നാടന്‍പാട്ടും അനുഷ്ഠാനകലകളുടെ ദൃശ്യവിരുന്നുമായി 'കൊച്ചിന്‍ പാണ്ടവാസ് ലൈവ്' മ്യൂസിക് ഓഗസ്റ്റ് 19ന്

കൊച്ചി: ഓണാഘോഷത്തോട് അനുബന്ധിച്ച് മാതൃഭൂമി ഡോട്ട് കോം ഒരുക്കുന്ന 'കൊച്ചിന്‍ പാണ്ടവാസ് ലൈവ്' സംഗീതനിശ ഓഗസ്റ്റ് 19ന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കും. വൈകീട്ട് ആറ് മണിക്ക് ആരംഭിക്കുന്ന സംഗീത നിശയില്‍ പ്രവേശനം സൗജന്യമാണ്.
നാടന്‍പാട്ടിന്റെ വേദിയില്‍ അനുഷ്ഠാനകലകളുടെ ദൃശ്യചാരുത കൂടി ചേര്‍ത്ത് വെച്ച് നിറഞ്ഞുപാടി, ഉറഞ്ഞാടുന്ന കൊച്ചിന്‍ പാണ്ടവാസിന്റെ പവര്‍ഫുള്‍ പെര്‍ഫോമന്‍സ് ആള്‍ക്കൂട്ടത്തിന് എന്നും ഹരമാണ്. തെയ്യം, തിറ, കരിങ്കാളിയാട്ടം, മുടിയാട്ടം, പരുന്താട്ടം, കാളകളി, കുതിരകളി, പൊട്ടന്‍ തെയ്യം, മലവാഴിയാട്ടത്തിലെ മാണിമുത്തപ്പന്‍, ശ്രീലങ്കം നാടോടി നാടകം... ഇവയുടെല്ലാം പൊലിമ നിറയുന്ന അരങ്ങാണ് കൊച്ചിന്‍ പാണ്ടവാസിന്റേത്.
എട്ട് വര്‍ഷം മുമ്പ് രൂപീകരിച്ച കൊച്ചിന്‍ പാണ്ടവാസ് ഇതിനകം സ്വദേശത്തും വിദേശത്തുമായി ആയിരത്തിലധികം വേദികളില്‍ പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. പന്ത്രണ്ട് ഗായകരുള്ള കൊച്ചിന്‍ പാണ്ടവാസില്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് അടക്കം ആകെ 25 പേരാണ് ഉള്ളത്. 'താരകപ്പെണ്ണാളേ' എന്ന ജനപ്രിയ ഗാനം ആദ്യമായി വേദിയില്‍ പാടിയ സുധി നെട്ടൂര്‍ ആണ് ഏറ്റവും സീനിയര്‍.
ഫോക്‌ലോര്‍ ഫെലോഷിപ്, ഫോക്‌ലോര്‍ യുവ പ്രതിഭാപുരസ്‌കാരം, കലാഭവന്‍ മണി ഫൗണ്ടേഷന്‍ അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ നേടിയ കലാകാരന്മാരുടെ സംഘമാണിത്. നാടന്‍പാട്ടുകളും ഇന്നിന്റെ എഴുത്തുപാട്ടുകളും അനുഷ്ഠാന കലകളുടെ ദൃശ്യപ്പൊലിമയും കൊച്ചിന്‍ പാണ്ടവാസിന്റെ സംഗീതപരിപാടികളെ വേറിട്ടതാക്കുന്നു.
ചുങ്കത്ത് ജ്വല്ലറിയാണ് 'കൊച്ചിന്‍ പാണ്ടവാസ് ലൈവി'ന്റെ ടൈറ്റില്‍ സ്പോണ്‍സര്‍. പവേര്‍ഡ് ബൈ സ്പോണ്‍സര്‍ കെഎസ്എഫ്ഇ ആണ്.
Content Highlights: kochin pandavas live music performance