പാകിസ്താന്റെ സൈനിക പോസ്റ്റുകൾ തകര്‍ത്ത ഇന്ത്യന്‍ കരുത്ത്; എന്താണ് എ.ടി.ജി.എം?

എ.ടി.ജി.എം (ഫയല്‍ ചിത്രം) | Photo: PTI
എ.ടി.ജി.എം (ഫയല്‍ ചിത്രം) | Photo: PTI

ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ പാകിസ്താന്‍ നടത്തിയ പ്രകോപനങ്ങള്‍ക്ക് തിരിച്ചടിയായി ഇന്ത്യ പാക് സൈനിക പോസ്റ്റുകള്‍ ആക്രമണത്തില്‍ തകര്‍ത്തിരുന്നു. കഴിഞ്ഞ ദിവസം അതിര്‍ത്തിയില്‍ തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാറുകള്‍ ലംഘിക്കുകയും ഡ്രോണുകളും മിസൈലുകളും അയച്ചുമാണ് പാകിസ്താന്‍ പ്രകോപനത്തിന് ശ്രമിച്ചത്. ഇതിന് തിരിച്ചടിയായാണ് അതിര്‍ത്തിയോട് ചേര്‍ന്നുള്ള പാകിസ്താന്റെ സൈനിക പോസ്റ്റുകള്‍ ഇന്ത്യ മിസൈല്‍ ആക്രമണത്തില്‍ തകര്‍ത്തുകളഞ്ഞത്. വൈകാതെ ഇത് തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങളും ഇന്ത്യന്‍ സൈന്യം പുറത്തുവിട്ടിരുന്നു. ഇത് ആദ്യമായാണ് പാകിസ്താന് നേരെയുള്ള ഒരു സൈനിക നടപടിയുടെ ദൃശ്യങ്ങള്‍ ഇന്ത്യന്‍ സൈന്യം പുറത്തുവിടുന്നത്. 

വ്യാഴം വെള്ളി ദിവസങ്ങളില്‍ അര്‍ധരാത്രിയിലും പുലര്‍ച്ചെയുമാണ് പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ ഉടനീളം പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാറുകള്‍ ലംഘിക്കുകയും ഡ്രോണ്‍ ആക്രമണത്തിന് ശ്രമിക്കുകയും ചെയ്തത്. ജമ്മു, പത്താന്‍കോട്ട് തുടങ്ങിയ അതിര്‍ത്തി ഇടങ്ങളിലെ സൈനികകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു പാകിസ്താന്റെ നീക്കം. ഇതിനെ ഇന്ത്യന്‍ സൈന്യം ശക്തമായി ചെറുക്കുകകയായിരുന്നു. പിന്നീട് ഇതിനുള്ള തിരിച്ചടിയായാണ് ഇന്ത്യന്‍ സൈന്യം അതിര്‍ത്തിയിലെ പാക് സൈനിക പോസ്റ്റുകള്‍ക്ക് നേരെ ആക്രമണം അഴിച്ചുവിട്ടത്. ആന്റി ടാങ്ക് ഗൈഡഡ് മിസൈല്‍ (എ.ടി.ജി.എം) ഉപയോഗിച്ചായിരുന്നു ഇന്ത്യയുടെ ആക്രമണം.

എന്താണ് ടാങ്ക് വേധ നിയന്ത്രിത മിസൈലുകള്‍ (എ.ടി.ജി.എം)?

