ഓണാനിലാക്കുളിരിൽ വിരിഞ്ഞ ഓർമപ്പൂക്കൾ

ഓണാശംസകൾ ഓർമ്മിപ്പിക്കുന്ന ഒരു ഓണക്കാലം വീണ്ടും നമ്മുടെ പടിവാതിൽക്കലിൽ.. പഴയ ഓണക്കാലങ്ങളുടെ പ്രൗഢിയും ആഘോഷങ്ങളും ഐശ്വര്യവും വർണ്ണങ്ങളും സ്നേഹവും ഇന്നില്ല. എങ്കിലും ഓണത്തിന്റെ തിളക്കമാർന്ന ആ നല്ല ഓർമ്മകൾ പകരുന്ന വർണ്ണാഭമായ ചിന്തകൾകൊണ്ട് നമ്മുടെയൊക്കെ മനസ്സുകളിൽ നാം പൂക്കളങ്ങൾ തീർക്കുന്നു. കൂടെ നാം അറിയാതെ കുറെ നൊമ്പരങ്ങളും മനസ്സിൽ ചേക്കേറുന്നു. എങ്കിലും നമുക്ക് വീണ്ടുമൊരു പൊന്നോണം കൂടി ആഘോഷിക്കാം. നിങ്ങൾ ഏവരും കാണുവാൻ കൊതിക്കുന്ന വർണ്ണങ്ങളും കേൾക്കാനായി കാതോർത്തിരുന്ന ഓണപ്പാട്ടുകളും കൊണ്ട് ധന്യമാകട്ടെ ഈ ഓണക്കാലങ്ങൾ.
ഏറെ പ്രതീക്ഷകളും മോഹങ്ങളും നമ്മുടെ മനസ്സുകളിൽ മാധുര്യമേറിയ ഓണപ്പാട്ടുകളുടെ ഈരടികൾ പോലെ അലയടിക്കുമ്പോൾ ഇനിയൊരു ഓണക്കാലത്തെ വരവേൽക്കുവാനായി ഓരോ മലയാളിയും ഒരുങ്ങുകയാണ്. ഓണത്തെക്കുറിച്ച് ആലോചിക്കുമ്പോൾ ആ നല്ല നാളുകളുടെ വർണ്ണസുരഭിലമായ ഓർമ്മകൾ നമുക്കെല്ലാം ഒരു പുത്തൻ ഉണർവ് നൽകി, നമ്മെ മുന്നോട്ടു നയിക്കുന്നു... അനന്തമായ ലക്ഷ്യത്തിലേക്ക്.....
ബാല്യകൗമാര കാലങ്ങളിലെ ഓണങ്ങൾ തന്നെയാണ് നമുക്ക് ഏറ്റവും പ്രിയപ്പെട്ടതും ആ ഓർമ്മകൾ തന്നെയാണ് നമ്മുടെ മനസ്സുകളിൽ മായാതെ തെളിഞ്ഞു നിൽക്കുന്നതും. ഓണക്കാലങ്ങളിൽ പത്തായപ്പുരയിൽ കഴിച്ചുകൂട്ടിയ രാത്രികളും പാലപ്പൂവിന്റെ വശ്യഗന്ധം ഉറക്കം നഷ്ടപ്പെടുത്തിയ രാത്രികളും രാത്രിയുടെ അന്ത്യയാമങ്ങളിൽ പാലച്ചുവട്ടിൽ ഇരുന്ന്, പൂർണ്ണചന്ദ്രനെ നോക്കി, ആ നിലാവിന്റെ കുളിരും സൗന്ദര്യവും മതിയാവോളം ആസ്വദിച്ചതും എന്നും ഞാൻ എന്റെ മനസ്സിനോട് ചേർത്തുവയ്ക്കുന്ന ഓർമ്മകൾ തന്നെയാണ്. കൗമാരയൗവന കാലങ്ങളിൽ കണ്ണുകൊണ്ട് അളന്നുതീർത്ത പാടങ്ങളും മനസ്സുകൊണ്ട് കീഴടക്കിയ കുന്നുകളും മനസ്സിൽ കാണാത്ത ഛായാചിത്രങ്ങൾ വരച്ചു. നാട്ടിൻപുറത്തെ ശാലീനസൗന്ദര്യം മുഴുവനായും മനസ്സിൽ ഒപ്പിയെടുത്ത ആ സുവർണ്ണകാലങ്ങൾ....
