'ഒരു കാര്യം മറന്നു, ഉഷയുടെ ഓട്ടോഗ്രാഫ് വേണം'; ആ വാക്കുകള്‍ കേട്ട് തരിച്ചുനിന്നു ഉഷ

പി. ജയചന്ദ്രന്‍ പി.ടി ഉഷയോടൊപ്പം
പി. ജയചന്ദ്രന്‍ പി.ടി ഉഷയോടൊപ്പം

യ്യോളിയിലെ ``ഉഷസ്സി''ല്‍ നിന്ന് യാത്ര പറഞ്ഞിറങ്ങവേ, പടിയ്ക്കല്‍ നിന്നുകൊണ്ട് തിരിഞ്ഞുനോക്കി  ജയേട്ടന്‍ പറഞ്ഞു: ``ഒരു കാര്യം മറന്നു. ഉഷയുടെ ഓട്ടോഗ്രാഫ് വേണം. ഇല്ലെങ്കില്‍ വീട്ടില്‍ ചെന്നാല്‍ മോനും മോളും വെറുതെ വിടില്ല...''

അവിശ്വസനീയതായിരുന്നു ട്രാക്കിലെ രാജകുമാരിയുടെ മുഖത്ത്. സൂചി കുത്താന്‍ ഇടമില്ലാത്ത വണ്ണം മൈതാനം നിറഞ്ഞുകവിഞ്ഞ ജനക്കൂട്ടത്തില്‍ ഒരാളായി ഭാവഗായകന്റെ ഗാനമേള കേള്‍ക്കാന്‍ ആകാംക്ഷയോടെ കാത്തുനിന്ന ആ പഴയ സ്‌കൂള്‍  കുട്ടി ഒരു നിമിഷം പുനര്‍ജനിച്ചുവോ `പയ്യോളി എക്‌സ്പ്രസ്സി'ന്റെയുള്ളില്‍? ``അയ്യോ... അതൊന്നും വേണ്ട സാര്‍. സാറിന്റെ ഫാന്‍ ആണ് ഞാന്‍. ഞാനല്ലേ ഓട്ടോഗ്രാഫ് ചോദിക്കേണ്ടത്?''-- ചിരിയോടെ ഉഷയുടെ ചോദ്യം.

ഗൗരവത്തോടെയായിരുന്നു ജയേട്ടന്റെ  മറുപടി: ``അതൊന്നുമല്ല. ശ്രമിച്ചാല്‍ ആര്‍ക്കും നല്ലൊരു പാട്ടുകാരനാകാന്‍ പറ്റും. ജന്മസിദ്ധമായ കഴിവ് കൂടിയുണ്ടെങ്കില്‍ അത്രയും എളുപ്പം. പക്ഷേ ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ അതൊന്നും പോരാ. കഠിനാധ്വാനം വേണം. ജീവിതം മുഴുവന്‍ അതിന് വേണ്ടി സമര്‍പ്പിക്കണം. ഉഷ ജനിച്ചത് തന്നെ ഓടാന്‍ വേണ്ടിയാണ്. ഇന്ത്യക്ക് ഒരേയൊരു ഉഷയേ ഉള്ളൂ. അയാം യുവര്‍ ഗ്രെയ്റ്റസ്റ്റ്  ഫാന്‍.....'' ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് ഒഴുകിവന്ന ആ വാക്കുകള്‍ കേട്ട് തരിച്ചുനിന്നു ഉഷയും ശ്രീനിയേട്ടനും ഞാനും.

മറക്കാനാവാത്ത ആ കൂടിക്കാഴ്ച്ചയിലേക്ക് വഴിതുറന്നത് ജയചന്ദ്രന്റെ ഒരു നിഷ്‌കളങ്ക മോഹമാണ്: ``പി ടി ഉഷയെ ഒന്ന് കാണണം. പരിചയപ്പെടണം. ഏറെക്കാലമായുള്ള ആഗ്രഹമാണ്. നിങ്ങള് സ്‌പോര്‍ട്‌സിന്റെ ആള് കൂടിയല്ലേ? പരിചയമുണ്ടാകുമല്ലോ. ഒന്ന് പോയാലോ?'' പിന്നെ സംശയിച്ചില്ല. അന്നുച്ചയ്ക്ക്  ജയേട്ടനേയും കൂട്ടി  ഉഷയുടെ വീട്ടില്‍. തെല്ലും നിനച്ചിരിക്കാതെ പ്രിയ ഗായകനെ വാതില്‍ക്കല്‍ കണ്ട് അന്തംവിട്ടു ഉഷയും ശ്രീനിവാസനും. ``കുട്ടിക്കാലം മുതലേ കേള്‍ക്കുന്ന ശബ്ദം. മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി, ഏകാന്ത പഥികന്‍ ഞാന്‍, കരിമുകില്‍ കാട്ടിലെ ... മനസ്സിലെ സങ്കടവും ടെന്‍ഷനുമൊക്കെ അകറ്റാന്‍ പല ഘട്ടങ്ങളിലും എന്നെ സഹായിച്ചിട്ടുള്ള പാട്ടുകള്‍. അവ  പാടിയ ആള്‍ എന്നെങ്കിലും എന്നെ കാണാന്‍ വരുമെന്ന് സങ്കല്പിച്ചിട്ടു പോലുമില്ല.''- ഉഷ.

`ഉഷസ്സി'ന്റെ പൂമുഖത്തിരുന്ന് ആരാധികയായ ഒളിമ്പ്യന് വേണ്ടി ``ഒന്നിനി ശ്രുതി താഴ്ത്തി പാടുക പൂങ്കുയിലേ'' ഉള്‍പ്പെടെ നിരവധി പാട്ടുകള്‍ പാടി ജയേട്ടന്‍. ഉഷയുടെ കഥകള്‍ കേട്ടു. ആല്‍ബത്തിലെ അപൂര്‍വ ചിത്രങ്ങള്‍ കണ്ട് വിസ്മയം കൊണ്ടു.... ലാളിത്യത്തിന്റെ പ്രതീകങ്ങളായ രണ്ടു വ്യക്തികള്‍ തമ്മിലുള്ള അപൂര്‍വ സംഗമം. ``എന്താ കഥ. ഇത്രേം വലിയ ലെജന്‍ഡ് ആയിട്ടും എന്തൊരു വിനയമാണ് ആ കുട്ടിക്ക്? ലോകം ആദരിക്കുന്ന അത്ലറ്റ് അല്ലേ; നമ്മളൊക്കെ അവര്‍ക്ക് മുന്‍പില്‍ ആര്.....'' തിരിച്ചു കാറില്‍ കോഴിക്കോട്ടേക്ക് മടങ്ങവേ ജയേട്ടന്റെ ആത്മഗതം...

Content Highlights: p jayachandran, pt usha, ravi menon