'ഇതുപോലൊരു ജനം കണ്ടിട്ടില്ല, റോഡ് പോലും കാണാനായില്ല'; മൃതദേഹവുമായെത്തിയ ബസ്സിന്റെ ഡ്രൈവർമാർ പറയുന്നു

കോട്ടയം: '150 കിലോമീറ്റര്‍ ദൂരം ജനസഞ്ചയമായിരുന്നു. 200 മീറ്റര്‍ അകലേക്കു പോലും റോഡ് കാണാന്‍ കഴിഞ്ഞില്ല. കഴിഞ്ഞ രണ്ട് ദിവസം എന്താണ് സംഭവിച്ചതെന്ന് നമുക്കൊന്നും അറിയത്തില്ല. അതാണതിന്റെ സത്യം'- മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൃതദേഹവുമായി തിരുവനന്തപുരത്തുനിന്ന് പുതുപ്പള്ളിയിലെത്തിയ ബസിന്‍റെ ഡ്രൈവർമാരുടെ വാക്കുകളാണിത്. ഉമ്മൻ ചാണ്ടിയെന്ന തങ്ങളുടെ പ്രിയനേതാവിനോടുള്ള ജനങ്ങളുടെ സ്നേഹത്തിന്‍റെ ആഴവും പരപ്പും വ്യക്തമാക്കുന്നു, ഡ്രൈവർമാരായ ശ്യാമിന്‍റെയും അബുവിന്‍റെയും ഈ വാക്കുകൾ.
'ബുധനാഴ്ച രാവിലെ ഏഴ് മണിക്കെടുത്തതാ. ആളെന്ന് പറഞ്ഞാല്‍ ഭയങ്കര ജനം. വെഞ്ഞാറന്മൂട് കഴിഞ്ഞപ്പോള്‍ ജനസാന്ദ്രമായി. ശരിക്കും പറഞ്ഞാല്‍ റോഡും ടാറുമൊന്നും ഇന്നലെ ഉച്ചമുതല്‍ കണ്ടിട്ടില്ല. പോലീസുകാരും സേവാദള്‍ പ്രവര്‍ത്തകരും മുന്നില്‍ നടക്കുന്നു. അവര്‍ ഇങ്ങനെ വകഞ്ഞ് മാറ്റുന്നു. ഇതിലേ വാ അതിലേ പോ എന്ന് പറഞ്ഞു മുന്നോട്ടുനീങ്ങുന്നു. വളരെ റിസ്‌ക് പിടിച്ചൊരു ജോലിയായിരുന്നു. നാല് വശത്തും ആളുകള്‍ ഇങ്ങനെ കൂടിനില്‍ക്കുവല്ലേ. ഇതിനിടയില്‍ ചിലപ്പോള്‍ വാതില്‍ തുറക്കണം അടയ്ക്കണം...'
'റോഡ് കാണാന്‍ കഴിയാത്ത രീതിയില്‍ കടിലരമ്പിവരുന്നതുപോലെ. ഒരപകടവും കൂടാതെ കോട്ടയത്ത് എത്തിക്കാനായി. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ, മഴ പെയ്തിട്ട് പോലും ജനം മാറിയിട്ടില്ല. ഇതുപോലൊരു ജനം കണ്ടിട്ടില്ല. ഇടിച്ചുകയറാന്‍ നോക്കുന്നു. ഗ്ലാസ് പൊട്ടുമോ എന്ന പേടിയുമുണ്ടായിരുന്നു. നിയന്ത്രിക്കാന്‍ പറ്റാത്ത ജനമായിരുന്നു, ഒരു ഉത്സവപറമ്പിലും കണ്ടിട്ടില്ല ഒരു മരണവീട്ടിലും കണ്ടിട്ടില്ല, ഡ്രൈവര്‍മാര്‍ പറയുന്നു.