'അതൊക്കെ ആള്‍ക്കാരെ കാണിക്കണ്ട കാര്യല്ല്യ, എനിക്ക് അതൊരു വല്യ അച്ചീവ്‌മെന്റായിട്ട് തോന്ന്ണൂല്യ'

#പി. ജയചന്ദ്രന്‍/ പി. ബാലചന്ദ്രന്‍
പി. ബാലചന്ദ്രന്‍ പി. ജയചന്ദ്രനൊപ്പം.
പി. ബാലചന്ദ്രന്‍ പി. ജയചന്ദ്രനൊപ്പം.

1960കളില്‍, ചെന്നൈയിലെ തെരുവുകളില്‍ സദാ അലഞ്ഞു തിരിയുന്ന ഒരു മഞ്ഞ ഫിയറ്റ് കാര്‍ ഉണ്ടായിരുന്നു. മിക്ക ദിവസവും അതിന്റെ സഞ്ചാരം ഏതെങ്കിലും റെക്കോഡിങ് സ്റ്റുഡിയോക്കു മുന്നിലാവും അവസാനിക്കുക. ചിലപ്പോള്‍ നല്ല ശാപ്പാടു കിട്ടുന്ന ഹോട്ടലുകള്‍ തേടി അതലയും. മറ്റു ചിലപ്പോള്‍ ഒരു പകല്‍ മുഴുവന്‍ അതങ്ങിനെ നിറുത്താതെ കറങ്ങിക്കൊണ്ടിരിക്കും. 

പി.ജയചന്ദ്രനും പി. ബാലചന്ദ്രനുമായിരുന്നു ആ കാറില്‍. മലയാളത്തിന്റെ സ്വന്തം ഭാവഗായകനും കേരളത്തിന്റെ പ്രിയപ്പെട്ട ക്രിക്കറ്റ് കോച്ചും. ഇരുവരും പാലിയത്തു തറവാട്ടിലെ ഇളമുറക്കാര്‍. സംഗീതഭ്രമവും ക്രിക്കറ്റ് ഭ്രാന്തും പൈതൃകമായി കിട്ടിയവര്‍. ക്രിക്കറ്റും സംഗീതവും തീപ്പിടിപ്പിച്ച യൗവനത്തില്‍ ചെന്നൈയിലെ വെയില്‍ വഴികളില്‍ ഒന്നിച്ചലഞ്ഞവര്‍. പിന്നീടെപ്പോഴോ വഴിപിരിഞ്ഞെങ്കിലും നാലു പതിറ്റാണ്ടായി മനസ്സു കൊണ്ട് അവര്‍ ഒരുമിച്ചു സഞ്ചരിക്കുന്നു. സംഗീതത്തിന്റെ വഴികളില്‍, ഒരാള്‍ ഗായകനായും മറ്റെയാള്‍ ആസ്വാദകനായും. ക്രിക്കറ്റിന്റെ വഴികളില്‍ ഒരാള്‍ കളിക്കാരനായും മറ്റെയാള്‍ കളിഭ്രാന്തനായും. ഉലഞ്ഞിട്ടില്ലാത്ത സ്‌നേഹബഹുമാനങ്ങളോടെ ജ്യേഷ്ഠാനുജന്മാര്‍ പരസ്പരം പിന്തുടരുന്നു. 

ജയചന്ദ്രനെന്ന ഗായകന്റെ സാര്‍ഥകമായ സംഗീതസപര്യയെയും ആര്‍ക്കും വഴങ്ങാത്ത വ്യക്തിത്വത്തെയും ഇത്ര അടുത്തറിഞ്ഞവര്‍ ബാലചന്ദ്രനെപ്പോലെ അധികം കാണില്ല. കുറച്ചു മുമ്പാണ്, മാതൃഭൂമി സ്റ്റാര്‍ & സ്റ്റൈലിനു വേണ്ടി ഇരുവരും ഒന്നിച്ചു. സംഗീതവും ഉല്ലാസവും പൊട്ടിച്ചിരികളും നേര്‍ത്ത വിഷാദവും നഷ്ടബോധവുമെല്ലാം നിറഞ്ഞു തുളുമ്പിയ ഒരു സംഭാഷണത്തിനാണ് അന്ന് അരങ്ങൊരുങ്ങിയത്. സുരഭിലമായ ഒരു ചെന്നൈക്കാലവും സംഗീതത്തിലെ പുതിയതും പഴയതുമായ പ്രവണതകളും എന്നും വഴി മാറി നടക്കാന്‍ മാത്രം ഇഷ്ടപ്പെട്ട ഒരു ഗായകമനസ്സുമെല്ലാം അപൂര്‍വമായ ആ സംഭാഷണത്തില്‍ തെളിഞ്ഞു തെളിഞ്ഞു വന്നു. 

ഓര്‍മയുണ്ടോ, അന്ന് ഞാന്‍ വന്ന് ഉപദേശം ചോദിച്ചത് ജയേട്ടനോടാണ്. സംഗീതത്തിനു വേണ്ടി പ്യാരി കമ്പനിയിലെ ജോലി രാജി വെച്ച് ചെന്നൈയിലെ പൊള്ളുന്ന വെയിലിലേക്ക് ജയേട്ടന്‍ ഏകനായി ഇറങ്ങിപ്പോയില്ലേ? ബാങ്ക് ഉദ്യോഗം വലിച്ചെറിഞ്ഞ് ക്രിക്കറ്റിന്റെ ഭ്രാന്തന്‍ വഴികളിലേക്കു നടന്നുപോകാന്‍ അതാണ് എനിക്കും പ്രേരണയായത്. ഇഷ്ടമില്ലാത്ത ജോലി ഇപ്പോള്‍ത്തന്നെ കളയുക, ഇഷ്ടമുള്ളതു മാത്രം ചെയ്യുക എന്നായിരുന്നു അന്നെനിക്കു ജയേട്ടന്‍ തന്ന ഉപദേശം. തിരിഞ്ഞു നോക്കുമ്പോള്‍ അദ്ഭുതം തോന്നുന്നു. ജയേട്ടന് അന്നെങ്ങിനെയാണ് അതിനു ധൈര്യം വന്നത്. ഇതൊരു പ്രൊഫഷനാക്കാം എന്ന ധൈര്യം? 

ഞാനൊന്നും ആലോചിച്ചിട്ടില്ല. അതിനെപ്പറ്റി, അന്നും ഇന്നും. എന്റെ ഇഷ്ടം സംഗീതമായിരുന്നു. അതായിരുന്നു എനിക്കു വലുത്. അതിനു വേണ്ടി ജോലി രാജി വെച്ചു, പോന്നു. അത്ര തന്നെ. ജോളിയടിക്കണം, കൂട്ടുകാരുമൊത്ത് തമാശയൊക്കെ പറഞ്ഞു നടക്കണം... അത്രയൊക്കെയേ അന്നുണ്ടായിരുന്നുള്ളൂ.. 
 
അന്ന് നമ്മുടെ ലോക്കല്‍ ഗാര്‍ഡിയനായിരുന്ന വിജയമ്മാമന്‍ കണ്ണുരുട്ടിയില്ലേ?

പിന്നെ...! പാട്ടു തലയ്ക്കുപിടിച്ച ഞാന്‍ ഒന്നും നോക്കിയില്ല. ഇറങ്ങിപ്പോന്നു. എത്ര ചീത്ത പറഞ്ഞുവെന്നോ! ഇനി ഇങ്ങോട്ടു കയറരുത് എന്നൊക്കെ. 

ജയേട്ടന് ഓര്‍മയുണ്ടോ? കോഴിക്കോട്ടു നടന്ന ജയേട്ടന്റെ ആദ്യ ഗാനമേള? 

സാമൂതിരി സ്‌കൂള്‍ ഗ്രൗണ്ടില്‍. അമ്പോ, എന്തൊരു ക്രൗഡായിരുന്നു! എംഎസ്‌വി സാറാണ് കണ്ടക്റ്റ് ചെയ്തത്...
അതെ, അന്നു നിലത്തിരുന്നാണ് പാടിയിരുന്നത്...
അതെയതെ. ടി.എം.സൗന്ദര്‍രാജനും സുശീലാമ്മയുമൊക്കെ ഉണ്ടായിരുന്നു... 

'ഇതാ, പുതിയൊരു യുവഗായകന്‍' എന്നു പറഞ്ഞാണ് അന്ന് എംഎസ്‌വി പരിചയപ്പെടുത്തിയത്.. വലിയ അപ്ലോസായിരുന്നു...
 
അതെ. ഞാനന്നു പാടിയത് 'കാറ്റടിച്ചു' എന്ന പാട്ടാണ്. അതു പോലൊരു ക്രൗഡ് പിന്നീടെവിടെയും കണ്ടിട്ടില്ല. 

പരിപാടി കഴിഞ്ഞ് സ്റ്റേജിനു പിന്നില്‍ വന്ന് ഞാനും അച്ഛനും ജയേട്ടനെ കണ്ടു, സംസാരിച്ചു. ഞാനന്ന് കോഴിക്കോട്ടു പഠിക്കുകയാണ്. അച്ഛന്‍ കോഴിക്കോട്ട് വിജയാ ബാങ്കിന്റെ മാനേജരാണ്. തിരിച്ച് വീട്ടില്‍ വന്നിട്ട് അച്ഛന്‍ അമ്മയോടു പറഞ്ഞത് ഞാനോര്‍ക്കുന്നു. നമ്മുടെ കൊച്ചനിയന്‍ ചേട്ടന്റെ മകന്‍ അസ്സലായി പാടീട്ടോ... അന്ന് ജയേട്ടന്‍ അത്ര പോപ്പുലറായിട്ടില്ലല്ലോ. 

ലീലാമ്മയാണ് എനിക്കന്ന് അവസരം തന്നത്. അന്നാണ് ഞാനാദ്യമായി കോഴിക്കോട് കാണുന്നത്. അമേരിക്കയിലൊക്കെ പോയ പോലെയാണ് എനിക്കത്. എന്തൊരദ്ഭുതമായിരുന്നു. 

പിന്നീടാണ് ചെന്നൈയില്‍ പോകുന്നത്...? 

