വെറുമൊരു പേരല്ല ഫ്രാൻസിസ്

അർജന്റീയിൽ നിന്നുള്ള ജോർജ് മരിയോ ബർഗോളിയോയെന്ന ജസ്യൂട്ട് കർദ്ദിനാൾ മാർപ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത് ചരിത്രത്തിന്റെ വലിയ ഒരു നിയോഗമായാണ് വിലയിരുത്തപ്പെടുന്നത്. സമ്പത്തിനൊപ്പംതന്നെ ദാരിദ്ര്യവും വരിഞ്ഞുമുറുക്കുന്ന ലാറ്റിനമേരിക്കയിൽ നിന്നുള്ള ആദ്യത്തെ മാർപ്പാപ്പയ്ക്ക് സഭയ്ക്കും ലോകത്തിനും ഏറെ നൽകാൻ കഴിയുമെന്ന ശുഭാപ്തിവിശ്വാസമാണ് എവിടെയുമുള്ളത്. കർദിനാളിന്റെ സുഖസൗകര്യങ്ങൾ ഉപേക്ഷിച്ച്, പാവപ്പെട്ടവരോടൊപ്പം ജീവിച്ച, അവർക്കൊപ്പം ലോക്കൽ ബസ്സുകളിൽ യാത്ര ചെയ്ത, ഭക്ഷണം സ്വയം പാകം ചെയ്തു കഴിക്കുന്ന പുതിയ മാർപ്പാപ്പയുടെ ജീവിതസാക്ഷ്യം തന്നെയാണ് ഈ വിശ്വാസത്തിന്റെ കാതൽ.
പേരിൽ തന്നെ പുതുമ
പേര് തിരഞ്ഞെടുത്തപ്പോൾ തന്നെ തന്റെ വഴികൾ വ്യത്യസ്തമാണെന്ന് പുതിയ പാപ്പ ലോകത്തിന് വെളിപ്പെടുത്തി. കത്തോലിക്കാസഭയുടെ രണ്ടായിരത്തിലധികം വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഫ്രാൻസിസ് എന്ന പേര് ഒരു മാർപ്പാപ്പ സ്വീകരിക്കുന്നത്. പാവങ്ങളുടെ പുണ്യവാളനെന്നറിയപ്പെടുന്ന അസീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ (നമ്മുടെ പ്രാഞ്ചിയേട്ടൻ സിനിമയിലെ ഫ്രാൻസിസ് പുണ്യാളൻ തന്നെ) പേര് തിരഞ്ഞെടുത്തതിന് വലിയ അർത്ഥതലങ്ങളുണ്ട്.
ദരിദ്രരോടും സകല ജീവജാലങ്ങളോടുമുള്ള സ്‌നേഹത്തിലൂടെ ക്രിസ്തുവിന് സാക്ഷ്യം വഹിച്ച വിശുദ്ധനാണ് അസ്സീസ്സിയിലെ ഫ്രാൻസിസ്. ഉന്നതകുലജാതനായിട്ടും സമ്പത്തിന്റെ മടിത്തട്ടിൽ അഭിരമിച്ചിട്ടും അതെല്ലാം ക്രിസ്തുവിനോടും മനുഷ്യനോടുമുള്ള സ്‌നേഹത്തെ പ്രതി ഉപേക്ഷിച്ച് ദാരിദ്ര്യം വ്രതമായെടുത്തയാൾ. അവസാനത്തെ ഉടുതുണി പോലും തെരുവിലെ ദരിദ്രന് കൊടുത്തയാൾ.
ഇങ്ങനെയുള്ള വിശുദ്ധ ഫ്രാൻസിസിന്റെ പേര് സ്വീകരിച്ച് പുതിയ മാർപ്പാപ്പയ്ക്ക് ദരിദ്രരുടെ പക്ഷത്തു നിന്ന് സഭയെ മുന്നോട്ട് നയിക്കാനാകുമെന്നാണ് ദൈവശാസ്ത്രജ്ഞൻമാർ വിലയിരുത്തുന്നത്. സമ്പത്തിലും അധികാരത്തിലും അമർന്ന് ജനങ്ങളിൽ നിന്ന് ഏറെ അകന്നുപോയെന്ന വിമർശനം (പൂർണമായും ശരിയല്ലെങ്കിലും) കത്തോലിക്കാ സഭ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ ഫ്രാൻസിസ് മാർപ്പാപ്പയുടെ തിരഞ്ഞെടുപ്പ് പ്രതീക്ഷ പകരുന്നതു തന്നെ.
എളിമയുടെ വഴിയേ
ജീവിതത്തിലെ ലാളിത്യം അദ്ദേഹം തുടരുമെന്നതാണ് മാർപ്പാപ്പയായി സ്ഥാനമേറ്റ ശേഷവുമുള്ള ഫ്രാൻസിസ് പാപ്പയുടെ പ്രവൃത്തികൾ തെളിയിക്കുന്നത്. മാർപ്പാപ്പയ്ക്കു വേണ്ടിയുള്ള പ്രത്യേക അപാർട്‌മെന്റ് ഉപയോഗിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. പകരം രണ്ട് മുറികൾ മാത്രമാണ് ഉപയോഗപ്പെടുത്തുക. മറ്റ് കർദ്ദിനാൾമാരോടൊപ്പമായിരിക്കും ഭക്ഷണം കഴിക്കുകയെന്നും ഫ്രാൻസിസ് പാപ്പ വെളിപ്പെടുത്തിയിട്ടുണ്ട്.
