എളുപ്പത്തില്‍ തയ്യാറാക്കാം നെയ്യ്പായസം

#പ്രവിദ. റ്റി
നെയ്യ്പായസം
നെയ്യ്പായസം

നെയ് പായസത്തിന് മലയാളികളുടെ മനസ്സിലും രുചി മുകുളങ്ങളിലും എന്നും ഒരു പ്രത്യേക സ്ഥാനമുണ്ട്. മാധവിക്കുട്ടിയുടെ നെയ്യ്പായസം വായിക്കാത്തവരായും നെയ്പായസം രുചിക്കാവരുമായ മലയാളികള്‍ തന്നെ ചുരുക്കമായിരിക്കും. ദേവീക്ഷേത്രങ്ങളില്‍ നിവേദ്യമര്‍പ്പിക്കുന്നതിനായി തയ്യാറാക്കിയിരുന്ന വിഭവമാണ് നെയ്യ്പായസം. പലതരം പ്രഥമനുകള്‍ സദ്യകളിലെ പ്രധാനി ആയെങ്കിലും ഇന്നും പലയിടങ്ങളിലും സദ്യക്കൊപ്പം ഒരിത്തിരി എങ്കിലും നെയ്യ്പായസം വിളമ്പാറുണ്ട്. 

സ്വാദിഷ്ടമായ നെയ്യ്പായസം എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കിയാലോ

തയ്യാറാക്കാന്‍ ആവശ്യമായ ചേരുവകള്‍

  • ഉണക്കലരി - 500 ഗ്രാം
  • ശര്‍ക്കര - 1 കിലോഗ്രാം
  • നെയ്യ്- 75 ഗ്രാം മുതല്‍ 100 ഗ്രാം വരെ 
  • ഉണക്കമുന്തിരി- 50 ഗ്രാം ( ആവശ്യമെങ്കില്‍ )
  • കല്‍ക്കണ്ടം - 50 ഗ്രാം ( ആവശ്യമെങ്കില്‍) 

തയ്യാറാക്കുന്ന വിധം

ഉണക്കലരി വെന്തുവരാന്‍ ആവശ്യമായ അളവില്‍ മാത്രം വെള്ളം വെച്ച് അധികം വെന്തു പോകാതെ അരി വേകിച്ചെടുക്കണം. ഉണക്കലരി എടുക്കുന്നതിന്റെ ഇരട്ടി അളവില്‍ വേണം ശര്‍ക്കര നെയ്യ്പായസത്തില്‍ ചേര്‍ക്കാന്‍. ഉണക്കലരി പാകമായതിന് ശേഷം ശര്‍ക്കര പാനിയാക്കി അരിയിലേക്ക് ചേര്‍ത്ത് കുറുകി വരുന്നത് വരെ ഉടഞ്ഞ് പോകാതെ ഇളക്കണം. ഈ കൂട്ട് നന്നായി കുറുകി വന്നതിന് ശേഷം നെയ് പായസത്തിന്റെ പ്രധാനിയായ നെയ്യ് ചേര്‍ക്കണം. നെയ്യ് പായസത്തിലേക്ക് ചേര്‍ന്ന് കഴിഞ്ഞാല്‍ നെയ്യില്‍ വറുത്ത് ഉണക്കമുന്തിരിയും പൊടിച്ച കല്‍ക്കണ്ടവും ചേര്‍ത്ത് അടുപ്പില്‍ നിന്ന് മാറ്റി വയ്ക്കാം. 


ഫ്രിഡ്ജില്‍ സൂക്ഷിക്കുക ആണെങ്കില്‍ ഒരാഴ്ച്ചയോളം നെയ്യ്പായസം കേടുകൂടാതെ ഇരിക്കുന്നതാണ്. ഈ ഓണക്കാലത്ത് പഴമയുടെ രുചികളും നാവില്‍ തീര്‍ക്കട്ടെ രുചിയുടെ വിസ്മയങ്ങള്‍. 

Content Highlights: Ney Paysam Recipe Onam Sadhya Traditional dishes Sadhya Recipe