അതെ. ബിഎസ്‌സി സുവോളജി പഠിക്കാന്‍. തനിക്കറിഞ്ഞൂടേ, എന്തു സുവോളജി? എന്തു പഠിപ്പ്? സിനിമ കാണലും പാട്ടും തന്നെ എപ്പോഴും. ലാബ് അറ്റന്‍ഡര്‍ക്ക് പാട്ടു പാടിക്കൊടുത്താണ് ഞാന്‍ പ്രാക്ടിക്കല്‍ പാസായതു പോലും. സാള്‍ട്ടൊക്കെ അയാള്‍ പറഞ്ഞു തരും. ഇപ്പോഴും ഭാര്യ പറയാറുണ്ട്, അതു മക്കളോടൊന്നും പറയണ്ടാട്ടോ എന്ന്. 

പിന്നെ എത്രയെത്ര ഗാനമേളകള്‍! അതിലൂടെയാണല്ലോ ജയേട്ടന്‍ സിനിമയിലെത്തുന്നതും. ഇപ്പോള്‍ എത്ര സ്‌റ്റേജായിട്ടുണ്ടാവും? ഗാനമേളകളുടെ സ്റ്റൈല്‍ തന്നെ മാറിയില്ലേ ഇപ്പോള്‍? സ്‌റ്റേജ് ഷോ എന്നൊക്കെ വിളിക്കാവുന്ന രീതിയായില്ലേ? ഒന്നു ചോദിക്കട്ടെ, ഇപ്പോഴും എന്‍ജോയ് ചെയ്യുന്നുണ്ടോ അത്?

ചെയ്യാതെ പറ്റില്ലല്ലോ. പ്രൊഫഷനായില്ലേ? പക്ഷേ എന്തോ, ഗംഭീരമായി എന്ന തോന്നല്‍ ഉണ്ടാവുന്ന ഒരു പ്രോഗ്രാമും വരുന്നില്ല. പലപ്പോഴും സ്ഥിരം പാട്ടുകളാണ് പാടുന്നത്. അതിന്റെ മടുപ്പുമുണ്ട്. കൂടെ പാടുന്നവരും പലപ്പോഴും അത്ര മികച്ചവരാവില്ല. 

നിലത്തിരുന്ന്, കസേരയിലിരുന്ന്, നിന്ന്... അങ്ങിനെ ഗാനമേളകളുടെ കോലം മാറി. ജയേട്ടന് ഇപ്പോഴും മാറാത്ത ഒന്നുണ്ട്. പുസ്തകം. 

അതെ, അതു മാറ്റിയിട്ടില്ല. 

ബാക്കിയെല്ലാവരും കമ്പ്യൂട്ടറും ലാപ്‌ടോപ്പുമൊക്കെയായി...

എനിക്കതു പറ്റില്ല. ശ്രമിക്കുന്നുമില്ല. ഇതാ ഈ മൊബൈലില്‍ എസ്എംഎസ് പോലും ഞാന്‍ നോക്കാറില്ല. കോള്‍ വരും, എടുക്കും. അത്രമാത്രം... 

സ്‌റ്റേജ് ഷോകളില്‍ ആട്ടവും തുടങ്ങിയിട്ടില്ല, അല്ലേ...?

ഇല്ല എന്നു മാത്രമല്ല, കൂടെയുള്ളവരെ സമ്മതിക്കാറുമില്ല. ഉള്ളത് നന്നായി പാടിയാല്‍ മതി എന്നു പറയും. ശ്രുതി പോലും തെറ്റിച്ചു പാടിയിട്ട് കമോണ്‍, ക്ലാപ്പ് എന്നൊക്കെ വിളിച്ചു കൂവി ഡാന്‍സ് ചെയ്തിട്ട് എന്തു കാര്യം...

ജയേട്ടന് നൊസ്റ്റാള്‍ജിയ അല്‍പ്പം കൂടുതലാണ്. അതു കുറയ്ക്കണം. പുതിയതൊക്കെ മോശം, അങ്ങിനെ കാണരുത്. ഇന്നത്തെ കുട്ടികളെ മനസ്സിലാക്കാന്‍ ശ്രമിച്ചു കൂടേ...

ഞാന്‍ ശ്രമിച്ചു നോക്കി. കോംപ്രമൈസ് ചെയ്യാന്‍. പക്ഷേ, പറ്റുന്നില്ല. ഇവര്‍ കഴിവുള്ളവരല്ലേ എന്നൊക്കെ ആലോചിക്കും. അപ്പോഴും ക്വാളിറ്റി തന്നെ പ്രശ്‌നം. ബെഞ്ച് മാര്‍ക്ക് സെറ്റ് ചെയ്തു പോയി. എംഎസ്‌വി, ബാബുരാജ്, ദേവരാജന്‍ മാസ്റ്റര്‍... അങ്ങിനത്തവര്‍ വരട്ടെ. ഐ വില്‍ ബി ദ ഫസ്‌ററ്് പേഴ്‌സന്‍ ടു അപ്രീഷിയേറ്റ് ദെം. എനിക്ക് ഒരു ദേഷ്യവുമില്ല ഒന്നിനോടും. ഒരാളോടും. പക്ഷേ കാപട്യം, അതു സഹിക്കാന്‍ പറ്റില്ല. പലര്‍ക്കും കാല്‍ക്കാശിന്റെ അറിവില്ല. ജാടയ്ക്കാണെങ്കില്‍ ഒരു കുറവുമില്ല. കാലത്തെ അതിജീവിക്കുന്ന ഒരെണ്ണമെങ്കിലും ചെയ്തിട്ടു വേണ്ടേ ജാട കാണിക്കാന്‍? മൂന്നു മാസം തികച്ചോടില്ല ഇവന്മാരുടെ ഒരു പാട്ടും...

നിരവധി ലെജന്‍ഡ്‌സിനൊപ്പം വര്‍ക്ക് ചെയ്യാന്‍ സാധിച്ചു.. ആദ്യകാല മാസ്‌റ്റേഴ്‌സിന്റെയൊക്കെ കൂടെ. അല്ലേ? 

അതെ, അതെ. എന്റെ വലിയ വലിയ ഭാഗ്യം. അവര്‍ ചെയ്തതു പോലെയൊന്നും ആര്‍ക്കും ഇനി ചെയ്യാനാവില്ല. ഒരു സൗകര്യവുമില്ലാത്ത കാലത്താണ് അവര്‍ ശുദ്ധസംഗീതത്തിന്റെ അത്ഭുതങ്ങള്‍ തീര്‍ത്തത്. 

ആരായിരുന്നു അതില്‍ സീനിയര്‍? 

മലയാളത്തില്‍ ദക്ഷിണാമൂര്‍ത്തി സ്വാമി തന്നെ. പ്രായം കൊണ്ട് രാഘവന്‍ മാസ്റ്ററാവും. തമിഴില്‍ അതിനു മുമ്പേയുണ്ട്, എത്രയോ പേര്‍! ജി. രാമനാഥയ്യര്‍, എംഎസ്‌വിയുടെ ഗുരു, എസ്എം സുബ്ബയ്യ നായിഡു, നമ്മുടെ 'ശിങ്കാരവേലനേ വാ...' ഒക്കെ ചെയ്തയാള്‍.. അങ്ങിനെ പലരും. എത്ര വലിയവര്‍! 

മലയാളത്തിലെ അന്നത്തെ മാസ്റ്റേഴ്‌സിനെ എങ്ങിനെയാണ് വിലയിരുത്തുക?

ഓരോരുത്തരും ഓരോ സ്‌കൂളായിരുന്നു. ശരിക്കു പറഞ്ഞാല്‍ മലയാളത്തില്‍ പ്രധാനമായി അഞ്ചു സ്‌കൂളുകള്‍ ഉണ്ടായിരുന്നു എന്നു പറയാം. ദേവരാജന്‍, ദക്ഷിണാമൂര്‍ത്തി, രാഘവന്‍, ബാബുരാജ്, അര്‍ജുനന്‍... സമാന്തരമായി സലില്‍ ചൗധരി, എംബിഎസ്, ചിദംബരനാഥ്, പുകഴേന്തി തുടങ്ങിയ സരണികളും. എല്ലാം വ്യത്യസ്തമായിരുന്നു. 

ദേവരാജന്‍ മാസ്റ്ററുടെയും ബാബുരാജിന്റെയുമൊക്കെ അവസാന കാലത്ത് ജയട്ടേന്‍ കൂടെ ഉണ്ടായിരുന്നു എന്നു കേട്ടിട്ടുണ്ട്. 

അവരെയൊക്കെ ഞാന്‍ പോയി കണ്ടിട്ടുണ്ട്. ദേവരാജന്‍ മാസ്റ്ററുടെ അവസാനകാലം അങ്ങിനെ ബുദ്ധിമുട്ടുള്ളതൊന്നും ആയിരുന്നില്ല. ബാബുക്കയുടെ സ്ഥിതി അതല്ല. പാവം വളരെ വിഷമിച്ചു. പൈസ കണക്കു പറഞ്ഞു വാങ്ങാനൊന്നും അറിയാത്ത ആളായിരുന്നു. ഒന്നും സമ്പാദിച്ചില്ല. ജനറല്‍ ആശുപത്രിയിലൊക്കെ കിടന്നാണ് മരിച്ചത്. 

നല്ല കാലത്ത് ജയേട്ടന്‍ ഒരുപാടു ദിവസം അദ്ദേഹത്തോടൊപ്പം നടന്നിട്ടുണ്ട്... 

ഉണ്ട്. അതൊന്നും സ്‌റ്റേജ് പരിപാടികളല്ല. കല്യാണ വീടുകളില്‍ പാടാനാണ് കൂടുതലും പോകുന്നത്. മലബാറിലുടനീളം, തിരൂരും താനൂരും കോഴിക്കോട്ടുമൊക്കെ. ഒരു ഹാര്‍മോണിയം മാത്രം മതി അദ്ദേഹത്തിന്. മനോഹരമായിരുന്നു ആ കല്യാണസദിരുകള്‍. വല്ലാത്ത ഒരു കാലമായിരുന്നു അത്. ഓര്‍ക്കുമ്പോള്‍ സന്തോഷവും സങ്കടവും വരും. എന്തൊരു മനുഷ്യനായിരുന്നു! സില്‍ക്ക് ജുബയൊക്കെയിട്ട്, ടിപ്‌ടോപ്പ് വേഷത്തില്‍ മാത്രമേ നടക്കൂ. ചുണ്ടില്‍ എരിയുന്ന സിഗരറ്റ്. എപ്പോഴും സുഭിക്ഷമായ ഭക്ഷണം വേണം. ബിരിയാണിയൊക്കെ കഴിച്ച് കുശാലായി നടക്കും. ബെയ്‌ച്ചോളീ, ബെയ്‌ച്ചോളീ എന്നു സ്‌നേഹപൂര്‍വം ഇങ്ങിനെ പറയും. ഹാര്‍മോണിയം വായിക്കുന്നതു കേട്ടാല്‍, ഹൊ! ഇപ്പോഴും രോമാഞ്ചം വരും. 