രണ്ട് മാർപ്പാപ്പമാർ കണ്ടുമുട്ടുന്നു
കത്തോലിക്കാ സഭ നേരിടുന്ന ഒരു വലിയ പ്രതിസന്ധിയായിരിക്കും ഒരേ സമയം രണ്ട് മാർപ്പാപ്പമാരുള്ളതെന്ന് (ഒരാൾ സ്ഥാനമൊഴിഞ്ഞതാണെങ്കിലും) വിലയിരുത്തപ്പെട്ടിരുന്നു. പുതിയ പാപ്പായ്ക്ക് താൻ വിധേയനായിരിക്കുമെന്ന് ബെനഡിക്റ്റ് പതിനാറാമൻ മാർപ്പാപ്പ വ്യക്തമാക്കിയിരുന്നെങ്കിലും ഈ രീതിയിലാണ് കാര്യങ്ങൾ പോയത്. അത്തരമൊരു സാഹചര്യത്തിൽ 2013 മാർച്ച് 23ന് ഫ്രാൻസിസ് പാപ്പ, ബനഡിക്റ്റ് പാപ്പയെ കാസിൽ ഗൊണ്ടോൾഫോയിലെ അദ്ദേഹത്തിന്റെ വസതിയിൽ പോയി കണ്ടതിന് ഏറെ പ്രാധാന്യമുണ്ടായിരുന്നു.
മാർപ്പാപ്പയെ മുട്ടുകുത്തിയാണ് സ്വീകരിക്കുക. തനിക്കുമുന്നിൽ മുട്ടുകുത്തിയ ബെനഡിക്റ്റ് പിതാവിനെ ഫ്രാൻസിസ് പാപ്പ തടഞ്ഞു. നമ്മൾ സഹോദരൻമാരാണ്. നമുക്ക് ഒരുമിച്ചു പ്രാർഥിക്കാം എന്നായിരുന്നു പാപ്പ തന്റെ മുൻഗാമിയോട് പറഞ്ഞത്. സ്വയം എളിമപ്പെടുകയെന്ന ക്രിസ്തു വചനത്തിന്റെ നേർസാക്ഷ്യമാകാൻ ഫ്രാൻസിസ് പാപ്പയ്ക്ക് തന്റെ പ്രവൃത്തിയിലൂടെ സാധിച്ചു.
മറ്റ് മതങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനേക്കുറിച്ചും പുതിയ പോപ്പിന് വ്യക്തമായ ധാരണകളുണ്ട്. മനുഷ്യരെ മറന്നുകൊണ്ട് ദൈവവുമായുള്ള ബന്ധം യഥാർത്ഥ ബന്ധം സാധ്യമാകില്ലെന്ന് വ്യക്തമാക്കുന്ന ഫ്രാൻസിസ് പാപ്പയിൽ ലോകം പുതിയൊരു മാതൃകയെയാണ് കാണുന്നത്.
ഏറെ നന്മകൾ ചെയ്യുമ്പോഴും അതിലേറെ വിമർശനം കേൾക്കുന്നുണ്ട് കത്തോലിക്കാ സഭ. ദരിദ്രരുടെയും ശബ്ദമില്ലാത്തവരുടെയും അശരണരുടെയുമൊക്കെ ആശ്രയമാണ് സഭ. ഇതിൽ നിന്ന് വ്യതിചലിച്ച് സമ്പത്തിനും അധികാരത്തിനുമൊക്കെ പ്രാമുഖ്യം നൽകുമ്പോഴാണ് വിമർശനങ്ങൾ ഏറുന്നത്. ഇതിൽ വാസ്തവമുണ്ടുതാനും.
ജനങ്ങളിൽ നിന്ന് സഭ ഏറെ അകന്നുപോയി എന്നതാണ് ഏറ്റവും വലിയ വിമർശനം. ധാരാളം ആളുകൾ വിട്ടുപോകുന്ന ഗുരുതരമായ പ്രതിസന്ധിയാണ് യൂറോപ്പിലും ലാറ്റിനമേരിക്കയിലുമൊക്കെ കത്തോലിക്കാ സഭ നേരിടുന്നത്. അംഗങ്ങളെ കൂട്ടുക എന്നതിനപ്പുറം സഭയ്ക്ക് സാമൂഹ്യമായ വലിയ ഉത്തരവാദിത്വമുണ്ട്.
സമ്പത്തിന്റെ ഏറ്റക്കുറച്ചിലുകൾ ഏറെയുള്ള ലാറ്റിനമേരിക്കയിലും ദരിദ്രനാരായണൻമാരുടെ ആഫ്രിക്കയിലുമൊക്കെ സഭയ്ക്ക് ഏറെ പ്രവർത്തിക്കാനുണ്ട്. പാവങ്ങളുടെ പക്ഷത്തുനിന്ന് ദാരിദ്ര്യത്തിലൂടെ ക്രിസ്തുവിന് സാക്ഷ്യം വഹിച്ച അസ്സീസ്സിയിലെ ഫ്രാൻസിസിന്റെ പേരുകാരനായ പുതിയ പാപ്പയുടെ പ്രസക്തി ഇവിടെയാണ്.
(പുനഃപ്രസിദ്ധീകരണം)
Content Highlights: Pope Francis Passes Away at 88