ജീവിതങ്ങളെ സ്പർശിച്ച ഒരാൾ, ഒരുതരി വെളിച്ചമായി

മുടങ്ങാതെ മരുന്ന് തരുന്നയാൾ-സോഫിയ/ജോസഫ് ജോൺ
അയർക്കുന്നം മഹാത്മാഗാന്ധി കോളനിയിലാണ് താമസം. അപസ്മാരത്തിന് എനിക്ക് മരുന്നുവേണം. ഭർത്താവ് ജോസഫ് ജോണിനും അസുഖങ്ങളുണ്ട്. വിഷമത്തിലായപ്പോഴാണ് ഉമ്മൻചാണ്ടിസാറിനെ കണ്ടത്. നാലുവർഷംമുമ്പാണത്. കോട്ടയം മണർകാട് മെഡിക്കൽസിലേക്ക് കത്തുതന്നു. എല്ലാ മാസവും ആയിരംരൂപയുടെ മരുന്നുകൾ നാലുവർഷമായി ലഭിക്കുന്നു. സാറിന്റെ വലിയമനസ്സാണ് ഞങ്ങളുടെ ജീവിതം.
മറക്കില്ല, ഈ ജീവിതത്തിൽ-മോഹനദാസകുറുപ്പ്
ഭാര്യ രാധാമണിയമ്മ 20 വർഷംമുമ്പ് വീണ് കാലിന്റെ എല്ലിന് ഗുരുതര പരിക്കേറ്റു. പിന്നീട് ഒരുതവണകൂടി അവർക്ക് വീഴ്ചയുണ്ടായി. നടക്കാൻ വളരെ പ്രയാസമായി. അപ്പോഴാണ് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിസാറിന് അപേക്ഷ കൊടുക്കാൻ പറഞ്ഞത്. പങ്ങട വഴി വന്നപ്പോൾ ആരോ പറഞ്ഞു സാറിനെ കാണാമെന്ന്. കിട്ടിയ കടലാസിൽ അപേക്ഷ നൽകി. അടുത്തദിവസം സാർ പറഞ്ഞു, ബാങ്കിൽ സഹായമെത്തിയെന്ന്. അന്ന് കിട്ടിയ പണം വലിയ ജീവശ്വാസമായിരുന്നു. മരിക്കുംവരെ മറക്കില്ല ആ നല്ലമനസ്സ്.
കുഞ്ഞിന് വേഗം സുഖംപ്രാപിക്കട്ടെ-ജൂബി തോമസ് കുമരകം
തലച്ചോറിൽ മുഴകൾ വളരുന്ന രോഗമാണ് എന്റെ മകന്. ഇനിയെന്തെന്ന അവസ്ഥയിൽനിന്ന എന്നെ നെഞ്ചോടുചേർത്ത മനുഷ്യനാണ് ഉമ്മൻചാണ്ടിസാർ. എനിക്ക് ജീവനുള്ള കാലത്തോളം അദ്ദേഹത്തോടുള്ള നന്ദിയും കടപ്പാടുമുണ്ടാകും.
രാഷ്ട്രീയനേതാക്കളുടെ പിന്തുണയില്ലാതെ മുഖ്യമന്ത്രിയെ കാണുക പ്രയാസമാണ്. അത്തരം പിന്തുണയുമില്ലാതെ പുതുപ്പള്ളി വീട്ടിലെത്തിയ എന്നെ ദൈവദൂതനെപ്പോലെ അദ്ദേഹം നെഞ്ചോടുചേർത്തു. മകന്റെ ചികിത്സയ്ക്ക് പണം അനുവദിച്ചശേഷം ‘ഇത് വലിയ വാർത്തയൊന്നും ആക്കണ്ട, കുഞ്ഞിന് സുഖംപ്രാപിക്കട്ടെ’യെന്നാണ് പറഞ്ഞത്.
ഒരുതരി വെളിച്ചമായി-മായാ സതീഷ്, ഹരിതകർമസേനാംഗം, തുള്ളക്കളത്തിൽ, മൂലവട്ടം
കാഴ്ചയില്ലാത്തതും ഭിന്നശേഷിയുള്ളതുമായ ഒരു കുഞ്ഞിന്റെ അമ്മയുടെ സങ്കടം അനുഭവിച്ചാലേ അറിയൂ. സാധാരണ കുടുംബത്തിൽപ്പെട്ട എന്നെപ്പോലുള്ള ഒരാളിന് പ്രത്യേകിച്ചും. ഉമ്മൻചാണ്ടിസാറിനെ പോയി കണ്ടാൽ സഹായിക്കാതിരിക്കില്ലെന്ന് പലരും പറഞ്ഞു. ക്ഷമയോടെ അദ്ദേഹം ഞാൻ പറഞ്ഞതുകേട്ടു. രണ്ടുഘട്ടമായി 25,000 രൂപ അദ്ദേഹം അനുവദിച്ചുതന്നു. ഉണ്ടായ ആശ്വാസം വലുതായിരുന്നു.