 ജയചന്ദ്രന്‍ കുടുംബാംഗങ്ങളോടൊപ്പം. ഫോട്ടോ: ടി.കെ.പ്രദീപ് കുമാര്‍

ഹാര്‍മോണിയത്തിന്റെയൊക്കെ ശ്രുതിശുദ്ധമായ ശബ്ദം അതു പോലെ ഇനി കേള്‍ക്കാനാവുമോ? 

സംശയമാണ്. ആ ഓര്‍മയുണര്‍ത്തുന്ന ഒരു ഗാനമേള ഞാനീയിടെ നടത്തി. ബാംഗ്‌ളൂരില്‍ വെച്ച്. എനിക്കിഷ്ടമുള്ള പാട്ടുകള്‍. എന്റെ മാത്രമല്ല, സുശീലാമ്മയുടെയും റഫിയുടെയുമൊക്കെ പാട്ടുകള്‍. അകമ്പടിയായി ഹാര്‍മോണിയവും തബലയും ഫ്‌ളൂട്ടും വയലിനും ഗിറ്റാറും മാത്രം. അതിന്റെയൊരു സുഖം! ഈ കീബോര്‍ഡ് എന്നു പറയുന്ന സാധനം വന്നതോടെ എല്ലാം പോയില്ലേ. ഇന്നിപ്പോ ഒരു ചെറിയ വോള്‍ട്ടേജ് ഫ്‌ളക്‌ച്വേഷന്‍ വന്നാല്‍ മതി, ശ്രുതി പോകും. റീ റെക്കോഡിങ്ങിനൊക്കെ കൊള്ളാം. പാട്ടിനൊന്നും ഉപയോഗിക്കരുത് ഈ സാധനം. പാട്ടിനെ കൊല്ലും അത്. മറ്റേത് ലൈവ് പെര്‍ഫോമന്‍സല്ലേ. കീബോര്‍ഡില്‍ സെറ്റ് ചെയ്തു വെക്കുന്നതല്ലല്ലോ. വായിക്കുന്നയാള്‍ വരുത്തുന്ന പിഴവുകള്‍ പോലും അതില്‍ ആസ്വാദ്യമാണ്. 

പിന്നീടുള്ള തലമുറകളിലെ സംഗീത സംവിധായകരെ എങ്ങിനെ വിലയിരുത്തുന്നു? 

മാസ്റ്റേഴ്‌സിനു ശേഷം പിന്നെ ഒരു പത്തു വര്‍ഷത്തോളം ഗ്യാപ്പാണ്. ശുഷ്‌കമായ കാലം. അതു കഴിഞ്ഞ് രവീന്ദ്രനും ജോണ്‍സണും വന്ന ശേഷമാണ് കുറച്ചെങ്കിലും നല്ല പാട്ടുകള്‍ ഉണ്ടായത്. അതിനടുത്ത തലമുറയില്‍ വിദ്യാസാഗര്‍, ജയചന്ദ്രന്‍, ഒടുവില്‍ ബിജിബാല്‍ തുടങ്ങി ചിലരെയും കാണുന്നു. ഇപ്പോള്‍ ധാരാളം പേരുണ്ട് രംഗത്ത്. കൂടുതല്‍ അനുകരണക്കാരും മോഷ്ടാക്കളുമാണെന്നു മാത്രം. അവര്‍ക്കാണ് ഡിമാന്‍ഡ്. വ്യത്യസ്തതയും ജ്ഞാനവും ഒറിജിനാലിറ്റിയുമുള്ളവരെയൊന്നും ഉയര്‍ത്തിക്കൊണ്ടുവരാന്‍ കഴിവോ താല്‍പ്പര്യമോ ഉള്ള ഡയറക്ടേഴ്‌സ് ഇന്നില്ല. പാട്ടിനു സാധ്യതയുള്ള പടങ്ങളുമില്ല, വല്ലപ്പോഴുമാണ് നല്ല പാട്ടുകള്‍ ഉണ്ടാവുന്നത്. 

ഞാനൊരു രഹസ്യം ചോദിക്കട്ടെ. സത്യം പറയണം. ഈ ഡ്യൂയറ്റുകളൊക്കെ ഇങ്ങനെ ക്ലിക്കാവുന്നതിന്റെ ഗുട്ടന്‍സ് എന്താ. ഏതു ഗായികയുമൊത്തു പാടിയാലും ജയേട്ടന്റെ ഡ്യൂവറ്റ് ഹിറ്റാവും. കിങ് ഓഫ് ഡ്യൂവറ്റ്‌സ് എന്നു പറഞ്ഞാലും അതിശയോക്തിയാവില്ല. പണ്ട് ടി.എം.എസ് -സുശീല ജോടിയെക്കുറിച്ച് നല്ല കോംബിനേഷനാണ് എന്നൊക്കെ പറയുമായിരുന്നു. ജയേട്ടന്റെ കാര്യം അതല്ല. ഏതു ഗായികയോടും ജെല്‍ ചെയ്യും. എന്താ അതിന്റെ രഹസ്യം..

അങ്ങിനെ ഉണ്ടോ? ഞാന്‍ ശ്രദ്ധിച്ചിട്ടില്ല. 

അതിനു വല്ല പ്രത്യേക ടെക്‌നിക്കുമുണ്ടോ? 

എനിക്കറിയില്ല. സത്യം.  

അതല്ല. ബാറ്റന്‍ കൈമാറുമ്പോലെയുള്ള ഒരനായാസത അതിലുണ്ടല്ലോ... ലാന്‍ഡിങ്ങിലും പിന്നീടുള്ള ബാലന്‍സിങ്ങിലുമൊക്കെ. അതിന് പ്രത്യേക തയ്യാറെടുപ്പുകളുണ്ടോ എന്നാണ് ചോദ്യം.
 
നമ്മള്‍ നമ്മുടെ ഭാഗം നന്നായി പാടുന്നു. അത്ര മാത്രം.

പണ്ടും ജയേട്ടന്റെ ഡ്യൂവറ്റുകള്‍ ഹിറ്റായിരുന്നു. സുശീലയുമൊത്ത് സീതാദേവി..., ജാനകിയുമൊത്ത് യമുനേ..., മണിവര്‍ണനില്ലാത്ത..., മാധുരിയുമൊത്ത് മല്ലികാ ബാണന്‍... അത്രയൊന്നും പ്രശസ്ത ഗായികയല്ലാത്ത സല്‍മാ ജോര്‍ജുമൊത്തുള്ള ശരദിന്ദു മലര്‍ദീപം... തുടങ്ങി ഏറ്റവുമൊടുവില്‍ വാണി ജയറാമുമൊത്തുള്ള ഓലഞ്ഞാലിക്കുരുവി.. വരെ എത്രയെത്ര യുഗ്മഗാനങ്ങള്‍...
 
(കണ്ണിറുക്കി, ഉറക്കെ ചിരിച്ച്) എങ്കില്‍ പെണ്ണുങ്ങളോടുള്ള ഭ്രമം കൊണ്ടായിരിക്കുമെടോ അത്...

ഇപ്പോള്‍ അതിനു സ്ത്രീ ഇല്ലല്ലോ കൂടെ. ട്രാക്കല്ലേ ഉള്ളൂ. 

പണ്ട് ഉണ്ടായിരുന്നല്ലോ..

പണ്ടത്തെ കാര്യം പോട്ടെ. കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ ഉണ്ടായ പത്തു മികച്ച ഡ്യൂവറ്റുകളെടുത്താല്‍ അതില്‍ എട്ടും ജയേട്ടന്റേതായിരിക്കും. അറിയാതെ..., കല്ലായിക്കടവത്തെ..., പ്രേമിക്കുമ്പോള്‍..., എന്താണതിന്റെ രസതന്ത്രം എന്നാണ് ചോദ്യം...

അതൊക്കെ പാട്ടിന്റെ നിയോഗമാണ്. ഇപ്പോ, ശരദിന്ദു... സല്‍മ അത്ര വലിയ ഗായികയല്ല. പക്ഷെ പാട്ടു ഹിറ്റായി. ഒരു പക്ഷെ സല്‍മ പാടിയതു കൊണ്ടാവാം അത് ഹിറ്റായത്. സുശീലാമ്മ പാടിയാല്‍ ഇത്ര ഹിറ്റായില്ല എന്നു വരാം. ചിലപ്പോള്‍ അതിനേക്കാള്‍ നന്നായി സുശീലാമ്മ പാടി എന്നും വരാം. അത്രയേ ഉള്ളൂ അതൊക്കെ.

അതല്ല, ഏതു വോയ്‌സുമായും ജെല്‍ ചെയ്യുന്ന ഒരു വോയ്‌സ് കുഷനിങ് ടെക്‌നിക്ക്.. അത് ഉണ്ട്. സ്വയം അങ്ങിനെ തോന്നിയിട്ടുണ്ടോ? 

എനിക്കറിയില്ല. എന്നോട് മുമ്പും ആരോ പറഞ്ഞിട്ടുണ്ട്. യുഗ്മഗാനങ്ങളാണ് നിങ്ങള്‍ക്കു യോജിച്ചതെന്ന്. ആരാന്നോര്‍മയില്ല... 

പ്രൊഫഷണല്‍ സീക്രട്ടായതു കൊണ്ടാണോ വെളിപ്പെടുത്താത്തത്? 

