‘മാവേലി’ കോട്ടയത്തെ സ്ഥലംവിറ്റു...

കോട്ടയം: ‘കാണം വിറ്റും ഓണം ഉണ്ണാൻ’ മാവേലിയും. പൂരാടനാളിൽ മണർകാട്ടുള്ള സ്ഥലംവിൽക്കാനെത്തിയ മാവേലിയെ കണ്ട് കോട്ടയം അഡിഷണൽ സബ് രജിസ്ട്രാർ ഓഫീസ് ജീവനക്കാർ ആദ്യമൊന്ന് അമ്പരന്നു. പിന്നീട് മീശ എടുത്തുമാറ്റിച്ച് മാവേലിയുടെ യഥാർത്ഥ രൂപം മനസ്സിലാക്കിയപ്പോൾ രജിസ്ട്രേഷൻ നടത്തിക്കൊടുത്തു.
ബുധനാഴ്ച ഉച്ചയ്ക്കുശേഷം രണ്ടുമണിയോടെയാണ് കോട്ടയം മണർകാട്ടുള്ള സ്ഥലംവിൽക്കാൻ ‘മാവേലി’യെത്തിയത്. മണർകാട് കുഴിപ്പുരയിടം കൈപ്പടഭവനം കെ.പി. ശ്രീകുമാർ കർത്തായാണ് താൻ വിറ്റ സ്ഥലത്തിന്റെ ആധാരം രജിസ്റ്റർ ചെയ്യുന്നതിന് രജിസ്ട്രാർ ഓഫീസിലെത്തിയത്. കെഎസ്ഇബി പൂവന്തുരുത്ത് ഓഫീസിൽ ഓവർസീയറായ ശ്രീകുമാർ കർത്താ ഓഫീസിലെ ഓണാഘോഷത്തിന് ബുധനാഴ്ച ‘മാവേലി’വേഷം കെട്ടിനില്ക്കുമ്പോഴായിരുന്നു, രജിസ്ട്രേഷനുള്ള ടോക്കൺ ക്രമപ്രകാരം വിളിവന്നത്.
വീടുപണിയുന്നതിന് പണം കണ്ടെത്താൻ ഇദ്ദേഹം വീടിനടുത്തുള്ള സ്ഥലം വില്പന നടത്തിയിരുന്നു. ഇതിന്റെ ആധാരം രജിസ്റ്റർചെയ്യുന്നതിന് ബുധനാഴ്ച മൂന്ന് മണിക്ക് രജിസ്ട്രാർ ഓഫീസിൽ സമയം നിശ്ചയിച്ചിരുന്നു. സമയംമാറ്റി രണ്ടുമണിക്കെത്തണമെന്ന് രജിസ്ട്രാർ ഓഫീസിൽനിന്ന് വിളിച്ചറിയിച്ചപ്പോൾ ഓഫീസിലെ ഓണാഘോഷത്തിലായിരുന്നു ‘മാവേലി’. വേഷം ഇതായതിനാൽ അസൗകര്യമുണ്ടെന്നറിയിച്ചെങ്കിലും സാരമില്ലെന്ന മറുപടി ലഭിച്ചതോടെ വേഷം അഴിക്കാതെ എത്തുകയായിരുന്നു.
ഒരാഴ്ചമുമ്പ് മറ്റൊരു ആധാരം നടത്തിയിരുന്നതിനാൽ ജീവനക്കാർക്ക് ആളെ തിരിച്ചറിയാൻ വിഷമമുണ്ടായില്ലെങ്കിലും ഒന്നുകൂടി ഉറപ്പാക്കാനായി ജീവനക്കാരുടെ ആവശ്യപ്രകാരം മാവേലി മീശയും കിരീടവും മാറ്റി. പിന്നീട് രജിസ്ട്രേഷനുശേഷം ജീവനക്കാർക്കൊപ്പം ഫോട്ടോയുമെടുത്താണ് ‘മാവേലി’ ഓഫീസ് വിട്ടത്. പൂവന്തുരുത്തിലെ സ്വന്തം ഓഫീസിൽ തിരിച്ചെത്തിയശേഷമായിരുന്നു ‘മാവേലി’യുടെ ഓണസദ്യ.
Content Highlights: A man dressed as King Mahabali sold land and registered the deed in his costume at the Kottayam