'ബാക്കി ഞാന്‍ നോക്കിക്കോളാമെന്ന് ഉമ്മന്‍ ചാണ്ടി, അന്ന് ഞങ്ങളുടെ ജീവന്‍ രക്ഷിച്ചത് ആ ഉറപ്പ്'

കൊച്ചി: 'ബാക്കി ഞാന്‍ നോക്കിക്കോളാം' എന്ന് ഉമ്മന്‍ചാണ്ടി സാര്‍ തന്ന ഉറപ്പായിരുന്നു തങ്ങളുടെ ജീവന്‍ രക്ഷിച്ചതെന്ന് ഇറാഖില്‍ ഐ.എസ്. ഭീകരരുടെ പിടിയിലായതിന് ശേഷം രക്ഷപ്പെട്ട നഴ്‌സ് സോന ജോസഫ്. ഡല്‍ഹിയില്‍ അദ്ദേഹം ഉറക്കമില്ലാതെ ഞങ്ങളെ രക്ഷിക്കുന്നതിനുവേണ്ട കാര്യങ്ങള്‍ ചെയ്യുകയായിരുന്നു. ഐ.എസ്. ഭീകരരുടെ പിടിയിലായ ഞങ്ങള്‍ 46 പേരെ ഇറാഖില്‍ നിന്ന് കൊണ്ടുവന്നതും അന്ന് അദ്ദേഹത്തോട് സംസാരിച്ചതുമെല്ലാമാണ് അദ്ദേഹത്തിന്റെ മരണവാര്‍ത്ത കേട്ടതോടെ ആദ്യം മനസ്സിലേക്ക് എത്തുന്നത്, സോന മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
2014-ലാണ് ഐഎസ് ഭീകരര്‍ സോന ജോസഫ് ഉള്‍പ്പെടെയുള്ള 46 നഴ്‌സുമാരെ 23 ദിവസം ബന്ദികളാക്കിയത്. ഇറാഖിലെ തിക്രിത് യുദ്ധമേഖലയിലാണ് 46 മലയാളി നഴ്സുമാര്‍ കുടുങ്ങിപ്പോയത്. ഇവരെ ജീവിതത്തിലേക്ക് മടക്കിയെത്തിച്ചത് അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുടെ ഇടപെടലായിരുന്നു. ഉമ്മന്‍ചാണ്ടിയുടെ വിയോഗ വാര്‍ത്തയ്ക്ക് പിന്നാലെ അന്നത്തെ സംഭവങ്ങള്‍ ഓര്‍ക്കുകയായിരുന്നു ഇറാഖില്‍നിന്ന് രക്ഷപ്പെട്ടുവന്ന നഴ്‌സുമാരിലൊരാളായ സോന ജോസഫ്.
ഐ.എസ്. ഭീകരവാദികള്‍ ഞങ്ങളെ ആശുപത്രിയില്‍ നിന്ന് കൊണ്ടുപോകുന്നതിനായി പുറത്തേക്ക് ഇറങ്ങാന്‍ ആവശ്യപ്പെട്ടപ്പോള്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി സാറിനെ വിളിച്ചു. നിങ്ങള്‍ അവരോടൊപ്പം ഇറങ്ങിക്കോളൂ ബാക്കി ഞാന്‍ നോക്കിക്കോളാം എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. 'ഐഎസുകാര്‍ പറഞ്ഞാല്‍ അതുപോലെ ചെയ്യും. അതുകൊണ്ട് അവരോടൊപ്പം പോകണം', എന്നാണ് സാര്‍ പറഞ്ഞത്. ആ ധൈര്യത്തിന്റെ പുറത്താണ് ഞങ്ങള്‍ അന്ന് അവരോടൊപ്പം ഇറങ്ങിയത്. സാര്‍ തന്ന ഉറപ്പായിരുന്നു തങ്ങളുടെ ജീവന്‍ രക്ഷിച്ചത്. അവിടെ പിടിച്ചുനില്‍ക്കാനുള്ള ആത്മവിശ്വാസവും മനോധൈര്യവും തന്നത് അദ്ദേഹത്തിന്റെ വാക്കുകളായിരുന്നു, സോന ജോസഫ് ഓര്‍ക്കുന്നു.
