ഇരിങ്ങാലക്കുടയുടെ പ്രിയപ്പെട്ട ജയചന്ദ്രന്‍ കുട്ടന്‍

മലയാളിയുടെ ഭാവഗായകന്‍ ഇരിങ്ങാലക്കുടയുടെ സ്വകാര്യ അഹങ്കാരം കൂടിയായിരുന്ന പാലിയത്ത് ജയചന്ദ്രന്‍ കുട്ടന്‍ എന്ന പി. ജയചന്ദ്രന്‍ യാത്രയാകുമ്പോള്‍ അത് മലയാളിയുടെ പൂമുഖത്ത് കൊളുത്തി വെക്കുന്ന നിലവിളക്കിലെ ഒരു തിരിനാളം അണയുന്നത് പോലെയാണ്.
പഞ്ചാരി കാലമിടുന്ന കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ നടപ്പുരകളില്‍ മേളപ്രമാണിമാരുടെ കൂട്ടിപ്പെരുക്കത്തിന് താളമിട്ടിരുന്ന കുട്ടി അവിടെ നിന്ന് മലയാളിയുടെ സംഗീത മനസ്സിലേക്ക് മഞ്ഞലയില്‍ മുങ്ങി നിവര്‍ന്ന നിലാവായി മാറുന്നത് ഒരു വലിയ പരിണാമം ആയിരുന്നു. ഇരിങ്ങാലക്കുടയില്‍ ഇന്നും അഭിമാനസ്തംഭമായി നില്‍ക്കുന്ന നാഷണല്‍ സ്‌കൂള്‍. അവിടെ പഠിപ്പിച്ച അധ്യാപകരും അവിടെ പഠിച്ച കുട്ടികളുമാണ് ആ സ്‌കൂളിനെ ചക്രവാളത്തോളം ഉയര്‍ത്തുന്നത്. അവിടെ നിന്നാണ് കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ കിഴക്കുഭാഗത്തുണ്ടായിരുന്ന പാലിയത്തു വീട്ടില്‍ സുഭദ്രകുഞ്ഞമ്മയുടെ മകനായ പാലിയത്തു ജയചന്ദ്രന്‍ കുട്ടന്റെ വളര്‍ച്ചയുടെ പടവുകള്‍ കയറാന്‍ തുടങ്ങുന്നത്. അത്ഭുതവാനരന്‍ എന്ന ബാലസാഹിത്യത്തിലുടെ കുട്ടികളുടെ പ്രിയങ്കരനായി മാറിയ രാമനാഥന്‍മാഷ് അക്കാലത്ത് നാഷണല്‍ സ്‌കൂളിലെ അധ്യാപകനായിരുന്നു. ജയചന്ദ്രന്‍കുട്ടന്റെ സംഗീത വാസന ആദ്യമായി തിരിച്ചറിയുന്നത് രാമനാഥന്‍ മാഷായിരുന്നു. ഇരിങ്ങാലക്കുട, നാഷണല്‍ സ്‌കൂള്‍, കെ വി രാമനാഥന്‍ മാഷ്, കൂടല്‍മാണിക്യം ക്ഷേത്രം, ദേവരാജന്‍ മാഷ്- തന്നെ വളര്‍ത്തിയത് ആര് എന്ന ചോദ്യത്തിന് ഈ അഞ്ച് വാക്കുകളാണ് എക്കാലത്തും ജയചന്ദ്രന്റെ മറുപടിയായിരുന്നത്.
1965 കുഞ്ഞാലിമരക്കാര്‍ എന്ന സിനിമയിലെ മുല്ലപ്പൂ മാലയും ആയി... എന്ന ഗാനം ആലപിച്ചാണ് ചലച്ചിത്ര പിന്നണി ഗാന രംഗത്തേക്ക് ജയചന്ദ്രന്റെ വരവ്. പി ഭാസ്‌കരന്‍ രചിച്ച് ചിദംബരനാഥ് സംഗീത സംവിധാനം നിര്‍വഹിച്ച പാട്ടായിരുന്നു ഇത്. യേശുദാസ് പാടിയ ചൊട്ട മുതല്‍ ചുടല വരെ എന്ന് തുടങ്ങുന്ന പാട്ട് ജയചന്ദ്രന്റെ ശബ്ദത്തില്‍ കേട്ട തൃശ്ശൂരിന്റെ സ്വന്തം ശോഭന പരമേശ്വരന്‍ നായരാണ് സംഗീതസംവിധായകന്‍ ദേവരാജന് ജയചന്ദ്രനെ പരിചയപ്പെടുത്തുന്നത.് എന്നാല്‍ ജയചന്ദ്രന്റെ പാട്ടായി ആദ്യം പുറത്തുവന്നത് പി. ഭാസ്‌കരന്‍ രചിച്ച ദേവരാജന്‍ ഈണമിട്ട മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി എന്ന് തുടങ്ങുന്ന ഗാനം ആയിരുന്നു. ജയചന്ദ്രനെ സംബന്ധിച്ചിടത്തോളം ശരിക്കും അത് പിന്നണിഗാനരംഗത്ത് ഒരു മുങ്ങിത്തോര്‍ത്തി നിവരലുതന്നെയായിരുന്നു. പിന്നീടിങ്ങോട്ട് മലയാളിയുടെ ചലച്ചിത്ര ഗാന കേള്‍വിയുടെ ലയം ജയചന്ദ്ര ശബ്ദത്തില്‍ മുഴുകി.