എന്തു സീക്രട്ട്? ഒന്നുമില്ല. ഒരു പക്ഷെ മാസ്റ്റേഴ്‌സിന്റെ കൈയില്‍ നിന്നൊക്കെ കിട്ടിയ ട്രെയ്‌നിങ്ങാവാം. ദേവരാജന്‍, രാഘവന്‍, ബാബുരാജ്... അവര്‍ പറഞ്ഞു തന്നതു പോലെയൊന്നും പറഞ്ഞു തരാന്‍ ഇന്ന് ആരുമില്ല. ഇപ്പോള്‍ ആരാ അതു പോലെ ഉള്ളത്? കുറെ കുട്ടികള്‍. മ്യൂസിക് ഡയറക്ടറാണെന്നു പറയും. പാടിത്തരാന്‍ പോലും അറിയില്ല പലര്‍ക്കും. എന്തൊക്കയാണ് സിനിമാ സംഗീതലോകത്ത് നടക്കുന്നത്. സംഗീത സംവിധായകര്‍ എന്നു പറഞ്ഞു വരുന്ന പലര്‍ക്കും ഒന്നും അറിയില്ല. അവര്‍ ചെയ്ത പാട്ടുകള്‍ അവര്‍ പോലും പിന്നീടു കേട്ടിട്ടുണ്ടാവില്ല. പിന്നെയല്ലേ ശ്രോതാക്കള്‍? ഈയിടെ സൂപ്പര്‍ ഹിറ്റായ സിനിമയിലെ ഒരു പാട്ട് ഞാന്‍ പാടിയിരുന്നു. പിന്നെ എന്റെ ശബ്ദം മാറ്റി മറ്റൊരാളെക്കൊണ്ടു പാടിച്ചു. അതാദ്യത്തെ അനുഭവമൊന്നുമല്ല. പത്തമ്പതു പാട്ടെങ്കിലും അങ്ങിനെ പോയിട്ടുണ്ടാവും. എനിക്കതില്‍ ഖേദവുമില്ല. ഞാനതൊന്നും നോക്കാറുമില്ല. 

ജയേട്ടനൊരു പ്രത്യേകതയുണ്ടായിരുന്നു. അന്നേ ഞാന്‍ ശ്രദ്ധിച്ചിട്ടുള്ളതാണ്. സാധാരണ എല്ലാവരും ബഹുമാനിക്കുന്നവരെ ജയേട്ടന്‍ ശ്രദ്ധിക്കില്ല. ഏതു ഫീല്‍ഡിയാലായാലും ജയേട്ടന്റെ പേഴ്‌സനല്‍ ഫേവറിറ്റ് എപ്പോഴും വ്യത്യസ്തനായ ഒരാളായിരിക്കും. അടൂര്‍ ഭാസിയോ ബഹദൂറോ നല്ല ഹാസ്യനടനെന്നു ചോദിച്ചാല്‍ കുഞ്ഞാവ എന്നു പറയും. ആരാ ഈ കുഞ്ഞാവ, ആര്‍ക്കുമറിയില്ല. ചെമ്പൈയോ ശെമ്മാങ്കുടിയോ കേമനെന്നു ചോദിച്ചാല്‍ കല്യാണകൃഷ്ണ ഭാഗവതര്‍ എന്നാവും മറുപടി. ഇനി ക്രിക്കറ്റില്‍ ഗവാസ്‌കറോ കപില്‍ദേവോ എന്നാണ് ചോദ്യമെങ്കില്‍ രണ്ടുമല്ലെടോ ഗുണ്ടപ്പ വിശ്വനാഥാണ് യഥാര്‍ഥ ക്രിക്കറ്റര്‍ എന്നാവും മറുപടി... ഇങ്ങിനെ വ്യത്യസ്തമായ പേഴ്‌സനല്‍ ചോയ്‌സ് ഉണ്ടായിരുന്നു ജയേട്ടനന്ന്. ഇപ്പോഴോ? 

അതെന്റെ സ്വഭാവത്തിലുള്ളതാണ്. എനിക്കിഷ്ടമുള്ളതേ ഞാന്‍ പറയൂ. മറ്റൊരാള്‍ക്കു സുഖിക്കാന്‍ വേണ്ടി അതു മാറ്റിപ്പറയില്ല. കുഞ്ഞാവയാണ് നല്ല ഹാസ്യനടന്‍ എന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. മുറപ്പെണ്ണിലൊക്കെ ഒന്നോ രണ്ടോ രംഗത്തില്‍ വന്നുപോയ ഒരു നടനാണ്് കുഞ്ഞാവ. മറ്റുള്ളവരെപ്പോലെ അവസരങ്ങള്‍ കിട്ടിയില്ല എന്നുമാത്രം. അയാളെ പലരും കണ്ടിട്ടു പോലുമുണ്ടാവില്ല. മെലിഞ്ഞു നീണ്ട ആ രൂപവും ഭാവവും കണ്ടാല്‍ തന്നെ ചിരിച്ചു പണിയായിപ്പോകും. വീട്ടിലിരുന്ന് കസെറ്റ് വെച്ച് മുറപ്പെണ്ണ് പലവട്ടം ഞാന്‍ കണ്ടിട്ടുണ്ട്. അതില്‍ ഭാസിയുമൊത്ത് എസ്.പി. പിള്ളയുടെ അടുത്ത് കൂഞ്ഞാവ പാട്ടു പഠിക്കാന്‍ പോകുന്ന ഒരു രംഗം ഉണ്ട്. യാതൊരു സംഗീതബോധവുമില്ലാത്ത ഒരുത്തന്‍. കഴുത കരയും പോലെ ഒരു ശബ്ദത്തില്‍, ശ്രുതിയും താളവുമില്ലാതെ ക്രാ... എന്നു പാടുന്ന കുഞ്ഞാവയെ സഹികെട്ട് ഭാസി ചവുട്ടി കുളത്തിലേക്കിടുന്ന രംഗം കണ്ടാല്‍ ഇപ്പോഴും എനിക്കു ചിരിയടക്കാന്‍ പറ്റില്ല. സത്യന്‍ മാഷുടെ ഒരു സിനിമയില്‍, പകല്‍ക്കിനാവാണെന്നു തോന്നുന്നു,  ആനയുടെ ഉയരത്തെക്കുറിച്ച് ഒരു സായ്പ് പറയുമ്പോള്‍ കുഞ്ഞാവ വിശദീകരിക്കുകയാണ്... പിന്നേ... എന്താ, ആനയുടെ ഉയരം! പിണ്ടിയിട്ടാ ഒരാഴ്ചയെടുക്കും താഴെയെത്താന്‍...! അതൊക്കെ ഓര്‍ത്താല്‍ ഇപ്പോഴും ചിരി വരും -പാവം, ആരുമറിയാതെ പോയി...

ചെമ്പൈയോ ശെമ്മാങ്കുടിയോ കേമനെന്ന് ഞങ്ങള്‍ തര്‍ക്കിക്കുമ്പോള്‍ കല്യാണകൃഷ്ണ ഭാഗവതരാണ് യഥാര്‍ഥ സംഗീതജ്ഞനെന്നു ജയേട്ടന്‍ വാദിക്കും... 

സംശയമില്ല. ശുദ്ധ സംഗീതത്തിന്റെ ഉപാസകനായിരുന്നു കല്യാണകൃഷ്ണന്‍. സമ്പ്രദായങ്ങളില്‍ വെള്ളം ചേര്‍ക്കാത്ത ആലാപനമായിരുന്നു. എന്താ ആ ശബ്ദത്തിന്റെ ഗാംഭീര്യവും സുഖവും. സോഫ്റ്റാണ് ആ രാഗാ റെന്‍ഡറിങ്ങൊക്കെ. പക്ഷെ പ്രശസ്തനായില്ല. 

ഗവാസ്‌കറോ കപില്‍ദേവോ എന്നു ഞങ്ങള്‍ തര്‍ക്കിക്കുമ്പോഴും ജയേട്ടന്‍ ഒറ്റയാനാണ്. രണ്ടും പോരാ, ഞാന്‍ ഗുണ്ടപ്പക്കൊപ്പമാണ് എന്ന് പറയും.

അതെ, എന്താ ആ സ്റ്റൈല്‍! അതു പോലെ ഒരു സ്‌റ്റൈലിഷ് ബാറ്റ്‌സ്മാന്‍ ഇന്ത്യയില്‍ ഉണ്ടായിട്ടുണ്ടോ? അന്നൊക്കെ ഞാനും ധാരാളം കളി കാണുമായിരുന്നു. കുറച്ചൊക്കെ കളിച്ചിട്ടുമുണ്ട്. പിന്നെപ്പിന്നെ കളിയൊന്നും കാണാതായി. എന്നാലും, ടെണ്ടുല്‍ക്കര്‍! ഹൊ! അയാളെപ്പോലെ ആരുമില്ല. പറയാതെ വയ്യട്ടോ. എനിക്കു റെസ്‌പെക്റ്റുള്ള പില്‍ക്കാലത്തെ ഏക ക്രിക്കറ്ററാ അയാള്‍. ഹി ഈസ് എ ലെജന്‍ഡ്. ശരിക്കും മഹത്വമുള്ളയാള്‍. ഗ്രേറ്റ് മാന്‍! റിയലി റിയലി ഗ്രേറ്റ്. ആ സ്വഭാവഗുണങ്ങളൊക്കെ ദൈവം കൊടുത്തതാണോ, ജീനിലുള്ളതാണോ, അച്ഛന്‍ പഠിപ്പിച്ചതാണോ,  എന്തോ... അറിയില്ല. ഏതായാലും അയാളെ ബഹുമാനിക്കാതിരിക്കാന്‍ പറ്റില്ല. ടെണ്ടുല്‍ക്കറെപ്പോലെ ഒരാള്‍ ഇല്ലാത്തതിന്റെ കുറവുണ്ടെടോ നമ്മുടെ ടീമിന്.

ക്ലാസ്സിക്കല്‍ ടച്ചുള്ള നിരവധി പാട്ടുകള്‍ ജയേട്ടന്‍ പാടിയിട്ടുണ്ട്. നീലാംബരിയിലെ മികച്ച കംപോസിഷന്‍ എന്നു പറയാവുന്ന ഹര്‍ഷബാഷ്പം, രാഗമാലികയായ രാഗം ശ്രീരാഗം, സപ്തസ്വരങ്ങളിലെ സ്വാതി തിരുനാളിന്‍... എന്നാല്‍ ക്ലാസ്സിക്കലൊട്ടു പഠിച്ചിട്ടുമില്ല. അന്നൊക്കെ ഇഷ്ടം പോലെ അവസരമുണ്ടായിട്ടും പഠിക്കാന്‍ പോകാന്‍ കൂട്ടാക്കിയില്ല... തിരിഞ്ഞു നോക്കുമ്പോള്‍ കുറച്ചു കൂടി പഠിക്കാമായിരുന്നു എന്ന തോന്നിയിട്ടുണ്ടോ? 

അത്... തോന്നിയിട്ടൊക്കെ ഉണ്ട്. മടി കൊണ്ടാണ് പഠിക്കാഞ്ഞത്. ഞാന്‍ മഹാമടിയനായിരുന്നു അന്ന്.

ഇന്നോ? ഇന്നെന്താ വ്യത്യാസം? 

