ഓണത്തിനൊരുക്കാം ചക്ക പായസം

ഓണസദ്യയിൽ പരീക്ഷിക്കാം ചക്ക പായസം.
ചേരുവകൾ
ചക്ക -വരട്ടിയത് 500 ഗ്രാം
ശർക്കരം- 250 ഗ്രാം
നെയ്യ്, തേങ്ങക്കൊത്ത്, അണ്ടിപ്പരിപ്പ് ആവശ്യത്തിന്
ചൗവ്വരി -(സാവൂനരി) 50 ഗ്രാം
തേങ്ങ -1 (തേങ്ങാപ്പാലിന്)
തയ്യാറാക്കുന്ന വിധം
അടി കട്ടിയുള്ള ഉരുളിയിൽ നെയ്യൊഴിച്ച് ശർക്കരപ്പാനിയും ചക്കവരട്ടിയതും ചേർത്ത് നന്നായി യോജിപ്പിക്കുക.(ചക്ക വരട്ടിയതിൽ പായസത്തിനാവശ്യമായ മധുരം ഉണ്ടാകില്ല. മധുരം കുറച്ചു മതിയെങ്കിൽ ശർക്കര ചേർക്കേണ്ടതില്ല.) ശേഷം തേങ്ങയുടെ രണ്ടാം പാൽ (3 കപ്പ്) ചേർത്ത് ഇളക്കണം. തിളക്കുമ്പോൾ വേവിച്ചുവെച്ച ചൗവ്വരിയും ചേർക്കണം. കുറുകി വരുമ്പോൾ ഒന്നാം പാൽ (ഒരു കപ്പ്) ചേർത്ത് ഇളക്കി തീയണക്കാം. ശേഷം അല്പം നെയ്യിൽ അണ്ടിപ്പരിപ്പും തേങ്ങാക്കൊത്തും വറുത്തിടാം.
ചക്ക വരട്ടി തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ
നല്ല പഴുത്ത ചക്ക- 500 ഗ്രാം
ശർക്കര- 250 ഗ്രാം
നെയ്യ്- 100 ഗ്രാം
ചുക്കുപൊടി- അര ടീസ്പൂൺ
ജീരകപ്പൊടി- അര ടീസ്പൂൺ
ഏലയ്ക്കപ്പൊടി- അര ടീസ്പൂൺ
തയ്യാറാക്കുന്ന വിധം:
അടികട്ടിയുള്ള ഉരുളിയിൽ നെയ്യൊഴിച്ച് ചക്കയും (വൃത്തിയാക്കിയ ചക്ക കുക്കറിൽ വേവിച്ച് മിക്സിയിൽ അടിച്ചെടുക്കണം) ശർക്കര പാനിയും ചേർത്ത് യോജിപ്പിച്ച് ഇളക്കണം. കുറുകി വരുമ്പോൾ ചുക്ക്, ജീരകം, ഏലയ്ക്ക എന്നിവയുടെ പൊടികൾ ചേർത്ത് കുഴമ്പുപരുവമാകുമ്പോൾ തീയണക്കാം. ചക്ക വരട്ടി തയ്യാർ.