മനസ്സുനിറയെ വണ്ണാത്തിപ്പുഴയോരത്ത് ഓണപ്പൂ ശേഖരിച്ചുനടന്ന കുട്ടിക്കാലം...

മലയാളസിനിമകളിലെ ഗാനശകലങ്ങളിൽ ഗൃഹാതുരത്വംപോലെ താൻ എഴുതിച്ചേർത്തിട്ടുള്ള ജന്മനാട്ടിലെ വണ്ണാത്തിപ്പുഴയുടെയും കണ്ണാടിപ്പുഴയുടെയും തീരത്തും തൊടിയിലും വയലേലകളിലും ഓണപ്പൂ ശേഖരിച്ചുനടന്ന കുട്ടിക്കാലം കൈതപ്രം ദാമോദരൻനമ്പൂതിരി ഇപ്പോഴും മനസ്സിൽ താലോലിക്കുന്നുണ്ട്. കണ്ണൂർ ജില്ലയിലെ കൈതപ്രത്തെ കണ്ണാടി ഇല്ലത്തും ബന്ധുഗൃഹങ്ങളിലും ഇല്ലായ്മകൾക്കിടയിലും ഓണംകൊണ്ടാടിയ ഓർമ്മകൾക്കും ഇവിടെ മരണമില്ല. തിരുവണ്ണൂരിലെ ‘കാരുണ്യം’ വീട്ടിലിരുന്ന് ഓണത്തിന്റെ ഓർമ്മച്ചിന്തുകൾ ഓർത്തെടുക്കുകയാണ് കവിയും ഗാനരചയിതാവും സംഗീതസംവിധായകനുമൊക്കെയായ കൈതപ്രം.
കുട്ടിക്കാലത്തെ ഓണക്കാലം ഓർത്തെടുക്കുമ്പോൾ?
ഇല്ലായ്മകളിലൂടെ സഞ്ചരിച്ചിരുന്ന ബാല്യകാലമായിരുന്നെങ്കിലും ഉള്ളതുകൊണ്ട് ഓണംപോലെ എന്ന ചൊല്ല് അർഥവത്താക്കിയാണ് അന്നൊക്കെ ഓണം കൊണ്ടാടിയിരുന്നത്. അന്നൊക്കെ പൂക്കൾ ധാരാളമുണ്ടായിരുന്ന കാലമാണ്. ഗ്രാമത്തിലെ വണ്ണാത്തിപ്പുഴയുടെയും കണ്ണാടിപ്പുഴയുടെയും തീരത്തും തൊടിയിലുമൊക്കെ ഞങ്ങൾ സഹോദരീസഹോദരന്മാരും ബന്ധുക്കളായ കുട്ടികളും ഒന്നിച്ചുനടന്ന് ഒത്തൊരുമയോടെ പൂക്കൾ ശേഖരിക്കും. സ്നേഹമായിരുന്നു അന്ന് ഞങ്ങളെ നയിച്ചിരുന്ന വികാരം.
അത്ര സ്നേഹത്തോടെയാണ് ഇല്ലായ്മയുടെ വല്ലായ്മകൾ മറന്ന് ഞങ്ങൾ ഒന്നിച്ചുകഴിഞ്ഞിരുന്നത്. ഉള്ള തുണിയുടുത്ത് ഒാണക്കാലത്ത് മോശമല്ലാത്ത ഭക്ഷണംകഴിച്ചായിരുന്നു ഞങ്ങളുടെ ഓണാഘോഷം. ഞങ്ങൾ ഒത്തൊരുമിച്ചുതന്നെയാണ് സദ്യവട്ടമൊരുക്കാറുള്ളത്. അമ്മയ്ക്കൊപ്പം അടുക്കളയിലിരുന്ന് കറിക്കരിഞ്ഞിരുന്നതും സദ്യയുണ്ടാക്കിയിരുന്നതും ഇപ്പോഴും മനസ്സിലെ തെളിമയുള്ളചിത്രങ്ങളാണ്.
അന്നൊക്കെ ഇഷ്ടംപോലെ പൂക്കൾ എവിടെനിന്നും കിട്ടുന്ന കാലമായിരുന്നു. സാഹസികമായി അത് ശേഖരിക്കുന്നതിലെ ആനന്ദം വേറിട്ട അനുഭവംതന്നെയായിരുന്നു. ഞങ്ങളുടെയൊക്കെ ഇല്ലപ്പേരിലായിരുന്നു അന്നൊക്കെ കുളങ്ങളും പുഴകളും അറിയപ്പെട്ടിരുന്നത്. കണ്ണാടിപ്പുഴ, മരങ്ങാട്ട് പുഴ, കൊമ്പൻകുളം അങ്ങെയങ്ങനെ... വണ്ണാത്തിപ്പുഴ പക്ഷേ അലക്കുതൊഴിലെടുക്കുന്നവരുടെ പേരിലുള്ള പുഴയായാണ് അറിയപ്പെട്ടത്.
സിനിമയിൽ തിരക്കുകൂടിയ മുതിർന്നകാലത്തെ ഓണത്തെക്കുറിച്ച് പറയുമ്പോൾ?
