'ഇത്രയും ആത്മാര്‍ഥതയുള്ള നിന്നെ എനിക്ക് കളയാന്‍ പറ്റില്ല...'; ഈ വീട്ടില്‍ ജയചന്ദ്രന് മരണമില്ല

തിരുവനന്തപുരം: 1982-ല്‍ കൈയ്യില്‍ കിട്ടിയ ആ ഒറ്റവരി കത്തില്‍ ഇങ്ങനെ എഴുതിയിരുന്നു- 'നെയ്യാറ്റിന്‍കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ അടുത്തയാഴ്ച പാടാന്‍ വരുന്നുണ്ട്. നിങ്ങള്‍ വരൂ...കാണാം..' പത്തു വയസ്സ് മുതല്‍ കാതിലും ഹൃദയത്തിലും കയറിക്കൂടിയ ആ ശബ്ദത്തിന്റെ ഉടമയുടെ കൈപ്പടയാണത്. ഏതോ സിനിമാ മാസികയില്‍ കണ്ട വിലാസത്തില്‍ അയച്ചുനോക്കിയ കത്തിനുള്ള മറുപടിയാണ്.
കൗമാരക്കാരനായ പ്രദീപ്കുമാര്‍ അങ്ങനെ സ്വപ്നത്തിലെന്നപോലെ പി.ജയചന്ദ്രനെ നേരിട്ടുകണ്ടു. അപൂര്‍വമായ പ്രതിഭാ-ആരാധക ബന്ധത്തിന്റെ തുടക്കമായിരുന്നു അത്. പൂജപ്പുര 'വൈഷ്ണവ'ത്തിലെ, ജയചന്ദ്രന്റെ മുഴുവന്‍ പാട്ടുകളും നിറഞ്ഞ മുറിയിലിരുന്ന് വേദനയോടെ പ്രദീപ്കുമാര്‍ ഓര്‍മകളെ തൊട്ടു. ആ മുറിയില്‍ തൊടുന്നതിലും കാണുന്നതിലുമെല്ലാം ജയചന്ദ്രന്‍ മാത്രം.
ആരാധകനായി തുടങ്ങി കുടുംബാംഗമായി മാറിയ ഗാഢബന്ധമാണ് അധ്യാപകനും കലാകാരനുമായ പ്രദീപ്കുമാറും ജയചന്ദ്രനും തമ്മില്‍. കുട്ടിക്കാലം മുതല്‍ ആരാധനാമൂര്‍ത്തിയായിരുന്ന പ്രിയഗായകന്റെ ഓരോ പാട്ടും ജീവിതത്തിലെ ഓരോ മുഹൂര്‍ത്തങ്ങളും പ്രദീപിനൊപ്പമുണ്ട്.
തിരുവനന്തപുരത്ത് എത്തിയാല്‍ ജയചന്ദ്രന്‍ തങ്ങുന്ന വീടായി മാറുംവരെ ആ ബന്ധം വളര്‍ന്നു. ആദ്യ കൂടിക്കാഴ്ചക്കുശേഷം തന്റെ പാട്ടുകളുടെ ശേഖരം നിധിപോലെ കാക്കുന്ന പ്രദീപ് എന്ന യുവാവിനെക്കാണാന്‍ ജയചന്ദ്രന്‍, പ്രദീപിന്റെ മലയിന്‍കീഴ് കുടുംബവീട്ടിലെത്തുന്നത് 1986-ലാണ്. ''ഇത്രയും ആത്മാര്‍ഥതയുള്ള നിന്നെ എനിക്ക് കളയാന്‍ പറ്റില്ല'' എന്നു പറഞ്ഞ് അന്ന് ചേര്‍ത്തുപിടിച്ചതാണ്. ട്യൂഷനെടുത്ത് കിട്ടുന്ന പണം മുഴുവന്‍ മാറ്റിവെച്ച് സ്വരുക്കൂട്ടിയായിരുന്നു ആ ശേഖരം.
പൂജപ്പുരയിലെ വീട്ടിലേക്ക് മാറിയപ്പോഴും ഒരു വലിയ മുറി ജയചന്ദ്രനായി മാത്രം നീക്കിവെച്ചിരുന്നു. ആദ്യസിനിമാ ഗാനമായ 'മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി..'യുടെ ഗ്രാമഫോണ്‍ റെക്കോഡ് മുതല്‍ തുടങ്ങുന്നു ഈ മുറിയിലെ ശേഖരം. റെക്കോഡുകള്‍, കാസറ്റുകള്‍, സി.ഡി.കള്‍, ഡി.വി.ഡി.കള്‍ തുടങ്ങി അവസാന പാട്ടുകളടങ്ങിയ പെന്‍ഡ്രൈവുകള്‍ വരെ കാലമാറ്റത്തിനൊപ്പം ഈ മുറിയിലേക്ക് ചേക്കേറി. മലയാളത്തിലെ ആദ്യ ഭക്തിഗാന റെക്കോഡായ 'പുഷ്പാഞ്ജലി'യുടെ ശേഷിക്കുന്ന അപൂര്‍വ കോപ്പിയും കാണാം ഇക്കൂട്ടത്തില്‍.
ഗായകന്‍ കൂടിയായ പ്രദീപ്കുമാര്‍ ഒരു ചെറിയ സ്റ്റുഡിയോയും ഈ വീട്ടില്‍ ഒരുക്കിയിട്ടുണ്ട്. ജയചന്ദ്രന്‍ തങ്ങാന്‍ വരുമ്പോഴൊക്കെ പാട്ടുപാടിയും കേട്ടുമിരിക്കാനാണിത്. ഇവിടെയെത്തിയാല്‍ രാത്രി വൈകുംവരെ പാട്ടുകളെക്കുറിച്ച് സംസാരിച്ചും പാടിയുമിരിക്കും. തന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ഗള്‍ഫ് പരിപാടി മാറ്റിവെച്ച് പ്രിയഗായകന്‍ വിമാനത്തിലെത്തിയത് ഓര്‍ക്കുന്നു പ്രദീപ്.
ചെന്നൈ വിട്ട് തൃശ്ശൂരിലെ ഫ്‌ളാറ്റിലേക്ക് മാറിയപ്പോള്‍ ജയചന്ദ്രന്‍ തന്റെ സ്വകാര്യ ഗാനശേഖരം പ്രദീപീന് കൈമാറിയിരുന്നു. കഴിഞ്ഞ ഓണത്തിനാണ് ഇവിടേക്ക് ഒടുവില്‍ വന്നത്. അന്നും വൈകുംവരെ പാട്ടുമാത്രം നിറഞ്ഞു ഈ വീട്ടില്‍. പ്രദീപിന്റെ ഭാര്യയും അധ്യാപികയുമായ ജയലേഖയ്ക്കും മക്കള്‍ ലക്ഷ്മിക്കും കൃഷ്ണയ്ക്കും ജയചന്ദ്രനാണ് വീട്ടുകാരണവര്‍.