ഉമ്മന്‍ചാണ്ടിയുടെ മരണവാര്‍ത്ത കേട്ടതോടെ ആദ്യം മനസ്സിലേക്ക് ഓടിവന്നത് അന്ന് ഞങ്ങളെ ഇറാഖില്‍ നിന്ന് കൊണ്ടുവന്നതും അന്ന് അദ്ദേഹത്തോട് സംസാരിച്ചതുമെല്ലാമായിരുന്നു. അത്രയും ദിവസം ഉറക്കമൊന്നുമില്ലാതെ ഡല്‍ഹിയില്‍ പോയിനിന്ന് ഞങ്ങളെ രക്ഷപ്പെടുത്താന്‍ വേണ്ട കാര്യങ്ങള്‍ ചെയ്യുകയും ഏതുസമയത്ത് വേണമെങ്കിലും അദ്ദേഹത്തെ വിളിച്ചോളാന്‍ പറയുകയുമെല്ലാം ചെയ്തിരുന്നു. അദ്ദേഹം മരിച്ചു എന്ന കാര്യം ഇപ്പോഴും വിശ്വസിക്കാന്‍ ആവുന്നില്ല. എനിക്ക് മാത്രമല്ല, അവിടെനിന്ന് രക്ഷപ്പെട്ടെത്തിയ ഞങ്ങള്‍ 46 പേര്‍ക്കും ഈ വാര്‍ത്ത വിശ്വസിക്കാന്‍ സാധിക്കാത്തതാണ്. ചികിത്സയിലാണെന്ന് അറിയാമായിരുന്നെങ്കിലും അദ്ദേഹത്തിന്റെ വിയോഗം താങ്ങാനാകുന്നില്ലെന്നും സോന ജോസഫ് പറഞ്ഞു.
ഇറാഖില്‍ നിന്ന് നഴ്‌സുമാരുടെ മോചനശ്രമത്തിനിടെയുണ്ടായ വൈകാരികാനുഭവങ്ങള്‍ ഉമ്മന്‍ചാണ്ടി തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ 2018-ല്‍ പങ്കുവെച്ചിരുന്നു:
ഇറാക്കിലെ ഐ.എസ്. ഭീകരര്‍ 2014 ജൂണില്‍ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായുള്ള കേന്ദ്രവിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ സ്ഥിരീകരണം ഞെട്ടലോടെയാണ് കേട്ടത്. കൂട്ടത്തോടെ സംസ്‌കരിച്ച മൃതദേഹങ്ങള്‍ ഡി.എന്‍.എ. പരിശോധനയിലൂടെയാണ് തിരിച്ചറിഞ്ഞത്. പഞ്ചാബില്‍ നിന്നു തൊഴിലാളികളായിരുന്നു ഇവര്‍ ഏറെയും.
അന്ന് സമാനമായ സാഹചര്യത്തിലൂടെ കടന്നുപോയ 46 മലയാളി നഴ്സുമാരെ രക്ഷിക്കാനായത് ഭാഗ്യംകൊണ്ടും ദൈവാനുഗ്രഹം കൊണ്ടും മാത്രം. ഇറാക്കിലെ തിക്രിത് യുദ്ധമേഖലയിലാണ് അന്നു മലയാളി നഴ്സുമാര്‍ കുടുങ്ങിപ്പോയത്. പൊരിഞ്ഞ യുദ്ധം നടക്കുന്ന അവിടെ അന്ന് ഒരു സര്‍ക്കാര്‍ ഇല്ലായിരുന്നു. ഭീകരര്‍ തന്നെ ഗ്രൂപ്പ് തിരിഞ്ഞ് യുദ്ധം ചെയ്തു. ആര്‍ക്കും ഒരു നിയന്ത്രണവുമില്ല. തങ്ങളെ ഇവിടെനിന്ന് ഒഴിപ്പിച്ച് രക്ഷിക്കണം എന്നാവശ്യപ്പെട്ട് നഴ്സപമാര്‍ എന്നെ വിളിച്ചു. ഇന്ത്യന്‍ എംബസിപോലും പ്രവര്‍ത്തിക്കാത്ത ഒരു സ്ഥലത്തുനിന്ന് എങ്ങനെ മോചിപ്പിക്കും? ഞാന്‍ ഉടനേ ഡല്‍ഹിക്കു തിരിച്ചു. കേന്ദ്രവിദേശകാര്യമന്ത്രി സുഷമ സ്വരാജും ഉന്നതഉദ്യോഗസ്ഥരുമായും ചര്‍ച്ചകള്‍ നടത്തി. അവരുടെ പുര്‍ണ സഹായസഹകരണമാണു ലഭിച്ചത്.
ഇതിനിടെ മലയാളി നഴ്സുമാര്‍ താമസിക്കുന്ന കെട്ടിടത്തിലേക്ക് ഐഎസ് ഭീകരര്‍ രണ്ടു വണ്ടികളിലെത്തി. 15 മിനിറ്റിനുള്ളില്‍ അവിടെനിന്ന് ഇറങ്ങണം എന്നായിരുന്നു അന്ത്യശാസനം. കെട്ടിടത്തിനു ചുറ്റും ബോംബ് വച്ചിട്ടുണ്ടെന്നും അത് എപ്പോള്‍ വേണമെങ്കിലും പൊട്ടാമെന്നും ഭീകരര്‍ പറഞ്ഞു.
