ജനനായകന്‍ ജന്മനാട്ടിലേക്ക്; പ്രിയനേതാവിനെ കാത്ത് പുതുപ്പള്ളി, 23 മണിക്കൂര്‍ പിന്നിട്ട് വിലാപയാത്ര

കോട്ടയം: ജനങ്ങൾക്കുവേണ്ടി ജീവിച്ച കേരളത്തിന്റെ പ്രിയനേതാവിൻറെ ജനങ്ങൾക്കിടയിലൂടെയുള്ള അവസാനയാത്ര 23 മണിക്കൂർ പിന്നിട്ടു. ഉമ്മൻ ചാണ്ടിയെ അവസാനമായി ഒരുനോക്കു കാണാൻ പുതുപ്പള്ളിയിൽ പതിനായിരങ്ങളാണ് കാത്തിരിക്കുന്നത്. തിരുവനന്തപുരത്തുനിന്നുള്ള പാതയിലുടനീളം ജനങ്ങൾ അന്ത്യാഭിവാദ്യം അർപിക്കാൻ തടിച്ചുകൂടുന്നതുമൂലം വിലാപയാത്ര പ്രതീക്ഷിച്ചതിനേക്കാൾ ഏറെ വൈകിയാണ് മുന്നോട്ടുപോകുന്നത്.
ജനങ്ങൾക്ക് അവസാനമായി കാണാൻ സൗകര്യമൊരുക്കുമെന്ന് നേരത്തെ അറിയച്ചിരുന്നിടങ്ങളിലേക്കെല്ലാം ആയിരങ്ങളാണ് ഒഴുകിയെത്തുന്നത്. പുതുപ്പള്ളിയിലും കോട്ടയം തിരുനക്കര മൈതാനത്തും രാവിലെ മുതൽ ആളുകൾ പ്രിയനേതാവിനെ അവസാനമായി കാണാനായി കാത്തുനിൽക്കുകയാണ്.
തിരുവനന്തപുരം ജില്ലയിൽ 41 കിലോമീറ്റർ പിന്നിടാൻ എട്ടുമണിക്കൂറാണ് സമയമെടുത്തത്. രാവിലെ ഏഴോടെ തിരുവനന്തപുരം ജഗതിയിലെ പുതുപ്പള്ളി ഹൗസിൽനിന്ന് ആരംഭിച്ച വിലാപയാത്ര നിലവിൽ ചെങ്ങന്നൂരിലൂടെ കടന്നുപോകുകയാണ്. പത്തനംതിട്ട ജില്ലയിൽ അടൂർ, പന്തളം എന്നിവിടങ്ങളിൽ ആളുകൾക്ക് ആദരമർപ്പിക്കാനായി അവസരം ഒരുക്കിയിരുന്നു.
വൈകീട്ട് ആറുമണിയോടെ കോട്ടയം ഡി.സി.സി. ഓഫീസിൽ പൊതുദർശനത്തിന് എത്തിക്കുന്ന തരത്തിലായിരുന്നു നേരത്തെ വിലാപയാത്ര ക്രമീകരിച്ചിരുന്നത്. എന്നാൽ, ഈ സമയക്രമം പാലിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. ഡി.സി.സി. ഓഫീസിലെ പൊതുദർശനത്തിനുശേഷം തിരുനക്കര മൈതാനത്തും പുതുപ്പള്ളി കരോട്ട് വള്ളക്കാലിലെ വീട്ടിലും പുതുതായി പണികഴിപ്പിക്കുന്ന വീട്ടിലും പൊതുദർശനം നിശ്ചയിച്ചിരുന്നു.
പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലെ പ്രത്യേക കബറിടത്തിൽ വ്യാഴാഴ്ച 3.30-ന് ആണ് സംസ്‌കാരം. ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ സംസ്‌കാര ചങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിക്കും. ഉമ്മൻചാണ്ടിയുടെ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാൻ പുതുപ്പള്ളിയിലേക്ക് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയെത്തുമെന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചു.
കോട്ടയം ജില്ലയിൽ വ്യാഴാഴ്ച സ്‌കൂളുകൾക്ക് കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വിലാപയാത്ര, പൊതുദർശനം, സംസ്‌കാര ചടങ്ങുകൾ എന്നിവയുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധസ്ഥലങ്ങളിൽ പോലീസ് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളതിനാലാണ് അവധി പ്രഖ്യാപിച്ചത്.
അതേസമയം, ഉമ്മൻചാണ്ടിയുടെ സംസ്‌കാരച്ചടങ്ങുകളിൽ ഔദ്യോഗിക ബഹുമതി ഉണ്ടാകില്ല. ഔദ്യോഗിക ബഹുമതികൾ വേണ്ടെന്ന ഉമ്മൻ ചാണ്ടിയുടെ അഭിലാഷം കുടുംബാംഗങ്ങൾ രേഖാമൂലം അറിയിച്ച സാഹചര്യത്തിലാണ് സർക്കാർ ഈ തീരുമാനം എടുത്തത്. കുടുംബാംഗങ്ങളുമായി സംസാരിച്ച ശേഷമാണ് സർക്കാർ ഇക്കാര്യത്തിൽ തീരുമാനമെടുത്തത്.
Content Highlights: oommen chandy demise funeral procession puthupally mc road thirunakkara