ഓണക്കാലങ്ങളിലെ അനുഭവങ്ങൾ ചിലതെല്ലാം ഏറെ രസകരവും ഇപ്പോൾ അവയെക്കുറിച്ച് ഓർക്കുമ്പോൾ അന്നുണ്ടായിരുന്ന ധൈര്യവും ആത്മവിശ്വാസവും ജീവിതത്തിൽ പിന്നീട് ഏറെ ഗുണം ചെയ്തിട്ടുണ്ടെന്നും മനസ്സിലാക്കുന്നു. സ്ഥിരമായി ഞങ്ങളുടെ വീടിന്റെ പിറകുവശത്തുള്ള പറമ്പിൽ കെട്ടാറുള്ള അമ്പലത്തിലെ ആനയെ എനിക്ക് ഏറെ ഇഷ്ടമായിരുന്നു. അവനെന്നെയും... ഒരോണം ഉത്രാടംനാളിൽ ഉച്ചഭക്ഷണം കഴിഞ്ഞ് എല്ലാവരും ഉറക്കമായപ്പോൾ ഞാൻ ആരുമറിയാതെ ആനയുടെ അടുത്തുചെന്ന് പാപ്പാനോട് എന്നെ ആനപ്പുറത്ത് കയറ്റുവാൻ ആവശ്യപ്പെട്ടപ്പോൾ ഒട്ടും സംശയിക്കാതെ എന്നെ ആനപ്പുറത്തു കയറ്റി പറമ്പിലൂടെ ഒരു ചെറിയ സവാരി നടത്തിയത് ഇന്ന് ഓർമ്മ വരുന്നു. ഇത് കണ്ടുവന്ന അച്ഛന്റെ ശകാരവും ഓർമ്മയിൽ തെളിഞ്ഞു നിൽക്കുന്നു.
ഒരു ഓണക്കാലത്താണ് സൈക്കിൾ ചവിട്ടുവാൻ പഠിച്ചത്. സൈക്കിളിൽ വീട്ടിലേക്ക് തിരിച്ചുവരുന്ന സമയത്ത് എതിരെ വന്ന ലോറിക്ക് സൈഡ് കൊടുക്കുമ്പോൾ വെള്ളം പോകുന്ന ചാലിലേക്ക് മറിഞ്ഞുവീണത് ഇന്നും ഓർക്കുന്നു. ദേഹമാസകലം മുറിവുകളുമായി വീട്ടിലെത്തിയ എനിക്ക് ശരീരത്തിലെ മുറിവുകൾ നൽകിയ വേദനയേക്കാൾ അശ്രദ്ധയോടെ സൈക്കിൾ ഓടിച്ചതിന് കിട്ടിയ ശകാരവാക്കുകൾ നൽകിയ വേദനയാണ് ഓർമ്മയിൽ..
ഓണത്തെക്കുറിച്ച് ഓർക്കുമ്പോൾ പഴയ ഓണപ്പാട്ടുകൾ നമ്മുടെ മനസ്സുകളിൽ ഇന്നും സജീവം. ഓണക്കാലങ്ങൾക്ക് ഏറെ നിറവും സൗന്ദര്യവും സൗരഭ്യവും ഭാവനയും പകർന്ന് നമ്മുടെ മനസ്സുകളിൽ സന്തോഷത്തിന്റെയും സ്നേഹത്തിന്റെയും പൂക്കളങ്ങൾ തീർത്ത ആ ഗാനങ്ങൾ ഓണത്തിന്റെ ഗതകാലസ്മരണകൾ പങ്കുവെക്കുന്നു.
