നവീകരണത്തിന്റെ നാളുകൾ

#കുഞ്ഞുമുഹമ്മദ് മദനി പറപ്പൂർ
പ്രതീകാത്മക ചിത്രം | Photo: PTI
പ്രതീകാത്മക ചിത്രം | Photo: PTI

ഈ ലോകത്ത് അനശ്വരമായതൊന്നുമില്ല. ശരീരംമുതൽ നാമുപയോഗിക്കുന്ന ജീവിതോപാധികളെല്ലാം നാശത്തിന് വിധേയമാണ്. കേടുതീർക്കാതെവിട്ടാൽ ഏതു വസ്തുവിനും ഉപയോഗക്ഷമത നഷ്ടമാകും. ഇതുതന്നെയാണ്; നമ്മുടെ ധർമനിഷ്ഠയുടെയും വിശ്വാസത്തിന്റെയും അവസ്ഥ. അത്‌ ജീർണിക്കാതെ നാം കാത്തുസൂക്ഷിക്കണം.

നിങ്ങളുടെ വിശ്വാസം പുതുക്കിക്കൊണ്ടിരിക്കാൻ നബി (സ്വ) കല്പിച്ചിരിക്കുന്നു. വിശ്വാസം വർധിക്കുകയും കുറഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുമെന്ന് നബി (സ്വ) പഠിപ്പിച്ചതു കാണാം. വിശ്വാസത്തെയും മനസ്സിനെയും ജീവിതവ്യവഹാരങ്ങളെയും ശുദ്ധീകരിച്ചുകൊണ്ടിരിക്കാനുള്ള അവസരങ്ങൾ മതം മനുഷ്യനെ പഠിപ്പിച്ചിട്ടുണ്ട്.

തിന്മകളാണ് വിശ്വാസത്തെയും ജീവിതത്തെയും മലിനമാക്കുന്നത്. നാം ജീവിക്കുന്ന സാമൂഹികസാഹചര്യങ്ങളാവട്ടെ തിന്മകളിൽനിന്നൊട്ടും മുക്തമല്ല. കാണുന്നതും കേൾക്കുന്നതുമധികവും സത്യത്തിനും ശരിക്കും ധർമത്തിനും നിരക്കാത്തതാണ്. ശരിയും തെറ്റും വേർതിരിക്കുന്ന വ്യക്തികളും മേഖലകളും അപൂർവമാണ്. നീതി പ്രതീക്ഷിക്കപ്പെടുന്ന കേന്ദ്രങ്ങൾവരെ നീതിനിഷേധത്തിന്റെയും ചൂഷണങ്ങളുടെയും വിളനിലങ്ങളാണ്.

‘‘നിങ്ങൾക്ക് ഒരു കാലം വരാനുണ്ട്; അന്ന് മതനിഷ്ഠയിൽ പിടിച്ചുനിൽക്കുന്നവന് തീക്കനൽ പിടിക്കുന്ന അസഹ്യതയാണ് അനുഭവപ്പെടുക’’ എന്ന് നബി (സ്വ) പ്രവചനം നടത്തിയ ആ കാലത്താണ് നാമുള്ളത്. ഇവിടെ തിന്മകൾക്കെതിരേ പിടിച്ചുനിൽക്കാനുള്ള അതിജീവനശേഷിയാണ് നാം വീണ്ടെടുക്കേണ്ടത്. ചുമരിലെ മാലിന്യങ്ങളും കറകളും ചുരണ്ടിക്കളഞ്ഞശേഷമാണ് പുതിയ ചായമടിച്ച് വൃത്തിയാക്കേണ്ടത്. അതുപോലെ നമ്മുടെ ജീവിതശൈലിയിലേക്ക് കയറിക്കൂടിയ തിന്മകളും മാലിന്യങ്ങളും കഴുകിക്കളഞ്ഞ് പുതുജീവിതത്തിലേക്കുവരാനുള്ള അസുലഭ അവസരം നാം നഷ്ടപ്പെടുത്തരുത്. ആ അവസരമാണ് റംസാൻ എന്ന വിശുദ്ധമാസം.

Content Highlights: ramadan 2023