പൂക്കളുടെ വര്‍ണ്ണപ്പൊലിമയുമായി ഒരു പൊന്നോണം കൂടി...
പൂവിളി പൂവിളി പൊന്നോണമായി... നീ വരൂ നീ വരൂ പൊന്നോണത്തുമ്പീ'' എന്ന ഗാനം സുപ്രസിദ്ധമാണ്. തിരുവോണത്തിന്റെ ഒരനുഷ്ഠാനം ഇതിൽ വ്യക്തമാകുന്നു. ആഘോഷത്തെ, ഉത്സവത്തെ പൊന്നുകൊണ്ട് വിളക്കിച്ചേർക്കുന്നത് തിരുവോണം മാത്രം. മറ്റൊരു ഉത്സവത്തിനും ഈ വിശേഷണം കാണാനാവില്ല. വിഷുവിനും തിരുവാതിരക്കുമില്ലാത്ത സ്ഥാനം ഓണത്തിനു കൈവരുന്നതിന്റെ പ്രാധാന്യം പൊന്നോണമെന്ന വിളിയിൽ തെളിയുന്നു. അത്തം പത്തോണം എന്നാണ് ചൊല്ല്. അത്തത്തിന് കളം മെഴുകി വീട്ടുമുറ്റത്ത് പൂവിടുവാൻ, പൂക്കളം തീർക്കുവാൻ ആരംഭിക്കുന്നത് തിരുവോണം വരെ അഭംഗുരം തുടരുന്നു. നമുക്കുള്ള രണ്ട് പൂക്കാലങ്ങളിൽ പ്രഥമസ്ഥാനമാണ് ചിങ്ങമാസത്തിനുള്ളത്. മുക്കുറ്റിയും തുമ്പയും കാക്കപ്പൂവും നെല്ലിപ്പൂവുമായി പൂക്കളുടെ സമൃദ്ധിതന്നെ പണ്ടുണ്ടായിരുന്നു. ഇന്ന് ആ സ്ഥാനം മാർക്കറ്റിൽനിന്ന് ലഭിക്കുന്ന പൂക്കൾക്കാണ്.
മലയാളത്തിന് കാലാവസ്ഥയിൽ രണ്ട് കാലങ്ങളുടെ സമൃദ്ധി കാണാനാകും. കാലവർഷവും തുലാവർഷവുമായി രണ്ട് മഴക്കാലം, ഓണവും വിഷുവുമായി രണ്ട് പൂക്കാലം. പ്രധാനമായി രണ്ട് പൂവൽ കൃഷി. വിന്ധ്യന് അപ്പുറം മഴക്കാലവും പൂക്കാലവുമെല്ലാം ഏകമാണ്. നമുക്കാകട്ടെ മഴക്കാലം പോലെ പ്രധാനമാണ് തുലാവർഷവും. അതുപോലെത്തന്നെ രണ്ടു പൂക്കാലങ്ങളും. മുക്കുറ്റിയും തുമ്പയുമായി ഓണം സമ്പന്നമാകുമ്പോൾ കണിക്കൊന്നയുടെ വിശുദ്ധിയിൽ വിഷുക്കണി ഒരുക്കുന്നു.
കൃഷിപ്പണിയോട് ബന്ധപ്പെട്ട ഉത്സവമാണ് ഓണം. പിന്നീട് മഹാബലിയുടേയും മറ്റും ഐതിഹ്യം ചേർന്നതാകാം. വിളവെടുപ്പിന് ശേഷമുള്ള പുത്തരിയും പുത്തനുടുപ്പുകളും പുഞ്ചിരിയുമായി നമ്മുടെ പൂർവികർ നടത്തിയിരുന്ന കൊയ്ത്തുത്സവത്തിന്, ആഘോഷത്തിന് തിരുവോണമെന്ന നാമകരണം എങ്ങനെ കൈവന്നുവെന്നത് ചരിത്രം പരിശോധിക്കുമ്പോൾ വെളിപ്പെടുന്നു. മറ്റ് ആഘോഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഓണത്തിനുള്ള സവിശേഷത ഇത് ആബാലവൃദ്ധം ജനങ്ങളെ ആകർഷിക്കുന്നതോടൊപ്പം സമൂഹത്തിലെ ചേരിതിരിവുകൾ മതത്തിന്റെയും ജാതിയുടേയും അതിർവരുമ്പുകൾ ഉല്ലംഘിക്കുന്നു എന്നുള്ളതാണ്.
