അവധി ദിനങ്ങള്‍ ആഘോഷമാക്കി പടവെട്ട്; നിവിന്‍പോളി ചിത്രത്തിന് ഹൗസ്ഫുള്‍ ഞായറാഴ്ച

പടവെട്ട്
പടവെട്ട്

മൂന്നാം ദിവസവം കളക്ഷനില്‍ മുന്നേറി നിവിന്‍ പോളി ചിത്രം പടവെട്ട്. ഞായറാഴ്ച ഏറ്റവും  കൂടുതല്‍ ഹൗസ്ഫുള്‍ ഷോകള്‍ പടവെട്ടിന് ലഭിച്ചു. ദീപാവലി അവധിയായതിനാല്‍ തിങ്കളാഴ്ചയും മികച്ച ഓപ്പണിങ് ചിത്രത്തിനുണ്ട്.

20 കോടിയോളം രൂപയുടെ പ്രീ റിലീസ് ബിസിനസ് കൂടി നടന്ന ചിത്രം മൂന്നുദിവസത്തെ കളക്ഷനോടെ സൂപ്പര്‍ ഹിറ്റ് പദവി നേടിക്കഴിഞ്ഞു. നെറ്റ്ഫ്‌ളിക്സ്, സൂര്യ ടി.വി. എന്നിവര്‍ ചിത്രത്തിന്റെ ഒ.ടി.ടി., സാറ്റലൈറ്റ് അവകാശം നേരത്തേ സ്വന്തമാക്കിയിരുന്നു.

ഇരുന്നൂറോളം തിയേറ്ററിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. കേരളത്തിന് പുറത്തും ചിത്രം മികച്ച കളക്ഷന്‍ നേടുന്നുണ്ട്. കൊല്ലം പാരിപ്പള്ളിയില്‍ ഇന്ന് പടവെട്ടിന്റെ വിജയാഘോഷം നടക്കും. നിവിന്‍ പോളി ഉള്‍പ്പെടെയുള്ള താരങ്ങള്‍ പങ്കെടുക്കുന്നുണ്ട്.

ലിജു കൃഷ്ണ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം മാലൂര്‍ എന്ന ഗ്രാമത്തിലെ കര്‍ഷകരുടെ ജീവിതമാണ് പ്രമേയമാക്കുന്നത്. ചിത്രത്തില്‍ നിവിന്‍ പോളി, കോറോത്ത് രവി എന്ന ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഷമ്മി തിലകന്‍, ഷൈന്‍ ടോം ചാക്കോ, അദിതി ബാലന്‍, രമ്യ സുരേഷ്, ഇന്ദ്രന്‍സ്, ദാസന്‍ കോങ്ങാട്, സുധീഷ് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. 

നിവിന്‍ പോളിയുടെ ഇതുവരെ കാണാത്ത പ്രകടനം തന്നെയാണ് ചിത്രത്തിന്റെ മുഖ്യ ആകര്‍ഷണം. ഗോവിന്ദ് വസന്തയുടെ സംഗീതവും ഇതിനകംതന്നെ ശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞു. 

സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സിന്റെ സഹകരണത്തില്‍ സരിഗമ നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം ദീപക് ഡി. മേനോന്‍ നിര്‍വഹിക്കുന്നു. എഡിറ്റര്‍-ഷഫീഖ് മുഹമ്മദ് അലി, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍-അഭിജിത്ത് ദേബ്, ആര്‍ട്ട്-സുഭാഷ് കരുണ്‍, സൗണ്ട് ഡിസൈന്‍-രംഗനാഥ് രവീ, ലിറിക്‌സ്-അന്‍വര്‍ അലി, മേക്കപ്പ്-റോണെക്‌സ് സേവ്യര്‍, കോസ്റ്റ്യൂം ഡിസൈനര്‍-മഷര്‍ ഹംസ.


 

Content Highlights: padavettu movie housefull in theatres, Nivin Pauly, Adithi Balan, Liju K