മുഗു... ജൂൺ പൂക്കുമ്പോൾ ഗന്ധം പരത്തുന്ന എന്റെ നാട്

Representational Image | Photo: PTI
Representational Image | Photo: PTI

സ്കൂളാരംഭം ആഘോഷമാണ്... മണ്ണിലാദ്യം വീഴുന്ന മഴത്തുള്ളികളിലലിഞ്ഞ് ചേരുന്ന മണ്ണിന്റെ ഗന്ധം പോൽ, ഓരോനാളെണ്ണിക്കാത്തു വെച്ച ബാഗുകളും പുസ്തകങ്ങളും യൂണിഫോമും തുറന്ന് മണക്കുമ്പോൾ കിട്ടുന്ന സന്തോഷം. മൂത്തതുങ്ങളുടെ നോട്ട് പുസ്തകത്തിലെ മടക്കുപൊളിയാ പേജുകൾ കൂട്ടിവെച്ച്, നേരത്തെ തന്നെ തുന്നിക്കൂട്ടിയ റഫ് ബുക്ക്. അന്ന് അഞ്ചു രൂപയ്ക്ക് കുമ്പള ക്ഷേത്രത്തിന്നടുത്തുള്ള പ്രിന്റിങ് കടയിൽ കൊണ്ടുകൊടുത്താൽ ഒരു കട്ടി ബൈൻഡ് വെച്ച് തുന്നിത്തരുന്ന ഏർപ്പാടുണ്ടായിരുന്നു. ആദ്യത്തെ ഒരാഴ്ചക്കാലം അതിലായിരിക്കും എഴുതിത്തുടങ്ങുക. ക്ലാസുകളിലെ ചെറു പാട്ടുകളും ആഘോഷങ്ങളും മറ്റുമായി പോകുന്ന ആദ്യത്തെ ആഴ്ചയിൽ അധികം ക്ലാസുകളൊന്നും നടക്കാറുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ, മുൻപേജിൽ പേരെഴുതി പുത്തൻ ഗന്ധം പേറുന്ന നോട്ട് പുസ്തകങ്ങൾ തുറന്ന് എഴുതാൻ മടിയായിരുന്നു. പിന്നീട് ആ വർഷം മുഴുവനും റഫ് നോട്ടിൽ എഴുതിത്തീർക്കുന്ന ഏർപ്പാടും ഉണ്ടായിരുന്നു. 

മഴചാറിത്തുടങ്ങുന്ന പുലരികളിൽ ഉറുമി മദ്രസയിൽ നിന്നോടിയെത്തിയ ശേഷം നേരെ പോകുക മുഗു സ്കൂളിലേക്കായിരിക്കും. 9 മണിക്ക് മദ്രസ വിട്ടാൽ ഇടയിൽ ആകെയുള്ളത് വെറും ഒരു മണിക്കൂർ മാത്രമാണ്. ഇതിനിടയിൽ കുത്തനെയുള്ള പൊന്നങ്കുളം മലയും കയറി വീട്ടിലെത്തണം. പിന്നെ ഉമ്മ ഉണ്ടാക്കിവെച്ച ഭക്ഷണം കഴിച്ചു കഴിച്ചില്ലെന്ന് വരുത്തി നേരെ മുഗു സ്കൂളിലേക്ക്. 

എണ്ണിച്ചുടുന്ന ദോശപോലെ ആയിരുന്നു നാട്ടിലേക്കുള്ള ബസുകളും. സീതാംഗോളിയിൽ നിന്ന് കൊല്ലക്കണ്ടം എന്ന് എഴുതി വെച്ച ബോർഡുള്ള ബസിലായിരിക്കും ജോസ് മാഷും രാഘവൻ മാഷും വരിക. മുണ്ട്യത്തടുക്ക വഴിയുള്ള ബസ് കിട്ടിയില്ലെങ്കിൽ തോമസ് മാഷും ചിലപ്പോഴൊക്കെ ഞങ്ങളുടെ വഴിയായിരിക്കും വരിക. ജോസ് മാഷിനെ എല്ലാവർക്കും പേടിയായിരുന്നു. സ്കൂളിലെ ഏറ്റവും കിറുക്കനായ സാറ് എന്നായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്. എന്നാൽ ജോസ് മാഷ് അങ്ങനെയല്ലായിരുന്നു.