ഓണം എല്ലാവരും ആഘോഷിക്കുന്നതിന്റെ പ്രധാന കാരണം നല്ല ആഹാരവും സദ്യയും തന്നെ. അത് ആർക്കും ആകാമല്ലോ. അതിന് ഒരു തടസ്സവുമില്ല. എന്നാൽ ഇതിനോടനുബന്ധിച്ചുണ്ടായിരുന്ന ചില അനുഷ്ഠാനങ്ങൾക്കെങ്കിലും കാലാകാലങ്ങളിൽ മാറ്റം വരികയോ അവ അപ്രത്യക്ഷമാകുകയോ ചെയ്തതായി കാണാം. അതിലൊന്നാണ് പൂവിളിയും പൂക്കളമൊരുക്കലും തുയിലുണർത്തലുമെല്ലാം. പോയകാലത്ത് ഗ്രാമങ്ങളിൽ ഓണക്കാലം പൂവിളികളാൽ മുഖരിതമായിരുന്നു. ''പൂവേ പോല പൂവേ പൂവേ'' എന്ന പൂവിളി സന്ധ്യ കഴിഞ്ഞാൽ ഓരോ വീട്ടിൽ നിന്നും കുട്ടികൾ, പ്രത്യേകിച്ച് ആൺതരികൾ മുഴക്കുന്നു.
ഒരാൾ തുടങ്ങിയാൽ അയൽക്കാരനത് ഏറ്റെടുത്തു വിളിക്കുകയായി. കൂടുതൽ സ്ഫുടതയോടെ ഉച്ചത്തിൽ ആര് വിളിക്കുമെന്നതാണ് മത്സരം. അതുപോലെ ഒന്നാം ഓണം മുതൽ തൃക്കാരപ്പനെ (തൃക്കാക്കര അപ്പൻ ലോപിച്ചതാവാം) പൂജിക്കുന്നതും സജീവമായിരുന്നു. അതിനായി കളിമണ്ണ് കൊണ്ടുള്ള പ്രതിമാ നിർമാണം ഓരോ വീട്ടിലും നടക്കുന്നു. ഇന്ന് കളിമൺപ്രതിമകളുടെ സ്ഥാനം മരത്തിനും പ്ലാസ്റ്റിക്കിനുമാണ്.
അരനൂറ്റാണ്ട് പുറകിലെ ഓണക്കാലവും പൂവിളികളും ഇന്നും മനസ്സിലുണ്ട്. അടുത്ത ദിവസം വിരിയേണ്ട പൂക്കളെ വിളിച്ചുണർത്താനാണ് ഈ വാശിയോടെയുള്ള പൂവിളി. അന്ന് അറുത്തെടുത്തതിനേക്കാൾ സമൃദ്ധമായി പിറ്റേന്നും മുക്കുറ്റിയും തുമ്പയും മറ്റ് പേരുള്ളതും ഇല്ലാത്തതുമായ പൂക്കളും വിരിഞ്ഞുവിലസുന്നത് വിസ്മയത്തോടെ കണ്ടിരുന്ന ബാല്യകൗമാരങ്ങൾ. അമ്പലപ്പറമ്പുകളിലും ഇല്ലപ്പറമ്പുകളിലും തറവാട്ടുതൊടിയിലുമെല്ലാം പലതരം പൂക്കളുടെ വർണ്ണപ്പൊലിമ തന്നെയായിരുന്നു. എന്നാൽ തുമ്പയും മുക്കുറ്റിയും തന്നെയാണ് ഓണപ്പൂക്കൾ. അവകൊണ്ട് ഒരുക്കുന്ന പൂക്കളത്തിന് പ്രത്യേക ചാരുതയുണ്ട്.
