തുമ്പിയും തുമ്പയും ഔട്ട്, ഓണം വൈബ് ഇന്‍; തുമ്പാനന്തര കാലത്തെ ‘ഹാപ്പി ഓണം’

#എം.എ. രാജീവ് കുമാര്‍
തൊടികളിൽ പൂക്കാലമായി... പെന്നോണക്കാലത്തിന്റെ വരവറിയിച്ച് തൊടിയിലെ ചെടികളില് വിരിഞ്ഞ നാട്ടുപൂക്കൾ പറിച്ചു പൂക്കൂടകളില് നിറയ്ക്കുകയാണ് കുട്ടികള്. ഐശ്വര്യത്തിന്റെയും സമ്പല് സമൃദ്ധിയുടെയും നല്ല നാളുകള്ക്കായി അത്തം മുതൽ മുറ്റത്ത് പൂക്കളമൊരുക്കാന് മലയാളികള് ഒരുങ്ങിക്കഴിഞ്ഞു. പാലക്കാട് മുതലമട ചേനപ്പന് തോട്ടത്തില് നിന്നുള്ള ദൃശ്യം
തൊടികളിൽ പൂക്കാലമായി... പെന്നോണക്കാലത്തിന്റെ വരവറിയിച്ച് തൊടിയിലെ ചെടികളില് വിരിഞ്ഞ നാട്ടുപൂക്കൾ പറിച്ചു പൂക്കൂടകളില് നിറയ്ക്കുകയാണ് കുട്ടികള്. ഐശ്വര്യത്തിന്റെയും സമ്പല് സമൃദ്ധിയുടെയും നല്ല നാളുകള്ക്കായി അത്തം മുതൽ മുറ്റത്ത് പൂക്കളമൊരുക്കാന് മലയാളികള് ഒരുങ്ങിക്കഴിഞ്ഞു. പാലക്കാട് മുതലമട ചേനപ്പന് തോട്ടത്തില് നിന്നുള്ള ദൃശ്യം

ഒരാഴ്ച മുന്‍പു വരെ നിര്‍ത്താതെ പെയ്ത മഴയില്‍ വിറങ്ങലിച്ചുനിന്ന കേരളം എത്ര  പെട്ടെന്നാണ് നിവര്‍ത്തിയ കുട മടക്കിവച്ച് ഓണത്തിരക്കിലേക്ക് നടന്നുകയറിയത്...! ഇതുവരെ ഇതെവിടെയായിരുന്നു എന്നു തോന്നിപ്പിച്ചുകൊണ്ട്,  സട കുടഞ്ഞെഴുന്നേറ്റ വിപണി ആയിരം കൈകള്‍ നീട്ടി മാടി വിളിക്കുകയാണ്.  

ഒന്നു പുറത്തേക്കിറങ്ങിയാല്‍ വസ്ത്രശാലകളുടെയും ഗൃഹോപകരണ വില്‍പ്പനശാലകളുടെയും ആഭരണക്കടക്കാരുടെയും എന്നു വേണ്ട, സകലമാന വസ്തുക്കളുടെയും പരസ്യങ്ങള്‍  വന്നു വിഴുങ്ങുകയാണ്. വഴിയരികിലെ ഹോര്‍ഡിങ്ങുകള്‍, പത്രങ്ങളിലെയും ടെലിവിഷനിലെയും പരസ്യങ്ങള്‍…. ഓണവിപണിയുടെ പ്രലോഭനം ഓഫറുകളായി നാലുപാടുനിന്നും പിടിമുറുക്കുന്നു. 

