പരിസ്ഥിതി സൗഹൃദമാക്കി മലപ്പുറം മഅദിന്‍ റംസാന്‍ കാമ്പയിന്‍

മഅദിൻ അക്കാദമി റംസാൻ കാമ്പയിൻ ലോഗോ പ്രകാശനം ചെയർമാൻ സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരി നിർവഹിക്കുന്നു
മഅദിൻ അക്കാദമി റംസാൻ കാമ്പയിൻ ലോഗോ പ്രകാശനം ചെയർമാൻ സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരി നിർവഹിക്കുന്നു

മലപ്പുറം: വിശുദ്ധമാസത്തില്‍ വേറിട്ട കര്‍മപദ്ധതികളുമായി മഅദിന്‍ അക്കാദമിയുടെ റംസാന്‍ കാമ്പയിന്‍. മുപ്പതിന പരിപാടികളാണ് അക്കാദമി ആസൂത്രണംചെയ്തിട്ടുള്ളതെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇഫ്താര്‍ അടക്കമുള്ള മുഴുവന്‍ പരിപാടികളും പരിസ്ഥിതിസൗഹൃദമാക്കും. കാമ്പയിന്റെ ലോഗോ പ്രകാശനം മഅദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്രാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നിര്‍വഹിച്ചു.

റംസാനിലെ ആദ്യ വെള്ളിയാഴ്ച രാവില്‍ ആത്മീയസംഗമം നടക്കും. മാര്‍ച്ച് 25 മുതല്‍ ഏപ്രില്‍ ആറുവരെ 'നല്ല കുടുംബം നല്ല സമൂഹം' എന്ന ശീര്‍ഷകത്തില്‍ വനിതകള്‍ക്കായി ഇസ്ലാമിക് ഹോം സയന്‍സ് ക്ലാസ് സംഘടിപ്പിക്കും. ഏപ്രില്‍ രണ്ടിന് രാവിലെ ആറുമുതല്‍ ബദര്‍ കിസ്സപ്പാട്ടുണ്ടാകും. എല്ലാ ദിവസവും കുട്ടികള്‍ക്കായി ഖുര്‍ആന്‍ ഖൈമ സജ്ജീകരിക്കും. എല്ലാദിവസവും വൈകുന്നേരം അഞ്ചിന് അതിഥിത്തൊഴിലാളികള്‍ക്കായി പ്രത്യേക പഠനക്യാമ്പും ഇഫ്താര്‍ സത്കാരവുമൊരുക്കും. ഗ്രാന്‍ഡ് മസ്ജിദില്‍ ഉച്ചയ്ക്ക് ഒന്നുമുതല്‍ കര്‍മശാസ്ത്ര പഠനവുമുണ്ടാകും.

27-ാം രാവില്‍ നടക്കുന്ന പ്രാര്‍ഥനാസമ്മേളനത്തോടെ കാമ്പയിന്‍ സമാപിക്കും. പ്രാര്‍ഥനാസമ്മേളനം അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനംചെയ്യും.

പത്രസമ്മേളനത്തില്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്രാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി, സമസ്ത ജില്ലാ സെക്രട്ടറി ഇബ്രാഹിം ബാഖവി മേല്‍മുറി, പി.എം. മുസ്തഫ, അബ്ദുസമദ് ഹാജി, സൈതലവി സഅദി, ദുല്‍ഫുഖാര്‍ അലി സഖാഫി എന്നിവര്‍ പങ്കെടുത്തു.

Content Highlights: maadin ramzan campaign