ഓണ നിലാവിന്റെ ഓർമക്കാലം

ഓണത്തെക്കുറിച്ച് ഓർമ്മിക്കുമ്പോഴോക്കെ എന്റെ നാടിന്റെ കാഴ്ചകളും മണങ്ങളും രുചികളും ഓടി വരും. ഓണം ഓർമ്മയാണ്, മറവിയിൽ നിന്നടർന്ന് പോകാത്ത രുചികളാണ്. സ്നേഹത്തോടെ എന്നെ ഹൃദയത്തിന്റെ അലിവുകളിലേക്ക് ചേർത്ത് പിടിച്ച മനുഷ്യരുടെ സ്നേഹത്തണുപ്പാണ്, വിയർപ്പിന്റെ ഗന്ധമാണ്.
നമ്മുടെ ഡിജിറ്റൽ കാലത്തെ ഓണമല്ല പണ്ടൊക്കെ..ഓണത്തിന് വേണ്ടി വീടൊരുങ്ങും..നാടും പ്രകൃതിയും സ്വയം ഒരുങ്ങും.. മണ്ണിൽ മുളപൊട്ടി വിരിയുന്ന പുൽക്കൊടിത്തുമ്പുകളിൽ പേരറിയാത്ത പൂക്കൾ വിരിയും. ഓരോ പൂവും തേടി ഓണത്തുമ്പികൾ ഭൂമിയാകെ പറന്ന് നടക്കും.. വിശാലമായ ആകാശത്തിന്റെ ചക്രവാളച്ചെരുവിൽ നിന്ന് രാത്രി നിലാവ് ഉദിച്ച് വരും.. ഓണനിലാവുള്ള മുറ്റത്ത് ഊഞ്ഞാലിടും... പൂവിളി അല്ല ഊഞ്ഞാൽ പാട്ടും അശകൊശലേ തുടങ്ങിയ കളിയീണങ്ങളും കരടികളിയും പൊറാട്ടും ഓണത്തല്ലുമാണ് തെക്കൻ നാടുകളിൽ പ്രധാനം. വിറക് കീറി ഉണക്കി വയ്ക്കും. പുത്തൻ പാത്രങ്ങൾ വാങ്ങും.. പഴയത് പലതും മാറ്റിവയ്ക്കും . ചേനയും ചേമ്പും മത്തങ്ങയുമൊക്കെ വീട്ടുവളപ്പിലുണ്ടാകും. വിരുന്നൂട്ടുകൾ നിറഞ്ഞ ഓണക്കാലം അങ്ങനെ ഓരോ വീടും തേടി വരും. ഓണം കാണാൻ വരുമ്പോൾ വിരുന്നുകാർ പ്രായമായവർക്ക് വെറ്റിലയും പുകയിലയും കൊണ്ടുവരണം.. ലാളിത്യങ്ങളുടെ പങ്കുവയ്ക്കലുകളുടെ പണ്ടത്തെ ഓണക്കാലം ഇപ്പോഴും എന്നിൽ മായാതെ നിൽക്കുന്നു.
ഓർമ്മകളൊക്കെ പിന്നിലേക്ക് മറിക്കുന്ന പുസ്തക താളുകളാണ്. അവിടെ പാട്ടും, കഥകളുമുണ്ട്. ജീവിച്ച നാടിന്റെ സ്പന്ദനങ്ങളുണ്ട്. അന്നത്തെ മനുഷ്യരുടെ കൊച്ചു കൊച്ചു ഭ്രമങ്ങളിൽ ഉത്സവപ്പറമ്പുകളും, സിനിമാകൊട്ടകകളുമുണ്ട്.അവരുടെ കാഴ്ചയുടെ ഭ്രമ ജാലകങ്ങൾക്ക് അപ്പുറം സത്യനും നസീറും തിക്കുറിശ്ശിയും ഷീലയും ജയഭാരതിയും അടൂർഭാസിയുമൊക്കെയുണ്ട്. ഏത് ഉഷ്ണക്കാറ്റിലും വീണ് തളരാതിരിക്കാനും ആനന്ദത്തോടെ സാമൂഹിക പാഠങ്ങളെ ഒരു ജനതയെ ഒന്നാകെ മുന്നിലിരുത്തി പഠിപ്പിക്കാൻ വേണ്ടി എഞ്ചുവടിയായി മാറിയ നിരവധി കലാകാരമാർ അവിടെ ഉണ്ടായിരുന്നു. സാംബശിവനും കെടാമംഗലവും കഥാപ്രസംഗ കാഥികരായി മാറിയത് അത്തരമൊരു സാമൂഹിക ദൗത്യത്തിന്റെ കൂടി ഭാഗമായിരുന്നു.
