ പലതാണ്. പൗരന്മാരെക്കാൾ അധികസൗകര്യങ്ങളോ ഭൗതികവസ്തുക്കളോ ഭരണാധിപൻ ഉപയോഗിച്ചെന്ന് തോന്നിയാൽ സധൈര്യം വിഷയം ഉന്നയിക്കാനും പരിഹാരം കാണാനുമുള്ള അവസരം എല്ലാവർക്കുമുണ്ടായിരുന്നു എന്നതാണ് അതിൽ പ്രധാനം. വിഭവവിതരണത്തിൽ ഉദ്യോഗസ്ഥ-പൊതുജന വ്യത്യാസമില്ലാതെ എല്ലാവർക്കും തുല്യത ഉറപ്പുവരുത്തിയിരുന്നു എന്നതാണ് മറ്റൊന്ന്.
Content Highlights: ramadan 2023, dr. hussain saqafi chullikkode