കുഞ്ഞൂഞ്ഞ് ഇനി ആള്‍ക്കൂട്ടത്തിന്റെ ഓര്‍മകളില്‍, സിരകളില്‍

ഉമ്മൻചാണ്ടിയുടെ മൃതദേഹവുമായുള്ള വിലാപയാത്ര അദ്ദേഹത്തിന്റെ ജന്മനാടായ പുതുപ്പള്ളിയിലെ കവലയിലെത്തിയപ്പോൾ | ചിത്രം പകർത്തിയത്: ജസ്റ്റിൻ കലാഭവൻ
ഉമ്മൻചാണ്ടിയുടെ മൃതദേഹവുമായുള്ള വിലാപയാത്ര അദ്ദേഹത്തിന്റെ ജന്മനാടായ പുതുപ്പള്ളിയിലെ കവലയിലെത്തിയപ്പോൾ | ചിത്രം പകർത്തിയത്: ജസ്റ്റിൻ കലാഭവൻ

കോട്ടയം: ഉമ്മന്‍ചാണ്ടിക്ക് അലിയാന്‍ മനുഷ്യര്‍ മണ്‍തരികളായി. ജനിച്ചനാടിന്റെ ഓരോയിടത്തും അവര്‍ പരന്നുകിടന്നു. അതിന്റെ ആനന്ദമത്രയും അനുഭവിച്ച്, അവര്‍ കടലാസുപോലെ നിവര്‍ത്തിപ്പിടിച്ച ഹൃദയത്തില്‍ കൈയൊപ്പിട്ട് ഉമ്മന്‍ചാണ്ടി മനസ്സുകളിലേക്കലിഞ്ഞു. അനേകരുടെ ഇരുട്ടിനെ ഇല്ലാതാക്കുകയും സഞ്ചരിക്കുന്ന മെഴുകുതിരിയാകുകയുംചെയ്ത ഒരാള്‍ ഓര്‍മയുടെ ആകാശത്ത് ഒറ്റനക്ഷത്രമായുദിച്ചു.

ചൊവ്വാഴ്ച രാവിലെ ബെംഗളൂരുവില്‍നിന്ന് തുടങ്ങിയ നിത്യതയിലേക്കുള്ള സഞ്ചാരം പുതുപ്പള്ളി പള്ളിയിലെ മണ്ണിലവസാനിക്കുമ്പോള്‍ വ്യാഴാഴ്ച രാത്രി നന്നേവൈകിയിരുന്നു.

ഉമ്മന്‍ചാണ്ടിയെന്ന ഒറ്റമരത്തില്‍ കെട്ടിവെച്ച വലിയ ചിരട്ടപോലെയായിരുന്നു വ്യാഴാഴ്ച കോട്ടയം ജില്ല. കേരളത്തിന്റെ എല്ലായിടങ്ങളിലുമുള്ള മനുഷ്യര്‍ വെള്ളനിറമുള്ള ചാലുകളായി അതിലേക്ക് ഊറിവന്നു. പലതരം നാട്ടുമൊഴികളില്‍ അവര്‍ ഒരുമനുഷ്യനെക്കുറിച്ചുമാത്രം സംസാരിച്ചു. ഒന്നുകാണാനായി വിയര്‍ത്തോടി. ജനമെന്നത് ഒരാള്‍മാത്രമാകുകയും ഉമ്മന്‍ചാണ്ടി വലിയൊരു ജനക്കൂട്ടമാകുകയും ചെയ്ത അദ്ഭുതം.

നിശ്ചയിച്ചതിലും 12 മണിക്കൂറിലധികം താമസിച്ചാണ് തിരുനക്കര മൈതാനത്ത് ഉമ്മന്‍ചാണ്ടിയെത്തിയത്. ഒപ്പം നടന്നും ഓരോന്ന് ഓര്‍ത്തും കരഞ്ഞും കടപ്പാടിന്റെ കഥപറഞ്ഞുമാണ് ജനം അദ്ദേഹത്തെയും കൊണ്ടുവന്നത്. ഒരുപക്ഷേ, ഉമ്മന്‍ചാണ്ടി പിന്നില്‍നിന്നുനയിച്ച ഏറ്റവുംവലിയ പദയാത്ര. ഒരുപാടുനേരമായി കാത്തിരുന്നവര്‍ക്കു നടുവിലേക്ക് ഉയര്‍ത്തിപ്പിടിച്ച കൈകളില്‍ ജനകീയമായൊരു മുദ്രാവാക്യംപോലെ ഉമ്മന്‍ചാണ്ടി വന്നു.