വലിയ സൈനിക കവചിത വാഹനങ്ങള്‍ പ്രത്യേകിച്ച് സൈനിക ടാങ്കുകള്‍ തകര്‍ക്കാനായി ഉപയോഗിക്കുന്ന മിസൈലുകളാണ് ആന്റി ടാങ്ക് ഗൈഡഡ് മിസൈല്‍ (എ.ടി.ജി.എം). സ്വയം ലക്ഷ്യത്തുന്ന സാങ്കേതികവിദ്യ, കുറഞ്ഞ ഭാരം, തുടങ്ങിയ സവിശേഷതകളോട് കൂടിയ  മിസൈലാലാണ് ഇവ. ഇതില്‍ 'ഗൈഡഡ്' കൊണ്ട് അര്‍ഥമാക്കുന്നത് ഈ മിസൈലുകള്‍ക്ക് ഒരു ലക്ഷ്യ സ്ഥാനം തീരുമാനിച്ച് ഗതിനിയന്ത്രിക്കാമെന്നതിനാലാണ്. അതിനാല്‍ തന്നെ മുന്‍പുണ്ടായിരുന്ന ടാങ്ക് വേധ മിസൈലുകളേക്കാള്‍ ഒരുപാട് കാര്യക്ഷമതയും കൃത്യതയുമുള്ള ടാങ്ക് വേധ മിസൈലുകളായാണ് എ.ടി.ജി.എം പരിഗണിക്കപ്പെടുന്നത്. മാന്‍ പോര്‍ട്ടബിള്‍ കൂടിയായ ഈ മിസൈലുകള്‍ സൈനികരുടെ ചുമലില്‍ വെച്ചോ ട്രൈപ്പോട്, വാഹനങ്ങള്‍, യുദ്ധവിമാനം എന്നിവയില്‍ വെച്ചോ തൊടുത്തുവിടാന്‍ സാധിക്കും.

നിയന്ത്രിതമായ ദൂരപരിധിയിലാണ് ഇവ ഉപയോഗിക്കാനാവുക. ശക്തമായ വേഗതയിൽ പായുന്ന ഇവയ്ക്ക് ടാങ്കുകളുടെ കവചിത ഭാഗങ്ങളെ തുളച്ച് കയറി സ്‌ഫോടനം നടത്താനാകും. ചില ആധുനിക എ.ടി.ജി.എമ്മുകള്‍ക്ക ഇരട്ട സ്‌ഫോടനം നടത്താനുള്ള ശേഷിയുണ്ട്. ആര്‍.പി.ജികളെ നേരിടാനായി ശേഷിയുള്ള ടാങ്കുകളെ തകര്‍ക്കാനാണ് ഇവ ഉപയോഗിക്കുക. ആദ്യത്തെ സ്‌ഫോടനം ടാങ്കുകളുടെ റിയാക്ടീവ് ആര്‍മറുകളെ തകര്‍ക്കുമ്പോള്‍ രണ്ടാമത്തെ സ്‌ഫോടനം ടാങ്കുകളെയും തകര്‍ക്കും. ഇവയ്ക്ക് ടോപ്പ് അറ്റാക്ക് മോഡ് എന്ന ഫീച്ചറുള്ളതിനാല്‍ ടാങ്കുളെ മുകള്‍ ഭാഗത്തുകൂടെയും ആക്രമിക്കാന്‍ സാധിക്കും. കാര്യമായി പ്രതിരോധിക്കാന്‍ സാധിക്കാത്തതിനാലും മിസൈല്‍ വരുന്നത് അറിയാന്‍ സാധ്യത കുറവായതിനാലും മുകളിലൂടെയുള്ള ആക്രമണങ്ങളാണ് ടാങ്കുകളെ തകര്‍ക്കാന്‍ കൂടുതല്‍ കാര്യക്ഷമം. രാത്രിയിലും പകലും ഉപയോഗിക്കാന്‍ സാധിക്കുന്ന ഇവ എല്ലാ തരത്തിലുള്ള യുദ്ധമുഖങ്ങളിലും സൈന്യത്തിന് മുതല്‍ക്കൂട്ടാവുന്നവയാണ്. 

എ.ടി.ജി.എമ്മുകളെ തടയാന്‍ സാധിക്കുമോ?

