പാപ്പയുടെ വേര്‍പാട്: ഭരണനിയന്ത്രണം കാമെര്‍ലെംഗോ കര്‍ദിനാള്‍ കെവിന്‍ ഫാരലിന്

ഡബ്ലിന്‍: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വേര്‍പാട് ഔദ്യോഗികമായി ലോകത്തെ അറിയിച്ചത് കാമെര്‍ലെംഗോ ഐറീഷ് വംശജനായ കര്‍ദിനാള്‍ കെവിന്‍ ജോസഫ് ഫാരല്‍. പാപ്പയുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിക്കേണ്ട ചുമതലയും കാമെര്‍ലെംഗോ ചുമതല വഹിക്കുന്ന കര്‍ദിനാളിനാണ്. ദിവംഗതനായ ഫ്രാന്‍സിസ് പാപ്പയുടെ സംസ്‌കാര ചടങ്ങുകളും പുതിയ പോപ്പിനെ തെരഞ്ഞെടുക്കാനുള്ള നടപടിക്രമങ്ങളും ഏകോപിപ്പിക്കേണ്ടത് കാമെര്‍ലെംഗോ കര്‍ദിനാള്‍ കെവിന്‍ ഫാരലിന്റെ ചുമതലയാണ്.
ആഗോള കത്തോലിക്ക സഭയുടെയും വത്തിക്കാന്‍ രാജ്യത്തിന്റെയും ഭരണ നിര്‍വഹണ കാര്യാലയമാണ് കാമെര്‍ലെംഗോ. വത്തിക്കാനിലെ സ്ഥാവര ജംഗമ വസ്തുക്കളുടെയും ധനകാര്യ ഇടപാടുകളുടെയും നിയന്ത്രണം കാമെര്‍ലെംഗോയില്‍ നിയുക്തമാണ്.
അയര്‍ലന്‍ഡിലെ ഡബ്ലിനില്‍ 1947 സെപ്റ്റംബര്‍ രണ്ടിന് ജനിച്ച കെവിന്‍ ജോസഫ് ഫാരല്‍, 1966 ല്‍ കോണ്‍ഗ്രിഗേഷന്‍ ഓഫ് ലീജണറീസ് ഓഫ് ക്രൈസ്റ്റ് സന്യാസ സഭയില്‍ ചേര്‍ന്നു. റോമിലെ ഗ്രിഗോറിയന്‍ പൊന്തിഫിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും വൈദിക പഠനം പൂര്‍ത്തിയാക്കി 1978 ല്‍ പുരോഹിതനായി. തുടര്‍ന്ന് മെക്‌സിക്കോയിലെ മോണ്‍ടെറി യൂണിവേഴ്‌സിറ്റിയില്‍ ചാപ്ലിന്‍ ആയി. പിന്നീട് 1984 മുതല്‍ അമേരിക്കയിലെ വാഷിങ്ടണ്‍ അതിരൂപതയുടെ ഭാഗമായി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ 2001 ല്‍ കെവിന്‍ ജോസഫ് ഫാരലിനെ വാഷിങ്ടണ്‍ രൂപതയുടെ സഹായ മെത്രാനായി നിയമിച്ചു. 2007 ല്‍ ഡാലസ് രൂപതയുടെ ബിഷപ്പായി.
ഫ്രാന്‍സിസ് മാര്‍പാപ്പ 2016 ല്‍ അത്മായര്‍ക്കും കുടുംബങ്ങളും ജീവനും വേണ്ടിയുള്ള വത്തിക്കാന്‍ കാര്യാലയത്തിന്റെ ഫ്രീഫെക്ടായി നിയമിച്ചു. അദ്ദേഹത്തെ അതേ വര്‍ഷം തന്നെ കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തി. 2019 ഫെബ്രുവരി 14 മുതല്‍ കര്‍ദിനാള്‍ കെവിന്‍ ഫാരലിനെ കാമെര്‍ലെംഗോ പദവിയില്‍ നിയമിച്ചു. കഴിഞ്ഞ വര്‍ഷം മുതല്‍ വത്തിക്കാന്‍ സുപ്രീം കോടതിയുടെ പ്രസിഡന്റ് പദവിയും വഹിച്ചുവരുന്നു.
കര്‍ദിനാള്‍ കെവിന്‍ ജോസഫ് ഫാരല്‍ അടുത്ത മാര്‍പാപ്പ ആകുമോയെന്ന ആകാംഷയിലാണ് അയര്‍ലന്‍ഡിലെ കത്തോലിക്ക സമൂഹം. ചരിത്രത്തില്‍ കാമെര്‍ലെംഗോ പദവി അലങ്കരിച്ച രണ്ട് കര്‍ദിനാള്‍മാരെ മാര്‍പാപ്പ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളു. ലിയോ പതിമൂന്നാമന്‍ (1878), പീയൂസ് പന്ത്രണ്ടാമന്‍ (1939).
Content Highlights: cardinal-farrell-camerlengo-pope-francis-death