പുതുപ്പള്ളിയിലെ കരോട്ട് വള്ളക്കാലില്‍ വീട്ടിലെത്തിയത് വൈകുന്നേരം. തന്നിലേക്കുള്ള പാതകളെ തുറന്നിട്ടുകൊണ്ടായിരുന്നു ഉമ്മന്‍ചാണ്ടിയുടെ ഉറക്കം. കരപറ്റാനായി വരുന്നവര്‍ക്ക് ഈ വീട്ടുമുറ്റത്ത് വള്ളമായി വര്‍ത്തിച്ചിരുന്നയാള്‍ അവസാനനാളില്‍ ഒഴുകിയെത്തിയവരുടെ ഉള്ളിലുലഞ്ഞു.

ഉമ്മന്‍ചാണ്ടിക്ക് നടപ്പാക്കാനാകാതെപോയ ഏകതീരുമാനം പുതുപ്പള്ളിയിലൊരു വീടാണ്. അനുജന്‍ താമസിക്കുന്ന തറവാട് വീട്ടില്‍നിന്ന് അകലെയല്ലാതെ മരക്കൂട്ടങ്ങള്‍ക്ക് നടുവില്‍ ചെത്തിയൊരുക്കിയ സ്ഥലത്ത് അതിന് തൂണുകള്‍നാട്ടി അധികംവൈകാതെയാണ് അദ്ദേഹത്തിന്റെ രോഗം തീവ്രമായത്.  ബാക്കിയായ കടമയ്ക്ക് പകരംവെക്കാനെന്നവണ്ണം അന്ത്യയുറക്കത്തിന് പോകുംവഴി പണിനടക്കുന്ന സ്ഥലത്തുയര്‍ന്ന പന്തലില്‍ അദ്ദേഹം കുറേനേരം വിശ്രമിച്ചു. പ്രാര്‍ഥനകൈക്കൊണ്ടു. മനുഷ്യര്‍ വികാരങ്ങളുടെ മേല്‍ക്കൂരപണിത് ഉമ്മന്‍ചാണ്ടിയുടെ സ്വപ്നത്തെ പൂരിപ്പിച്ചു.

പതിവ് ഞായറാഴ്ചയ്ക്ക് രണ്ടുനാള്‍ മുന്നേ പുതുപ്പള്ളി പള്ളിയിലേക്ക് ഉമ്മന്‍ചാണ്ടിവന്നത് മറ്റുള്ളവരെ സങ്കടപ്പെടുത്തിയാണ്. ചരിത്രത്തിലാദ്യമായി വൈദികനല്ലാത്തയൊരാള്‍ക്കായി പള്ളിമുറ്റത്തൊരുക്കിയ കല്ലറ അദ്ദേഹത്തെ കാത്തിരിപ്പുണ്ടായിരുന്നു.

മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്കാബാവയുടെ വിശുദ്ധവചനങ്ങളെയും രണ്ടാമതൊരുവട്ടംകൂടി വിടചൊല്ലാന്‍വന്ന രാഹുല്‍ഗാന്ധിയെയും ആത്മാവിന്റെ പാതിയായിരുന്ന എ.കെ. ആന്റണിയെയും പള്ളിക്കുചുറ്റുമായി പന്തലിച്ചുനിന്ന മനുഷ്യമഹാവൃക്ഷങ്ങളെയും സാക്ഷിയാക്കി ഉമ്മന്‍ചാണ്ടി പുതിയൊരു നിയോജകമണ്ഡലത്തിലേക്ക് പോയി. മണിമുഴങ്ങി. രാത്രി പരന്നു. ഉമ്മന്‍ചാണ്ടി പ്രകാശിച്ചു.

