കളക്ടര്‍ @ ഓണം മൂഡ്

ജില്ലാ കളക്ടര്‍ ജി.പ്രിയങ്ക ഓണാഘോഷത്തിനിടയിലെ തിരുവാതിര കളിയില്‍
ജില്ലാ കളക്ടര്‍ ജി.പ്രിയങ്ക ഓണാഘോഷത്തിനിടയിലെ തിരുവാതിര കളിയില്‍

കൊച്ചി: “ലൈവ്‌ലി ഓണം, നല്ല രസമുണ്ടായിരുന്നു...” ഉത്രാട നാളിൽ മക്കളെയും കൂട്ടി ബീച്ചിലേക്കിറങ്ങുമ്പോൾ ജില്ലാ കളക്ടർ ജി. പ്രിയങ്ക അടിപൊളി ഓണം മൂഡിലായിരുന്നു. കഴിഞ്ഞ ഒരാഴ്ചയായുള്ള ഓണാഘോഷവും സദ്യയുമൊക്കെയായി കൊച്ചിയിലെ ആദ്യത്തെ ഓണം കെങ്കേമമാക്കിയ സന്തോഷത്തിലായിരുന്നു കളക്ടർ.

അത്തം പിറന്നതുമുതൽ കളക്ടറേറ്റിലെയും മറ്റിടങ്ങളിലെയും ഓണാഘോഷങ്ങളിലെല്ലാം പങ്കെടുത്ത പ്രിയങ്ക, ഉത്രാടനാൾ കുടുംബത്തിനായി മാറ്റിവെയ്ക്കുകയായിരുന്നു. ഭർത്താവ് നിധീഷ് സിൻഹയ്ക്കും മക്കളായ ഇഷാങ്കിനും കനിഷ്കിനുമൊപ്പം ഓണസദ്യയുണ്ടശേഷം സായാഹ്നത്തിൽ ഒരു ബീച്ച് സവാരിയും കൂടിയായപ്പോൾ പ്രിയങ്ക ഹാപ്പി.

കർണാടക സ്വദേശിയായ പ്രിയങ്ക ഐഎഎസ് ട്രെയിനിങ്ങിന്റെ കാലത്താണ് ആദ്യമായി ഓണം ആഘോഷിക്കുന്നത്. “മസൂറിയിലെ ഐഎഎസ് അക്കാദമിയിലായിരുന്ന സമയത്ത് ഓണം ഞങ്ങൾ അടിച്ചു പൊളിച്ച് ആഘോഷിച്ചിട്ടുണ്ട്. തൃശ്ശൂർ കളക്ടറായ അർജുൻ പാണ്ഡ്യയും പത്തനംതിട്ട കളക്ടറായ പ്രേംകൃഷ്ണയും ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായ അഞ്ജനയുമൊക്കെ മസൂറിയിൽ എന്റെ ബാച്ച്‌മേറ്റുകളായിരുന്നു. അവരൊക്കെ ചേർന്ന് അന്ന് ആഘോഷിച്ച ഓണത്തിന്റെ ഓർമ്മകൾ ഇപ്പോഴും മനസ്സിലുണ്ട്. കേരള കേഡറിൽ സർവീസിൽ എത്തിയിട്ട് ഏഴുവർഷം പിന്നിടുന്നു. ഇക്കാലമത്രയും ഓണം നന്നായി തന്നെയാണ് ഞാൻ കേരളത്തിൽ ആഘോഷിച്ചത്.” പ്രിയങ്ക പറഞ്ഞു. കൊച്ചിയിലെത്തിയ ശേഷമുള്ള ആദ്യത്തെ ഓണം തിരുവാതിരകളിച്ച് ആഘോഷിച്ച നിമിഷവും പ്രിയങ്കയ്ക്ക് മറക്കാനാകില്ല. “കളക്ടറേറ്റിലെ സ്റ്റാഫ് വന്നാണ് ഓണക്കാലത്തെ തിരുവാതിരകളിയുടെ കാര്യം പറഞ്ഞത്. കളികാണാനാണ് അവർ എന്നെ ക്ഷണിച്ചതെങ്കിലും അവരോടൊപ്പം കളിച്ചാലോയെന്നായി എന്റെ ചിന്ത.

ഇക്കാര്യം അവരോട് പറഞ്ഞപ്പോൾ എല്ലാവരും സന്തോഷത്തോടെ എന്നെ പ്രോത്സാഹിപ്പിക്കുകയായിരുന്നു. കളക്ടറേറ്റിൽ ജോലി കഴിഞ്ഞുള്ള സമയത്ത് രണ്ടുമൂന്നു ദിവസം പ്രാക്ടീസ്ചെയ്ത ശേഷമാണ് ഓണാഘോഷത്തിലെ തിരുവാതിരകളി അവതരിപ്പിച്ചത്. കേരള സാരിയുടുത്ത് മുല്ലപ്പൂവും ചൂടിയുള്ള ആ തിരുവാതിരകളി നല്ല രസമായിരുന്നു.” പ്രിയങ്ക പറഞ്ഞു.

എറണാകുളത്ത് കളക്ടറായിവന്ന ശേഷമുള്ള ആദ്യത്തെ ഓണസദ്യ കഴിച്ച് ഒരുവിധമായെന്നാണ് പ്രിയങ്ക പറയുന്നത്. സദ്യയിൽ പുളിശ്ശേരിയും പരിപ്പ് പായസവും ഏറെ ഇഷ്ടപ്പെടുന്ന പ്രിയങ്കയ്ക്ക് അത് എത്ര കഴിച്ചാലും മടുപ്പുമില്ല. “കളക്ടറേറ്റിലെ വിവിധ ഡിപ്പാർട്ട്‌മെന്റുകളുടെ ഓണാഘോഷത്തിന് പുറമേ മറ്റു പല സ്ഥാപനങ്ങളും ആളുകളുമൊക്കെ ഓണാഘോഷത്തിന് ക്ഷണിച്ചിരുന്നു.

ഓണം എല്ലാവർക്കും സന്തോഷം പകരുന്ന ആഘോഷമായതിനാൽ പരമാവധി സ്ഥലങ്ങളിൽ ക്ഷണം സ്വീകരിച്ച് എത്താൻ ഞാൻ ശ്രമിച്ചിരുന്നു. സത്യം പറഞ്ഞാൽ കഴിഞ്ഞ കുറേ ദിവസമായി ഓണസദ്യ കഴിച്ച് ഞാൻ ഒരു വിധമായി...” ചിരിയോടെ പ്രിയങ്ക പറയുമ്പോൾ മക്കൾ യാത്രയ്ക്കായി അരികിലെത്തിയിരുന്നു.

“ഓണം സമത്വത്തിന്റെയും നന്മയുടെയും അടയാളമായ ആഘോഷമാണ്. എറണാകുളത്തിന്റെ കളക്ടർ എന്ന നിലയിൽ ഈ നാടിന് ഇനിയുമേറെ ഐശ്വര്യവും നന്മയുമുണ്ടാകട്ടെ എന്നാണ് ആഗ്രഹം. ഏവർക്കും എന്റെ ഓണാശംസകൾ...” ഓണനാളിലെ സായാഹ്ന സവാരി തുടങ്ങും മുൻപേ പ്രിയങ്ക എല്ലാവർക്കും ആശംസകൾ നേർന്നു.

Content Highlights: Ernakulam district collector G Priyanka celebrates onam