ഇരിങ്ങാലക്കുടയിലെ കൂത്തും കൂടിയാട്ടവും കഥകളിയും മനസ്സിലെ എക്കാലത്തേയും മങ്ങാത്ത ഓര്‍മ്മകളാണെന്ന് ജയചന്ദ്രന്‍ എപ്പോഴും പറയും. ഇരിങ്ങാലക്കുട നാഷണല്‍ സ്‌കൂളിലെ ശിക്ഷണം, രാമനാഥന്‍ മാഷ് എന്ന അധ്യാപകന്‍ തന്നിലെ ഗായകനെ കണ്ടെത്തിയത,് കൂടല്‍മാണിക്യം ഉത്സവത്തിന്റെ പഞ്ചാരിമേളം ഇവയെല്ലാം തിരിഞ്ഞു നോക്കുമ്പോള്‍ ഓര്‍മ്മകളുടെ നിറച്ചാര്‍ത്ത് ആണെന്ന് ജയചന്ദ്രന്‍ പറഞ്ഞിട്ടുണ്ട്.
കൂടല്‍മാണിക്യം, തൃപ്പൂണിത്തുറ, പെരുവനം-മേളം കേള്‍ക്കണമെങ്കില്‍ ഈ മൂന്ന് സ്ഥലങ്ങളില്‍ ചെല്ലണം. കൂടല്‍മാണിക്യം ഉത്സവം പഞ്ചാരിയുടെ നാദധാരയാണ്. വിഖ്യാതമായ കുലീപിനിതീര്‍ത്ഥത്തില്‍ തട്ടി മേളം പ്രതിധ്വനിക്കുന്നതു കേള്‍ക്കുന്ന അനുഭവം മറ്റൊരിടത്തുനിന്നും ലഭിക്കിലെന്ന് ജയചന്ദ്രന്‍ പലതവണ പറഞ്ഞിട്ടുണ്ട്. കഥകളി വേഷമാണെങ്കില്‍ രാമന്‍കുട്ടി നായര്‍, വാഴേങ്കട കുഞ്ചു നായര്‍ സംഗീതം ആണെങ്കില്‍ നമ്പീശന്‍, ശങ്കരന്‍ നമ്പ്യാന്തിരി കൂത്താണെങ്കില്‍ അമ്മന്നൂര്‍ മാധവചാക്യാര്‍ ചെണ്ടയാണെങ്കില്‍ കൃഷ്ണന്‍ കുട്ടി പൊതുവാള്‍-ഇതായിരുന്നു പ്രതിഭയുടെ പൊന്നു വിളയിച്ച ജയചന്ദ്രന്റെ ഓര്‍മ്മപ്പെടുത്തലുകള്‍.
ആദ്യകാല സ്‌കൂള്‍ കലോത്സവ വേദിയില്‍ മ്യദംഗത്തിലും ലളിതസംഗീതത്തിലും തിളങ്ങി തന്റെ വരവറിയിച്ച പി. ജയചന്ദ്രന്‍ അരങ്ങൊഴിയുന്നത് മറ്റൊരു സ്ഖൂല്‍ കലോത്സവ സമാപനത്തിന്റെ തിരശ്ശീല വീണപ്പോഴാണ് എന്നതും അവിചാരിതമായി. 1958 ലെ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഇരിങ്ങാലക്കുട നാഷണല്‍ സ്‌കൂളില്‍ നിന്നും മ്യദംഗവായനയ്ക്കാണ് ജയചന്ദ്രന്‍ പങ്കെടുത്തത്. അന്ന് ലളിതഗാനത്തില്‍ യേശുദാസിനായിരുന്നു ഒന്നാം സ്ഥാനം. അന്ന് കലോത്സവം കഴിഞ്ഞ് വിജയികളായ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച പരിപാടിയില്‍ യേശുദാസിന്റെ കച്ചേരിക്ക് മ്യദംഗം വായിച്ചതും ജയചന്ദ്രനായിരുന്നു. പിന്നീട് രണ്ടുപേരും സിനിമയില്‍ നിരവധിപാട്ടുകള്‍ പാടി. ചലച്ചിത്രതാരമായിരുന്ന ഇന്നസെന്റ്, ഐ.എസ്.ആര്‍.ഒ യുടെ മുന്‍ചെയര്‍മാനായിരുന്ന കെ. രാധാകൃഷ്ണന്‍ തുടങ്ങിയവരെല്ലാം നാഷണല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളായിരുന്നു.