ഇന്നും അതെ. സമ്മതിച്ചു. അതൊന്നും മാറില്ല. രാഗം ശ്രീരാഗം പാടാന്‍ പോയിടത്തു നിന്ന് ഓടിപ്പോന്നവനാണ് ഞാന്‍. പഠിക്കാന്‍ മടിച്ചിട്ട്. അതൊക്കെ മഹാ ബുദ്ധിമുട്ടാണെന്നേ. എനിക്കു വയ്യ അങ്ങിനെയൊക്കെ ബുദ്ധിമുട്ടാന്‍. അന്ന് എംബിഎസ്സ് പിടിച്ചിരുത്തി പഠിപ്പിച്ചു പാടിച്ചതാണ്. അതിന് നാഷനല്‍ അവാര്‍ഡ് കിട്ടി എന്നതു വേറെ കാര്യം.  അല്ലാതെ ക്ലാസ്സിക്കലൊന്നും പഠിച്ചിട്ടില്ല. ഇന്നു തിരിഞ്ഞു നോക്കുമ്പോ, എന്താ പറയാ... പഠിക്കാമായിരുന്നു. എന്നാല്‍ ചിലപ്പോള്‍ തോന്നും പഠിക്കാഞ്ഞത് നന്നായി, ഒരു ബ്ലെസ്സിങ് ഇന്‍ ഡിസ്‌ഗൈസ് ആയി എന്ന്. കൂടുതല്‍ പഠിച്ചിരുന്നെങ്കില്‍ ഞാനൊരു കര്‍ണാട്ടിക് മ്യൂസിഷ്യനായി പോയേനെ! എന്താച്ചാല്‍, ഞാന്‍ കര്‍ക്കശമായ സമ്പ്രദായ രീതികളിഷ്ടപ്പെടുന്നയാളാണ്. അത് പ്രശ്‌നമായേനെ. ലളിതസംഗീതത്തില്‍ കര്‍ണാട്ടിക്ക് ആവശ്യമില്ലാതെ കലരും. അത് മഹാബോറാണ്. തിരിച്ചും പാടില്ല എന്നാണ് എന്റെ അഭിപ്രായം. ഞാനാണെങ്കില്‍ ഇതൊരു പ്രൊഫഷനായി എടുത്തും പോയി. പിന്നെ ഞാന്‍ ഇത്രക്കൊക്കെ മതി എന്നങ്ങോട്ടു തീരുമാനിച്ചു. പല സുഹൃത്തുക്കളും പറയുന്നുണ്ട് അതു നന്നായി എന്ന്. ഏതാ ശരി എന്നെനിക്കറിയില്ല.

ഏതായാലും റിഗ്രറ്റ്‌സ് ഇല്ല...?

ഇല്ലേയില്ല. അതിനു ശരി തെറ്റ് എന്നൊന്നും ഇല്ലല്ലോ. ഉണ്ടോ? ഏതാ ശരി, ഏതാ തെറ്റ്? ചിലര്‍ പറയും ഇതാ ശരി. അത് ശരിയാണോ? ചിലര്‍ക്ക് അതാവും തെറ്റ്. അത് തെറ്റാണോ? രണ്ടും തോന്നാറുണ്ട്. തെറ്റും ശരിയും ഉണ്ടെന്നെനിക്കു തോന്നണില്ല. ഒരാള്‍ ചെയ്യരുതാത്തത് ചെയ്തു എന്നു വെക്കു. അതൊരു മനുഷ്യന്റെ പ്രവണതയല്ലേ? ചെയ്തുപോകുന്നതല്ലേ? അത് തെറ്റാണെന്ന് എങ്ങിനെ പറയും. പറയുന്നയാള്‍ക്ക് ഒരു പക്ഷെ അതു ചെയ്യാനുള്ള ധൈര്യമില്ലായ്മ ഉണ്ടാവും. ഇയാള്‍ക്കതിനു ധൈര്യമുണ്ട്. അതു കൊണ്ട് ചെയ്തു. അത്ര തന്നെ. അപ്പോള്‍ ഏതു ശരി, ഏതു തെറ്റ്... അറിയില്ല. മനുഷ്യനു തോന്നുന്നതു ചെയ്യുക. ഒരു ജന്മമല്ലേ ഉള്ളൂ... കുറച്ചു കാലമല്ലേ ഉള്ളൂ... എപ്പോഴാ തീരുക എന്നറിയില്ലല്ലോ... ഇഷ്ടമുള്ളതങ്ങു ചെയ്യുക... തോന്നിയ പോലെ ജീവിക്കുക.. വരുംവരായ്കകള്‍, ഭവിഷ്യത്തുകള്‍ അതൊക്കെ നേരിടാന്‍ തയ്യാറാവ്ാ... 

അപ്പോ അടുത്ത ജന്മത്തിലും ഇതുപോലെ തോന്നിവാസി ആവണം എന്നാണോ...? 

തോന്നിവാസി എന്നു പറഞ്ഞാലെന്താ...

തോന്നിയതു ചെയ്യുന്നയാള്‍...

അതെ. എന്നാ ജീവിതം ഒരു തോന്ന്യവാസം തന്ന്യാ. ഇഷ്ടം. അതാണ് കാര്യം. ഇഷ്ടമുള്ളത് ചെയ്യുക...

അതൊക്കെ തന്നെയല്ലേ ഒരു കണക്കില്‍ പറഞ്ഞാല്‍ ഈ ജന്മത്തിലും ചെയ്തത്...

ആയിരിക്കാം... നോ റിഗ്രറ്റ്‌സ്. ഉള്ളതു കൊണ്ട് ഇങ്ങിനെ ജോളിയായി കഴിയണം. അത്ര മാത്രം. ദാ, ഇതു പോലെ. 

അപ്പോ പത്മശ്രീയൊന്നും വേണ്ടേ? 

ഹയ്യോ, വേണ്ടേ.... വേണ്ട!

വേണ്ടാന്നോ? മരിച്ചാല്‍ ആചാരവെടി പോലും കിട്ടില്ലാ ട്ടോ... 

അതിന് ഞാന്‍ ചത്തു കിടക്കുകയല്ലേ, എനിക്കെന്തിനാ ആചാരവെടി? ആരറിയാന്‍ പോണു.. ആകാശത്തേക്കു വെടിവെക്കുന്നത്? അതാണോ പദ്മശ്രീയുടെ ആകെയുള്ള ഗുണം? എന്നാലതു വേണ്ട. മോഹന്‍ലാലിനോട് ഒരു ഇന്റര്‍വ്യൂവില്‍ ആരോ ചോദിച്ചു, അഴീക്കോട് മരിച്ചിട്ടു കാണാന്‍ പോകാഞ്ഞതെന്തേ എന്ന്. ഞാന്‍ മരിച്ചാല്‍ നിങ്ങള്‍ കാണാന്‍ വരണമെന്നില്ല എന്നായിരുന്നു മറുപടി. വന്നിട്ട് എനിക്കെന്തു കാര്യം എന്ന്. എനിക്കത് വളരെ ഇഷ്ടപ്പെട്ടു. എനിക്കും ആരും വരണമെന്നു നിര്‍ബന്ധമില്ല. വീടിന്റെ തൊട്ടടുത്തു തന്നെയുണ്ട് ഒരെണ്ണം. നല്ല സുന്ദരന്‍ ശ്മശാനം. ആരുമറിയാതെ അവിടെ കൊണ്ടുപോയി തട്ടിയേക്കുക. ആരറിയാനാ? എനിക്കെന്താ വിരോധം...?

കരിയറില്‍ ഇടയ്‌ക്കൊരു നീണ്ട ഇടവേള ഉണ്ടായില്ലേ? അന്നു കരുതിയിരുന്നോ പിന്നീടൊരു കം ബാക്ക് ഉണ്ടാവും എന്ന്?

ഹേയ്... ഞാനന്നും ഇന്നുമൊക്കെ ഒരുപോലെത്തന്നെ. ഒന്നും അന്വേഷിച്ചു പോവില്ല. വന്നതു സ്വീകരിക്കും. അത്രമാത്രം.. ഒന്നിലും വിഷമവും തോന്നീട്ടില്യ, സന്തോഷവും തോന്നീട്ടില്യ... പിന്നെ പലരും പറയും പോലെ ഒരു വലിയ ഗ്യാപ്പ് ഉണ്ടായിട്ടില്ല എന്നാണ് ഇപ്പോള്‍ തോന്നുന്നത്. അത് എനിക്കു തന്നെ അറിയില്ലായിരുന്നു. തിരുവനന്തപുരത്തുള്ള പ്രദീപ് എന്ന എന്റെ ഒരു സുഹൃത്താണ് അതു പറഞ്ഞത്. എന്റെ ആറായിരത്തോളം പാട്ടുകള്‍ അദ്ദേഹം സമാഹരിച്ചിട്ടുണ്ട്. പാടിയ തീയതി, സിനിമ ഒക്കെ എഴുതിവെച്ചിട്ടുണ്ട്. അതനുസരിച്ച് ആ കാലഘട്ടത്തിലും ഞാന്‍ നിരവധി പാട്ടുകള്‍ പാടിയിട്ടുണ്ട്. എത്രയോ പാട്ടുകള്‍. എനിക്കു തന്നെ അദ്ഭുതമായിരുന്നു ആ കണക്കു കണ്ടപ്പോള്‍. ആള്‍ക്കാര് പറഞ്ഞു പറഞ്ഞ് ഞാനും അതു വിശ്വസിച്ച് ഇരിക്കുകയായിരുന്നു. ലിസ്റ്റ് കണ്ടപ്പോഴല്ലേ ഞാന്‍ തന്നെ അറിയുന്നത്, എത്ര പാട്ടാണ് അതിനിടയ്ക്കും ഞാന്‍ പാടിയിട്ടുള്ളത്! ഒന്നിനി ശ്രുതി താഴ്ത്തി... പോലുള്ള പാട്ടൊക്കെ ആ കാലത്തിറങ്ങിയതാണ്. എന്നാല്‍ അതൊന്നും വേണ്ടതു പോലെ അന്നു ജനങ്ങളിലേക്കെത്തിയില്ല. കാരണം എനിക്കറിയില്ല. ആ പത്തു കൊല്ലക്കാലം ആകാശവാണി എന്നെ തമസ്‌കരിക്കുകയായിരുന്നു എന്നാണ് പ്രദീപിനെപ്പോലുള്ളവര്‍ പറയുന്നത്. അക്കാലം തിരുവനന്തപുരത്തെ ആകാശവാണിയില്‍ ഒരു കോക്കസ് ഉണ്ടായിരുന്നു എന്നും അവര്‍ മനപ്പൂര്‍വം എന്റെ പാട്ടുകള്‍ പ്ലേ ചെയ്തില്ല എന്നും പറയുന്നു. ശരിയായിരിക്കാം, അല്ലായിരിക്കാം. എനിക്കറിയില്ല. അന്നൊന്നും ഇത്രയേറെ ചാനലുകള്‍ ഇല്ലല്ലോ. ആകാശവാണി പ്ലേ ചെയ്താലല്ലേ ആരാധകര്‍ കേള്‍ക്കൂ. 