'' അപ്സരസാണെന്റെ ഓമന ഡസ്റ്റമൺ
ജീവന്റെ ജീവനായ് തീർന്നുപോയ് ഇന്നവൾ '
''ആദ്യ ഭാര്യയിൽ വൃദ്ധ കാന്തനുള്ള അക്വിലീനെന്ന സുന്ദരി''
ഷേക്സ്പിയർ നാടകങ്ങളുടെ പൊരുളും സത്യവും ജീവിത ദർശനങ്ങളും സാധാരണ മനുഷ്യരുടെ ആസ്വാദന ലോകത്തേക്ക് കടന്നുവന്നത് സാംബശിവന്റെ കഥപറച്ചിൽ വഴിയാണ് . പാട്ടും കഥയും കേട്ട് വിശാലമായ അമ്പലമുറ്റങ്ങളിൽ പള്ളി മുറ്റങ്ങളിൽ സാധാരണ മനുഷ്യർ ഇടകലർന്നു .ജാതിയുടെ, മതത്തിന്റെ മതിലുകൾ ദുർബ്ബലമായി മാറി...
ബ്ലാക്ക് ആന്റ് വൈറ്റിലും ഈസ്റ്റ്മാൻ കളറിലുമായി പകർന്നാടിയ മലയാള സിനിമയുടെയും സിനിമാഗാനങ്ങളുടേയും കാൽപ്പനിക വസന്തകാലം കൂടി ആയിരുന്നു ആ നാളുകൾ. ആരാണ് പാടിയതെന്നോ ആരാണ് നടിച്ചതെന്നോ അറിയാനാകും മുന്നേ എന്റെ വിദൂരമായ ഓർമ്മയുടെ മഞ്ഞും നനവുമേറ്റവയാണ് ആ പഴയ പാട്ടുകൾ.
'' ആവണിപ്പൊൻപുലരി
ആനന്ദനിഹാര രത്നബിന്ദുക്കളാൽ
ആലിംഗനം ചെയ്ത പൂവേ ...
അരുണന്റെ രശ്മികൾ നിന്നെത്തലോടുമ്പോൾ
ആലസ്യമെന്തിനായ് '
അനുരാഗം കൊണ്ട് പൂത്ത് തളിർത്ത ഒരൊറ്റ മരം പോലെ ആ രണ്ട് പേർ ഇന്നും എന്നെ കൊതിപ്പിക്കുന്നു . ദേവരാജൻ മാസ്റ്ററുടെ സമാനതകളില്ലാത്ത ഈണം യേശുദാസിന്റെ അന്നത്തെ മാന്ത്രികശബ്ദവും മാഞ്ഞു പോകുന്നതല്ല നമ്മുടെ കാൽപ്പനിക ഭാവങ്ങളിൽ നിന്നും.
മാഞ്ഞു പോകാത്തതായ് മനസ്സിൽ ഓർമ്മകൾ മാത്രമാണ്.. ഓർമ്മകളെ റദ്ദു ചെയ്താൽ പിന്നെയീ ജീവിതമെന്തിന് ? ഓരോ മനോഹരമായ ഓർമ്മകൾക്കു പിന്നിലും ആരെങ്കിലും ഉണ്ടാകും. അല്ലെങ്കിൽ കാതിൽ കിലുക്കമുണ്ടാക്കിയ അന്ന് കേട്ടുമറന്ന ഒരീണമുണ്ടാകും . അതാണ് ദുഃഖങ്ങൾക്കുള്ള എന്റെ ബദൽ പാഠങ്ങൾ.
