സദ്യവിളമ്പാൻ കാറ്ററിങ് സർവീസ് തയ്യാർ

പത്തനംതിട്ട: പഴം നുറുക്കണ്ട, ഉപ്പേരി അരിയേണ്ട, പാലടയും പ്രഥമനും തയ്യാറാക്കേണ്ട. മലയാളികളുടെ ഓണസ്സദ്യ കെങ്കേമാക്കാൻ ഇപ്പോൾ കാറ്ററിങ് സർവീസുകാരുണ്ട്. ജില്ലയിൽ ഒട്ടേറെ കാറ്ററിങ് സർവീസുകാരാണുള്ളത്. ഓണത്തിന് ഏകദേശം രണ്ടുമാസം മുൻപ് തന്നെ സർക്കാർ ഓഫീസുകൾ അടക്കമുള്ള സ്ഥാപനങ്ങളിൽനിന്ന് വിവിധ കാറ്ററിങ് സർവീസുകളിലേക്ക് ഓണത്തിന്റെ ഓർഡറുകൾ കിട്ടിത്തുടങ്ങും.
തലേന്ന് വിളിച്ച് ഓർഡർ തരുന്നവരും മറ്റ് സ്ഥാപനങ്ങൾ ഓണം ആഘോഷിക്കുന്നതുകണ്ട് ഓർഡറുകൾ തരുന്നവരും ഒട്ടേറെയാണ്. മുൻവർഷങ്ങളെക്കാൾ കൂടുതലായാണ് ഓണത്തിന്റെ ഓർഡറുകൾ കാറ്ററിങ് സർവീസുകളെ തേടിയെത്തിയത്. സർക്കാർ സ്ഥാപനങ്ങൾക്ക് പുറമേ സ്വകാര്യസ്ഥാപനങ്ങളും ഓണത്തിനോടനുബന്ധിച്ച് നാട്ടിലെത്തിയ പ്രവാസികളുടെ വീടുകളും ഓണത്തിനെ വരവേൽക്കാൻ ഒരുങ്ങിയത് കാറ്ററിങ് മേഖലയിലും അനൂകൂലമായ ചലനങ്ങൾ സൃഷ്ടിച്ചു.
ഇരുന്നൂറ് രൂപയ്ക്കും മുന്നൂറ് രൂപയ്ക്കും ഇടയിലാണ് ഓണസ്സദ്യയുടെ നിരക്ക്. എൺപത് പേർ മുതൽ നൂറ് പേർ വരെ ഒരു കാറ്ററിങ് സെന്ററിൽ ജോലിചെയ്യുന്നുണ്ടാകും. തേങ്ങയുടെ വിലയും വെളിച്ചെണ്ണയുടെ വിലയും വർധിച്ചതിന്റെ പ്രശ്നം കാറ്ററിങ് മേഖലയിലും പ്രതിഫലിക്കുന്നുണ്ട്. ഓണസ്സദ്യ ആയതിനാൽ സൺഫ്ലവർ ഓയിലോ പാമോയിലോ ഉപയോഗിക്കാൻ സാധിക്കില്ല. തേങ്ങകൾ ലഭ്യമാക്കാൻ പാലക്കാട്, തമിഴ്നാട് എന്നിവിടങ്ങളെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. നാടൻ തേങ്ങകൾക്ക് 85 രൂപയും അല്ലാത്തവയ്ക്ക് 75 രൂപയുമാണ് വില.
രണ്ട് വർഷം മുൻപ് വരെ വാഴയിലകളുടെ ലഭ്യതയും പ്രശ്നമായിരുന്നു. വാഴയില ലഭിക്കാനുള്ള ബദൽ മാർഗങ്ങൾ അന്വേഷിച്ചിരുന്നതായി കാറ്ററിങ് രംഗത്തുള്ളവർ പറയുന്നു. എന്നാൽ വാഴക്കൃഷി കൂടുതലായതോടെ ആ പ്രശ്നം അവസാനിച്ചു. വിലക്കയറ്റം കാറ്ററിങ് മേഖലയെ ബാധിക്കുന്നുണ്ടെങ്കിലും മലയാളിയുടെ ഉത്സവമായ ഓണം ഗംഭീരമാക്കാനുള്ള ശ്രമമാണ് കാറ്ററിങ് മേഖലയിൽ പൊതുവേ നടക്കുന്നതെന്ന് ഓൾ കേരള കാറ്ററിങ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി പ്രശാന്ത് ആതിര പറഞ്ഞു.
Content Highlights: Catering services in Pathanamthitta are busy preparing Onasadhya