കുറ്റംപറയുന്നത് കുറ്റകരം

#ഡോ. ഹുസൈൻ മടവൂർ
പ്രതീകാത്മകചിത്രം
പ്രതീകാത്മകചിത്രം

ഒരാളുടെ അഭാവത്തിൽ അയാൾക്കിഷ്ടമില്ലാത്തത് പറയുക കുറ്റമാണെന്ന് പ്രവാചകൻ പറയുകയുണ്ടായി. ഇതുകേട്ട അനുചരന്മാർ ചോദിച്ചു: ‘‘ഞങ്ങൾ പറയുന്ന കാര്യങ്ങൾ ഉള്ളതാണെങ്കിലോ.’’ നബി പറഞ്ഞു: ‘‘അതെ, ഇല്ലാത്തത് പറയൽ കളവു പറയലാണ്.’’ ഉള്ളതാണെങ്കിലും മറ്റൊരാൾക്ക് ഇഷ്ടമില്ലാത്തത് പറയൽ പരദൂഷണമാവുന്നു. അത് കുറ്റകരംതന്നെയാണ്. കുടുംബങ്ങളിലും അയൽവാസികൾക്കിടയിലും കുഴപ്പങ്ങളും നാശങ്ങളുമുണ്ടാക്കുന്നതിൽ പരദൂഷണത്തിനുള്ള പങ്ക് വളരെ വലുതാണ്. ഭക്തിയോടെ ജീവിക്കുന്നവരും മതനിഷ്ഠ പാലിക്കുന്നവരുമായ എത്രയോ പേർ സംസാരത്തിൽ സൂക്ഷ്മതയില്ലാതെ ജീവിക്കുന്നുണ്ട്. പലരുടെയും സത്കർമങ്ങൾ നഷ്ടപ്പെടുന്നതും അന്യരെക്കുറിച്ച് അവർക്കിഷ്ടപ്പെടാത്ത കാര്യങ്ങൾ പറഞ്ഞുപ്രചരിപ്പിക്കുന്നതു കാരണമാണെന്നു കാണാം. ഏതൊരാൾക്കും കുറവുകളും പോരായ്മകളുമുണ്ടാവും. അതിനാൽ ഓരോരുത്തരും അവരുടെ കുറ്റങ്ങളും കുറവുകളും മനസ്സിലാക്കിവേണം മറ്റുള്ളവരുടെ പോരായ്മകൾ കണ്ടെത്തുന്നത്. അന്യരുടെ ദോഷങ്ങൾ പരതിനോക്കുന്നതും അത് പ്രചരിപ്പിക്കുന്നതും വിശ്വാസികൾക്കു ചേർന്ന സ്വഭാവമല്ല. ആത്മസംസ്കരണം സിദ്ധിച്ച സമൂഹം എപ്പോഴും സ്വന്തം പോരായ്മകളും കുറവുകളും എന്തെല്ലാമാണെന്ന് ശ്രദ്ധിക്കുകയാണു വേണ്ടത്.

പൊതുരംഗത്ത് പ്രവർത്തിക്കുന്ന എത്രയോ ആളുകളുടെ ജീവിതം തകർന്നുപോയതും ഭാവി നശിച്ചുപോയതും വ്യക്തിവിരോധത്താൽ ചിലർ നടത്തിയ അപവാദപ്രചാരണങ്ങൾകൊണ്ടാണെന്ന് നാം കാണുന്നുണ്ട്. ലഭ്യമായ വിവരങ്ങൾ തെറ്റായിരുന്നുവെന്ന് പിന്നീടാണ് പലപ്പോഴും മനസ്സിലാവുക. അപ്പോഴേക്കും താൻ പ്രചരിപ്പിച്ച വാർത്തകൾ പടർന്ന് മ​േറ്റയാൾക്ക് വലിയ മാനഹാനി സംഭവിച്ചിട്ടുണ്ടാവും.

Content Highlights: ramadan 2023