ഓണവില്ലിന്റെ താളത്തിൽ മതിമറന്നാടുന്ന കുമ്മാട്ടി

കുമ്മാട്ടി | Photo: Mathrubhumi Archives
കുമ്മാട്ടി | Photo: Mathrubhumi Archives

ഉണർത്തുപാട്ടുമായി ഇങ്ങോടിവരൂ. പൊന്നോണമായി മണ്ണിനെയും മനസ്സിനെയും ഋതുമതിയാക്കൂ. മുക്കുറ്റിപറിച്ച് ക്ഷമപഠിക്കുന്ന ബാല്യങ്ങൾക്കും ഊഞ്ഞാലാടി തിമിർക്കാൻ തിടുക്കംകൂട്ടുന്ന കൗമാരക്കാർക്കും പഞ്ഞമാസം കഴിഞ്ഞ് പൂക്കൾ പുഷ്പിക്കുന്ന കാലത്തിന്റെ പഴമൊഴിപറയുന്ന മുത്തശ്ശിമാർക്കും കുരവയിട്ട് വരവേൽക്കാൻ ഓണമൊന്നല്ലേയുള്ളൂ. ഓണപ്പാട്ടിൽ ഒഴുകിവരുന്ന വസന്തകാലത്തിൽ മുഖം ചുവപ്പിക്കാനല്ലേ മഴപെയ്തു നനഞ്ഞ തുമ്പക്കുടങ്ങൾക്കും വേലിക്കൽനിന്നുറ്റുനോക്കും കാക്കപ്പൂക്കൾക്കുമറിയൂ. പുത്തരിക്കും നിറപുത്തിരിക്കും ശേഷം, ഇല്ലവും വല്ലവും നിറച്ച് ഉണ്ടുവയറു വീർപ്പിക്കാൻ ഓണമിങ്ങെത്തേണ്ടേ. ആർപ്പുവിളിക്കും പുത്തൻകോടിക്കും തൂശനിലയിലെ പലരസത്തിനും പറഞ്ഞുതീർക്കാൻ കഴിയുന്നതല്ലല്ലോ മലയാളിയുടെ ഓണം. പൗരാണികകാലത്ത് വാമൊഴിയായിരുന്ന ഇതിഹാസകഥയിൽ തുടങ്ങി പലദേശ പല സംസ്കാരങ്ങളിൽ പലവുരു പാടിത്തുടരുന്നതാണ് നമ്മുടെ ഓണം. തെക്കുവടക്കു നീണ്ടുകിടക്കുന്ന മലയാളക്കരയുടെ നാട്ടിൻപുറങ്ങളിലെ ഓണം കാഴ്ചകളാലും കലകളാലും അതിസമൃദ്ധമല്ലേ! പൂർവികരാൽ കൈമാറിക്കിട്ടിയ സാംസ്കാരികതയുടെ നിറവിൽ ബലിയുടെ പ്രജകൾ ബഹുക്ഷേമർ. തൃക്കാക്കരപ്പ പടിക്കേലും വായോ
ഞാനിട്ട പൂക്കളം കാണാനും വായോ
ആർപ്പോ... വോ വോ വോ...

ഉത്സവമൊന്നിന്റെ വൈവിധ്യമെന്തെന്നറിയാൻ ഓണത്തിന് കേരളത്തിൽ നീളെയൊരു യാത്രനടത്തിയാൽ മതി.

തൃശ്ശൂരിന്റെ തെക്കുള്ള ഭാഗങ്ങളിലും പാലക്കാട്ട് ചില പ്രദേശങ്ങളിലും തിരുവോണത്തിന് പൂക്കളത്തിൽ തൃക്കാക്കരയപ്പനെവെച്ച് പൂജിക്കുകയാണ് ചടങ്ങ്. നാക്കിലയിട്ട് അതിനുമുകളിൽ പീഠംവെച്ച് അരിമാവുകൊണ്ട് കോലംവരച്ച് പൂക്കളത്തിൽ മാതേവരെ വെക്കുക എന്നും ഇതിനു പേരുണ്ട്. മണികിലുക്കി വീടുകയറുന്ന മലബാറിന്റെ ഓണപ്പൊട്ടൻ ‘ആകാശപ്പൂമുടി ചൂടി മുകിലാരപ്പട്ടുചുറ്റി ആടിവരുന്ന ഓണത്താറായി’ കൈതപ്രത്തിന്റെ വരികളിലൂടെ മലയാളിക്ക് സുപരിചിതം. പദ്മനാഭന്റെ നാട്ടിലെ ഓണവില്ലും പാലക്കാട്ടിലെയും മറ്റുപ്രദേശങ്ങളിലെയും ഓണത്തല്ലും അങ്ങനെത്തന്നെ. ഇരുനൂറു കൊല്ലം പഴക്കമുള്ള തൃശ്ശൂരിന്റെ പുലിക്കളിയും നാലാം നൂറ്റാണ്ടുമുതൽ നടന്നുവരുന്ന ആറന്മുള ജലമേളയും എറണാകുളത്തിന്റെ അത്തച്ചമയവും തുടങ്ങി ഓരോ പ്രാദേശിക സംസ്കാരത്തിലും ചരിത്രത്തിലും ജനിച്ച എത്രയെത്ര ഓണാഘോഷങ്ങൾ. കഴിഞ്ഞില്ല തുമ്പിതുള്ളലും ആട്ടക്കളവും കമ്പിത്തായവും കളിത്തട്ടുകളിയും പോലെ ഓണത്തിനലങ്കാരങ്ങൾ ഇനിയുമേറെയുണ്ട്.

