നാടുവിട്ടോടുമ്പോൾ മലയാളി യുവത്വം കൂടെക്കൂട്ടുന്ന മാവേലിയും ഓണക്കാലവും

#ശ്രീലക്ഷ്മി രാജൻ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

സ്വന്തമെന്ന ഗർവോടെ മലയാളി നെഞ്ചോട് ചേർത്ത മറ്റൊരാഘോഷമുണ്ടോ,  മുറ്റത്ത് പൂവിട്ട്, ഇലയിൽ സദ്യവിളമ്പി, മനസിൽ കൊടിയേറ്റിയ ഓണം പോലെ. കാലമെത്ര മുന്നേറിയാലും അതിനൊത്ത് കോലമെത്ര മാറിയാലും ഓണത്തിന് മാത്രം മാറ്റുകൂടുന്നതിന്റെ കാരണം മറ്റൊന്നല്ല. ഓണം ഒരാഘോഷം മാത്രമല്ല, മലയാളിക്ക്. എത്ര നുണഞ്ഞാലും മധുരം ചോരാത്ത ഗൃഹാതുരമായ ഓർമ കൂടിയാണ്. അതുകൊണ്ട് തന്നെ നാട്ടിലേക്കാൾ മേനി കൂടും, മാധുര്യമേറും ഓർമകളിൽ കൂടുകൂട്ടി ജീവിതം പച്ചപിടിക്കുന്ന മറുനാട്ടിലെ ആഘോഷത്തിന്. 

നാടുവിട്ട് മറുനാടേറിയ നമ്മുടെ ചെറുപ്പം വേഗമേറിയ പുതിയ കാലത്ത് ഓണം കൊണ്ടാടുന്നത് എങ്ങനെയാവും? ഗൾഫ്, യുകെ,  ഓസ്ട്രേലിയ, കാനഡ, ന്യൂസീലൻഡ്, ഫ്രാൻസ്, അമേരിക്ക... മലയാളിക്കൊപ്പം മാവേലിയും ആഘോഷമായി ചുറ്റാത്ത നാടില്ല ഇന്ന്. എങ്ങനെയൊക്കെയാണ് ഈ ആഘോഷങ്ങൾ. ഈ ഓണക്കാലത്ത് ഓർമയിൽ മിന്നിമായുന്നത്  എന്തൊക്കെയാവും?

ജർമ്മനിയിലെ ഓണാഘോഷത്തെക്കുറിച്ച് സംസാരിക്കുകയാണ് കോട്ടയം സ്വദേശിനി സുവർണ. "ജർമനിയിലെ മലയാളി അസോസിയേഷൻ 'ബെർലിൻ കേരള ബ്രിഡ്ജ്' ഓണഘോഷ പരിപാടികൾ ഇത്തവണ നേരത്തെ പ്ലാൻ ചെയ്തിരുന്നു. അതനുസരിച്ച് ഓണത്തിന് മുമ്പ് ഓഗസ്റ്റ് 31-നായിരുന്നു ഓണഘോഷം. എല്ലാ വർഷവും പരിപാടി നടത്തുന്നത് വലിയ ആഘോഷമായിത്തന്നെയാണ്. ഇത്തവണയും അത് ആവർത്തിച്ചു. പൂക്കളവും സദ്യയും എല്ലാവരുമുള്ള ഒത്തുകൂടലുമായി നാടിനെയും നമ്മുടെ സംസ്കാരത്തെയും ചേർത്തു പിടിക്കുകയാണ് ഞങ്ങളിലെ ഓരോ മലയാളിയും"- യൂണിവേഴ്സിറ്റി ഓഫ് യൂറോപ്പിലെ വിദ്യാർഥിനിയായ സുവർണ പറയുന്നു.

'ബെർലിൻ കേരള ബ്രിഡ്ജ്' സംഘടിപ്പിച്ച ഓണം പരിപാടി

'ഓസ്ട്രേലിയയിൽ ഓണഘോഷം തുടങ്ങിക്കഴിഞ്ഞു. രണ്ട് ദിവസത്തെ പരിപാടികളാണ് ഇത്തവണ സംഘടിപ്പിച്ചിരിക്കുന്നത്. മലയാളി കൂട്ടുകാർ മാത്രം ഒത്തുകൂടുന്ന പരിപാടിയാണ് ആദ്യത്തേത്. രണ്ടാമത്തേത് പരിചയത്തിലുള്ള കുടുംബങ്ങളുടെ ഒത്തുകൂടലാണ്. മുണ്ട് ഉടുത്ത് പൂക്കളമിട്ട് ഫോട്ടോ എടുക്കലാണ് ഞങ്ങൾ കൂട്ടുകാർ കൂടുമ്പോൾ ചെയ്യുക.. എന്നാൽ ഫാമിലി ഒത്തുകൂടുമ്പോൾ എല്ലാവരും ചേർന്നുണ്ടാക്കുന്ന സദ്യയും ചെറിയ കലാപരിപാടികളുമായി ഓണം കളറാണ്. നാട്ടിൽ അല്ലാഞ്ഞിട്ടും ഇതുപോലെ ഓണം ആഘോഷിക്കാൻ പറ്റുന്നത് ചുറ്റുമുള്ള മലയാളികളുടെ ഓണത്തോടുള്ള ഇഷ്ടം കൊണ്ടുതന്നെയാണ്'- റോയൽ മെൽബൺ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ സ്റ്റുഡന്റായ ശ്രീരാഗ് ശ്രീകുമാർ പറയുന്നു.

