പാപ്പ പറഞ്ഞു, 'കരിമ്പയ്ക്കും പാലക്കാടിനും എന്റെ സ്‌നേഹാന്വേഷണങ്ങള്‍'

പാലക്കാട്: 'ഇതോടൊപ്പം കരിമ്പയിലെയും പാലക്കാട്ടെയും ജനങ്ങളെയും എന്റെ സ്‌നേഹാന്വേഷണങ്ങള്‍ അറിയിക്കുക' - കരിമ്പ ലിറ്റില്‍ ഫ്‌ളവര്‍ പള്ളിയുടെ മാതൃകാചിത്രത്തില്‍ ഒപ്പിട്ടുനല്‍കിയശേഷം ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞ ഈ വാക്കുകള്‍ ഇന്നും ഹൃദയത്തില്‍ നിധിപോലെ സൂക്ഷിക്കുകയാണ് കല്ലേപ്പുള്ളി മൈനര്‍ സെമിനാരി വൈസ് റെക്ടര്‍ ഫാ. ജോബിന്‍ കാഞ്ഞിരത്തിങ്കല്‍. തിരക്കില്ലാത്ത ഏതവസരത്തിലും താഴെക്കിടയിലുള്ളവര്‍ക്കൊപ്പം സമയം ചെലവഴിക്കാന്‍ മടി കാണിക്കാത്ത പാപ്പയുടെ ഹൃദയവിശാലത തിരിച്ചറിഞ്ഞ നിമിഷങ്ങളായിരുന്നു അതെന്ന് ഫാ. ജോബിന്‍ പറയുന്നു
2023-ല്‍ പിഎച്ച്ഡി പഠനത്തിന്റെ ഭാഗമായി വത്തിക്കാനില്‍ എത്തിയപ്പോഴാണ് പാപ്പയെ നേരില്‍ക്കാണാനും ആ ഹൃദയവിശാലത തൊട്ടറിയാനും അവസരം ലഭിച്ചതെന്ന് ഫാ. ജോബിന്‍ പറയുന്നു.
കോവിഡ് കാലത്തിനുശേഷമുള്ള സമയമായിരുന്നതിനാല്‍ അക്കാലത്ത് എല്ലാ ബുധനാഴ്ചകളിലും വത്തിക്കാനില്‍ പാപ്പ വിശ്വാസികളെ നേരില്‍ക്കണ്ടിരുന്നു. തന്റെ സ്വന്തം ഇടവകയായ കരിമ്പ ലിറ്റില്‍ ഫ്‌ളവര്‍ പള്ളിയുടെ രേഖാചിത്രവുമായാണ് ഫാ. ജോബിന്‍ അന്ന് പാപ്പയെ കാണാനെത്തിയത്. ചിത്രം കണ്ടതോടെ അതുവാങ്ങി നോക്കിയ പാപ്പ ആകാംക്ഷയോടെ ഇതെവിടെയുള്ളതാണെന്ന് ചോദിച്ചു. താന്‍ ഇന്ത്യയിലെ കേരളത്തിലുള്ള പാലക്കാട് ജില്ലയില്‍നിന്നാണ് വരുന്നതെന്നും തന്റെ മാതൃ ഇടവകയായ കരിമ്പപള്ളി നിര്‍മാണഘട്ടത്തിലാണെന്നും അതിന്റെ രേഖാചിത്രമാണെന്നും ഫോ. ജോബിന്‍ പാപ്പയെ അറിയിച്ചു. ചിത്രംവാങ്ങി ഒപ്പിട്ട പാപ്പ അത് തിരിച്ചുനല്‍കിയ ശേഷമാണ് കരിമ്പയിലെയും പാലക്കാട്ടെയും ജനങ്ങളെ തന്റെ സ്‌നേഹാന്വേഷണങ്ങള്‍ അറിയിക്കാന്‍ ആവശ്യപ്പെട്ടത്. 'തുടര്‍ന്ന് പാപ്പ ആശിര്‍വാദവും നല്‍കി' - ഫാ. ജോബിന്‍ പറഞ്ഞു. നിര്‍മാണംപൂര്‍ത്തിയായ കരിമ്പ പള്ളിയില്‍ ഇന്നും ചിത്രം നിധിപോലെ സൂക്ഷിക്കുന്നുണ്ട്.
'നാലുവര്‍ഷത്തെ പഠനകാലത്ത് രണ്ടുവട്ടംകൂടി പാപ്പയെ നേരില്‍ക്കണ്ട് ആശിര്‍വാദം ലഭിക്കാന്‍ അവസരം കിട്ടി. മാര്‍പാപ്പയുടെ കീഴിലുള്ള സര്‍വകലാശാലയിലായിരുന്നു എന്റെ പഠനം. അതുകൊണ്ടുതന്നെ ഡിഗ്രിവിതരണച്ചടങ്ങിലടക്കം പാപ്പയുടെ നേരിട്ടുള്ള സാന്നിധ്യമുണ്ടാവാറുണ്ടായിരുന്നു. ഒരിക്കല്‍ നേരില്‍ക്കണ്ടപ്പോള്‍ കൊന്തതന്ന് അനുഗ്രഹിച്ചു' - ഫാ. ജോബിന്‍ പറയുന്നു.
വിലകുറഞ്ഞ വാഹനത്തില്‍ സഞ്ചരിച്ചും പോപ്പല്‍ പാലസില്‍നിന്നുമാറി ഹോസ്റ്റല്‍പോലുള്ള കെട്ടിടത്തില്‍ താമസിച്ചും താന്‍ പ്രഖ്യാപിച്ച ലാളിത്യത്തെ സ്വജീവിതത്തിലൂടെ തെളിയിക്കയായിരുന്നു മാര്‍പാപ്പയെന്നും ഫാ. ജോബിന്‍ പറയുന്നു.
Content Highlights: Fr. Jobin recounts his encounters with Pope Francis at the Vatican, receiving blessings and a messag