ഓണത്തിനും ഫ്രിഡ്ജിനും തമ്മില്‍ എന്താണു ബന്ധം?  ബന്ധമൊക്കെ നമ്മളങ്ങ് ഉണ്ടാക്കുവല്ലേ. ഉണ്ടെങ്കിലും ഇല്ലെങ്കിലും ഏറ്റവും കൂടുതല്‍ ഫ്രിഡ്ജ് വില്‍ക്കുന്നത് ഓണത്തിനാണ്. അതാണ് ഇപ്പോള്‍ പറയാന്‍ കഴിയുന്ന ബന്ധം. അതൊരു വലിയ ബന്ധം തന്നെയാണ്. പിന്നെ, എന്തെങ്കിലും ഒരു  ‘കണക്ഷന്‍ ’  പറഞ്ഞേ തീരൂ എന്നാണെങ്കില്‍, ഓണസദ്യ കഴിഞ്ഞ് ബാക്കി വരുന്ന വിഭവങ്ങള്‍ സൂക്ഷിച്ചുവയ്ക്കാന്‍ കഴിയുന്ന ഒരു ശീതസംഭരണി എന്നു പറയാം. എല്ലാവരും ഹാപ്പിയല്ലേ? 

അതുപോലെ തന്നെയാണ് ടെലിവിഷനും വാഷിങ് മെഷീനും ബൈക്കും കാറും മൊബൈല്‍ ഫോണും എല്ലാം.  ഓണമടുക്കും വരെ ഒളിച്ചിരിക്കുന്ന മാവേലി നാട്ടിലെ പ്രജകള്‍ ഓണത്തിന് ഓഫര്‍ പ്രഖ്യാപിക്കുമ്പോള്‍ വിപണിയിലേക്ക് ചാടിവീഴുകയാണ്.   ആര്‍പ്പോ…ഹീയ്യോ..ഹീയ്യോ. 

‘ഓണം വൈബ് ’ (അങ്ങനെയാണത്രേ പറയേണ്ടത്) ഇരമ്പിയാര്‍ക്കുകയാണ്. അതിനു സമാന്തരമായി  ‘ഓണം നൊസ്റ്റാള്‍ജിയ ’ അത്ര തന്നെ ശക്തിയില്ലാതെ ഇരമ്പുന്നുണ്ട്.  ഈ  ഇരമ്പല്‍ വരുംവര്‍ഷങ്ങളില്‍ കൂടുതല്‍ ദുര്‍ബലമായി ഒരു ഞെരക്കമായി മാറാനാണ് സാധ്യത. തുമ്പപ്പൂവും കാക്കപ്പൂവും കോളാമ്പിയുമൊക്കെ നേരിട്ടു കണ്ടവരുടെ എണ്ണം ചാനലുകളിലും റേഡിയോയിലും പത്രത്തിലും ഒക്കെ കുറഞ്ഞുവരികയാണ്. തുമ്പയും തുമ്പിയുമില്ലാതെന്തു ഗൃഹാതുരത്വം?  തുമ്പയില്ലെങ്കില്‍ പിന്നെ, തുമ്പാനന്തര ഓണത്തെക്കുറിച്ചാവാം ഗൃഹാതുരത്വം എന്ന മട്ടിലാവും ഇനി കാര്യങ്ങള്‍. അപ്പോള്‍ ഗൃഹാതുരത്വം സ്വാഭാവികമാവും അത്രയ്ക്കങ്ങ്ട് ഇരമ്പാന്‍ വഴിയില്ല. 

ഒരുപക്ഷേ, ഒരു രണ്ടു മൂന്നു  വര്‍ഷത്തേക്കെങ്കിലും ചില അമ്മ നടിമാരും അമ്മാവന്‍ നടന്‍മാരും (നടന്‍മാരില്‍ അച്ഛന്‍ നടന്‍മാര്‍ ഇല്ല) ഓണത്തിന് കൂട്ടുകാരോടൊപ്പം പൂക്കള്‍ പറിക്കാനായി അവരുടെ വീടിനടുത്തുള്ള കാടുകളിലും കുന്നിന്‍ചരിവുകളിലുമെല്ലാം അലഞ്ഞു നടന്നത് പറയുമായിരിക്കും. സദ്യയുണ്ടും ഊഞ്ഞാലാടിയും ആഘോഷിച്ച ഓണങ്ങളെക്കുറിച്ച് ഉള്ളതും ഇല്ലാത്തതുമായ ഓര്‍മകള്‍ തള്ളിമറിച്ചേക്കാം.  ആദ്യത്തെ ഓണക്കോടി കിട്ടിയ കാര്യമൊക്കെ സമര്‍ഥമായി അഭിനയിച്ചു കാണിച്ചുതന്നേക്കാം.