ഇനി ഹൃദയരാജ്യത്ത്

 'തന്റെ ഭക്തരുടെ മരണം യഹോവയ്ക്ക് വിലപ്പെട്ടതാകുന്നു', ബൈബിളില്‍ മരണത്തെ വിശേഷിപ്പിക്കുന്നതിങ്ങനെ. തീര്‍ഥാടന കേന്ദ്രമായ പുതുപ്പള്ളി പള്ളി, വ്യാഴാഴ്ച ഒരാള്‍ക്ക് അന്തിമോപചാരം നല്‍കി. 79 വര്‍ഷംമുമ്പ് കരോട്ട് വള്ളക്കാലില്‍ ജനിച്ച ഉമ്മന്‍ചാണ്ടിയെന്ന കുഞ്ഞൂഞ്ഞിന്. തിരക്കുകളില്ലാത്ത അന്ത്യവിശ്രമം. 
മേടത്തിലെ വലിയപെരുന്നാളിന് പള്ളിവാതിലുകള്‍ സകലര്‍ക്കുമായി തുറന്നിടുന്നപോലെ കഴിഞ്ഞ രണ്ടുദിവസമായി പുതുപ്പള്ളി കാത്തിരിപ്പിലായിരുന്നു. തങ്ങളുടെ പ്രിയപുത്രന് അന്ത്യവിശ്രമം ഒരുക്കാന്‍.
ഓര്‍ത്തഡോക്‌സ് സഭയുടെ വിശ്വാസമനുസരിച്ച് നാലുഭാഗങ്ങളായാണ് ശവസംസ്‌കാരശുശ്രൂഷ. ബെംഗളൂരു, തിരുവനന്തപുരം എന്നിവിടങ്ങളിലെ ഉമ്മന്‍ചാണ്ടിയുടെ വസതിയില്‍വെച്ച് ആദ്യഭാഗങ്ങള്‍ പൂര്‍ത്തിയാക്കി. മൂന്നാം ഭാഗം ജനിച്ചുവളര്‍ന്ന പുതുപ്പള്ളി കരോട്ട് വള്ളക്കാലില്‍ വീട്ടില്‍വെച്ച്  ഓര്‍ത്തഡോക്‌സ് സഭയിലെ 14 ബിഷപ്പുമാരും 200-ഓളം വൈദികരും ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് നേതൃത്വംനല്‍കി. 
 പുതുപ്പള്ളി സെയ്ന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയപള്ളിയിലേക്ക് രാത്രി എട്ടരയോടെ ചേതനയറ്റ ശരീരം എത്തിച്ചു. സന്ധ്യാനമസ്‌കാരത്തിനുശേഷമാണ് പള്ളിയിലെ ചടങ്ങുകള്‍ തുടങ്ങിയത്. ഓര്‍ത്തഡോക്‌സ് സഭ സുന്നഹദോസ് സെക്രട്ടറി യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് സന്ധ്യാനമസ്‌കാരത്തിന് നേതൃത്വം നല്‍കി.
തുടര്‍ന്ന് ശവസംസ്‌കാരച്ചടങ്ങുകള്‍. ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവയുടെ പ്രധാന കാര്‍മികത്വത്തില്‍ സഭയിലെ 22 മെത്രാപ്പൊലീത്തമാരും 1000 വൈദികരും സഹകാര്‍മികരായി.

ആരംഭ പ്രാര്‍ഥനയ്ക്കുശേഷം 

ഏവന്‍ഗേലിയോന്‍ വായന. 'ഹേ മരണമേ നിന്റെ ജയമെവിടെ... ഹേ മരണമേ നിന്റെ വിഷമുള്ള് എവിടെ'യെന്ന് വേദ പുസ്തകത്തിലെ വാക്യങ്ങള്‍ മുഴങ്ങിയപ്പോള്‍ പള്ളിയില്‍ കണ്ണീര്‍വീണു. തുടര്‍ന്ന് നിത്യമേല്‍ പ്രാര്‍ഥന, അതിനുശേഷം മകന്‍ ചാണ്ടി ഉമ്മന്‍ മുഖംമൂടി. ഇനി മക്കളിലൂടെ, വരുംതലമുറകളിലൂടെ മരണപ്പെട്ട മനുഷ്യന്‍ ഓര്‍ക്കപ്പെടും എന്ന വിശ്വാസത്തിലാണ് മുഖം മൂടുന്നത്. 
തുടര്‍ന്ന് മുഖംമറച്ച ആ ശരീരത്തില്‍ ബാവ തിരുമേനി അഭിഷേകതൈലം ഒഴിച്ചു. കാല്‍പ്പാദംമുതല്‍ തലവരെ പ്രത്യാശയുടെ തൈലം പൂശി. 
തുടര്‍ന്ന് ഭാര്യയും മക്കളും മറ്റു ബന്ധുക്കളും ചേര്‍ന്ന് ഭൗതികശരീരത്തില്‍ മണ്ണിട്ടു;  'മനുഷ്യ നീ മണ്ണാകുന്നു... നീ മണ്ണിലേക്ക് മടങ്ങുമെന്ന ബൈബിള്‍ വാക്യത്തെ അനുസ്മരിച്ച്. തുടര്‍ന്ന് ശവപ്പെട്ടിയുടെ മൂടികള്‍ ഭദ്രമായി അടച്ച്, ഇനിയൊരു മടക്കമില്ലാതെ പള്ളിയുടെ കിഴക്കുഭാഗത്ത് തയ്യാറാക്കിയ കല്ലറയിലേക്ക്. ഉമ്മന്‍ചാണ്ടിയെന്ന യുഗം ഇവിടെ തീരുന്നു. അദ്ദേഹം ബാക്കിവെച്ച നന്മകള്‍ പ്രത്യാശയാകുന്നു.

Content Highlights: oommen chandy now in crowd's memories