വീട്ടിലെത്തിയാൽ കഴിച്ചിറങ്ങുമ്പോഴേക്കും സക്കീർ ബസും വന്ന് ഹോൺ ഇട്ട് തുടങ്ങും. കുമ്പള സ്കൂളിലേക്കും അംഗഡിമൊഗർ സ്കൂളിലേക്കുമുള്ളവർ അപ്പോഴേക്കും ബസ് സ്റ്റോപ്പിൽ എത്തിയിട്ടുണ്ടാകും. നാട്ടിലെ ഒട്ടുമിക്ക കുട്ടികളുടേയും തുടക്കം മുഗു സ്കൂളിൽ നിന്നായിരിക്കും. ഗ്രാമത്തിലെ ഏക എൽ.പി. സ്കൂൾ. യു.പി. സ്കൂളായി ഉയർത്തണമെന്ന് നിരന്തരം ആവശ്യമുയരുന്നുണ്ടെങ്കിലും ഇതുവരെ അതിനൊരു തീരുമാനമായിട്ടില്ല. ഇന്നും ഗ്രാമീണാന്തരീക്ഷത്തിൽ ലയിച്ച് ഞങ്ങളുടെ ഗ്രാമവും സ്കൂളും തല ഉയർത്തി നിൽക്കുന്നുണ്ട്. 

ജോസ് മാഷിന്റെ വരവ് കാത്ത് ഓരോ വീട്ടു പടിക്കലും രക്ഷിതാക്കൾ കാവൽ നിൽക്കും. ബസ് നിർത്തി, നാരായണി അക്കാടെ വീടും കഴിഞ്ഞ് തൊട്ടിപ്പുറത്താണ് ഞങ്ങളുടെ വീട്. സാറിന്റെ തലവെട്ടം കണ്ടാൽ അപ്പോ തുടങ്ങു, 'ദാ സാറെത്തി.. ഇറങ്ങിക്കോ' പിന്നെ വീടുമുതൽ സ്കൂൾ വരെ ജാഥയാണ്. 15 മിനിറ്റോളം നടന്നെത്തണം സ്കൂളിലേക്ക്. അദ്രായിച്ചാന്റെ വീടിന് തൊട്ടു മുമ്പിൽ വലിയൊരു ഇറക്കമാണ്. പലപ്പോഴും സൈക്കിൾ പഠിക്കാൻ വേണ്ടി വലരും ഈ കയറ്റവും ഇറക്കവുമാണ് ഉപയോഗിക്കാറ്. തുടക്കക്കാർ സൈക്കിളിൽ കയറിയിരുന്ന് കാല് പെഡലിൽ വെച്ച് ഷൂ...ന്ന് ഒറ്റ പോക്കാണ്. പലപ്പോഴും തലേം കുത്തി വീഴാറും ഉണ്ട്. അപ്പോഴോക്കൊ, 'ഒന്ന് രണ്ട് വട്ടം വീണാൽ സാരോല്യ. എന്നാലേ പഠിക്കൂ' എന്ന് പറഞ്ഞ് ആശ്വസിപ്പിച്ച് ഒഴിയാറാണ് പതിവ്. ഇറക്കം കഴിഞ്ഞാൽ ചെറിയൊരു തോടും തോട്ടവുമാണ്. മഴക്കാലത്ത് തോട് നിറഞ്ഞ് വയലും തോട്ടവും ഒന്നാകും. മിക്കവാറും ജൂൺ രണ്ടാം വാരത്തിലായിരിക്കും തോട് നിറയുക. ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ നാട്ടിലെ മുതിർന്നവർ രാവിലേയും വൈകിട്ടും വന്ന് കുട്ടികളെ തോട് കടത്തി അപ്പുറത്താക്കിത്തരും. പാന്റ് മുട്ട് വരെ മടക്കിക്കേറ്റി കാലൻ കുടയിലെ വെള്ളത്തുള്ളികൾ തട്ടിത്തെറിപ്പിച്ച് ഇലയും പച്ചയും പൂക്കളും പറിച്ചും അങ്ങനെ നടക്കും. ഒരുനാൾ, ഇടിമുട്ടി മിന്നലെറിഞ്ഞ് കോരിച്ചൊരിയുന്ന നാളൊന്നിലാണ് കൂട്ടുകാരിക്കൊപ്പം കരഞ്ഞുവിളിച്ച് ഒരുകുടക്കീഴിൽ കയറി വീട്ടുപടിക്കലെത്തിയത്. അന്നുമുതൽ ഉമ്മ ഒറ്റക്ക് വിടാറില്ലായിരുന്നു. കൂട്ടിന് ആരെങ്കിലും ഉണ്ടാകും, ഇല്ലെങ്കിൽ പകുതി വരെ ഉമ്മ കൊണ്ട് ചെന്ന് വിടും. തോട് എല്ലാവർക്കും പേടിയാണ്. മഴ തിമിർത്തു പെയ്യുന്നനാളിൽ തോട്ടിനരികിലേക്ക് കുട്ടികളെ വിടാൻ ഉമ്മമാർ അധികം കൂട്ടാക്കാറില്ലായിരുന്നു.