പ്രകൃതിയൊഴിച്ച് മറ്റെല്ലാം മാറി. മനുഷ്യർക്കാണ് മാറ്റം. കുട്ടിയായ ഞാൻ വളർന്നപ്പോൾ എനിക്ക് കുട്ടികളും അവർ മുതിർന്നപ്പോൾ അവർക്കും കുട്ടികളായി. അപ്പോഴും പ്രകൃതി പ്രകൃതിയായിത്തന്നെ നിൽക്കുന്നു. പക്ഷേ, പൊതുവേ പറഞ്ഞാൽ സ്നേഹവും മനുഷ്യബന്ധങ്ങളുടെ കെട്ടുറപ്പും അന്യോന്യമുള്ള ഇഴയടുപ്പവും തീരെ കുറഞ്ഞു. സ്നേഹബന്ധങ്ങൾക്കുപകരം മോഹബന്ധമാണ് ഇപ്പോൾ മുഴച്ചുനിൽക്കുന്നത്.
നാട്ടിൻപുറങ്ങളിൽപ്പോലും പൂകിട്ടാതായി. ഒാണപ്പൂതേടി വയലേലകളിൽ കുട്ടികൾ ആഹ്ളാദത്തോടെ നടന്നിരുന്ന കാഴ്ചയും വയലേലകളും അപൂർവകാഴ്ചയായി. ഇന്നിപ്പോൾ പൂക്കളും ഓണസദ്യയുമൊക്കെ പണംകൊടുത്തുവാങ്ങാമെന്ന അവസ്ഥയെത്തി. പണ്ട് ടെലഫോൺ വീടുകളിൽ കാണാക്കാഴ്ചയായിരുന്നു. ഇപ്പോൾ മൊബൈലും വാട്സാപ്പും ഇൻസ്റ്റഗ്രാമുമായി.
വീട്ടിലിരുന്ന് നമ്പർകുത്തിയാൽ പൂവും ഇൻസ്റ്റന്റ് സദ്യയും വീട്ടിലെത്തുന്ന കാലമായി. പക്ഷേ, ഈ തിരക്കിനിടയിൽ പരസ്പരസ്നേഹവും കൂട്ടായ്മയും സമൂഹത്തിൽ കുറയുന്ന കാഴ്ചയാണ് കാണുന്നത്. ഇപ്പോൾ എനിക്ക് ഒന്നിനും ഒരുകുറവുമില്ല. സമ്പത്തും പണവും ഭക്ഷണവുമെല്ലാം സമൃദ്ധമായുണ്ട്. പക്ഷേ, ഓണമുൾപ്പെടെയുള്ള വിശേഷാവസരങ്ങളിലും മറ്റും കാണുന്ന സ്നേഹക്കൂട്ടായ്മകൾമാത്രം അന്യംനിന്നുപോകുകയാണ്. എന്റെ ഈവർഷത്തെ ഓണം മകൻ ദീപാങ്കുരന്റെ എറണാകുളത്തെ കാക്കനാട്ടുള്ള വീട്ടിലാണ് ആഘോഷിക്കുന്നത്.
ഗൾഫ് നാടുകളിലെ ഓണാഘോഷങ്ങളിൽ പങ്കെടുത്ത അനുഭവങ്ങൾ?
നമ്മുടെ ഓണംപോലെയല്ല ഗൾഫ്നാടുകളിലെ ഓണാഘോഷം. ചില ആഘോഷങ്ങളിലൊക്കെ പങ്കെടുത്ത ഓർമ്മകളുണ്ട്. നാട്ടിലെ ഓണക്കാലം കഴിഞ്ഞാലും പിന്നെയും നീളുന്ന ആഘോഷമാണല്ലോ ഗൾഫ് നാടുകളിൽ. നാട്ടിലെ ആഘോഷമൊക്കെക്കഴിഞ്ഞ് എല്ലാവരും ഗൾഫിൽ തിരിച്ചെത്തിയശേഷമാകും വിപുലമായ ആഘോഷം. 1990-കളിലും 2000-ത്തിലും സിനിമാതാരങ്ങൾക്കൊപ്പവും ഈസ്റ്റ്കോസ്റ്റ് വിജയന്റെ ട്രൂപ്പിലും ഒക്കെയായി ഗൾഫിലുടനീളം പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്.
ഈസമയത്തൊക്കെ വിപുലമായ ഓണാഘോഷങ്ങളിലും പങ്കെടുത്തിട്ടുണ്ട്. ഓണാഘോഷത്തിൽ പങ്കെടുക്കാൻവേണ്ടിമാത്രവും ഗൾഫിലേക്കുപോയിട്ടുണ്ട്. കേരളത്തിൽനിന്ന് വേറിട്ടുനിൽക്കുന്നതാണ് അവിടത്തെ ഓണാഘോഷം. ജീവിതം ഏറെ പഠിച്ചവരാണ് പ്രവാസികൾ. അതുകൊണ്ടുതന്നെ കൂട്ടായ്മയും പങ്കിടലിന്റെ ആഘോഷവും ആനന്ദവും ആവേശവുമെല്ലാം ഒരു പണത്തൂക്കം മുന്നിലാണ്.
Content Highlights: Renowned Malayalam poet and lyricist Kaithapram Damodaran Namboothiri shares heartwarming childhood