പാർട്ടിനോക്കാതെ സഹായിച്ചു-പി.ഡി. സതീശൻ, ബി.ജെ.പി. പുതുപ്പള്ളി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ്
പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ ബി.ജെ.പി.യുടെ വൈസ് പ്രസിഡൻറായിരുന്നപ്പോഴാണ് ചികിത്സാസഹായത്തിന് എന്റെ പേരും അദ്ദേഹം പരിഗണിച്ചത്. ഉദരരോഗത്താൽ വലയുന്ന എന്റെ കഷ്ടപ്പാട് അറിഞ്ഞുള്ള ഇടപെടലായിരുന്നു അത്. 30,000 രൂപയാണന്ന് തന്നത്.
അദ്ദേഹത്തിന്റെ വീടിനോടു ചേർന്ന തൃക്കോവിൽ മഹാദേവക്ഷേത്ര വികസനത്തിന് 40 ലക്ഷംരൂപ കമ്മിറ്റി പ്രസിഡന്റായ എന്റെയും ഭാരവാഹികളുടെയും അഭ്യർഥനയെത്തുടർന്ന് അദ്ദേഹം മുഖ്യമന്ത്രിയായിരുന്നപ്പോൾ അനുവദിച്ചു.
ഫൈനടച്ച ഉമ്മൻചാണ്ടി
തിരുവനന്തപുരത്തുനിന്നു പനി പിടിച്ചു കോട്ടയം കുറിച്ചിയിലേക്കു പോകാനായി ജനറൽ കമ്പാർട്ട്‌മെന്റിലേക്കാണ് ട്രെയിൻ ടിക്കറ്റ് എടുത്തത്. പക്ഷേ, തെറ്റിക്കയറിയത് റിസർവേഷൻ കോച്ചിൽ. കൈയിൽ ആകെ ഉണ്ടായിരുന്നത് 100 രൂപമാത്രം. 65 രൂപയ്ക്കാണ് ടിക്കറ്റ് എടുത്തത്. ബാക്കി 35 രൂപയിൽ 15 രൂപ ചങ്ങനാശ്ശേരി സ്റ്റേഷനിൽനിന്ന് വീട്ടിലേക്കുള്ള ബസ് കൂലിയായി കൈയിൽക്കരുതി. കൈയിലെ ലഗേജിന്റെ ഭാരംമൂലം ആദ്യം കണ്ണിൽപ്പെട്ട ഒഴിഞ്ഞ സീറ്റിൽത്തന്നെ ഇരുന്നു. ആകെ ക്ഷീണം. വർക്കല ആകുമ്പോഴേക്കും ജനറൽ കമ്പാർട്ട്മെന്റിൽ കയറാമെന്നു കരുതി. ശ്വാസം എടുക്കാൻ ബുദ്ധിമുട്ട്. ഭയങ്കരചുമയും.
അപ്പോഴാണ് ടി.ടി.ഇ. വരുന്നെന്ന് കേട്ടത്. പിഴ നൽകാൻ പണമില്ല. ലഗേജും വലിച്ച് ജനറൽ കമ്പാർട്ട്‌മെന്റിലേക്ക് ഓട്ടം. ഇനി വയ്യ. ഏറെ അവശ. തളർന്ന് റിസർവേഷൻ കോച്ചിൽത്തന്നെ ഇരുന്നു. ആകെ പേടിച്ചു. അപ്പോൾ തിരിഞ്ഞു നോക്കുമ്പോഴുണ്ട് ഉമ്മൻചാണ്ടിസാർ അടുത്തസീറ്റിൽ.
കുശലപ്രശ്നം കഴിഞ്ഞപ്പോൾ അദ്ദേഹം പേഴ്സണൽ സ്റ്റാഫിനടക്കം മൂന്നുചായ വരുത്തി. അദ്ദേഹം ഇടയ്ക്കിടെ ഫ്ലാസ്കിൽനിന്നും ചൂടുവെള്ളം മാത്രം കുടിച്ചുകൊണ്ടിരുന്നു. അപ്പോൾ ടി.ടി.ഇ. വന്നു. 100 രൂപ പിഴയിട്ടു. ഉമ്മൻചാണ്ടിസാർ ഇടപെട്ടു. സാറിന്റെ പി.എ. പിഴ അടച്ചു. കുട്ടി അവിടെ ഇരുന്നോളൂ എന്നായി. വീട്ടിലേക്ക് പോകാനുള്ള പണമുണ്ടോയെന്ന് ചോദിച്ചു. തിരുവല്ല കഴിഞ്ഞപ്പോൾ, അദ്ദേഹത്തിന്റെ കൈപിടിച്ചു തന്റെ തലയ്ക്കു മുകളിൽവെച്ച് പറഞ്ഞു: ‘‘എന്നെ അനുഗ്രഹിക്കണം...’’
‘‘അങ്ങനെ അനുഗ്രഹിക്കാനും മാത്രമുള്ള യോഗ്യത എനിക്കില്ല മോളേ... പക്ഷേ, എന്റെ പ്രാർഥനയിൽ ഞാൻ എപ്പോഴും നിന്നെ ഓർക്കും തീർച്ച...’’ -അദ്ദേഹം പറഞ്ഞു.
Content Highlights: remembering oommen chandy