കൂടെ ചെമ്പരത്തിയും തെച്ചിയും ജമന്തിയും ഇടകലരുന്നു.പല നിറങ്ങളിൽ പരിലസിക്കുന്ന, എപ്പോഴും വിടരുന്നവയാണ് ചെമ്പരത്തിപ്പൂക്കൾ. വൈകുന്നേരം സ്‌കൂൾ വിട്ടുവന്നാൽ ലഘുഭക്ഷണം കഴിച്ചെന്നുവരുത്തി പൂവട്ടി (പൂക്കൂട)യുമെടുത്ത് ഒരു പാച്ചിലാണ്. അയൽവക്കത്തെ ചങ്ങാതിമാർക്കൊപ്പം പൂവിറുക്കുവാൻ. അടുത്തുള്ള പറമ്പും വയലുമെല്ലാം ചെറിയ കുട്ടികൾക്ക് വിട്ടുകൊടുത്ത് വലിയവർ ദൂരേക്ക് നീങ്ങുന്നു. കാടും പൊന്തയും വള്ളിപടർപ്പുകളൊന്നും പ്രശ്‌നമല്ല. പൂക്കൾ മാത്രമായിരുന്നു ലക്ഷ്യം. സന്ധ്യ മയങ്ങുമ്പോഴേക്ക് പൂവട്ടി നിറയെ പൂക്കളുമായി തിരിച്ചെത്തിയിരുന്നതിന്റെ'ത്രിൽ' ഒന്നു വേറെ തന്നെ.
അത് പോയകാല സൗഭാഗ്യങ്ങളിലൊന്നാണ്. ഗ്രാമ്യതയുടെ മൺമറഞ്ഞ ചിഹ്നവും. ഒരിക്കൽ ഇല്ലപ്പറമ്പിലെ പൊന്തക്കാടുകൾ വകഞ്ഞുമാറ്റി പൂ പറിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് സംഘത്തിലെ ഒരു കുട്ടി വിളിച്ചുപറഞ്ഞത് '' പാമ്പ് പാമ്പ്'' എല്ലാവരും ചെന്നുനോക്കുമ്പോൾ ഒരു മൂർഖൻ പത്തിനിവർത്തിനിന്ന് ഊതുകയും ചെറുതായി ആടുകയുമാണ്. ''തല്ലിക്കൊന്നാലോ'' എന്നൊരു ചോദ്യം അന്തരീക്ഷത്തിൽ ഉയർന്നുകേട്ടു. കൂട്ടത്തിൽ മുതിർന്ന ഗോപ എന്ന് വിളിപ്പേരുള്ള ഗോപാലകൃഷ്ണൻ അസന്നിഗ്ധമായി പറഞ്ഞു: ''അത് അതിന്റെ പാട്ടിന് പൊയ്‌ക്കോളും'' അതും പറഞ്ഞ് ചെറിയ ഒരു കമ്പെടുത്ത് മൂർഖന് ഗോപ വഴി തെളിയിച്ചുകൊടുത്തു. ''പോ പോ ഞങ്ങൾക്ക് പൂവറുക്കണം'' പാവം മൂർഖൻ ഡയലോഗ് മനസ്സിലായതുപോലെ അതിന്റെ പാട്ടിന് പോയി.
നിറയെ വിരിഞ്ഞുനിൽക്കുന്ന വയലറ്റ് നിറമുള്ള നെല്ലിപ്പൂക്കൾ പറിക്കുവാൻ മുട്ടോളം വെള്ളമുള്ള പാടത്ത് ഇറങ്ങിയ സംഘം. കൊയ്തുകഴിഞ്ഞ പാടങ്ങളിലാണ് നെല്ലിപ്പൂക്കൾ വിരിഞ്ഞുനിൽക്കുന്നത്. ആവേശത്തോടെ പൂ പറിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് കൂട്ടത്തിൽ ഉയരംകുറഞ്ഞ മധു കഴുത്തുവരെ വെള്ളത്തിൽ താഴുന്ന നിലയിലായത് കണ്ടത്. '' ഓടിവരൂ കൂട്ടരേ, മധു മുങ്ങിത്താഴുന്നു.'' കാലുകൾ ചെളിയിൽ പൂഴ്ന്ന് മധു മുങ്ങുകതന്നെയായിരുന്നു. അപ്പോഴേക്കും എല്ലാവരും ചേർന്ന് മധുവിനെ കരകയറ്റി. വിശ്രമിക്കുവാൻ പറഞ്ഞ മധുവിന്റെ ജൽപനം ഇപ്പോഴും കാതിൽ മുഴങ്ങുന്നു. ''എനിക്ക് പൂപറിക്കണം. നാളേക്ക് നെല്ലിപ്പൂ വേണം'' . അതായിരുന്നു അക്കാലത്തെ സ്പിരിറ്റ്.