തോടിന്റെ ഇരുവശങ്ങളിലും തോട്ടങ്ങളായതുകൊണ്ട് തന്നെ മഴക്കാലത്ത് തടിയും തേങ്ങയും ഒഴുകി വരുന്നത് പതിവായിരുന്നു. ഇത് പിടിക്കാൻ വേണ്ടി മൂത്തവർ കാത്തു നിൽക്കും. കിട്ടിയ തേങ്ങകളിൽ പലതും കല്ലിൽ കൊത്തിയെടുത്ത് ഉള്ളിലെ വെള്ളക്കഷ്ണം എടുത്ത് പകുത്ത് കഴിക്കും. 

ഉമ്മറാപ്പാന്റെ വീട് കഴിഞ്ഞാൽ പിന്നെ അങ്ങോട്ട് വയലാണ്. കൃഷിയില്ലാക്കാലത്ത് വൈകുന്നേരങ്ങളിലെ ക്രിക്കറ്റും കബഡിയും ഫുട്ബോളും ഇവിടെയാണ്. സങ്കായം കര പള്ളി കഴിഞ്ഞാൽ വീണ്ടും ഒരു കയറ്റം. അപ്പോഴേക്കും ജോസ് സാറിന്റെ പിന്നാലെ ഒരു ജാഥയ്ക്കുള്ള ആള് ഉണ്ടാകും. സങ്കായം കര കഴിഞ്ഞാ പിന്നെ ഗുഡ്ഡെ ആണ്. ഗുഡ്ഡെ സ്കൂൾ എന്നും മുഗു സ്കൂളിനെ ചിലർ വിളിക്കുന്നുണ്ടെങ്കിലും ജിജെബിഎസ് മുഗു എന്നത് ഞങ്ങൾ മുഗു നിവാസികളുടെ അഭിമാനമാണ്. കയറ്റത്തിന്റന്ത്യത്തിലാണ് എം.ടി. ഉസ്താന്റെ വീട്. അതും കഴിഞ്ഞ് വേണം സ്കൂളിലെത്താൻ. ഞങ്ങൾ സ്കൂളിലെത്തിയാലെ ആദ്യ ബെല്ലടിക്കൂ. എന്നെങ്കിലും ബസ് വൈകിയാൽ അന്ന് സ്കൂൾ വൈകി തുടങ്ങും. 

വീട്ടിൽ നിന്നിറങ്ങുമ്പോൾ തന്നെ ഉമ്മാടടുത്ത് അമ്പത് പൈസക്ക് വേണ്ടിയുള്ള സ്നേഹക്കാട്ടിക്കൂട്ടൽ തുടങ്ങും. സ്കൂളിന് തൊട്ടടുത്താണ് അള്ളച്ചാന്റെ പീടിയ. അന്ന് അമ്പത് പൈസയ്ക്ക് അഞ്ച് തേൻ മിഠായി കിട്ടും. അല്ലെങ്കിൽ രണ്ട് പുളിയുപ്പേരി. പതിനൊന്ന് മണിയുടെ ഇന്റർവെല്ലിലാണ് അള്ളച്ചാന്റെ പീഡിയേലേക്കുള്ള പാച്ചിൽ.

ചെറിയ കൂടു പീടിക, പുറത്ത് നിറയെ അലങ്കാര മിഠായികൾ. കാർഡ് ബോർഡിൽ തൂക്കിയിട്ടിരിക്കുന്ന പുളിയുപ്പേരി, മാങ്ങാച്ചാർ. ചിലപ്പോഴൊക്കെ മാങ്ങാച്ചാർ ആയിരിക്കും വാങ്ങിക്കുക. ഉച്ചക്കത്തെ കഞ്ഞിക്കൊപ്പം മാങ്ങച്ചാറും കൂട്ടിപ്പിടിക്കുന്നത് വേറെ തന്നെ സുഖാണ്. 

