ഇന്ത്യക്കാർ സർക്കാരിനെ വിമർശിക്കുന്നുവെന്ന് പാക് സൈനിക ഉദ്യോഗസ്ഥൻ; ജനാധിപത്യം അങ്ങനെയാണെന്ന് ഇന്ത്യ

ന്യൂഡല്‍ഹി: ഇന്ത്യയിലെ ജനങ്ങള്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്നുണ്ടെന്ന പാകിസ്താന്‍ സൈനിക ഉദ്യോഗസ്ഥന് മറുപടിയുമായി ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി.
ഇന്ത്യ - പാക് സംഘര്‍ഷത്തില്‍ ഇന്ത്യയിലെ രാഷ്ട്രീയക്കാരും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാരും പൊതുജനങ്ങളും ഇന്ത്യന്‍ സര്‍ക്കാരിന്റെ നടപടികളെ വിമര്‍ശിക്കുകയാണെന്ന് പാക് സൈന്യത്തിന്റെ മാധ്യമ വിഭാഗമായ ഐഎസ്പിആറിന്റെ തലവന്‍ ലെഫ്റ്റനന്റ് ജനറല്‍ അഹമ്മദ് ഷെരീഫ് ചൗധരി പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം മാധ്യമങ്ങളെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് സ്വന്തം സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ടുള്ള ഇന്ത്യക്കാരുടെ നിരവധി പരാമര്‍ശങ്ങള്‍ അഹമ്മദ് ഷെരീഫ് ചൗധരി ചൂണ്ടിക്കാണിച്ചത്.
''വിവിധ വിഷയങ്ങളില്‍ ഇന്ത്യന്‍ പൊതുജനങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്നതില്‍ പാകിസ്താന്‍ സൈനിക വക്താവ് വളരെയധികം സന്തോഷിക്കുന്നതായി തോന്നുന്നു. പൗരന്മാര്‍ സ്വന്തം സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് കാണുന്നത് പാകിസ്താന് ഒരു അദ്ഭുതമായിരിക്കാം. ജനാധിപത്യത്തിന്റെ മുഖമുദ്രയാണത്. അത് പാകിസ്താന് പരിചയമില്ലാത്തതില്‍ ആശ്ചര്യമില്ല.'' - മിശ്രി ഇതിന് മറുപടിയായി പറഞ്ഞു.
ഭരണഘടനാപരമായി ഒരു ജനാധിപത്യ രാജ്യമാണെങ്കിലും, 1947-ല്‍ രൂപീകൃതമായതുമുതല്‍ പാകിസ്താന്റെ ചരിത്രം സൈനിക അട്ടിമറികളാലും സൈനിക ഭരണത്താലും നിറഞ്ഞതാണ്.
അതേസമയം സംഘര്‍ഷത്തില്‍ പാകിസ്താനില്‍ നേതാക്കള്‍ക്കിടയില്‍ ഭിന്നത രൂക്ഷമാണ്. ഷഹബാസ് ഷെരീഫ് ഭരണകൂടത്തിനെതിരേ കടുത്ത പ്രതിഷേധമാണ് പാകിസ്താനില്‍ ഉയരുന്നത്. കഴിഞ്ഞ ദിവസം പാക് പാര്‍ലമെന്റ് സമ്മേളനത്തില്‍ ഭരണകൂടത്തിനെതിരേയും നേതാക്കള്‍ക്കെതിരേയും ആഞ്ഞടിച്ചിരിക്കുകയാണ് പാകിസ്താന്‍ തെഹരികെ ഇന്‍സാഫ് (പിടിഐ) പാര്‍ട്ടി എംപി ഷാഹിദ് അഹമ്മദ്. ഈ മുന്‍സീറ്റില്‍ ഇരിക്കുന്നവര്‍ക്കൊക്കെ യൂറോപ്പിലും അമേരിക്കയിലും ആഡംബര വസതികളുണ്ട്. അവര്‍ക്ക് അവിടെ പോയി കഴിയാം. എന്നെ പോലുള്ളവര്‍ എവിടേക്ക് പോകും എന്നാണ് ഷാഹിദ് നേതാക്കള്‍ക്ക് നേരെ കൈചൂണ്ടിക്കൊണ്ട് ചേദിച്ചത്.
Content Highlights: India`s foreign secretary responds to Pakistan`s assertion that Indians oppose their government