ഇക്കാര്യങ്ങള്‍ നഴ്സുമാര്‍ എന്നോടു സംസാരിക്കുമ്പോള്‍പോലും ഫോണിലൂടെ ബോംബു സ്ഫോടനത്തിന്റെയും വെടിയുടെയും ശബ്ദം എനിക്കു കേള്‍ക്കാമായിരുന്നു. ഞങ്ങള്‍ എന്തു ചെയ്യണം, മുഖ്യമന്ത്രി പറഞ്ഞാല്‍ ഞങ്ങള്‍ ഇവിടെനിന്ന് ഇറങ്ങാം എന്ന് അവര്‍ എന്നോടു കട്ടായം പറഞ്ഞു.
ഞാന്‍ ഉടനേ കേന്ദ്രമന്ത്രി സുഷമ സ്വരാജുമായി ബന്ധപ്പെട്ടു. തുടര്‍ന്ന് കെട്ടിടം വിട്ടുപോകുന്നതാണു നല്ലതെന്ന് അവരോടു പറഞ്ഞു. ആ തീരുമാനത്തിന്റെ ഭവിഷ്യത്തിനെക്കുറിച്ച് നന്നായി ആലോചിച്ചിരുന്നു. പ്രാര്‍ത്ഥിച്ചെടുത്ത ഒരു തീരുമാനം!
നഴ്സുമാര്‍ ബസില്‍ കയറിയ ഉടനെ ആ കെട്ടിടം സ്ഫോടനത്തില്‍ തകര്‍ന്നു. ബസ് ഇറാക്കിന്റെ ഖുര്‍ദിസ്ഥാന്‍ മേഖലയിലുള്ള ഇര്‍ബില്‍ വിമാനത്താവളത്തിലേക്കു പുറപ്പെട്ടു. ഗൂഗിള്‍ മാപ്പിലൂടെ ഇവര്‍ അവിടേക്കു തന്നെയാണു പോകുന്നതെന്ന് ഉറപ്പിച്ചു. എന്നാല്‍ വിമാനത്താവളം എത്താറായപ്പോള്‍ ബസ് ടൗണിലേക്കു നീങ്ങിയത് ആശങ്ക ഉയര്‍ത്തി. അപ്പോള്‍ പാതിരാത്രിയായിരുന്നു. വിമാനം ഇല്ലാത്തതുകൊണ്ടുള്ള നടപടിയായിരുന്നു അത്.
അടുത്ത ദിവസം രാവിലെ സംഘം വിമാനത്താവളത്തിലേക്കു നീങ്ങി. ഈ ക്രൈസിസുമായി ബന്ധപ്പെട്ട് നാലുദിവസമായി ഡല്‍ഹിയില്‍ തങ്ങിയ ഞാന്‍ ആശ്വാസത്തോടെ കൊച്ചിക്കു മടങ്ങാന്‍ തീരുമാനിച്ചു. എന്നാല്‍, വിമാനത്താവളത്തിലേക്കു പുറപ്പെട്ട സംഘവുമായുള്ള ബന്ധം രണ്ടു മണിക്കൂര്‍ മുറിഞ്ഞത് മറ്റൊരു ആശങ്കയ്ക്കു വഴിയൊരുക്കി. മൊബൈല്‍ സിഗ്‌നല്‍ ലഭിക്കാതിരുന്നതിനെ തുടര്‍ന്നായിരുന്നു അത്.
നഴ്സമാരെ കൊണ്ടുവരാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥസംഘം ഇര്‍ബില്‍ വിമാനത്താവളത്തിലേക്കു പുറപ്പെട്ടിരുന്നു. പക്ഷേ കുവൈറ്റിന്റെ നിയന്ത്രണത്തിലുള്ള ഇവിടെ വിമാനം ഇറങ്ങാന്‍ അവര്‍ അനുവാദം കൊടുത്തില്ല. വിമാനം മടക്കയാത്ര ആരംഭിക്കുകയും ചെയ്തു.
കൊച്ചിയിലെത്തിയ എന്നെ കാത്തിരുന്നത് ഈ ഞെട്ടിപ്പിക്കുന്ന വാര്‍ത്തയായിരുന്നു. തുടര്‍ന്ന് രാത്രി ഒരു മണിക്ക് എനിക്കു സുഷമ സ്വരാജിനെ ഫോണില്‍ കിട്ടി. അവര്‍ ഉടനെ തിരിച്ചുവിളിക്കാമെന്നു പറഞ്ഞു. അധികം വൈകാതെ വിമാനത്തിന് ഇറങ്ങാന്‍ അനുവാദം കിട്ടി. മലയാളി സംഘം സുരക്ഷിതമായി തിരിച്ചെത്തി.
പഞ്ചാബിലെ 39 കുടുംബങ്ങളില്‍ നിന്നുയരുന്ന നിലവിളി എന്നെയും വേദനിപ്പിക്കുന്നു. അവരുടെ ദു:ഖത്തില്‍ പങ്കുചേരുന്നു.
Content Highlights: iraq isis terrorists nurse sona oommen chandy evacuation Tikrit