കുംഭത്തിലെ തിരുവാതിര നക്ഷത്രത്തില്‍ പിറന്ന ജയചന്ദ്രന്‍ തിരുവാഭരണം ചാര്‍ത്തിവരുന്ന തിരുവാതിര നക്ഷത്രമായി തന്നെ ശോഭിച്ചു. പ്രായം ഒരിക്കലും ജയചന്ദ്രന്റെ സബ്ദത്തെ സ്വാധീനിച്ചിരുന്നില്ല. തന്റെ 55-ാം വയസ്സിലാണ് നിറം എന്ന സിനിമയിലെ ഹിറ്റ്ഗാനമായ പ്രായം നമ്മില്‍ മോഹം നല്‍കി എന്ന ഗാനം ജയചന്ദ്രന്‍ പാടുന്നത്. ദേവരാജന്‍ മാഷാണ് എന്റെ പ്രതിഭയെ വളര്‍ത്തിയത്. സംഗീതത്തിന്റെ സാഗരമായിരുന്നു ദേവരാജന്‍. എല്ലാ ഭാവങ്ങളും അദ്ദേഹം പാട്ടില്‍ ഒഴുകി. എന്നെ അത്ഭുതപ്പെടുത്തിയ സംഗീതജ്ഞന്‍ എം.എസ് വിശ്വനാഥനാണ്. ഏറെ വികാരങ്ങള്‍ക്കപ്പുറത്തും മറ്റൊരു വികാരമുണ്ടെന്നും അത് സംഗീതത്തിലൂടെ ആവിഷ്‌കരിക്കാന്‍ കഴിയുമെന്നും തെളിയിച്ചത് വിശ്വനാഥന്‍ ആണ്. ആദ്യഗാനം പാടാന്‍ ചെന്നപ്പോള്‍ പേടികൊണ്ട് മടങ്ങി പോന്നവനാണ് ഞാന്‍. എന്നെ തിരിച്ചു വിളിച്ചത് ശോഭന പരമേശ്വരന്‍ നായര്‍ ആയിരുന്നു. ഞാന്‍ ജീവിതത്തില്‍ കണ്ട ഏറ്റവും നല്ല കോമ്പിനേഷന്‍ വിശ്വനാഥന്‍-പി സുശീല ടീം ആയിരുന്നു. ഉതായിരുന്നു ജയചന്ദ്രന്റെ അഭിപ്രായം.
ഞാന്‍ പാടിയ പാട്ടുകള്‍ വളരെ കുറവേ ഞാന്‍ കേള്‍ക്കാറുള്ളൂ. കമുകറ, ഉദയഭാനു, മന്നാടെ, മുഹമ്മദ് റാഫി, ലതാമങ്കേഷ്‌കര്‍, സുശീല എന്നിവരുടെ പാട്ടുകളാണ് ഞാന്‍ കൂടുതലും കേള്‍ക്കുന്ന. പാട്ടുകാരന്‍ എന്ന രീതിയില്‍ പ്രത്യേക ചിട്ടയൊന്നും ഞാന്‍ പിന്തുടരുന്നില്ല. എത്ര പാട്ടുകള്‍ ഇതുവരെ പാടി എന്ന കണക്കും ഞാന്‍ സൂക്ഷിച്ചിട്ടില്ല. വെജിറ്റേറിയന്‍ ഭക്ഷണമാണ് കഴിക്കുന്നത്. ഒരു അഭിമുഖത്തില്‍ അദ്ദേഹം തന്റെ നിലപാടുകള്‍ വ്യക്തമാക്കിയിരുന്നു. ഇന്നത്തെ റിയാലിറ്റി ഷോകള്‍ നല്ല ഗായകരെ സൃഷ്ടിക്കുന്നില്ല എന്നായിരുന്നു ജയചന്ദ്രന്റെ അഭിപ്രായം. ഗായകരെ നശിപ്പിച്ച് കുട്ടികളെ ധനമോഹികള്‍ ആക്കി മാറ്റുകയാണ് ഇക്കൂട്ടര്‍ ചെയ്യുന്നതെന്നും ഒരിക്കല്‍ അദ്ദേഹം തുറന്നടിച്ചു.
Content Highlights: Jayachandran Kuttan Malayalam playback singer Irinjalakuda National School Irinjalakuda