നീതിയുടെ കിരീടധാരണം

#ബസേലിയോസ് മാര്‍തോമ മാത്യൂസ് തൃതീയന്‍
oommen chandy
oommen chandy

ഉമ്മൻചാണ്ടിയിൽ മൂറോൻതൈലം പുരട്ടുമ്പോൾ ഞാൻ ഓർത്തുപോയത് കർത്താവിന്റെ ശിഷ്യന്മാരിലൊരാളായ പൗലോസ് ശ്ലീഹായെയാണ്. മറ്റുള്ളവരുടെ വേദന സ്വന്തംവേദനയാക്കിയവരായിരുന്നു ഇരുവരും. ക്രിസ്തുവിനുവേണ്ടി പൗലോസ് ശ്ലീഹ കഷ്ടപ്പെട്ടപോലെ ഉമ്മൻചാണ്ടി സമൂഹത്തിനുവേണ്ടി കഷ്ടപ്പെട്ടു.ഉമ്മൻചാണ്ടിയുടെ അന്ത്യശുശ്രൂഷാനിമിഷങ്ങൾ എന്നെ ബൈബിളിലെ തിമോത്തിയോസിന്റെ വചനങ്ങൾകൂടി ഓർമിപ്പിച്ചു. അത് ഉമ്മൻചാണ്ടി പറയുന്നതുപോലെ തോന്നി: ‘ഞാൻ ബലിയായി അർപ്പിക്കപ്പെടേണ്ട സമയം ആസന്നമായിരിക്കുന്നു. എന്റെ വേർപാടിന്റെ സമയം സമാഗതമായി. ഞാൻ നന്നായി പൊരുതി: വിശ്വാസം കാത്തു. എനിക്കായി നീതിയുടെ കിരീടം ഒരുക്കിയിരിക്കുന്നു. നീതിപൂർവം വിധിക്കുന്ന കർത്താവ്, ആ ദിവസം അത് എനിക്ക് സമ്മാനിക്കും.’

ഉമ്മൻചാണ്ടിയെ ഞാൻ കാണുന്നത് കോളേജ് പഠനകാലത്താണ്. എന്റെ വിദ്യാഭ്യാസം സി.എം.എസ്. കോളേജിലായിരുന്നു. ചങ്ങനാശ്ശേരി എസ്.ബി. കോളേജിലായിരുന്നു അന്ന് ഉമ്മൻചാണ്ടി. 1971-ൽ എന്റെ വിദ്യാഭ്യാസം തീരുമ്പോഴേക്കും അദ്ദേഹം പുതുപ്പള്ളിയിൽനിന്ന് ജയിച്ച് എം.എൽ.എ. പദവിയിലെത്തിയിരുന്നു. 

വ്യക്തിപരമായ അടുപ്പം തുടങ്ങിയത് ഉമ്മൻചാണ്ടി സഭാകാര്യങ്ങളിൽ തത്പരനായ ശേഷമാണ്. ഭക്തിയായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവുംവലിയ സവിശേഷത. ദൈവാശ്രയമായിരുന്നു എക്കാലവും തന്നെ തുണയ്ക്കുന്നതെന്നും ഉമ്മൻചാണ്ടി വിശ്വസിച്ചു. എത്രതിരക്കുണ്ടെങ്കിലും ഞായാറാഴ്ചകളിൽ പുതുപ്പള്ളി പള്ളിയിലേക്ക് വരുന്നത് ഒഴിവാക്കാറില്ല. അത് അത്ര ചെറിയകാര്യമല്ല.
നല്ല സഭാജീവിതം നയിച്ച ഒരാളുമായിരുന്നു അദ്ദേഹം. വേദപുസ്തകം വായിക്കുകയും നോമ്പെടുക്കുകയും പ്രാർഥിക്കുകയും ഉപവസിക്കുകയും ചെയ്യാൻ ശ്രദ്ധിച്ചു. മറ്റുള്ളവരെ സ്നേഹിക്കാനും അവർക്കുവേണ്ടി പ്രവർത്തിക്കാനും കഴിഞ്ഞത് ഒരുപക്ഷേ, ഈ ഭക്തിമാർഗംകൊണ്ടായിരിക്കാം.

രണ്ടുവർഷംമുമ്പ് കാലംചെയ്ത ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയന്റെ  ശവസംസ്കാരശുശ്രൂഷയിലും പിന്നീട് അദ്ദേഹത്തിന്റെ നാല്പതാംദിവസം ആരാധനയിലും കുർബാനയിലുമൊക്കെ പങ്കുകൊണ്ട ഉമ്മൻചാണ്ടിയെയും ഓർക്കുന്നു.  ഉമ്മൻചാണ്ടിക്ക് പാവപ്പെട്ടവരോടുള്ള കരുണയ്ക്കും സ്നേഹത്തിനും കിട്ടിയ പ്രതിഫലമായിരുന്നു കഴിഞ്ഞദിവസങ്ങളിൽ നമ്മൾ കണ്ടത്. വിശ്വാസിയായിരിക്കുമ്പോഴും ജാതിമതഭേദമെന്യേയുള്ള വിശ്വസാഹോദര്യവീക്ഷണമാണ് ഞാൻ അദ്ദേഹത്തിൽ ദർശിച്ച ഏറ്റവുംവലിയ പ്രത്യേകത. രാഷ്ട്രീയമായി എതിർപ്പുള്ളവരെപ്പോലും സ്നേഹിക്കാനും അവരെ ഉൾക്കൊള്ളാനും അദ്ദേഹത്തിന് സാധിച്ചത് ഈ ‘ഗ്ലോബൽ ബ്രദർഹുഡ്’ കാഴ്ചപ്പാടുകൊണ്ടാണ്.  ഒരുപാട് വിവാഹച്ചടങ്ങുകളിലും മരണാനന്തരച്ചടങ്ങുകളിലും ഞങ്ങൾ ഒരുമിച്ച് കണ്ടിട്ടുണ്ട്. പുതുപ്പള്ളിയിലെ ഏതുചടങ്ങിനും അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായി. എങ്ങനെ ഇത് സാധിക്കുന്നുവെന്ന് ഞാൻ അതിശയിച്ചിട്ടുണ്ട്. 

കുടിലിലും കൊട്ടാരത്തിലും ഉമ്മൻചാണ്ടിയെത്തി. ഇന്നലെ അദ്ദേഹത്തെ കാണാൻവന്നവരിലുമുണ്ടായിരുന്നു ഇങ്ങനെ എല്ലാത്തരത്തിലും പെട്ടവർ. അതുതന്നെയാണ് ഒരു ജനസേവകന് കിട്ടാവുന്ന വലിയ അന്ത്യശുശ്രൂഷയും.

Content Highlights: oommen chandy,baselios marthoma mathews 3