നാലോണനാളിൽ തേക്കിൻകാട്ടിൽ കുമ്പകുലുക്കിവരുന്ന പുലികളുടെ അരമണിക്കിലുക്കത്തിനപ്പുറം ഇനിയും കഥകൾ പറയാനുണ്ട് തൃശ്ശൂർക്കാരുടെ ഓണത്തിന്. തനിഗ്രാമീണ ശീലുകളുമായി മാവേലിമന്നന്റെ മടക്കയാത്രയിൽ ഓണവില്ലിന്റെ താളത്തിൽ മതിമറന്നാടുന്ന കുമ്മാട്ടിക്കഥകൾ.

കുമ്മാട്ടിക്കഥയുടെ ഐതിഹ്യം

വിശ്വത്തിങ്കൽ വിളങ്ങീടുന്നൊരു ത്രിശ്ശിവപേരൂർ വടക്കുംനാഥനുമായി ബന്ധപ്പെട്ട് കുമ്മാട്ടിയെക്കുറിച്ചൊരു കഥയുണ്ട്. അർജുനന് പാശുപതാസ്ത്രം നൽകുന്നതിന് മുന്നോടിയായി സാമർഥ്യമൊന്ന് പരീക്ഷിക്കാനായി ശിവനും പാർവതിയും കാട്ടാളന്റെയും കാട്ടാളത്തിയുടെയും രൂപത്തിൽ അവതരിച്ചു. അർജുനൻ, ശിവൻ മായാവിദ്യയാൽ തീർത്ത ഒരു പന്നിക്കുപിന്നാലെയോടി. അമ്പെയ്ത നേരത്തുതന്നെ കാട്ടാളന്റെ ശരവും പന്നിയുടെ ദേഹത്തു പതിച്ചു. ഇരുവരും തമ്മിൽ തർക്കം മുറുകി, ആരാണ് കേമൻ? യുദ്ധം തുടങ്ങി. യുദ്ധത്തിൽ കാട്ടാളൻ ജയിക്കുകയും ശിവന്റെ അസംഖ്യം ഭൂതഗണങ്ങൾ അവിടെവന്ന് ആഹ്ലാദഭരിതരായി നൃത്തംചെയ്യുകയും ചെയ്തു. നാളുകൾക്കുശേഷം ശിവൻ പാർവതീസമേതനായി തൃശ്ശൂർ വടക്കുംനാഥക്ഷേത്രത്തിൽ കുടികൊണ്ടു. അപ്പോൾ അന്നാളിൽ ഭൂതഗണങ്ങളോടൊപ്പം ചെയ്ത നൃത്തം ഒരിക്കൽക്കൂടി കാണണമെന്ന ആഗ്രഹം ദേവിക്കുണ്ടായി. അങ്ങനെ ‘കരുണാമയനൊരു കാട്ടാളനതായ് ഹിമഗിരിസുതയൊരു തള്ളയുമായി ഭൂതഗണങ്ങൾ കുമ്മാട്ടികളായ്’ ഭൂതഗണാധിപനൊത്തൊരുമിച്ച് ആർത്തുല്ലസിച്ച് നൃത്തം ചെയ്യുകയും ഈ നൃത്തമാണ് പിന്നീട് കുമ്മാട്ടിക്കളിയായി മാറിയത് എന്നുമാണ് ഐതിഹ്യം. എന്നാൽ, മറ്റുസ്ഥലങ്ങളിൽ കാട്ടാളത്തിയായി കാണപ്പെടുന്ന പാർവതീദേവി ഒരു തള്ളയുടെ രൂപം ധരിച്ച് മാതൃസ്ഥാനത്താണ് ഇവിടെ അവതരിക്കപ്പെട്ടത്. ഇവരെല്ലാംകൂടിയുള്ള നൃത്തം കണ്ടപ്പോൾ മറ്റു ദേവീദേവന്മാരും ആഘോഷത്തിൽ ആർത്തുല്ലസിച്ച് പങ്കെടുത്തു.