. രാത്രികൾ റേഡിയോ പാട്ടുകളാൽ ഇമ്പമുള്ളതാണ്. ഇത്ര ബഹളമില്ലാത്ത ഗ്രാമ്യ ജീവിതത്തിന്റെ സ്വച്ഛന്ദതയിലേക്ക് റേഡിയോ വഴി രാത്രികളിൽ പാട്ടുകൾ ഒഴുകി വരും. .അനുരാഗികളായ അന്നത്തെ ചെറുപ്പങ്ങളെ അവ ത്രസിപ്പിച്ചിരിക്കാം. സിനിമാപ്പാട്ടുപ്പുസ്തകം വാങ്ങി പാട്ടുപാടി പഠിക്കുന്നവരായിരുന്നു അവർ.. പലപാട്ടുകളുടെയും ഈണവും കാഴ്ചയുമാണ് എന്നെ നിശബ്ദയാക്കിയത്..
''വസന്ത സന്ധ്യകൾ വിളിച്ചതും
ശിശിര രജനികൾ ചിരിച്ചതും
ഋതുക്കൾ വന്നതും
ഋതുക്കൾ പോയതും
അറിഞ്ഞതില്ല ഞാനിതുവരെ
യവനസുന്ദരി സ്വീകരിക്കുകീ
പവിഴമല്ലിക പൂവുകൾ ...
യേശുദാസും ബി വസന്തയും ചേർന്ന് പാടിയ പാട്ടിന്റെ സുഖകരമായ ആലസ്യത്തിൽ പെട്ടുപോയ സ്വപ്നാടകയായിരുന്നു ഞാൻ ഏറെനാൾ.. കൈകളിൽ നിന്ന് അടർന്നു പോയ ഒരു ഋതുകാലത്തിന്റെ മങ്ങാത്ത ഓർമ്മചിത്രങ്ങളിലേക്ക് എന്നെ ഇന്നും കൂട്ടിക്കൊണ്ടുപോകുന്നുണ്ട് ഈ പാട്ടും അതിന്റെ ചിത്രീകരണ പശ്ചാത്തല ഭംഗികളും.
സിനിമയും പാട്ടുകളും കൂട്ടുവരാത്ത ഒരാഘോഷവും നമ്മുടെ ജീവിതത്തിൽ ഇല്ല. ഓലമേഞ്ഞ പണ്ടത്തെ ആ സിനിമാ കൊട്ടകയിൽ പോയിരുന്ന് കണ്ടതും കേട്ടതും സിനിമകൾ മാത്രമല്ല. എന്നെ സംബന്ധിച്ച് ജീവിതത്തിന്റെ സർഗ സൗന്ദര്യത്തിലേക്ക് പടർന്നു കയറാൻ വെമ്പി നിന്ന മനസിനും പ്രണയഭാവങ്ങളിലേക്ക് പാകപ്പെടാൻ ഒരുങ്ങിയ എന്നിലെ ജീവിതാസക്തികൾക്കുമുള്ള വേവുപുരകളായിരുന്നു അവയെല്ലാം. ആ പഴയ ഈണങ്ങൾ കേൾക്കുമ്പോൾ ഞാനെന്റെ ഓർമ്മകളിലേക്ക് മടങ്ങും. മഴയും , വെയിലും നനഞ്ഞ് മരങ്ങൾക്കിടയിലൂടെ നടന്ന സ്വപ്നസഞ്ചാരിണിയായ എന്നെ ഓർക്കും.. .
