ജനങ്ങളോട് ആശീര്‍വാദം തേടി തുടക്കം; പാരമ്പര്യങ്ങളും ചരിത്രവും തിരുത്തിയെഴുതിയ പാപ്പ

പോപ് ഫ്രാന്‍സിസും ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയും (ഫയല്‍) |ഫോട്ടോ:AFP
പോപ് ഫ്രാന്‍സിസും ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയും (ഫയല്‍) |ഫോട്ടോ:AFP

'ഞാന്‍ നിങ്ങളെ ആശീര്‍വദിക്കും മുമ്പ് നിങ്ങള്‍ എന്നെ ആശീര്‍വദിക്കുക', വത്തിക്കാനിലെ സിസ്റ്റൈന്‍ ചാപ്പലിന്റെ ചിമ്മിനിയില്‍ വെളുത്ത പുക ഉയര്‍ന്നതിന് പിന്നാലെ സെന്റ് പീറ്റേഴ്‌സ് ബസലിക്കയുടെ പ്രധാന മട്ടുപ്പാവില്‍ സ്ഥാന ചിഹ്നങ്ങളണിഞ്ഞ് പ്രത്യക്ഷപ്പെട്ടുകൊണ്ട് പുതിയ മാര്‍പാപ്പ ലോകത്തോട് ആദ്യം പറഞ്ഞ വാക്കുകളാണിത്.

ചരിത്രപരമായിരുന്നു അദ്ദേഹത്തിന്റെ വരവ്. കത്തോലിക്ക സഭയുടെ ആത്മീയചാര്യനായി 12 വര്‍ഷത്തിനുള്ളില്‍ പാരമ്പര്യങ്ങള്‍ മാറ്റിവെച്ച് ചരിത്രം സൃഷ്ടിക്കുകയും ചെയ്താണ് അദ്ദേഹം മടങ്ങുന്നത്‌. 2013 മാര്‍ച്ചില്‍ വത്തിക്കാനിലെ സിസ്റ്റൈന്‍ ചാപ്പലില്‍ നടന്ന കര്‍ദിനാള്‍മാരുടെ കോണ്‍ക്ലേവിന്റെ രണ്ടാം ദിവസത്തെ വോട്ടെടുപ്പിലാണ് 266-ാമത്തെ മാര്‍പാപ്പയായി അര്‍ജന്റീനന്‍ കര്‍ദിനാള്‍ ബര്‍ഗോളിയോ തിരഞ്ഞെടുക്കപ്പെടുന്നത്. പിന്നാലെ ഫ്രാന്‍സിസ് എന്ന വിളിപ്പേര് സ്വീകരിച്ചു.

ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ അപ്രതീക്ഷിത സ്ഥാനത്യാഗത്തെ തുടര്‍ന്നായിരുന്നു പുതിയ പാപ്പയായി ഫ്രാന്‍സിസ് ഒന്നാമന്‍ എത്തുന്നത്. അപ്രതീക്ഷിതവും നാടകീയവുമായിട്ടാണ് അദ്ദേഹത്തിന്റെ നിയോഗം. 600 വര്‍ഷത്തിന് ശേഷം ആദ്യമായി ഒരു മാര്‍പാപ്പ രാജിവെച്ച് വരുന്ന പകരക്കാരന്‍, ലാറ്റിനമേരിക്കയില്‍നിന്നുള്ള ആദ്യത്തെ മാര്‍പ്പാപ്പ, ആയിരത്തിലധികം വര്‍ഷങ്ങള്‍ക്ക് ശേഷം യൂറോപ്പിന് പുറത്തുനിന്നുള്ള ആദ്യത്തെ പോപ്പ്, തുടങ്ങി ഒട്ടേറെ സവിശേഷതകളോടെയായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സ്ഥാനാരോഹണം.

ബ്യൂണസ് ഐറിസിലെ കര്‍ദ്ദിനാള്‍ ആര്‍ച്ച് ബിഷപ്പ് എന്ന നിലയില്‍, അദ്ദേഹം ബിഷപ്പിന്റെ കൊട്ടാരത്തിലല്ല, മറിച്ച് ഒരു അപ്പാര്‍ട്ട്‌മെന്റിലായിരുന്നു താമസിച്ചത്.  പൊതുഗതാഗതം ഉപയോഗിക്കാനും സ്വന്തമായി ഭക്ഷണം പാകം ചെയ്യാനും അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നു. തിരഞ്ഞെടുക്കപ്പെട്ട അതേ വര്‍ഷത്തില്‍ തന്നെ ലോകത്തെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച വ്യക്തിയായി ടൈം മാഗസിന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ തിരഞ്ഞെടുത്തു.  അതേവര്‍ഷത്തില്‍ തന്നെ സ്വവര്‍ഗാനുരാഗികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന ദി അഡ്വക്കേറ്റ് എന്ന മാസിക മാന്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരവും നല്‍കി.

രാജിവെച്ച ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയെ സന്ദര്‍ശിച്ച് അദ്ദേഹത്തിനൊപ്പം ഉച്ചഭക്ഷണം കഴിച്ച അഭൂതപൂര്‍വ്വമായ സന്ദര്‍ശനത്തിനും ഫ്രാന്‍സിസ് മാര്‍പാപ്പ തയ്യാറായി.

പാരമ്പര്യങ്ങള്‍ തള്ളി സ്ത്രീകളുടെ കാല്‍ കഴുകി ചുംബിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ ചരിത്രം കുറിച്ചു. സ്വവര്‍ഗരതിയെ കുറ്റകരമാക്കുന്ന നിയമങ്ങളെ 'അന്യായം' എന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ വിമര്‍ശിച്ചു. ക്രിസ്ത്യന്‍ സമുദായത്തിലെ യാഥാസ്ഥിതിക ആശയങ്ങളുമായി ബന്ധപ്പെട്ട് സഭയില്‍ നിന്നുള്ള എതിര്‍പ്പുകള്‍ വകവെയ്ക്കാതെ ഗര്‍ഭഛിദ്രം, സ്വവര്‍ഗാനുരാഗം, സ്ത്രീപൗരോഹിത്യം തുടങ്ങിയ കാര്യങ്ങളില്‍ അദ്ദേഹം തന്റെ നിലപാടുകള്‍ തുറന്ന് പറഞ്ഞിട്ടുണ്ട്. 

Content Highlights: Explore the groundbreaking papacy of Pope Francis