'അനാഥമായ കുട്ടിയെപ്പോലെ, മുന്നിലിരുട്ടാണ്'; വൈകാരിക കുറിപ്പുമായി ടി സിദ്ധിഖ്

കോട്ടയം: അന്തരിച്ച മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെക്കുറിച്ച് വൈകാരികമായ കുറിപ്പുമായി കെ.പി.സി.സി. വര്‍ക്കിങ് പ്രസിഡന്റ് ടി. സിദ്ധിഖ്. ഉമ്മന്‍ചാണ്ടിയുടെ മരണത്തോടെ അനാഥനായ കുട്ടിയപ്പോലെ താന്‍ തീര്‍ത്തും തനിച്ചായിരിക്കുന്നുവെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഏറ്റവും ഒടുവില്‍ കണ്ടപ്പോഴും അവശതകള്‍ക്കിടയിലും എഴുന്നേറ്റ് നിന്ന് അനുഗ്രഹിച്ചാണ് തന്നെ യാത്രയാക്കിയത്. തന്റെ ചുമലില്‍ ചാരി എത്രയോ കാറില്‍ അദ്ദേഹം ഉറങ്ങിയിട്ടുണ്ട്. ഉമ്മന്‍ചാണ്ടിയില്ലെങ്കില്‍ താനില്ലെന്നും സിദ്ധിഖ് കുറിപ്പില്‍ വ്യക്തമാക്കി.
ടി. സിദ്ധിഖിന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം:
ഒരു മകന് പിതാവ് നല്‍കുന്ന സ്‌നേഹം ആ മനുഷ്യനില്‍ നിന്ന് ഞാന്‍ അനുഭവിച്ചിട്ടുണ്ട്... എന്നെ എത്ര അഗാധമായാണു സ്‌നേഹിച്ചതും വിശ്വസിച്ചതും... ഏത് സാഹചര്യത്തിലും അദ്ദേഹമില്ലാതെ ഞാനില്ല എന്ന് തന്നെ ഞാന്‍ വിശ്വസിച്ചു... ഇപ്പോള്‍ തീര്‍ത്തും തനിച്ചായിരിക്കുന്നു... അനാഥമായ ഒരു കുട്ടിയെ പോലെ... രണ്ടാഴ്ച മുമ്പ് ബാംഗ്ലൂരില്‍ അദ്ദേഹത്തെ കാണാന്‍ പോയപ്പോള്‍ തീരെ വയ്യാതിരുന്നിട്ടും ആംഗ്യ ഭാഷയില്‍ എന്നോട് എന്തൊക്കെയോ പറഞ്ഞ് കൊണ്ടിരുന്നു... അദ്ദേഹം പറയാന്‍ കൊതിച്ചത് എന്തായിരുന്നു..! ഒടുവില്‍ ഞാന്‍ ഇറങ്ങി കാറില്‍ കയറി ഗേറ്റ് വിടുമ്പോള്‍ മകന്‍ ചാണ്ടി ഉമ്മന്‍ എന്നെ വീണ്ടും വിളിച്ച് 'അപ്പ വിളിക്കുന്നു എന്ന് പറഞ്ഞു...' ഞാന്‍ തിരിച്ച് കയറിയപ്പോള്‍ ചാണ്ടി മോനോട് വീല്‍ ചെയറില്‍ നിന്ന് എണീറ്റ് നില്‍ക്കണമെന്ന് ആംഗ്യം കൊണ്ട് ആവശ്യപ്പെട്ടു... എല്ലാവരും താങ്ങി നിര്‍ത്തിയപ്പോള്‍ എന്നെ ഒന്ന് നോക്കി... ആ നോട്ടത്തില്‍ എല്ലാമുണ്ടായിരുന്നു... എന്നെ എണീറ്റ് നിന്ന് അനുഗ്രഹിച്ച് യാത്രയാക്കുകയായിരുന്നു... കണ്ണുകള്‍ നിറഞ്ഞ് ഞാനിറങ്ങി...