എന്റെ ഒരു സുഹൃത്തിന്റെ വാക്കുകളിങ്ങനെ."നിലാവ് പെയ്യുന്ന ഒരു ഉത്രാട രാത്രിയിൽ, പഴയ തറവാട്ട് മുറ്റത്ത് ഒരു ചാരുകസേരയിൽ പൂർണ്ണ ചന്ദ്രനെ നോക്കി ഗാനഗന്ധർവ്വൻ ആലപിച്ച ഒരു ഓണപ്പാട്ടിന്റെ വരികൾ ഓർത്തു കിടന്നപ്പോൾ എന്റെ മനസ്സിലൂടെ കടന്നുപോയ വികാരവിചാരങ്ങൾ അനിർവചനീയമാണ്.. മനസ്സിനെ കടിഞ്ഞാൺ ഇടാൻ ഏറെ ബുദ്ധിമുട്ടിയ ആ വരികളുടെ രചന പി.എസ്. നമ്പീശന്റേതാണ്.
ഉത്രാടരാവേ വരുമോ നീ,
ഉലയാത്ത പൂനിലാ പുടവ ചുറ്റി,
ആളറിയാതെ അനക്കമില്ലാതെ,
ആശ്രമവും അറിയാതെ,
എന്റെ ആത്മാവ് പോലും അറിയാതെ.
അച്ഛന്റെയും അമ്മയുടെയും ഓർമ്മകൾ സുഹൃത്തിന്റെ വാക്കുകളിൽ....
"വാർദ്ധക്യത്തിലും ഉന്മേഷത്തോടെ ജീവിച്ച അച്ഛന്റെയും, നാമജപവും പൂജയും ഏകാദശി-ഷഷ്ഠി വ്രതങ്ങൾ നോറ്റും കഴിച്ചുകൂട്ടിയ അമ്മയുടെയും ഓർമ്മകൾ നിറഞ്ഞുനിന്ന ആ തറവാട് ഇന്ന് ഓർമ്മകളായി". ഇത് പറയുമ്പോൾ ആ കണ്ണുകൾ നനയുന്നത് ഞാൻ ശ്രദ്ധിച്ചു.
ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾ നമ്മുടെയൊക്കെ മനസ്സുകളെ ഏറെ നൊമ്പരപ്പെടുത്തുന്നവയാണ്.
ഉണ്ണിക്കാലടികൾ പിച്ച നടന്നൊരീ
മണ്ണിനെ ഞാനിന്നും സ്നേഹിക്കുന്നു,
ആർദ്രമാം ചന്ദനത്തടിയിൽ എരിഞ്ഞൊരെൻ അച്ഛന്റെ ഓർമ്മയെ സ്നേഹിക്കുന്നു,
അരത്തുടം കണ്ണീരിൽ അത്താഴം വിളമ്പിയോരമ്മതൻ ഓർമ്മയെ സ്നേഹിക്കുന്നു.
കളി തീരുന്നതിനു മുൻപ് അരങ്ങൊഴിഞ്ഞ അനശ്വരകവി ഗിരീഷിന്റെ ആത്മാവ് ഇന്നും ഓണക്കാലത്ത് നമ്മുടെ മലയാളനാട്ടിൽ എത്തുമെന്ന് ഞാൻ കരുതുന്നു. കാരണം ഭാഷയെയും മലയാള സംഗീതത്തെയും പ്രകൃതിയെയും ഗിരീഷ് അത്രക്കും സ്നേഹിച്ചിരുന്നു... പ്രണയിച്ചിരുന്നു....
ആവോളം ആസ്വദിച്ച് മതിവരാത്ത ആ കാലങ്ങൾ ഇനി ഒരിക്കൽ കൂടി തിരിച്ചുവന്നെങ്കിൽ എന്നോരോ ഓണക്കാലങ്ങളിലും മോഹിക്കാറുണ്ട്. അത് വെറും മോഹം ആണെന്നാലോചിക്കുമ്പോൾ മനസ്സിൽ ഏറെ നഷ്ടബോധം മാത്രം..
ആർ.കെ. ദാമോദരൻ എഴുതി രവീന്ദ്രൻ മാസ്റ്റർ സംഗീതം നൽകിയ ഓണപ്പാട്ടിലെ വരികൾ ആ നല്ല കാലങ്ങളുടെ ഓർമ്മകൾ പങ്കു വെക്കുന്നു.
ഒരു കുടന്ന നിലാവും
ഒരു കുമ്പിൾ പൂവും
ഓണവും അതിന്നീണവും
ഓർമയായി വെറും
ഓർമയായി!
Content Highlights: article on onam songs and memories kk menon