ടാങ്കുകളെ മിസൈലുകളില്‍ നിന്നും ആര്‍.പി.ജികളില്‍ നിന്നും പ്രതിരോധിക്കാനായി പലതരത്തിലുള്ള അത്യാധുനിക സംവിധാനങ്ങള്‍ ഇപ്പോഴുണ്ട്. മുകളില്‍ സൂചിപ്പിച്ചത് പോലുള്ള ടാങ്ക് റിയാക്ടീവ് ആര്‍മറുകള്‍ അവയിലെ പ്ലാസ്റ്റിക് എക്‌പ്ലോസീവുകള്‍ ഉപയോഗിച്ച് മിസൈലുകളെ തടയുകയും തകര്‍ക്കുകയും ചെയ്യും. മറ്റ് ചില ടാങ്കുകളില്‍ മെറ്റല്‍ കവചങ്ങള്‍ ഉപയോഗിച്ച് മിസൈലുകളുടെ ഫ്യൂസുകള്‍ തകരാറിലാക്കി ടാങ്കുകളിലെത്തുന്നതിന് മുന്‍പേ നിര്‍വീര്യമാക്കുകയാണ് ചെയ്യുക. ചില ടാങ്കുകള്‍ ഡീകോയികള്‍ (ടാങ്കുകളെന്ന് തെറ്റിദ്ധരിപ്പിക്കുന്ന മാതൃകകള്‍) ഉപയോഗിച്ച് മിസൈലുകളുടെ സിഗ്നലുകളെ തകരാറിലാക്കുകയും ലക്ഷ്യം തെറ്റിക്കുകയുമാണ് ചെയ്യുക. സാധാരാണഗതിയില്‍ അത്യാധുനിക എ.ടി.ജി.എമ്മുകള്‍ക്ക് ഇത്തരം സംവിധാനങ്ങളെ പ്രതിരോധിച്ച് ടാങ്കുകളെ തകര്‍ക്കാന്‍ സാധിക്കാറുണ്ട്.

എന്നാല്‍ ചില അത്യാധനിക ടാങ്കുകള്‍ക്ക് മിസൈലുകളെ പ്രതിരോധിക്കാന്‍ കൂടുതല്‍ മെച്ചപ്പെട്ട സംവിധാനങ്ങളുണ്ട്. ഇസ്രായേലിന്റെ ടാങ്കുകളായ മെര്‍കാവ പോലുള്ളവ അവയ്ക്ക് നേരെ തൊടുക്കുന്ന മിസൈലുകള്‍ റഡാറുകളാല്‍ തിരിച്ചറിഞ്ഞ് അടുത്ത് എത്തുന്നതിന് മുന്‍പ് തകര്‍ക്കുകയാണ് ചെയ്യുക. ട്രോഫി എന്നാണ് ഈ സിസ്റ്റം അറിയപ്പെടുന്നത്. അതോടൊപ്പം റഷ്യയുടെ അറേന, ഇസ്രേയലിന്റെ അയേണ്‍ ഫിസ്റ്റ് തുടങ്ങിയവയും ടാങ്കുകള്‍ക്കായുള്ള അത്യാധുനിക മിസൈല്‍ പ്രതിരോധ സംവിധാനങ്ങളാണ്. ഇവയ്ക്ക് എ.ടി.ജി.എമ്മുകളെ പ്രതിരോധിക്കാന്‍ സാധിക്കും.

ആര്‍ക്കെല്ലാം എ.ടി.ജി.എം ഉണ്ട്?

യുദ്ധമുഖങ്ങളില്‍ വ്യാപകമായി ഉപയോഗിക്കുന്ന ടാങ്ക് വേധ മിസൈലുകളാണ് ആന്റി ടാങ്ക് ഗൈഡഡ് മിസൈല്‍ (എ.ടി.ജി.എം). നിലവില്‍ 130 ലേറെ രാജ്യങ്ങള്‍ ഈ മിസൈലുകളുടെ വിവിധ തലമുറകള്‍ ഉപയോഗിക്കുന്നുണ്ട്.

Content Highlights: what is anti tank guided missile India used to destroy pak post across loc