കൂട്ടത്തില്‍ പറയട്ടെ, എന്നെയും ദാസേട്ടനെയുമൊക്കെ വലുതാക്കിയത് ആകാശവാണിയാണ്. ഇന്നത്തെപ്പോലെ ചാനലുകളല്ല, അതു മറക്കാന്‍ പറ്റില്ല. എന്നാല്‍ ഇങ്ങിനെയും ഒരു കറുത്ത കാലം ഉണ്ടായി എന്നു കൂട്ടിയാല്‍ മതി. എന്തോ ആവട്ടെ, ഞാനതൊന്നും ആരോടും ചോദിക്കാന്‍ പോയിട്ടില്ല. എന്നിട്ടും എന്റെ എത്രയോ പാട്ടുകള്‍ പോപ്പുലറായില്ലേ? എനിക്കുള്ളതൊക്കെ എനിക്കു കിട്ടും. കിട്ടിയിട്ടുണ്ട്. പാടുക, നന്നായി പാടുക. പാടിക്കഴിഞ്ഞാല്‍ എന്റെ ദൗത്യം തീര്‍ന്നു. അത് ഞാന്‍ നൂറിനു നൂറ്റിപ്പത്തു ശതമാനം സിന്‍സിയറായിട്ടു ചെയ്യും. ബാക്കിയെല്ലാം പാട്ടിന്റെ ജാതകഫലം. ആ പാട്ട് ഇറങ്ങിയോ ഇല്ലയോ എന്നുപോലും പിന്നെ അന്വേഷിക്കുന്ന ആളല്ല ഞാന്‍.

അധികം പാടാതിരുന്ന ആ സമയത്ത് പുഷ്പാഞ്ജലി വലിയൊരു സംഭവമായിരുന്നു അല്ലേ? പികെ കേശവന്‍ നമ്പൂതിരിയുടെ ഭക്തിഗാന കസെറ്റ്? 

അത് ഒരു വന്‍ സംഭവം തന്നെയായിരുന്നു. വില്‍പ്പനയില്‍ റെക്കോഡിട്ട കസെറ്റാണ് അത്. വിഘ്‌നേശ്വരാ പോലുള്ള പാട്ടുകള്‍... ടിഎസ് രാധാകൃഷ്ണന്‍ ചെയ്ത കുറെ ഭക്തിഗാനങ്ങളുടെ കസെറ്റും വന്‍ഹിറ്റായിരുന്നു. ശ്രീ വാഴും പഴവങ്ങാടിയിലെ പോലുള്ള വളരെ പോപ്പുലറായ പാട്ടുകള്‍ അതിലായിരുന്നു. 

അന്നും ഇന്നും വലിയ മുന്‍ശുണ്ഠിക്കാരനാണ് ജയേട്ടന്‍. പക്ഷെ റെക്കോഡിങ് വേളയില്‍ പാട്ട് പഠിപ്പിക്കുമ്പോള്‍ മാത്രം ശുണ്ഠി വരില്ല! എത്ര തവണ റിപ്പീറ്റ് ചെയ്യാന്‍ പറഞ്ഞാലും...

അതു പിന്നെ പാട്ടു നന്നാവണ്ടേ? ഓരോ തവണ പാടുമ്പോഴും ആ ടേക്കായിരുന്നു നല്ലത് എന്നു തോന്നും. അതെനിക്കിഷ്ടമാണ്...

എം. ജയചന്ദ്രന്‍ ഒരു ടിവി അഭിമുഖത്തില്‍ പറഞ്ഞിരുന്നു ജയേട്ടന്റെ ശുണ്ഠിയെപ്പറ്റി. ചീത്ത പറഞ്ഞതും ഇറങ്ങിപ്പോയതുമൊക്കെ...

അതൊന്നും അയാളോടു ദേഷ്യമുണ്ടായിട്ടൊന്നുമല്ല. ഓരോ മൂഡിന് ചെയ്യുന്നതാണ്. അയാളുടെ കൂറെ നല്ല പാട്ടുകള്‍ ഞാന്‍ പാടിയിട്ടുമുണ്ടല്ലോ... നല്ല ഒന്നാന്തരം കംപോസിഷനുകള്‍... കല്ലായിക്കടവത്തെ പോലുള്ളവ...

ജയേട്ടന്റെ എക്കാലത്തേയും ഹിറ്റായ 'അനുരാഗഗാനം പോലെ' ഇപ്പോള്‍ പാടുന്നതും അന്നു പാടിയതും തമ്മില്‍ അജഗജാന്തരമുണ്ട്. റെക്കോഡ് കേള്‍ക്കുമ്പോള്‍ ബാബുരാജ് ഇരുത്തി പാടിക്കുന്നതു പോലെ തോന്നും. ഇപ്പോഴത്തെ ഉച്ചാരണമേയല്ല അതില്‍. ഇന്നത്തെയാണോ അന്നത്തെയാണോ ജയേട്ടനിഷ്ടം? 

ഇപ്പോ തോന്നും എന്താ അന്ന് അങ്ങിനെ പാടിയത് എന്ന്. ചിലര്‍ പറയും അതാ നല്ലത് അങ്ങിനെ പാടൂ എന്ന്. ഇപ്പോഴത്ത്യാ നല്ലത് എന്ന് വേറെ ചിലര്‍ പറയും. നിശ്ചല്ല്യ. ഒന്നറിയാം, അത് ഉഗ്രനൊരു പാട്ടാണ്. കാലത്തിനു മറക്കാന്‍ പറ്റാത്ത പാട്ട്. ഏതാണ്ട് അമ്പതു കൊല്ലമാവാറായി. ഇപ്പോഴും ആള്‍ക്കാര്‍ പാടുന്നുണ്ടല്ലോ.

മറ്റൊരു പാട്ടിന്റെ കാര്യം ചോദിക്കാം. യേശുദാസുമൊത്ത് പല പാട്ടുകള്‍ പാടിയിട്ടുണ്ടല്ലോ. അതല്ലാതെ, ഒരു പാട്ട് നിങ്ങള്‍ രണ്ടു പേരും പാടിയിട്ടുണ്ട്. വെവ്വേറെ. തമ്മില്‍ കേട്ടിട്ടുള്ളതാണോ ആ പാട്ട്? 

ഉണ്ട്. സൗഗന്ധികങ്ങളേ വിടരുവിന്‍... എന്ന പാട്ട്. പക്ഷെ ദാസേട്ടന്‍ പാടിയ വേര്‍ഷന്‍ ഞാന്‍ കേട്ടിട്ടില്ല. സ്വാമി രണ്ടാളെക്കൊണ്ടും പാടിച്ചു എന്ന കാര്യം തന്നെ എനിക്കറിയില്ലായിരുന്നു. പിന്നീടാണറിഞ്ഞത്. എന്റേതു മാത്രമേ പുറത്തു വന്നിട്ടുള്ളൂ എന്നു തോന്നുന്നു. എനിക്കുറപ്പില്ല...

അതു പോലെ എസ്.പി. ബാലസുബ്രഹ്‌മണ്യത്തെക്കൊണ്ടു പാടിച്ച ഒരു പാട്ട് രാഘവന്‍ മാഷ് പിന്നീട് ജയേട്ടനെക്കൊണ്ടു മാറ്റി പാടിച്ചതായി മാഷ് തന്നെ പറഞ്ഞു കേട്ടിട്ടുണ്ട്. ശരിയാണോ? 
 
ഉണ്ട്. അതു ഹിറ്റായ പാട്ടാണ്. നീലമലപ്പൂങ്കുയിലേ... എസ്.പി പാടിയത് മാസ്റ്റര്‍ക്കു തൃപ്തിയായില്ല. റെക്കോഡിങ്ങിനു മുമ്പേ തന്നെ മാഷ് എസ്പി വേണ്ട എന്നു പറഞ്ഞിരുന്നുവത്രെ. എനിക്കിതൊന്നും അറിയില്ല. നിര്‍മാതാവിന്റെ നിര്‍ബന്ധമായിരുന്നു എസ്പിയെക്കൊണ്ടു പാടിക്കുക എന്നത്. റെക്കോഡിങ് കഴിഞ്ഞപ്പോള്‍ അയാള്‍ തന്നെ പറഞ്ഞു, വേണ്ട ജയചന്ദ്രന്‍ പാടിക്കോട്ടെ എന്ന്. ആ നിര്‍മാതാവ് ഒരു പ്രത്യേ രീതിക്കാരനായിരുന്നു. എന്റെ റെക്കോഡിങ് കഴിഞ്ഞപ്പോള്‍ അദ്ദേഹം വീണ്ടും പറഞ്ഞത്രെ, എസ്പിയെക്കൊണ്ടു പാടിക്കണം എന്ന്. രാഘവന്‍ മാസ്റ്റര്‍ അയാളെ ചീത്ത പറഞ്ഞോടിച്ചു എന്നാണ് കേട്ടിട്ടുള്ളത്.

ആഘോഷങ്ങള്‍ക്കൊന്നും കിട്ടില്ല്യ. കാട്ടിക്കൂട്ടലുകളൊന്നും ഇഷ്ടവുമല്ല. എന്താ എല്ലാമിങ്ങനെ വേണ്ടാ വേണ്ടാന്ന് പറേണത്? നിസ്സാര നേട്ടങ്ങളാണോ കൈവരിച്ചിട്ടുള്ളത്..  അതാഘോഷിക്കണ്ടേ? 

അച്ചീവ്‌മെന്റ്. അതൊക്കെ മനസ്സില്‍ മതി. ആള്‍ക്കാരെ കാണിക്കണ്ട കാര്യൊന്നൂല്ല്യ. പിന്നെ എനിക്ക് അതൊരു വല്യ അച്ചീവ്‌മെന്റായിട്ട് തോന്ന്ണൂല്യ. എന്താച്ചാ രണ്ടു കൊല്ലം മാത്രം പാടിയ ഗായകരുണ്ട്. അതിഗംഭീരമായ നേട്ടങ്ങള്‍ ഉണ്ടാക്കിയവര്‍. അമ്പതല്ല നൂറു കൊല്ലം പാടിയാലും ആരും ഓര്‍ക്കാത്ത ഗായകരും കാണും. അതിലൊന്നും കാര്യമില്ല. ആസ്വാദകരുടെ മനസ്സിലുണ്ടോ, അതു മതി. അതേ നിലനില്‍ക്കൂ.