സ്കൂളിന്റെ അറ്റത്തായി അസർപ്പൂന്റെ വീടോട് ചേർന്നാണ് കഞ്ഞിപ്പുര ഉണ്ടായിരുന്നത്. പതിനൊന്ന്മണിയോടെ ചേച്ചിയെത്തി കഞ്ഞിയും പയറും അടുപ്പത്തിടും. ആർക്കൊക്കെ ഭക്ഷണം വേണമെന്ന് നേരത്തെ തന്നെ കണക്കെടുത്ത് പോയിട്ടാണ് ഭക്ഷണം പാകം ചെയ്തു തുടങ്ങുക. ചെറു കുടില് പോലുള്ളതായോണ്ടന്നെ കഞ്ഞിപ്പുരയിൽ നിന്നുള്ള മണം വേഗം മൂക്കിലെത്തും. ചിലപ്പോഴൊക്കെ ഇന്റർവെൽ കഴിഞ്ഞുള്ള പിരീഡ് തോമസ് മാഷ് ആയിരിക്കും. കൈത്തണ്ട ഞെരിച്ചുള്ള നുള്ളലാണ് സാറിന്റെ മെയിൻ. കഞ്ഞിയിൽ കാന്താരി മുളക് ഞവിടണ പോലെയാണ് സാറ് കൈയിൽ നുള്ളുന്നത്. ശൂ..... എന്നൊരു ഒച്ചയുണ്ടാകും. പിന്നെ അങ്ങേര് കൈ എടുത്ത് പോയാൽ അവിടെ വട്ടത്തിൽ ഒരു ചുവപ്പടയാളം അവശേഷിക്കും. പിന്നെ രണ്ട് ദിവസത്തേക്ക് അത് അവിടത്തന്നെ കാണും. സാറിന്റെ ക്ലാസ് കഴിയാനായി എന്ന അറിയിപ്പാണ് കഞ്ഞിപ്പുരയിൽ നിന്നുയരുന്ന മണം. പിന്നെ നീട്ടിയൊരു ബെല്ലായിരിക്കും. 

കൈയിൽ കരുതിയിരുന്ന പ്ലേറ്റും എടുത്ത് വരാന്തയിലേക്ക് ഒരോട്ടമുണ്ട്. നീളത്തിൽ എല്ലാവരും ചമ്രം പടിഞ്ഞിരുക്കുമ്പോഴേക്കും ബക്കറ്റുകളിൽ കഞ്ഞിയും പയറും എത്തും. വറ്റ് വാരിക്കഴിച്ച് കഞ്ഞിവെള്ളവും മോന്തി ഏമ്പക്കവും വിട്ട് നേരെ പൈപ്പിനടുത്തേക്ക്. പിന്നെ പാത്രം കഴുകാനുള്ള തല്ല്. ഉച്ചക്ക് കുറച്ചുനേരം ഫ്രീ ടൈം കിട്ടും. ഈ സമയത്ത് ഗ്രൈണ്ടിനടുത്തുള്ള റൌണ്ട് കെട്ടിൽ ഉന്തിക്കളിക്കും. അല്ലെങ്കിൽ ഓരോയിടങ്ങളിൽ എന്തേലും പറഞ്ഞിരിക്കും. 