ഇപ്പോള്‍ നാട്ടില്‍ നിലവിലുള്ള അമ്മാവന്‍മാരും അമ്മായിമാരും അപ്രസക്തരാവുമ്പോള്‍ ഈ കഥകളും കാലം ചെയ്യും. അറിയാതെയെങ്ങാനും പൂ പറിക്കാന്‍ പോയ കാര്യം പറഞ്ഞാല്‍ അടി കിട്ടുന്ന അവസ്ഥയാവും.  ഈ ‘ജെന്‍ സീ’ എന്നു പറയുന്ന കക്ഷികള്‍ക്ക്, അതിപ്പോ മക്കളായാലും, തീരെ പ്രതിപക്ഷ ബഹുമാനമില്ലെന്നേ. സഹിഷ്ണുത തീരെയുമില്ല. അങ്ങനെ അസഹിഷ്ണുത കത്തിക്കയറിയ ഒരു സന്ദര്‍ഭത്തിലായിരിക്കണം ഏതോ ഒരു വിദ്വാന്‍ ആ മനോഹരമായ വാക്ക് ,   ‘തന്ത വൈബ് ’ കണ്ടുപിടിച്ചത്. തന്ത വൈബ് കണ്ടാല്‍ അവര്‍ക്കു തീരെ സഹിക്കില്ല. അതുകൊണ്ട് വരുംകാലങ്ങളില്‍ ഓണം നൊസ്റ്റാള്‍ജിയ അത്രയ്ക്കിരമ്പാന്‍ വഴിയില്ല തന്നെ. 

സമീപഭാവിയില്‍ ഗൃഹാതുരത്വം നഷ്ടമാവാനിടയുള്ള മറ്റൊരു സാധനം ഓണസദ്യയാണ്. ഇപ്പോള്‍ നഗരങ്ങളിലെ മിക്കവാറും വീടുകളിലെ അടുക്കളകള്‍ ഓണംനാളുകളില്‍ ചലനരഹിതമായി, ശബ്ദരഹിതമായി ഓണം ആഘോഷിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഓണസദ്യയും വലിയ വില്‍പ്പനസാധ്യതയുള്ള ഒരു ഉല്‍പ്പന്നമായി മാറിയിരിക്കുന്നു. തിരുവോണ സന്ദേശങ്ങളും തിരുവോണ റീലുകളും ഒരുക്കുന്ന തിരക്കില്‍ സദ്യയൊരുക്കാന്‍ ആര്‍ക്കുണ്ട് സമയം?  മുന്‍കൂട്ടി ബുക്ക് ചെയ്താല്‍ ഒന്നുകില്‍ വീട്ടുവാതില്‍ക്കല്‍ സദ്യയെത്തും. അല്ലെങ്കില്‍ സമയമാവുമ്പോള്‍ പോയി വാങ്ങിച്ചിട്ടു വരാം. എല്ലാ വീടുകളിലും സദ്യ. എല്ലാ വീടുകളിലും ഒരേ രുചി. മാവേലി വാണിടും കാലം മാനുഷരെല്ലാര്‍ക്കും ഒരേ പോലത്തെ സദ്യ. 