അതു പോട്ടെ. ഫേവറിറ്റ് സിങ്ങര്‍ ഇപ്പോഴും സുശീല തന്നെ? 

സുശീലയും റഫി സാഹിബും.

മോഡല്‍ ചെയ്തിട്ടുണ്ടോ റഫി സാഹിബിനെ? യേശുദാസൊക്കെ അങ്ങിനെ പറഞ്ഞിട്ടുണ്ട്. അറിയാതെ പല തവണ അനുകരിച്ചു പോയതായിട്ട്... 

അനുകരണം നല്ലതല്ലെങ്കിലും മോഡല്‍ ചെയ്യുന്നതില്‍ തകരാറൊന്നുമില്ല. എനിക്കും അനുകരിക്കാന്‍ തോന്നിയിട്ടൊക്കെ ഉണ്ട്. പക്ഷെ സാധിക്കില്ല. അപാര റേഞ്ചാണ് അത്. എല്ലാ ടൈപ്പ് പാട്ടുകളും പാടാന്‍ പറ്റുന്ന റേഞ്ച്. അതനുകരിക്കാനാവില്ല.  

സിനിമ സംവിധായകന്റെ കല എന്ന പറയും പോലെ പാട്ട് സംഗീത സംവിധായകന്റെ മാത്രം സൃഷ്ടിയാണോ? 

ഏറെക്കുറെ ആണ്. പൂര്‍ണമായും അങ്ങിനെയാണെന്നു പറയാനുമാവില്ല. ഗായകനും രചയിതാവുമൊക്കെ നല്ല സംഭാവന നല്‍കണം. 

ഗായകനെന്ന നിലയില്‍ അതില്‍ ഇംപ്രൊവൈസേഷന്‍ നടത്താറുണ്ടോ? 

ഹേയ്... അതൊന്നുമില്ല. എല്ലാം സംഗീത സംവിധായകന്‍ പറയുന്ന പോലെ മാത്രം.

ഉദാഹരണത്തിന് 'നിന്‍ മണിയറയിലെ' എന്ന പാട്ട്. അതിലെ നിന്‍ എന്ന എടുപ്പ്. അതൊക്കെ സംഗീത സംവിധായകന്‍ നിഷ്‌കര്‍ഷിക്കുന്നതാണോ ഗായകന്റെ സംഭാവനയാണോ?

അയ്യോ. അതൊക്കെ അര്‍ജുനന്‍ മാസ്റ്ററുടെ നിഷ്‌കര്‍ഷയോടു കൂടിയ കംപോസിഷനാണ്. അതിലൊന്നും നമ്മുടെ ഒരു സംഭാവനയുമില്ല. അതു പോലെ 'സ്വപ്‌നത്തില്‍ നിന്നൊരാള്‍ ചോദിച്ചു' എന്ന പാട്ട്. അതിലെ 'പോരാമോ...' എന്ന ഭാഗം. അതൊക്കെ മ്യൂസിക്ക് ഡയറക്ടറുടെ ആശയമാണ്. നമ്മള്‍ പരമാവധി എക്‌സ്പ്രഷന്‍ കൊടുത്തു പാടുന്നു എന്നു മാത്രം. ചിലരൊന്നും അതു പോലും അനുവദിക്കില്ല. ഉദാഹരണത്തിന് ദേവരാജന്‍ മാസ്റ്റര്‍. അദ്ദേഹം പറഞ്ഞു തന്നതു മാത്രമേ പാടാന്‍ പറ്റൂ. വരിയുടെ അര്‍ഥം മനസ്സിലാക്കിയാവും അവര്‍ കംപോസ് ചെയ്തിട്ടുണ്ടാവുക. അത് മാറ്റിപ്പാടിയാല്‍ ചിലപ്പോള്‍ അര്‍ഥം തന്നെ മാറിപ്പോവും. 'റംസാനിലെ ചന്ദ്രികയോ...' എന്ന പാട്ട്. അതൊരു പ്രത്യേക കംപോസിഷനാണ്. അതു ഗാനമേളകളില്‍ പാടിയാല്‍ പോലും പലപ്പോഴും നന്നാവില്ല. ഞാന്‍ തന്നെ ഒഴിവാക്കാറാണ് പതിവ്. 

ഈ വോയ്‌സ് കള്‍ച്ചര്‍ ചെയ്തു സൂക്ഷിക്കാന്‍, ഇങ്ങിനെ നിലനിര്‍ത്താന്‍, പ്രത്യേക വല്ല ടെക്‌നിക്കുകളും ഉണ്ടോ? എന്തെങ്കിലും സ്‌പെഷ്യല്‍ രീതികള്‍? 

ഇല്ല. എന്തോ, ഒക്കെ ഭഗവാന്റെ അനുഗ്രഹം. 

ഇടക്കാലത്ത് ഒരു ചെറിയ ഇടവേള ഉണ്ടായില്ലേ? ശബ്ദത്തിന് എന്തോ പ്രശ്‌നമായിട്ട്?

അതു കുറച്ചു മാസങ്ങള്‍ മാത്രം. അസുഖം വന്നതാണ്.

തിരിച്ചുവന്നപ്പോള്‍ ശബ്ദം കൂടുതല്‍ സ്വീറ്റാവുകയാണ് ചെയ്തത്. അതാണ് വല്ല ടെക്‌നിക്കുകളും ഉണ്ടോ എന്നു ചോദിച്ചത്. 

കള്‍ച്ചറിനു വേണ്ടിയൊന്നും ചെയ്തിട്ടില്ല.

നിത്യസാധകമോ ഡെയ്‌ലി ഷെഡ്യൂളോ ഒന്നുമില്ലല്ലോ, ഇപ്പോഴും? 

സാധകമോ? സാധകം ചെയ്യുകയേ അരുത് എന്നാണ് ഞാന്‍ പറയുക. കച്ചേരിക്കാര്‍ക്കൊക്കെ ആവാം, അതു വേണം. സാധാരണ പാട്ടുകാര്‍ക്കു വേണ്ട. ലളിതഗാനങ്ങള്‍ പാടുന്നവര്‍ കര്‍ണാടക സംഗീതം സാധകം ചെയ്താല്‍ രണ്ടും കെട്ടതാവും. നല്ല പാട്ടുകള്‍ ധാരാളം കേള്‍ക്കുക. കേട്ടു കേട്ടു പാടിപ്പാടി പഠിക്കുക. ശ്രുതിശുദ്ധമായി ഭാവം ഉള്‍ക്കൊണ്ടു പാടുക. വരികളുടെ അര്‍ഥമറിഞ്ഞു പാടുക.

കറങ്ങിത്തിരിഞ്ഞ് വീണ്ടും ചെന്നൈക്കാലത്തിലേക്കു തന്നെ വീണ്ടും ചെന്നുവീഴുന്നു. ഇപ്പോള്‍ ഒരു കാര്യം ചോദിക്കട്ടെ, മദ്രാസ് ലൈഫായിരുന്നില്ലേ ഇതിനേക്കാള്‍ രസം?

നൂറു ശതമാനം...

ഞനന്ന് പറയാറുണ്ടായിരുന്നില്ലേ, നാട്ടില്‍ പോയാല്‍ തിരിച്ചു പറയും എന്ന്... അന്നൊക്കെ ജയേട്ടന്‍ പറയും, നാട്ടില്‍ പോയാല്‍ മതി എന്ന്... ഇപ്പോ എന്തു തോന്നുന്നു?

ഇവിടെ വന്നപ്പോഴല്ലേ ഇവിടത്തെ വൃത്തികേടുകള്‍ അറിയണത്. ഭയങ്കര നാടു തന്നെ. പിന്നെ, എനിക്ക് എവിടെയും വീണേടം വിഷ്ണുലോകമാണ് ട്ടോ... 

എന്നാലും തമിഴ് വല്ലാതെ മിസ്സ് ചെയ്യുന്നുണ്ടാവും അല്ലേ? 

തമിഴില്‍ എനിക്കു പാട്ടൊന്നും അധികമില്ലല്ലോ. അവിടെയൊക്കെ തീര്‍ത്തും പുതിയ ഒരു തലമുറയാണ്. ഇപ്പോഴത്തെ അവരുടെ പാട്ടുകളൊന്നും പാടാന്‍ തന്നെ തോന്നില്ല്യ. എല്ലാത്തിനും ഒരു ട്യൂണാണ്. ഒരേ ഭാവവും. എന്നാലോ ഒരു പടത്തിനു ട്യൂണ്‍ ചെയ്യാന്‍ തന്നെ രണ്ടും രണ്ടരയുമൊക്കെ കോടിയാണ് സംഗീത സംവിധായകരുടെ റേറ്റ്. അവര്‍ ലംബോര്‍ഗ്നി കാറില്‍ വരുന്നു. എന്തെങ്കിലും തട്ടിപ്പടച്ചുണ്ടാക്കുന്നു. പോകുന്നു. മൂന്നു മാസം പോലും നിലനില്‍ക്കാത്ത പാട്ടുകളാണ് എല്ലാം. കേട്ടാല്‍ അരിശം വരും. 

നമ്മുടെ ചെന്നൈ കാലം ജയേട്ടന്റെ ഏറ്റവും മികച്ച തമിഴ് പാട്ടുകള്‍ ഇറങ്ങിയ കാലവുമായിരുന്നു. 'വസന്ത കാലങ്കള്‍ ഇശൈ' പോലുള്ള കംപോസിഷനുകള്‍. 'റോസാ മലരേ അഴുഹക്കകൂടാത്' പോലുള്ള പാട്ടുകള്‍. 

ഹൊ! അതൊരു കാലം! ഓര്‍ത്താല്‍ സങ്കടം വരും. മദ്രാസില്‍ പോയി നോക്കൂ. ഇന്ന് ഒന്നും അവശേഷിക്കുന്നില്ല. കോടമ്പാക്കത്ത് അന്നുണ്ടായിരുന്ന സ്റ്റുഡിയോകളെല്ലാം പോയി. എവിഎം, വാഹിനി, ജെമിനി... ഒന്നുല്യ ബാക്കി. എല്ലാം ഫ്‌ളാറ്റുകളോ ഗോഡൗണുകളോ ആയി. ഗായകര്‍ പോയി. സംഗീതസംവിധായകര്‍ പോയി. കോടമ്പാക്കത്തു പോകുമ്പോള്‍ ഇന്ന് വല്ലാത്ത ഒരു ശൂന്യതയാണ് അനുഭവപ്പെടുക. 