രാഹുല്‍ ഗാന്ധി വിളിച്ച് ചേര്‍ത്ത യോഗത്തിനു ബാംഗ്ലൂരില്‍ പോകാന്‍ ഫ്‌ലൈറ്റ് ടിക്കറ്റ് റെഡിയാക്കുമ്പോള്‍ അദ്ദേഹത്തെ വീണ്ടും കാണാന്‍ പോകാന്‍ ഞാന്‍ ആഗ്രഹിച്ചു... എന്നാല്‍ പുലര്‍ച്ചെ അദ്ദേഹം പോയി... എന്നെ വിളി വരുമ്പോള്‍ ഞാന്‍ അനുഭവിച്ചത് എന്റെ ഉപ്പ വിട്ട് പോയ നിമിഷങ്ങള്‍ തന്നെയായിരുന്നു... എനിക്കെല്ലാമെല്ലാമായിരുന്നു സാര്‍... എന്റെ എല്ലാ പ്രയാസങ്ങളും അലിയിച്ച് കളയാനുള്ള മാന്ത്രിക ശക്തി അദ്ദേഹത്തിനുണ്ടായിരുന്നു... 'ഞാന്‍ അദ്ദേഹത്തിനെതിരെ' എന്ന് മറുനാടന്‍ മലയാളിയില്‍ വാര്‍ത്ത വന്നപ്പോള്‍ ആദ്യം എന്നെ അദ്ദേഹം ഇങ്ങോട്ട് വിളിച്ചു... 'നീ പേടിക്കണ്ട... എനിക്കറിയാം എല്ലാം...' എന്നായിരുന്നു പറഞ്ഞത്... അരാണു എന്താണു എന്നൊക്കെ അദ്ദേഹത്തിനറിയാമായിരുന്നു... സാറിനു എന്നെ അറിയാമായിരുന്നു... അതെനിക്കും... എന്റെ ചുമലില്‍ ചാരി എത്രയോ കാറില്‍ അദ്ദേഹം ഉറങ്ങിയിട്ടുണ്ട്... എന്നെ അത്രയ്ക്ക് വിശ്വാസവും സ്‌നേഹവുമായിരുന്നു... അദ്ദേഹമില്ലെങ്കില്‍ ഞാനില്ല എന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു...
അദ്ദേഹത്തിനും പാര്‍ട്ടിക്കും വേണ്ടി ഞാന്‍ ചാനലില്‍ നിന്ന് ചാനലിലേക്ക് ഓടുമ്പോള്‍ ചിലരൊക്കെ എന്റെ രാഷ്ട്രീയ ഭാവിയെ കുറിച്ച് ഓര്‍മ്മിപ്പിച്ചിട്ടുണ്ട്... എന്നാല്‍ ' അദ്ദേഹമില്ലാതെ ഞാനില്ല...' എന്ന് അവരെ വിനയത്തോടെ ഞാന്‍ ഓര്‍മ്മിപ്പിച്ചു... ഒടുവില്‍ സത്യം എല്ലാ മറയും നീക്കി പുറത്ത് വന്ന് അദ്ദേഹം തിളങ്ങി നില്‍ക്കുന്നത് കണ്ടപ്പോള്‍ ഞാന്‍ അനുഭവിച്ചത് വിവരിക്കാന്‍ എനിക്ക് വാക്കുകളില്ല...
ഇനിയെന്ത്..? എനിക്കറിയില്ല...! ഈ ആള്‍ക്കൂട്ടത്തിലൊരുവനായി നിരാലംബനായി ഞാന്‍ നില്‍ക്കുന്നു... മുന്നില്‍ ഇരുട്ടാണ്... ആ വെളിച്ചം അണഞ്ഞിരിക്കുന്നു... രാഷ്ട്രീയത്തില്‍ അദ്ദേഹത്തെ അനുകരിക്കുകയാണു ഞാന്‍... എല്ലാ അര്‍ത്ഥത്തിലും... ഒരു തുടര്‍ച്ച എന്ന പോലെ... ജനങ്ങളുടെ ഏത് പ്രശ്‌നത്തിലും ഇടപെടാന്‍ എനിക്ക് ധൈര്യം പകര്‍ന്നത് എന്നെക്കൊണ്ട് കൂട്ടിയാല്‍ കൂടാത്ത കാര്യത്തിനു സാറുണ്ടല്ലോ എന്നതായിരുന്നു... ഇനി ഞാന്‍ ആരെ വിളിക്കും... അറിയില്ല...
Content Highlights: t siddique emotional write up about oommen chandy