പാകിസ്താൻ ഈ തിരിച്ചടി സ്വപ്നത്തിൽപോലും കണ്ടില്ല, തകർത്തത് ഭീകരതയുടെ യൂണിവേഴ്സിറ്റി- മോദി

Photo: PMO
Photo: PMO

ന്യൂഡൽഹി: തീവ്രവാദത്തിന് തിരിച്ചടി നൽകിയ സേനകൾക്ക് അഭിവാദ്യമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയിലെ സ്ത്രീകളുടെ സിന്ദൂരം മായ്ച്ചതിനുള്ള മറുപടിയാണ് ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് മോദി പറഞ്ഞു. ഈ വിജയം അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും പെൺമക്കൾക്കും സമർപ്പിക്കുന്നെന്നും രാജ്യത്തെ അഭിസംബോധനചെയ്ത് സംസാരിക്കവേ മോദി വ്യക്തമാക്കി.

രാജ്യത്തെ സൈന്യത്തിന് സല്യൂട്ട്. സൈന്യത്തിന്റേത് അസാമാന്യ ധീരതയാണ്. രാജ്യത്തിന്‍റെ കഴിവും ക്ഷമയും കഴിഞ്ഞ കുറച്ചുദിവസങ്ങളായി നാം കണ്ടു. സായുധസേനയേയും സൈന്യത്തെയും രഹസ്യാന്വേഷണ ഏജൻസിയേയും ശാസ്ത്രജ്ഞരേയും ഞാൻ അഭിവാദ്യം ചെയ്യുന്നു, 22 മിനിറ്റ് നീണ്ടുനിന്ന അഭിസംബോധനയ്ക്ക് ആമുഖമായി മോദി പറഞ്ഞു.

പഹൽഗാമിൽ അവധിയാഘോഷിക്കാനെത്തിയ സാധാരണക്കാരെയാണ് മതം ചോദിച്ച് കൊലപ്പെടുത്തിയതെന്ന് മോദി ചൂണ്ടിക്കാട്ടി. ഭീകരവാദികൾ കാണിച്ച ക്രൂരത ലോകത്തെ തന്നെ പിടിച്ചുകുലുക്കി. കുടുംബങ്ങളുടെ മുന്നിൽ വെച്ചാണ് സാധാരണക്കാരെ ഭീകരവാദികൾ കൊലപ്പെടുത്തിയത്. ഭീകരരെ തുടച്ചുനീക്കാൻ സൈന്യത്തിന് പൂർണ സ്വാതന്ത്ര്യം നൽകിയിരുന്നെന്നും മോദി പറഞ്ഞു.

ഇന്ത്യയുടെ തിരിച്ചടി ഭീകരവാദികൾ സ്വപ്നത്തിൽപോലും വിചാരിച്ചില്ല. ഇന്ത്യൻ സായുധസേന പാകിസ്താനിലെ ഭീകരവാദ കേന്ദ്രങ്ങളെ ആക്രമിച്ചു. ഇന്ത്യൻ മിസൈലും ഡ്രോണുകളും പാകിസ്താനിലെ സ്ഥലങ്ങൾ ആക്രമിച്ചപ്പോൾ ഭീകരവാദികളുടെ കെട്ടിടങ്ങൾ മാത്രമല്ല അവരുടെ ധൈര്യവും തകർന്നു. ഇന്ത്യ തകർത്തത് ഭീകരതയുടെ യൂണിവേഴ്സിറ്റിയാണെന്നും മോദി പറഞ്ഞു.

Content Highlights: pm narendra modi address after operation sindoor