ഓണസദ്യ കഴിഞ്ഞാല്‍ പിന്നെ എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാര്‍  പോലെ പരസ്യങ്ങളുടെ അകമ്പടിയോടെ ടിവിയില്‍ ഒരു സിനിമയുണ്ടാകും. ഒരുമാതിരിപ്പെട്ട സിനിമാ പ്രാന്തന്‍മാരെല്ലാം തിയറ്ററിലോ ഒടിടിയിലോ കണ്ട സിനിമയായിരിക്കും. എന്നാലും കിട്ടുന്ന പരസ്യം കളയാന്‍ പറ്റില്ലല്ലോ. പരസ്യത്തിനിടയില്‍നിന്ന് സിനിമ കണ്ടുപിടിക്കാന്‍ തക്ക മിടുക്കുള്ളവര്‍ക്ക് ഉച്ചയ്ക്കു തുടങ്ങുന്ന സിനിമ പാതിരാക്കോഴി കൂകുന്നതു വരെ കണ്ടിരിക്കാം.  

പക്ഷേ, ഇതുക്കെല്ലാം മീതെ പതഞ്ഞു പൊങ്ങുന്ന മറ്റൊരാഘോഷമുണ്ട്.  ‘ദ് റിയല്‍ ഓണം ഷോ’ എന്നു പറയുന്നത് അതിനാണ്.  ഓരോ ഓണക്കാലത്തും വില്‍ക്കുന്ന മദ്യത്തിന്‍റെ അളവിലും നേടുന്ന ലാഭത്തിന്‍റെ വലിപ്പത്തിലും സ്വന്തം റെക്കോര്‍ഡ് ഭേദിച്ചു കൊണ്ട് റെക്കോര്‍ഡ് തിരുത്തുന്നതില്‍ റെക്കോര്‍ഡ് സൃഷ്ടിച്ചുകൊണ്ട് മുന്നേറുന്ന ബിവറേജസ് കോര്‍പ്പറേഷന്‍ സ്പോണ്‍സര്‍ ചെയ്യുന്ന  ‘ദ് ബിഗ്ഗസ്റ്റ് ഓണം ഷോ.’   പ്രതിസന്ധികള്‍ ഇല്ലാത്ത ഒരേയൊരു വിപണി. ഓഫറൊന്നും ഇല്ലെങ്കിലും കുതിച്ചു കയറുന്ന വില്‍പ്പനയുമായി മുകളിലേക്ക് മാത്രം സഞ്ചരിക്കുന്ന വില്‍പ്പന സൂചിക.   ‘അടിച്ചു കിണ്ടിയായും കൊടാങ്കിയായും ’ മാനുഷരെല്ലാരും ഒന്നുപോലെ ഇഴയുന്ന സമത്വ സുന്ദര കേരളം.  ‘ഹാപ്പി ഓണം’ ഉത്രാടപ്പുലരിയെത്തുമ്പോഴേക്ക്   ‘ഷാപ്പില്‍  പോണം’ എന്നാകുന്നു. 

ഓണലഹരിയുടെ കെട്ടു മാറുമ്പോള്‍  ‘ഇത്തവണ മലയാളികള്‍ കുടിച്ചു തീര്‍ത്തത് … ലിറ്റര്‍ മദ്യം, റെക്കോര്‍ഡ് വില്‍പ്പനയുമായി ബിവറേജസ് കോര്‍പ്പറേഷന്‍ ’ എന്ന വാര്‍ത്ത മലയാളികളെ തേടിയെത്തും. മറ്റൊന്നിലും റെക്കോര്‍ഡ് സൃഷ്ടിക്കാന്‍ കഴിയാത്ത മലയാളി പുരുഷന്‍മാര്‍ കുടവയര്‍ തടവി അഭിമാനവിജൃംഭിതരാവും. ഇനി ക്രിസ്മസും ന്യൂ ഇയറും വരുമല്ലോ അപ്പോള്‍ കാണാം എന്ന മട്ടില്‍. 

ഓണത്തിരക്ക് ടോപ് ഗിയറിലായിട്ടില്ല. ഇപ്പോള്‍ തന്നെ വാഹനവുമായി റോഡിലേക്കിറങ്ങാന്‍ നിവൃത്തിയില്ല.   ‘ഓണം പര്‍ച്ചേസിങ് ’  ‘പീക്കി’ ലെത്തുമ്പോള്‍ വാഹനവുമായി വഴിയിലിറങ്ങുന്നവര്‍ ഓണപ്പാട്ടും ഓണത്തല്ലുമൊക്കെ നടത്താനുള്ള സാധ്യതയെല്ലാമുണ്ട്. അത്രയ്ക്ക് ഗംഭീരമാണ്  നഗരപാതകളിലെ യാത്രകള്‍.  