അള്ളച്ചാന്റെ മോൻ സിദ്ദിഖ് നല്ലൊരു വായനക്കാരനായിരുന്നു. കടയിലേക്ക് മിഠായി സാധനങ്ങൾ വാങ്ങിക്കാൻ പോകുമ്പോൾ അള്ളച്ച ഒരുപാട് കഥാ പുസ്തകങ്ങൾ കൊണ്ടുവന്ന് അവന് കൊടുക്കുമായിരുന്നു. തത്തമ്മ, ബാലരമ, ബാലഭൂമി... അങ്ങനെ ആഴ്ചകളിലും എല്ലാ കഥാ പുസ്തകങ്ങളും അവന്റെ കൈയിൽ ഉണ്ടാകും. വെള്ളിയാഴ്ചകളിൽ മിക്കവാറും ഞങ്ങൾ സിദ്ധിക്കിന്റെ പിന്നാലെയായിരിക്കും. ഓരോരുത്തരായി ഓരോ പുസ്തകങ്ങൾ മാറിയിരുന്നു വായിക്കും. ചിലർ കൂട്ടത്തിൽ ഇരുന്ന് വായിച്ചു കൊടുക്കും. എന്നാലും തൃപ്തി വരാതെ വീണ്ടും ചിത്രങ്ങൾ നോക്കി ഒരാവർത്തി വായിക്കുന്നത് പതിവായിരുന്നു. മായാവിയും മാജിക് മാലുവും പുട്ടാലുവും ലുട്ടാപ്പിയും കുട്ടിക്കാലത്തെ രസകരമായ ഓർമ്മയാകുന്നത് സിദ്ധിക്കിന്റെ വെള്ളിയാഴ്ചകളിൽ കൂടിയാണ്. പിന്നീട് സൌറിഞ്ഞാന്റെ റിയാസായിരിക്കും പലപ്പോഴും ബാലഭൂമിയുമായി നാട്ടിൽ എത്താറുള്ളത്. അതുകൊണ്ട് തന്നെ കഥആപുസ്തകങ്ങൾ വായിച്ചുള്ള നേരംപോക്കിന് ഒരറുതി ഉണ്ടായിരുന്നില്ല. 

ചിലപ്പോഴൊക്കെ സ്കൂൾ വിട്ട് വരുംവഴികളിൽ കൊർഗൻ ഉണ്ടാവും. മേല് മൊത്തം കരിപിടിപ്പിച്ച് തലയിൽ ഒരു പാളത്തൊപ്പിയും, ഇരു അരികിലുമായി ചെമ്പരത്തിപൂക്കൾ പിടിപ്പിച്ച് കൈയിൽ ഒരു പാക്കും ഓടക്കുഴലും പിടിച്ചായിരിക്കും നടക്കുക. വീടുകൾ തോറും വന്ന് അവർ രസകരമായി തമാശ പറഞ്ഞിരിക്കുമെങ്കിലും കുട്ടികൾക്ക് പേടിയായിരുന്നു. പലപ്പോഴും വീടുകളിൽ കുട്ടികളെ കുട്ടികളെ പേടിപ്പിക്കാൻ 'കൊർഗന് കൊടുക്കൂ' എന്ന് പറഞ്ഞായിരുന്നു അനുസരിപ്പിക്കാറ്. ഉമ്മാടെ സാരിത്തലപ്പ് പിടിച്ച് മറഞ്ഞിരുന്ന് അവരുടെ സംസാരം കേട്ടിരിക്കും. ഇടക്ക് ഒളിഞ്ഞു നോക്കി അവര് പേടിപ്പിക്കും. അപ്പോൾ ഓടി അകത്തോട്ട് പോകും. 

വെള്ളി ഞായർ അവധിയായിരുന്നു. വീട്ടുകാർക്ക് സ്വൈര്യം കൊടുക്കാത്ത ദിനങ്ങളായിരുന്നു ആ രണ്ട് ദിവസങ്ങൾ. പിന്നീട് നഗരത്തിലെ സ്കൂളിലേക്ക് പറിച്ചു നടപ്പോൾ ഞായർ മാത്രമായി അവധി. പതിയെ പതിയെ വളർന്നു തുടങ്ങി.... നാട്ടുമണം അവസാനിച്ചിട്ടില്ലെന്ന് സ്വയം ഓർമ്മിപ്പിച്ചു നഗരങ്ങളിൽ നിന്ന് നഗരങ്ങളിലേക്ക് ചേക്കേറിക്കൊണ്ടേയിരുന്നു. ഇപ്പഴും ഓർമ്മ പുതുക്കിക്കൊണ്ടിരിക്കുന്ന നാട്ടുമണം മാത്രം.. ജൂൺ പൂക്കുമ്പോൾ ഗന്ധം പരത്തുന്ന എന്റെ നാട്.

"ഏത് ധൂസര സങ്കല്‍പ്പങ്ങളില്‍ വളര്‍ന്നാലും 
ഏത് യന്ത്രവത്കൃത ലോകത്തില്‍ പുലര്‍ന്നാലും 
മനസ്സിലുണ്ടാകട്ടെ ഗ്രാമത്തിന്‍ വെളിച്ചവും മണവും മമതയും 
ഇത്തിരിക്കൊന്നപ്പൂവും…"

Content Highlights: Praveshanolsavam 2024 school memories