മാനത്തെ പൂക്കുടമുക്കിൽ
മഴവില്ലിൻ മാലവിൽക്കും
കരിമുകിൽ കറുമ്പി
കാക്കക്കറുമ്പി
നിന്റെ മാലയിൽ എത്ര നിറം
നിന്റെ മാലയ്ക്ക് എന്ത് വില
വർത്തമാനയാഥാർത്ഥങ്ങളെ വെടിഞ്ഞ് പിന്നിലേക്ക് നടക്കാൻ പ്രേരിപ്പിക്കുന്നൊരു മാന്ത്രികത പാട്ടുകൾക്ക് ഉണ്ട്. ഓർമ്മകൾ പെരുകുന്ന ഓണക്കാലം പാട്ടോർമ്മകളുടേതുമാണ്. മാധുരി അമ്മ ഹമ്മിംങ് പാടിയ ഈ ഈണം എന്നിലെ ഭൂതകാല കുളിരിന്റെ ഭാഗമാണ്. വിശാലമായ നക്ഷത്രങ്ങൾ നിറഞ്ഞതോ ആഴമുള്ള താഴ്വരകൾ പോലുള്ളതോ ആയ ഒരിടത്ത് നിന്ന് ആരോ പാടുന്നു പാട്ടുകൾ കൂട്ടിക്കൊണ്ടുപോകുന്നത് എവിടേക്കാണെങ്കിലും പോകാതെ വയ്യെനിക്ക് എന്നൊരു അവസ്ഥയുണ്ട്.
ഓർമ്മക്കാലത്തെ തിരിച്ച് വിളിച്ച് വീണ്ടും ഓണം വരുന്നു. മാറ്റങ്ങളുടെ ,ഓർമ്മയുടെ പിൻനടത്തങ്ങളുടെ ഓണക്കാലം. ജീവിതം യന്ത്രികമായി മാറിയപ്പോൾ പിന്നിൽ കളഞ്ഞു പോയതിനൊക്കെ കുറെക്കൂടുതൽ തെളിച്ചവും ഭംഗിയും കിട്ടി എന്നു തോന്നുന്നു. . പിന്നിലേക്ക് മാഞ്ഞു തീരുന്ന കാഴ്ചകളുടെ അനുഭവലോകത്തെ ഒരു പാട്ടുകഥ കൂടി പറയട്ടെ.
ബാല്യത്തിൽ തന്നെ സ്വന്തം നാടിന്റെ അതിരുകൾ വിട്ടുപോന്നതിനാൽ യാത്രകൾ പതിവായിരുന്നു .. ഓർമ്മകളുടെ വേഗപ്രവാഹത്തിലുണ്ട് ഇതാ ഇങ്ങനെ ഒന്ന് ..
''' ഉണ്ണി ആരാരിരോ
തങ്കമാരാരിരോ..
എന്റെ പിഞ്ചോമന പൂങ്കുരുന്നാരാരിരോ..
കൊച്ച് പൊന്നിൻ കിനാവിന്റെ തൂമഞ്ചലിൽ
ഏഴു ലോകങ്ങളും കണ്ടുവോ..''
അകന്നകന്ന് പോകുന്ന തീവണ്ടിയൊച്ചകളുടെ വേഗം കടന്ന് പോകുമ്പോൾ
അകലെ ആരോ ഒരു റേഡിയോയുടെ ജാലകം തുറന്നിട്ടിരിക്കുന്നു
' നാളെ നിൻ പാതയിൽ
നൂറു പൊൻ പൂവുകൾ
പൂത്തുലഞ്ഞീടുവാൻ
കോടി ആശംസകൾ' '
പിന്നിലേക്ക് മറഞ്ഞു പോയ ഓണനിലാവും ഓർമ്മകളും കടന്നുള്ള യാത്ര തന്നെയല്ലേ ഓരോ ജീവിതവും !
Content Highlights: Writer Preetha J Priyadarshini shares nostalgic memories of celebrating Onam in the past., Reflects on traditional rural life, simple joys, and community bonding during Onam., Connects childhood memories with classic Malayalam movie songs and radio melodies., Highlights the magic of vintage cinema, storytelling, and enduring cultural experiences.