എന്തൊക്കെയായാലും അത്തം മുതല്‍ മലയാളികള്‍ കസവുമുണ്ടും കേരള സാരിയുമെല്ലാം ധരിക്കുകയും ഓണപ്പൂക്കളവും ഓണസദ്യയും ഒരുക്കുകയും ചെയ്യും. മാവേലി നാടു വാണീടും കാലം എന്നു മടുപ്പില്ലാതെ പാടിക്കൊണ്ട് എല്ലാ ഓഫിസുകളിലും ഓണപ്പരിപാടികള്‍ നടത്തും. അത്യാവശ്യം പാട്ടു പാടുന്ന ഒരുത്തന്‍/ ഒരുത്തി  ഓണത്തിനു മാത്രം പാടുന്ന ചില പാട്ടുകള്‍ (ഒരു മാസം മുന്‍പേ നോക്കിവച്ചത്) തൊണ്ട പൊട്ടിപ്പാടുകയും ഓണാഘോഷത്തിനു മാറ്റു കൂട്ടുകയും ചെയ്യും .  

തമിഴ്നാട്ടിലെയും കര്‍ണാടകയിലെയും ആന്ധ്രയിലെയും പൂക്കച്ചവടക്കാരും കേരളത്തിലെ ഓണാഘോഷത്തില്‍ അഹമഹമികയാ പങ്കെടുക്കുന്നു. കോടാനുകോടി പൂക്കള മല്‍സരങ്ങളില്‍ നിരത്തിയിടാനുള്ള പൂക്കള്‍ വരുന്നത് ഇപ്പറഞ്ഞ സ്ഥലങ്ങളില്‍ നിന്നാണ്.  അതില്‍ തുമ്പയും കാക്കപ്പൂവും ഒന്നുമുണ്ടാവില്ല. കണ്ണഞ്ചിപ്പിക്കുന്ന നിറങ്ങളില്‍ ലോഡ് കണക്കിന് പൂക്കളാണ് അതിര്‍ത്തി കടന്നു പുഷ്പിക്കുന്നത്.  നട്ടുവളര്‍ത്താനും പറിച്ചെടുക്കാനും വയ്യാത്ത നമ്മള്‍ പണം കൊടുത്തു വാങ്ങി കളമിടുന്നു. അതിന്‍റെ ചുറ്റും നിരന്നുനിന്ന് സെല്‍ഫിയുമെടുക്കുന്നു. സെല്‍ഫി മസ്റ്റാണ്. അതിപ്പോ പൂക്കളമായാലും സദ്യയായാലും തിരുവാതിരയായാലും. 

ആഘോഷം തിമര്‍ക്കുക തന്നെയാണ്.  ഓണക്കോടിയുടുത്ത് ഓണപ്പാട്ട് പാടി ഓണപ്പൂക്കളമിട്ട് ഓണസദ്യയുണ്ട് നമ്മള്‍ ആഘോഷിക്കുന്നു. ആണ്ടിലൊരിക്കല്‍ വരുമെന്നു കരുതുന്ന മാവേലിയെ പ്രതീകാത്മകമായി വരവേല്‍ക്കുന്നു. തന്ത വൈബുകാരെ തള്ളിമാറ്റി  എല്ലായിടത്തും ‘ജെന്‍ സീ'യുടെ ആധിപത്യം തന്നെ. അവര്‍ക്ക് ഓണമെന്നാല്‍ ആഘോഷം തന്നെ. എന്നുവച്ചാല്‍, ‘ഹാപ്പി ഓണം’ ന്ന് തന്നെ.  

Content Highlights: The greatest festival of Kerala has arrived. People switch to festival mode. Market comes alive.