ഫ്രാൻസിലെ ഓണം വിശേഷങ്ങൾ പങ്കുവെയ്ക്കുകയാണ് എറണാകുളം സ്വദേശിനി ശരണ്യ. 'ഓണം ആഘോഷിക്കാൻ നാട്ടിലേതുപോലെ കുടുംബം ഇല്ലാത്തത് വലിയൊരു വിഷമമാണ്. ഓണക്കാലമായാൽ നാട്ടിൽ പൂവിടുന്നതും സദ്യ കഴിക്കുന്നതും പതിവാണല്ലോ.. അപ്പോൾ അതിന്റെ പ്രാധാന്യം അറിഞ്ഞിരുന്നില്ല.. എന്നാൽ ഇവിടെയെത്തിയപ്പോൾ ഓണക്കാലം ഒരു പ്രത്യേക അനുഭവമാണ്. നാടും വീടും ഓണവും എല്ലാം.. ഇത് എനിക്ക് മാത്രം തോന്നുന്നതല്ല, എന്റെ മലയാളി കൂട്ടുകാർക്കെല്ലാവർക്കും ഒരേ മാനസികാവസ്ഥയാണ്. അതുകൊണ്ട് ഞങ്ങൾ തിരക്കുകൾക്കിടയിലും ഒത്തുകൂടാറുണ്ട്. ഞങ്ങൾ അഞ്ചു സുഹൃത്തുക്കൾ ചേർന്ന് സദ്യയും പൂക്കളവുമൊരുക്കി. നാട്ടിലെത്തുപോലുള്ള ആഘോഷങ്ങൾ ഉണ്ടായില്ലെങ്കിലും ഓണം മറക്കാൻ പറ്റാത്ത വിശേഷമാണ്..'- ശരണ്യ പറയുന്നു.

ശരണ്യയും സുഹൃത്തുക്കളും
ഓണാഘോഷത്തിനിടെ  

'ക്ലാസ്സിനും പാർട്ട്‌ ടൈം ജോലിക്കുമിടയിൽ തിരക്കാണെങ്കിലും ഓണം ആഘോഷിക്കണമെന്നുള്ള നിർബന്ധം കൊണ്ടാണ് ഓണത്തിന് മുന്നെയാണെങ്കിലും ഞായറാഴ്ച ഞങ്ങൾ ഒത്തുകൂടിയത്. കാനഡയിൽ നാട്ടിലുള്ള പോലുള്ള ഓണം കാലാവസ്ഥയല്ല... എനിക്ക് അത് മിസ്സ്‌ ചെയ്യാറുണ്ട്.. എന്നിരുന്നാലും ഓണസദ്യ കഴിക്കാൻ പറ്റിയല്ലോ... അന്ന് ഞങ്ങൾ ആറ് സുഹൃത്തുക്കൾ ചേർന്ന് സദ്യ ഉണ്ടാക്കി.. നാട്ടിലെ രുചി കിട്ടിയില്ലെങ്കിലും ഓണം നമ്മൾ മറക്കുന്നില്ല... ആ രുചിയെയും സംസ്കാരത്തെയും ചേർത്തുപിടിക്കാനുള്ള ഇഷ്ടം തന്നെയാണ് ഞങ്ങൾക്കുള്ളിൽ ഉണ്ടായത്'.- കാനഡയിലെ ടൊറന്റോ സർവകലാശാല വിദ്യാർഥി രോഹിത് വിനോദ് തന്റെ ഓണം വിശേഷങ്ങൾ പങ്കുവെച്ചു.

ന്യൂസീലൻഡിലെ തങ്ങളുടെ ഓണവിശേഷങ്ങൾ പങ്കുവെക്കുകയാണ് ഓക് ലാൻഡ് യൂണിവേഴ്സിറ്റി വിദ്യാർഥി ആസ്ബിൻ. 'ഞായറാഴ്ച വീട്ടിലായിരുന്നു ഞങ്ങളുടെ ഓണാഘോഷം. ഞങ്ങൾ മലയാളികൂട്ടുകാർ ഒത്തുകൂടി മുണ്ടുടുത്ത്, സദ്യ ഉണ്ടാക്കി ഒത്തുകൂടി. നാട്ടിലെ കൂട്ടുകാരുടെ ആഘോഷം കാണുമ്പോൾ നാടും വീടും മിസ്സ് ചെയ്യാറുണ്ട്. പക്ഷേ, ഇവിടുത്തെ ആഘോഷവും സന്തോഷം തരുന്നുണ്ട്. ഇഷ്ടമുള്ളവർ ഒത്തുകൂടുമ്പോഴാണല്ലോ ആഘോഷം. കുടുംബം വിട്ട് മറ്റൊരു സ്ഥലത്ത് താമസിക്കുമ്പോൾ കൂട്ടുകാരാണ് കുടുംബം. അതുകൊണ്ട് ഞങ്ങൾ എല്ലാവരും ഓണക്കാലത്ത് ഹാപ്പിയാണ്'- ആസ്ബിൻ പറയുന്നു. 

ആസ്ബിനും സുഹൃത്തുക്കളും ഓണാഘോഷത്തിനിടെ

മെച്ചപ്പെട്ട വിദ്യാഭ്യാസവും ജോലി സാധ്യതകളും ജീവിതനിലവാരവും ലക്ഷ്യമാക്കി മറ്റു രാജ്യങ്ങളിലേക്ക് പോകുമ്പോഴും സ്വന്തം സംസ്കാരത്തെയും അതിന്റെ ഭാഗമായ ആഘോഷങ്ങളെയും കൂടെക്കൂട്ടുന്ന മലയാളിമനസാണ് ഇവരുടെ വാക്കുകളിൽ തെളിയുന്നത്. ഇവർക്ക് ഓണം തിരക്കുകൾക്കിടയിലെ ജീവശ്വാസം കൂടിയാണ്. ഒരുമയുടെ ഉത്സവകാലമാണ്. 

Content Highlights: keralites who have migrated to another country, retain onam culture