കാലം മാറിയിരിക്കുന്നു. ഇന്ന് ഗ്രാമങ്ങളിൽപോലും പൂക്കൂടയുമായി പൂപറിക്കാനൊന്നും പോകാറില്ല. എല്ലാം മാർക്കറ്റിലുള്ളപ്പോൾ ആരാണ് അധ്വാനിക്കാൻ മുതിരുക. തമിഴ്‌നാട്ടിലെ പൂക്കളും പച്ചക്കറികളുമായി നാം നമ്മുടെ തിരുവോണത്തെ വരവേൽക്കുന്നു. പൂവിളിയും ഗതകാല സ്മരണ മാത്രമായി മാറി. (റിയലിനു പകരം റീലാണ് പുതിയ സമവാക്യം) ഒരു സുഹൃത്ത പറഞ്ഞതുപോലെ ആമസോൺ ഓണമാണ് ഇന്ന് പരക്കെ. ആമസോണില്ലെങ്കിൽ ഓണവുമില്ല. സദ്യയടക്കം എല്ലാം മെയ്ഡ് ടു ഓണം. ഇന്നും പക്ഷേ ഓണക്കാലത്തെ സ്റ്റാർ നേന്ത്രപ്പഴം തന്നെ. മലബാർ ഭാഗത്ത് പ്രത്യേകിച്ചും. നേരിയ ചുവപ്പുനിറമുള്ള ചെങ്ങാലിക്കോടൻ തന്നെ ഹീറോ.
കാലം അപ്പാടെ മാറുമ്പോഴും മാറാതെ നിൽക്കുന്ന ചിലതുണ്ട്. അതിലൊന്നാണ് ഓണസദ്യപോലെ ഓണപ്പടങ്ങളും. ചുമരിൽ നിറയെ പതിച്ച സിനിമാപോസ്റ്ററുകൾ പോയകാലത്തെ ഓർമ്മിപ്പിക്കുന്നു. ഇത്തവണ ഓണം സിനിമക്കാർക്ക് പൊന്നോണം തന്നെ. രണ്ട് ഹിറ്റുകളാണ് ഈ ഓണസമ്മാനം. ഹൃദയപൂർവവും ലോകയും. പണ്ടത്തെപ്പോലെ ഏറ്റവും കൂടുതൽ പടങ്ങൾ പ്രദർശനത്തിനെത്തുന്ന സമയവും ഓണക്കാലം തന്നെ. വർത്തമാനകാലത്ത് കോളേജുകളിലെ ഓണാഘോഷം ഏതായാലും പൊടിപൊടിക്കുന്നുണ്ട്. ചെണ്ടമേളവും ആട്ടവും പാട്ടുമായി അവർ ശരിക്കും ആഘോഷിക്കുന്നു. വയലാർ എഴുതിയതുപോലെ 'യുവചേതനയുടെ ലഹരി'കളായിത്തന്നെ.
''പൂ വേണം പൂവിളി വേണം'', ''തിരുവോണ പുലരിതൻ തിരുമുൽകാഴ്ച കാണാൻ'' തുടങ്ങിയവയെല്ലാം ഓണത്തിന്റെ തനിമ പ്രകടിപ്പിക്കുന്ന ഗാനങ്ങളാണ്. പുതുവസ്ത്രങ്ങളും പുതുമോടിയുമായി പുതുതലമുറ നൊസ്റ്റാൾജിയ ഇല്ലാതെ ഓണത്തെ സ്വീകരിക്കുന്നു. പ്രജകളെ കാണുവാൻ മാവേലിമന്നൻ എഴുന്നള്ളുന്ന കാലമാണല്ലോ. ചില കോളേജുകളിൽ ഇത്തവണ മാവേലി എത്തിയത് ഹെലികോപ്റ്ററിലായിരുന്നു. കാലത്തിന്റെ മാറ്റം ഇതിൽകൂടുതൽ സ്പഷ്ടമാകാനില്ല. നാടോടുമ്പോൾ നടുവോടുക എന്നതാണല്ലോ പഴഞ്ചൊല്ല്. എല്ലാം മാറ്റങ്ങൾക്ക് വിധേയമാകുമ്പോൾ ഓണത്തിനു മാത്രം മാറിനിൽക്കാനാവില്ല. അതുകൊണ്ട് ഓലക്കുടയിൽനിന്ന് ശീലക്കുടയിലേക്കും പിന്നെ ഹെലികോപ്റ്ററിലേക്കും കാലം സഞ്ചരിക്കുക തന്നെ ചെയ്യുന്നു.
Content Highlights: Explore the vibrant traditions of Onam, from flower carpets and feasts to the evolving celebrations