ബെംഗളൂരു മലയാളികളുടെ ഓണപ്പാട്ടിന് രാജ്യാന്തര പുരസ്‌കാരം

.
.

ബെംഗളൂരു: ബെംഗളൂരു മലയാളികളുടെ സംഗീത ബാൻഡായ '11 ദ ബാൻഡ്' പുറത്തിറക്കിയ ഓണപ്പാട്ടിന് രാജ്യാന്തര പുരസ്‌കാര നേട്ടം. റോക്ക് ശൈലിയിൽ ചടുല താളത്തിൽ ഓണത്തെയും കേരളീയ ഗ്രാമപ്രകൃതിയെയും ആവിഷ്‌കരിച്ച 'തക തെയ്' എന്ന ഗാനത്തിന് ലോസ് ആഞ്ജലസ് ആസ്ഥാനമായുളള ഇന്റർ കോൺടിനെന്റൽ മ്യൂസിക് പുരസ്‌കാരമാണ് (ഐസിഎംഎ 2025) ലഭിച്ചത്. 

എഴുപതോളം രാജ്യങ്ങളിൽ നിന്നായി വന്ന 2,500-ഓളം പാട്ടുകൾ മത്സരിച്ചതിൽനിന്ന് ഏഷ്യൻ റോക്ക് വിഭാഗത്തിലെ മികച്ച ഗാനമായാണ് 'തക തെയ്' തിരഞ്ഞെടുക്കപ്പെട്ടത്. ചൈന, തായ്‌ലൻഡ്, റഷ്യ എന്നീ രാജ്യങ്ങളിലെ ഗാനങ്ങളോട് ഫൈനൽ റൗണ്ടിൽ മത്സരിച്ചാണ് തക തെയ് മുന്നിലെത്തിയത്. 

ബെംഗളൂരുവിലെ ഐടി മേഖലയിൽ ജോലിചെയ്യുന്ന ചെറുപ്പക്കാരായ ഏതാനും മലയാളികൾ ചേർന്ന് രൂപം നൽകിയതാണ് '11 ദ ബാൻഡ്'. കഴിഞ്ഞ വർഷത്തെ ഓണക്കാലത്ത് പുറത്തിറക്കിയ പാട്ടാണിത്. പ്രശസ്ത പിന്നണിഗായിക മൃദുല വാരിയരുടെ ജ്യോഷ്ഠനും ഗായകനുമായ ജയ്ദീപ് വാരിയരാണ് 11 ദ ബാൻഡിന്റെ അമരക്കാരനും പ്രധാന ഗായകനും. വി.കെ.റോഷനാണ് ഗാനം രചിച്ചത്. 

പഴമയും പുതുമയും നിറഞ്ഞ റോക്ക് ശൈലിയിലാണ് ഗാനം അണിയിച്ചൊരുക്കിയിരിക്കുന്നത്. വിമൽ(കീ ബോർഡ്), ബിപിൻ(മ്യൂസിക് ആൻഡ് ബാസ്), പി.എസ്.പ്രീത്(പ്രോഗ്രാമിങ്), പി.എസ്.പ്രശാന്ത്(ഡ്രംസ്), ഷാജി ചുണ്ടൻ(റിഥം, ഗിറ്റാർ), ശാലിനി പ്രമോദ്(പ്രൊഡക്ഷൻ) എന്നിവരും അണിയറയിലുണ്ട്. 

11 ദ ബാൻഡിന്റെ ആദ്യ ഗാനമായ തക തെയ് യൂട്യൂബിൽ ഇതുവരെ ഒന്നര ലക്ഷത്തിലധികം പേർ ആസ്വദിച്ചു. പിന്നീടിറക്കിയ തിറ എന്ന ഗാനം 12,000-ഓളം പേർ കണ്ടു. പുതുതായി ഒരു ട്രാവൽ സോങ് പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് സംഘം. ഇരിട്ടിപ്പാലം എന്ന ഈ ഗാനത്തിന്റെ ചിത്രീകരണത്തിനായി കേരളത്തിലേക്ക് പോകാനിരിക്കുമ്പോഴാണ് 'തക തെയ്'ക്ക് പുരസ്‌കാരമെത്തിയത്.

Content Highlights: Malayali band `11 The Band` wins InterContinental Music Award for their Onam song `Taka They`