അമൃത്സറില്‍ പാക് ഡ്രോണുകള്‍ തകര്‍ത്ത് ഇന്ത്യന്‍സൈന്യം; അതും തുര്‍ക്കിയുടേതെന്ന് സൂചന

ലുധിയാന: പാക് പ്രകോപനത്തിന് കനത്ത തിരിച്ചടി നല്‍കി ഇന്ത്യന്‍സൈന്യം. പഞ്ചാബിലെ അമൃത്സറില്‍ പാകിസ്താന്‍ ഡ്രോണുകള്‍ ഇന്ത്യന്‍ സൈന്യം വെടിവെച്ചിട്ടു. ഇന്ത്യ തകര്‍ത്ത പാക് ഡ്രോണുകളുടെ അവശിഷ്ടങ്ങളുടെ ദൃശ്യങ്ങളും സൈന്യം പുറത്തുവിട്ടു.
അമൃത്സറിലെ ഖാസ കന്റോണ്‍മെന്റിന് മുകളിലാണ് പാക് ഡ്രോണുകളെ കണ്ടെത്തിയത്. തൊട്ടുപിന്നാലെ ഇവയെല്ലാം വെടിവെച്ചിടുകയായിരുന്നു.
അമൃത്സറില്‍ ഇന്ത്യന്‍സൈന്യം തകര്‍ത്ത പാകിസ്താന്റെ ഡ്രോണുകളും തുര്‍ക്കി നിര്‍മിതമാണെന്നാണ് സൂചന. കഴിഞ്ഞദിവസം പാകിസ്താന്‍ ഇന്ത്യയ്ക്ക് നേരേ ഉപയോഗിച്ച ഡ്രോണുകളെല്ലാം തുര്‍ക്കിയുടേതായിരുന്നു.
അതിനിടെ, പാകിസ്താന്‍ ഇന്ത്യയ്ക്ക് നേരേ അതിവേഗ മിസൈലുകള്‍ പ്രയോഗിച്ചതായി ശനിയാഴ്ച നടന്ന വാര്‍ത്താസമ്മേളനത്തില്‍ കേണല്‍ സോഫിയ ഖുറേഷി വ്യക്തമാക്കിയിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ 1.40 ഓടെയാണ് പഞ്ചാബിലെ വ്യോമ താവളം ലക്ഷ്യമിട്ട് പാകിസ്താന്‍ അതിവേഗ മിസൈല്‍ പ്രയോഗിച്ചതെന്നും കേണല്‍ സോഫിയാ ഖുറേഷി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇന്ത്യയിലെ നാല് വ്യോമ താവളങ്ങള്‍ ലക്ഷ്യമിട്ടാണ് പാകിസ്താന്‍ നേരത്തേ ആക്രമണം നടത്തിയത്. ഉധംപുര്‍, പത്താന്‍കോട്ട്, ആദംപുര്‍, ഭുജ് വ്യോമ താവളങ്ങള്‍ക്ക് നേരേയായിരുന്നു പാകിസ്താന്‍ ആക്രമണത്തിന് ശ്രമിച്ചത്. എന്നാല്‍, ഇതിനുപിന്നാലെ ഇന്ത്യ തിരിച്ചടിച്ചു. പാകിസ്താനിലെ ആറ് വ്യോമ താവളങ്ങള്‍ തകര്‍ത്താണ് ഇന്ത്യ ശക്തമായ മറുപടി നല്‍കിയത്. പാകിസ്താനിലെ റാഫിഖി, മുരീദ്, ചക്ലാല, റഹിം യാര്‍ ഖാന്‍, സുക്കുര്‍, ചുനിയ വ്യോമ താവങ്ങളാണ് ഇന്ത്യ തകര്‍ത്തത്.
Content Highlights: Indian army retaliates against Pakistan`s drone attacks near Amritsar.