മൂന്നാംവട്ടവും കണ്ണീര്‍ക്കടലായി തിരുനക്കര: പ്രിയപ്പെട്ടവര്‍ കുഞ്ഞൂഞ്ഞിന് യാത്രമൊഴി നല്‍കുന്നു

തിരുനക്കരയില്‍ നിന്നുള്ള ദൃശ്യം
തിരുനക്കരയില്‍ നിന്നുള്ള ദൃശ്യം

കോട്ടയം: അരനൂറ്റാണ്ടിനിടയില്‍ മൂന്നാംവട്ടമാണ് കോട്ടയം നഗരവും തിരുനക്കര നഗരസഭാ മൈതാനവും കണ്ണീര്‍ക്കടലാവുന്നത്. ആദ്യ പി.ടി.ചാക്കോ, പിന്നെ കെ.എം.മാണി, ഇപ്പോള്‍ ഉമ്മന്‍ചാണ്ടി. തിരുനക്കര നഗരസഭാ മൈതാനത്തെ മന്നം ശതാഭിഷേക സ്മാരകമണ്ഡപത്തിലായിരുന്നു മൂന്നു ജനനായകരുടെയും ഭൗതികശരീരം പൊതുദര്‍ശനത്തിന് വെച്ചത്. മണിക്കൂറുകള്‍ പിരിഞ്ഞുപോകാതെ കാത്തുനിന്ന ജനസഞ്ചയത്തിന് നടുവിലൂടെയായിരുന്നു മൂന്നു അന്ത്യയാത്രകളും.

കോട്ടയത്തിന് ഒരു കാലത്തും മറക്കാന്‍ കഴിയാത്ത ഊഷ്മളബന്ധത്തിനുടമയായ പ്രിയപ്പെട്ടവരുടെ കുഞ്ഞൂഞ്ഞിനും നഗരം കണ്ണീരണിഞ്ഞ് യാത്രമൊഴി നല്‍കുകയാണ്. 

ആദ്യം ചാക്കോച്ചന്‍

ആര്‍.ശങ്കര്‍ മന്ത്രിസഭയില്‍നിന്ന് രാജിവെച്ച ആഭ്യന്തരമന്ത്രിയായിരുന്ന പി.ടി.ചാക്കോ കൊട്ടിയൂര്‍ ഭാഗത്ത് പോയപ്പോഴായിരുന്നു 1964 ജൂലായ് 31-ന് മരണം.

ചാക്കോച്ചന്റെ ഭൗതികശരീരം പിറ്റേന്ന് മലബാറില്‍നിന്ന് വിലാപയാത്രയായി വാഴൂര്‍ ചാമംപതാല്‍ പുള്ളോലില്‍ വസതിയിലേക്ക് കൊണ്ടുവന്നപ്പോള്‍ കോട്ടയം നഗരം അതിന് മുന്‍പ് കണ്ടിട്ടില്ലാത്ത ജനത്തിരക്കിലായിരുന്നു.

അന്ന് മുഖ്യമന്ത്രിയായിരുന്ന ആര്‍.ശങ്കര്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി ആദരാഞ്ജലി അര്‍പ്പിച്ചത് തിരുനക്കരയിലെ മന്നം ശതാഭിഷേക സ്മാരകമണ്ഡപത്തില്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോഴാണ്. തൃശ്ശൂരില്‍ മുഖ്യമന്ത്രി ആദരവ് പ്രകടിപ്പിക്കാന്‍ ശ്രമം നടത്തിയിരുന്നെങ്കിലും ജനബാഹുല്യംമൂലം കോട്ടയത്തുമതി എന്ന് തീരുമാനിക്കുകയായിരുന്നു. പി.ടി.ചാക്കോയ്ക്ക് പ്രിയങ്കരരായിരുന്ന അന്നത്തെ കോട്ടയം ജില്ലാ കളക്ടര്‍ കെ.പദ്മകുമാറിന്റെയും പോലീസ് മേധാവി ബാലഗംഗാധരമേനോന്റെയും നേതൃത്വത്തിലായിരുന്നു ക്രമീകരണം. ഉച്ചയ്ക്കുശേഷം ഇടവിട്ടുപെയ്ത കനത്ത മഴയ്ക്കിടയിലായിരുന്നു ചാക്കോച്ചന്റെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര പുള്ളോലില്‍ വസതിയിലെത്തിയത്.

കെ.എം.മാണിക്കും കണ്ണീര്‍പ്പൂക്കള്‍

അഞ്ചു വര്‍ഷം മുന്‍പ് കോട്ടയത്തിന്റെ സ്വന്തം മാണി സാറിനാണ് നഗരം വിടചൊല്ലിയത്. 2019 ഏപ്രില്‍ ഒന്‍പതിന് എറണാകുളത്ത് അന്തരിച്ച കോട്ടയത്തിന്റെ കണ്ണിലുണ്ണിയായിരുന്ന കെ.എം.മാണിയുടെ ഭൗതികശരീരം വഹിച്ചുള്ള വിലാപയാത്രയും പാലായിലേക്കു കൊണ്ടുപോകുംവഴി കോട്ടയത്ത് എത്തി. ആരാധകരുടെ ആധിക്യംമൂലം വളരെ വൈകി രാത്രിയിലാണ് തിരുനക്കരയിലെത്തിയത്. ആയിരങ്ങളാണ് മന്നം ശതാഭിഷേക മണ്ഡപത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ചത്.
 

Content Highlights: thirunakkara-kottayam-oommen chandy