ഓണക്കാലത്ത് മാവേലി വരുംനാളിൽ ഏറെ ഹൃദ്യമായ ഈ നൃത്തങ്ങൾ അവതരിപ്പിച്ച് എല്ലാവരെയും ആനന്ദിപ്പിക്കണമെന്നും ശിവൻ പറഞ്ഞത്രേ. തൃശ്ശൂരിലും പരിസരപ്രദേശങ്ങളിലും വീടുകൾ കേറിയും നാട്ടുവഴികളിൽ ചുവടുവെച്ചും കുമ്മാട്ടികൾ സന്തോഷിപ്പിക്കാൻ തുടങ്ങിയിട്ട് നൂറുവർഷത്തിലേറെയായി. ഔഷധഗുണമേറിയ പർപ്പടകപ്പുല്ലാണ് കുമ്മാട്ടിപ്പുല്ല്. ചിലർ വാഴയിലയും ദേഹത്ത് കെട്ടാറുണ്ട്. തുടക്കകാലത്ത് പാളകൊണ്ട് മുഖങ്ങൾ ഉണ്ടാക്കി അതിൽ കരികൊണ്ടും ചുണ്ണാമ്പുകൊണ്ടും അലങ്കരിച്ചാണ് കുമ്മാട്ടിമുഖങ്ങൾ ഒരുക്കിയിരുന്നത്.

പിന്നീടത് തകരത്തിലേക്കും മരത്തിലേക്കും മാറി. വരിക്കപ്ലാവ്, കുമിഴ് തുടങ്ങിയ മരങ്ങളാൽ പണിതത് പഴയകാലത്തിന്റെ ചിത്രപ്പണികളും ചായക്കൂട്ടുകളും ചേർത്ത് പൊയ്മുഖങ്ങൾ പൂർണത കൈവരിക്കുന്നു.

നിറങ്ങളാലെഴുതിയ ഈ മുഖംമൂടികൾ ദേവതകളായും വാനരന്മാരായും കണ്ണുരുട്ടിയും വാത്സല്യം പ്രകടിപ്പിച്ചുമെല്ലാം വില്ലുകൊട്ടി വീടുവീടാന്തരമെത്തും. ‘തള്ളേ തള്ളേ എങ്ങട് പോണൂ? ആര്യംകാവില് നെല്ലിനു പോണൂ അവിടുത്തെ തമ്പുരാൻ എന്തു പറഞ്ഞു? തല്ലാൻ വന്നു കുത്താൻ വന്നു...’ അങ്ങനങ്ങനെ പോകുന്നു മലയാള നാടോടിഗാനശാഖയിലെ കേട്ടാൽ മതിവരാത്ത കുമ്മാട്ടിപ്പാട്ടുകളുടെ രസപ്പെരുമ.

രാമായണത്തിലെയും മഹാഭാരതത്തിലെയും ചില കഥകളും നാടോടിക്കഥകളുമൊക്കെ കുമ്മാട്ടിപ്പാട്ടായി പാടും. ‘ചാടീ ഹനുമാൻ രാവണന്റെ മുൻപിൽ എന്താടാ രാവണാ ഏതാടാ രാവണാ സീതേ കക്കാൻ കാരണം നിന്നോടാരു പറഞ്ഞിട്ടോ നിന്റെ മനസ്സിൽ തോന്നിട്ടോ...’ എന്നൊക്കെ തുടങ്ങി തനിഗ്രാമീണശൈലിയിൽ ഒട്ടേറെ ശീലുകളുള്ള പാട്ടുകൾ പലതലമുറകൾക്ക് പാടിപ്പതിഞ്ഞ് മനഃപാഠമായതാണ്.

കറ്റക്കറ്റ കയറിട്ടു കയറാലഞ്ചു മടക്കിട്ടു നെറ്റിപ്പട്ടം പൊട്ടിട്ടു കൂടെ ഞാനും പൂവിട്ടു പൂവേപൊലി പൂവേ പൂവേപൊലി പൂവേ നിറവസന്തകാലമേ...

Content Highlights: Overview of diverse Onam celebrations across Kerala regions in 2026., Cultural significance of Pulikali, Onapottan, Onavillu, and Aranmula Boat Race., Detailed mythology and origins of the traditional Kummattikali dance in Thrissur., Artistic creation of wooden masks and folk songs associated with Kummatti.