ആരോഗ്യമല്ല ലക്ഷ്യം

വിശ്വാസിക്ക് നോമ്പ് അവന്റെ ഭക്തിയെയും മാനവികതയെയും വളർത്താനാണ്. ‘നിങ്ങൾ ഭക്തിയുള്ളവരാകാൻവേണ്ടി നോമ്പ് നിർബന്ധമാക്കിയിരിക്കുന്നു’ 2/183 എന്നതാണ് ഖുർആനിൽ നോമ്പിന്റെ പ്രഥമലക്ഷ്യം. നോമ്പുകൊണ്ട് ആരോഗ്യം നന്നാവുമെന്നത് സമ്മതിക്കാം. പക്ഷേ, നോമ്പിലൂടെ മനുഷ്യൻ ഭക്തിയും സ്നേഹവും സാഹോദര്യബന്ധവും ആർജിക്കുന്നില്ലെങ്കിൽ അതുകൊണ്ട് ഒരു ഫലവുമില്ല. ‘നിങ്ങൾ വ്യാജവാക്കുകളും പ്രവൃത്തിയും ഉപേക്ഷിക്കുന്നില്ലെങ്കിൽ വിശന്നിരിക്കണമെന്ന് അള്ളാഹുവിന് ഒരു നിർബന്ധവുമില്ല’ (ബുഖാരി).
ദൈവത്തെ സ്നേഹിക്കുകയെന്നാൽ, വഴിപാട് നടത്തലോ പ്രാർഥിച്ചിരിക്കലോമാത്രമല്ല. ദൈവത്തിന്റെ സൃഷ്ടികളെ ദൈവവിധിപ്രകാരം സ്നേഹിക്കുകയും സംരക്ഷിക്കുകയുമാണ്. ഇതിൽ മനുഷ്യരും ജീവനുള്ളതും ജീവനില്ലാത്തതുമൊക്കെ പെടും. മാതാവിന്റെ തട്ടം നിലത്തുകിടക്കുന്നതുകണ്ടാലും നമ്മളതിനെ ആദരിക്കണം. മനുഷ്യർക്കുവേണ്ടിയാണ് മറ്റ് സൃഷ്ടിജാലങ്ങളെയെല്ലാം ദൈവം പടച്ചത്. ആവശ്യമെങ്കിൽ അവയെ കൊല്ലാനും ഭക്ഷണമാക്കാനും മറ്റാവശ്യങ്ങൾക്കുപയോഗിക്കാനും ദൈവം അനുവദിക്കുന്നു. ജീവിക്കാൻവേണ്ടി മാത്രമേ ഭക്ഷണം കഴിക്കാൻ അനുവാദമുള്ളൂ. അതിനാണ് വയറിന്റെ മൂന്നിലൊന്ന് ഭാഗം മാത്രംമതി ഭക്ഷണമെന്ന് നബി പറഞ്ഞത്. മിതമായി ഭക്ഷണം കഴിക്കുന്നവൻ ശരീരം നന്നാക്കാൻ നോമ്പ് വരുംവരെ കാത്തിരിക്കേണ്ടകാര്യമില്ല. നോമ്പെടുക്കുമ്പോൾ പ്രഷറും പ്രമേഹവും കുറയുന്നുണ്ടോ എന്നല്ല നോക്കേണ്ടത്. നിങ്ങളുടെ ദുഃസ്വഭാവങ്ങൾ മാറിയിട്ടുണ്ടോ? പ്രതികാരമോഹങ്ങളും ആർത്തിയും അയൽവാസിയോടുള്ള ശത്രുതയും മാഞ്ഞുപോയിട്ടുണ്ടോ? അച്ഛനമ്മമാരോട് സ്നേഹം കൂടിയിട്ടുണ്ടോ? കള്ളംപറയാതിരിക്കുന്നുണ്ടോ? എന്നൊക്കെയാണ് വിശ്വാസി പരിശോധിക്കേണ്ടത്.
Content Highlights: ramadan 2023