സൗന്ദര്യജീവിതം

പ്രശസ്തമായ ഒരു നബിവചനമുണ്ട്, ‘അള്ളാഹു സൗന്ദര്യവാനാണ്. അവൻ സൗന്ദര്യത്തെ ഇഷ്ടപ്പെടുന്നു’. ഈ വാക്യം പരാമർശിക്കുന്നതിനുമുമ്പ് നബി പഠിപ്പിക്കുന്നു, ‘ഹൃദയത്തിൽ ലവലേശം അഹങ്കാരമുള്ളവന് പറുദീസാപ്രവേശനം അസാധ്യമാണ്’. അന്നേരം അനുചരരിലൊരാൾ ചോദിച്ചു: ‘‘ഒരാൾ നല്ലവസ്ത്രം ധരിക്കുകയും നല്ല ചെരിപ്പ് ധരിക്കുകയുമൊക്കെ ചെയ്യുന്നുവെങ്കിലോ?’’. അതിനുള്ള മറുപടിയായിരുന്നു മുകളിൽപ്പറഞ്ഞ വചനം. സ്വഭാവത്തിലും വൃത്തിയിലും വസ്ത്രധാരണത്തിലുമെല്ലാം പൂർണതകളിലേക്ക് പ്രവേശിക്കുമ്പോഴാണ്, അള്ളാഹു ഇഷ്ടപ്പെടുന്ന ‘ജമാൽ’ ഒരാളിൽ പ്രവർത്തിക്കുന്നത്.
ഈ പ്രവാചകവചനത്തിലെ വ്യക്തിത്വസൗന്ദര്യവത്കരണത്തിന് പ്രധാനമായും വേണ്ടത് ഇവയാണ്: ഹൃദയത്തിന്റെ വിമലീകരണം, വാക്കുകളിലെ സത്യസന്ധത, നിസ്കാരവും നോമ്പും മറ്റാരാധനകളും നിർവഹിച്ച് ഭക്തി കൈവരിക്കൽ, ലാളിത്യവും വിനയവുമുള്ള അവശ്യഘട്ടങ്ങളിൽ ധീരത പ്രകടിപ്പിക്കുന്ന സ്വഭാവം, ശരീരം എല്ലാഘട്ടങ്ങളിലും ഏറ്റവുംമനോഹരമായി കൊണ്ടുനടക്കൽ. ഇതെല്ലാം മനോഹരമാക്കപ്പെടുന്നത്, ഹുങ്ക് ഹൃദയത്തിൽ ഇല്ലാതിരിക്കുമ്പോഴാണ്.
ഈ സൗന്ദര്യബോധം നബിജീവിതത്തിൽ ഏറ്റവുംപ്രധാനമായി പ്രവർത്തിച്ചിരുന്നു. കാഴ്ചയുടെ സൗന്ദര്യം മനുഷ്യർ അടയാളപ്പെടുത്തുന്നത് പലപ്പോഴും പ്രകൃതിയുടെ വശ്യത നോക്കിയാണ്. നമുക്കുചുറ്റുമുള്ള വായുവും മണ്ണും വെള്ളവും എല്ലാംനന്നായാലേ മനുഷ്യജീവിതം സ്വാസ്ഥ്യമാകൂ. പ്രകൃതിയുടെ ഈ സൗന്ദര്യത്തെ എങ്ങനെ സൃഷ്ടിച്ചുവെന്ന് അള്ളാഹു പഠിപ്പിക്കുന്നുണ്ട്; ഭൂമിയെയും ആകാശങ്ങളെയും സൃഷ്ടിച്ചു, ആകാശത്തുനിന്നു മഴപെയ്യിച്ചു, ചെടികളെ മുളപ്പിച്ചു, കൗതുകം ജനിപ്പിക്കുന്ന തോട്ടങ്ങൾ ഒരുക്കിയവനാണ് അള്ളാഹു എന്ന് വിശദീകരിക്കുന്നുണ്ട് ഖുർആനിൽ.
Content Highlights: ramadan 2023