അന്ന് ജയേട്ടന് ഒരു മഞ്ഞ ഫിയറ്റുണ്ടായിരുന്നു. ഏതാണ്ട് 11 മണിയോടെ വരും. ഞാനും മിക്ക ദിവസവും കയറും. റെക്കോഡിങ്ങുണ്ടെങ്കില്‍ വല്ല സ്റ്റുഡിയോയിലും പോകും. റെക്കോഡിങ്ങില്ലെങ്കില്‍ വല്ല ഹോട്ടലിലും പോകും. ശാപ്പാടടിക്കും. അതുമല്ലെങ്കില്‍ വെറുതെ കറങ്ങാന്‍ പോകും. 

ഇപ്പോഴും അതൊക്കെ തന്നെ പണി. പാട്ടുണ്ടെങ്കില്‍ പാട്ട്, ഇല്ലെങ്കില്‍ കറക്കം. അതന്നെ...

പാട്ടുകള്‍ കൂടുതല്‍ കിട്ടാതിരുന്ന കാലമുണ്ടായല്ലോ. അപ്പോഴാണ് ജയേട്ടന്‍ പൊടുന്നനെ ഫാമിലി ലൈഫിലേക്ക് മാറുന്നത്. എന്തു ധൈര്യത്തിലായിരുന്നു അന്നത്തെ കൂടുമാറ്റം? 

അത് ഏതാണ്ട് 1973ലാണ്. അപ്പോഴേക്കുമൊക്കെ ധാരാളം പാട്ടുകള്‍ കിട്ടിത്തുടങ്ങിയില്ലേ. അക്കൊല്ലമാണ് ആദ്യമായി സ്റ്റേറ്റ് അവാര്‍ഡും കിട്ടിയത്. സുപ്രഭാതം സുപ്രഭാതം എന്ന പാട്ടിന്. അത് കല്യാണം കഴിഞ്ഞ ഉടനെയാണ്.

റിയാലിറ്റി ഷോകളുടെ കാലമാണ് ഇത്. എന്തു തോന്നുന്നു? 

അതൊരു വൃത്തികെട്ട പ്രവണതയാണ് സൃഷ്ടിക്കുന്നത് എന്നാണ് എന്റെ തോന്നല്‍. അവര്‍ പ്രതിഭകളെ ഉണ്ടാക്കുന്നു എന്നവകാശപ്പെടുന്നു. ഒരു പ്രതിഭയെപ്പോലും അവര്‍ കണ്ടെത്തിയിട്ടില്ല. എത്ര വര്‍ഷമായി ഈ റിയാലിറ്റി ഷോകള്‍. ഒരാളെ ചൂണ്ടിക്കാട്ടട്ടെ. ഞാന്‍ പോയി അവരുടെ കാലില്‍ വീഴാം. 

യേശുദാസും ഇതിന് എതിരായി ആദ്യം സംസാരിച്ചിരുന്നു. പിന്നീട് സമ്മാനം നല്‍കാനൊക്കെ പോയി ഇരുന്നുകൊടുത്തു എന്ന് വിമര്‍ശനവും ഉണ്ടായി. ഇടയ്ക്ക് ജയേട്ടനും പോയല്ലോ. 

ഒന്നു ശ്രമിച്ചു നോക്കാം എന്നെനിക്കു തോന്നിയത് അവസാന ഘട്ടമാവുമ്പോഴാണ്. ഈ കുട്ടികളെ കുറെ നല്ല പാട്ടുകള്‍ പഠിപ്പിക്കണം എന്ന്. അപ്പോഴേക്കും സമയം കഴിഞ്ഞു. ഞാന്‍ ചിലരെയൊക്കെ ഇരുത്തി പഠിപ്പിക്കാന്‍ തുടങ്ങിയിരുന്നു. റഫിയുടെയും സുശീലാമ്മയുടേയുമൊക്കെ നല്ല നല്ല പാട്ടുകള്‍. പക്ഷേ, സാധിച്ചില്ല. എക്‌സ്പീരിയന്‍സ് ഷെയറിങ്ങിനൊന്നും അവിടെ സമയം കിട്ടുന്നില്ല. 

എങ്കിലും വളരുന്ന ഗായകര്‍ക്ക് കിട്ടുന്ന പ്ലാറ്റ്ഫോം എന്ന നിലയ്ക്ക് അതു പ്രോത്സാഹിപ്പിക്കപ്പെടേണ്ടതല്ലേ? അന്ന് ജയേട്ടനൊക്കെ ഗാനമേളകളായിരുന്നു വേദി. ഒരു ഗാനമേളയില്‍ 'ചൊട്ട മുതല്‍ ചുടല വരെ' പാടുന്നതു കേട്ടിട്ടാണല്ലോ ശോഭനാ പരമേശ്വരന്‍ നായരും വിന്‍സെന്റ് മാഷും എംബിഎസ്സിനടുത്തേക്കു വിടുന്നത്. 'കുഞ്ഞാലി മരയ്ക്കാരി'ല്‍ പാടിക്കാന്‍. 

പ്ലാറ്റ്‌ഫോം എന്ന നിലയ്ക്ക് ഇതൊക്കെ നല്ലതു തന്നെ. പണ്ടത്തേക്കാള്‍ അവസരങ്ങള്‍ ഉണ്ട് എന്നതും ശരി. പക്ഷേ, വരുന്ന കുട്ടികളുടെ മനസ്സിലൊക്കെ ഫ്‌ളാറ്റും കാശുമാണ് ഇവര്‍ കുത്തിനിറയ്ക്കുന്നത്. അതു മാറണം. എന്നാലേ നല്ല ഗായകര്‍ ഉണ്ടാവൂ. രീതിയും മാറണം. ഇപ്പോള്‍ ഇതിനായി പ്രത്യേകം പരിശീലിപ്പിച്ച് ഇറച്ചിക്കോഴികളെപ്പോലെ വളര്‍ത്തുകയാണ് പാട്ടുകാരെ. അത് യഥാര്‍ഥ ഗായകരെ ഉണ്ടാക്കില്ല.

റിയാലിറ്റി ഷോയില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്കു വേണ്ടി കുറച്ചു ടിപ്‌സ് നല്‍കാനാവശ്യപ്പെട്ടാല്‍ എന്തൊക്കെയാവും ഉപദേശങ്ങള്‍..

മത്സരിക്കാന്‍ മാത്രമായി പാട്ടു പഠിക്കരുത്. നല്ല ഗുരുക്കളെ കണ്ടെത്തുക. അവരില്‍ നിന്ന് നിഷ്ഠയോടെ, ബഹുമാനത്തോടെ പഠിക്കുക. പഴയ പാട്ടുകള്‍ കേട്ടു പഠിക്കുക. അപ്പോഴും സ്വന്തമായ ഒരു രീതിയും ശൈലിയും നിലനിര്‍ത്തുക. മറ്റൊരാള്‍ പാടിയ പാട്ടുകള്‍ നന്നായി പാടുന്നതില്‍ മാത്രമല്ല പുതിയ പാട്ടു പാടേണ്ടി വരുമ്പോഴും മികവു കാണിക്കണം. ഈശ്വരവിശ്വാസം. അതാണ് എല്ലാത്തിനും അടിസ്ഥാനം. നമ്മള്‍ ആരുമല്ല. എല്ലാം അനുഗ്രഹമായി കിട്ടുന്നതാണ് എന്നു വിശ്വസിക്കുക. കഴിവുകള്‍ പരിപോഷിപ്പിച്ചില്ലെങ്കിലും നശിപ്പിക്കാതിരിക്കുക. കുറുക്കുവഴികള്‍ തേടാതിരിക്കുക. ക്ഷമയോടെ പ്രവര്‍ത്തിക്കുക. തന്റെ ഊഴം വരും എന്ന വിശ്വാസത്തോടെ മുന്നോട്ടു പോവുക. ഒന്നിനും പുറകെ പായാതിരിക്കുക. ഭാഗ്യത്തില്‍ മാത്രം വിശ്വസിക്കാതിരിക്കുക. അധ്വാനിക്കുക. ഭാഗ്യം കൊണ്ട് എക്‌സ്‌പോഷര്‍ കിട്ടാം. പക്ഷേ, അതു നിലനില്‍ക്കില്ല.
 
നമുക്ക് അവസാനിപ്പിക്കാം. അതിനു മുമ്പ് ഒരു കാര്യം ചോദിച്ചോട്ടെ, ഉദയഭാനു ചേട്ടന്‍ ഒരിക്കല്‍ പറഞ്ഞത് ഓര്‍ക്കുന്നു. ജയചന്ദ്രന്‍ നല്ല പാട്ടുകാരനാണ്, പക്ഷെ മോശം പ്രൊഫഷനലാണ് എന്ന്. എന്തു തോന്നുന്നു? 

നൂറു ശതമാനം ശരിയാണ്. നൂറു ശതമാനം.

അതേസമയം ജയേട്ടന്‍ തിരിച്ചൊന്ന് കോംപ്ലിമെന്റ് ചെയ്തതും ഓര്‍ക്കുന്നു. അത് അനുസ്മരണയോഗത്തിലോ മറ്റോ ആണ്. ഉദയഭാനുവിനെപ്പോലുള്ളവരുടെ മുന്നില്‍ നമ്മളൊക്കെ അത്യാഗ്രഹികളാണ് എന്ന്. എന്താ ഉദ്ദേശിച്ചത്? 

ഞാനും ദാസേട്ടനുമൊക്കെ പൈസക്കു വേണ്ടിയാണ് പാടിയത്. പുള്ളിക്ക് പൈസ വാങ്ങാനൊന്നും അറിഞ്ഞുകൂടായിരുന്നു. ചെല്ലുക, പാടുക, കിട്ടുന്നത് വാങ്ങുക, പോക്കറ്റിലിടുക, അത്ര തന്നെ. ഒന്നും വേണമെന്നില്ല. ഒന്നും നേടിയുമില്ല. അവരൊക്കെയല്ലേ ശരിക്കു മഹാന്മാര്‍?

Content Highlights: P. Jayachandran P. Balachandran Malayalam Singer Cricket Coach Musical Journey Chennai Brotherhood M