നോർക്ക റൂട്ട്സ്: പ്രവാസികൾക്ക് കേരളത്തിന്റെ കരുതൽ

കേരളത്തിന് പുറത്ത് ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലും താമസിക്കുന്ന / ജോലി ചെയ്യുന്ന കേരളീയരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും അവകാശങ്ങൾ പരിരക്ഷിക്കുന്നതിനും വേണ്ടി പ്രവർത്തിക്കുന്ന സംസ്ഥാന നോർക്ക വകുപ്പിന്റെ ഫീൽഡ് ഏജൻസിയാണ് നോർക്ക റൂട്ട്സ്. 2002ൽ രൂപവൽക്കരിക്കപ്പെട്ട നോർക്ക റൂട്ട്സ് പ്രവാസി മലയാളികളുമായി ബന്ധപ്പെട്ട നോഡൽ ഏജൻസിയായി പ്രവർത്തിക്കുന്നു.
കേരളത്തിന് പുറത്തേക്ക് തൊഴിൽ തേടി പോകുന്നവർക്ക് സുരക്ഷിതമായ പ്രവാസം ഉറപ്പാക്കുന്നതു മുതൽ, വിദേശത്ത് ആദായകരവും നിയമപരവുമായ തൊഴിൽ ലഭ്യമാക്കുന്നതും നാട്ടിൽ തിരിച്ചെത്തുന്ന പ്രവാസികളുടെ പുനരധിവാസവും സാമൂഹിക സമന്വയവും ഉറപ്പാക്കുന്നതും നോർക്ക റൂട്ട്സിന്റെ ലക്ഷ്യങ്ങളാണ്. പ്രവാസി മലയാളികളുടെയും പ്രവാസികളാകാൻ സാധ്യതയുള്ളവരുടെയെും തൊഴിൽ വൈദഗ്ധ്യം ഉറപ്പാക്കുന്നതിനുള്ള പരിശീലനം നൽകുക, അശരണരും രോഗികളുമായി നാട്ടിൽ തിരിച്ചെത്തുന്നവർക്ക് ധനസഹായം ലഭ്യമാക്കുക തുടങ്ങിയ വിവിധ പ്രവർത്തനങ്ങളിലൂടെ നോർക്ക റൂട്ട്സ് പ്രവാസികൾക്ക് പിന്തുണയും സഹായവും നൽകുന്നു.
പ്രവാസകാലത്ത് നോർക്ക റൂട്ട്സ് ലഭ്യമാക്കുന്ന സേവനങ്ങൾ
പ്രവാസികൾക്ക് അവർ വിദേശത്ത് ആയിരിക്കുമ്പോൾ ഒട്ടനവധി സേവനങ്ങൾ നോർക്ക റൂട്ട്സ് ലഭ്യമാക്കുന്നുണ്ട്. നോർക്ക റൂട്ട്സ് നൽകുന്ന വിവിധ തിരിച്ചറിയൽ കാർഡുകൾ വഴി പ്രവാസികൾക്ക് ലഭിക്കുന്ന പരിരക്ഷകൾ, അടിയന്തിര സാഹചര്യങ്ങളിൽ വിദേശത്ത് നിന്ന് പ്രവാസികളെ തിരികെയെത്തിക്കുന്നതിനും മരണമടഞ്ഞ പ്രവാസികളുടെ ഭൗതീകശരീരം നാട്ടിലെത്തിക്കുന്നതിനുമുള്ള സേവനങ്ങൾ, രോഗബാധിതരായി എത്തുന്ന പ്രവാസികളെയും മരണമടഞ്ഞവരെയും വിമാനത്താവളത്തിൽ നിന്ന് സൗജന്യമായി എത്തിക്കുന്നതിനുള്ള പദ്ധതി, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പ്രവാസികളുടെയും വിദേശത്ത് നിന്ന് തിരിച്ചത്തിയവരുടെയും, കോവിഡ് ബാധിച്ച് വിദേശത്തോ സ്വദേശത്തോ മരിച്ച പ്രവാസികളുടെയും മക്കൾക്കുള്ള വേണ്ടിയുള്ള പദ്ധതികൾ, അജ്ഞത മൂലം അന്യനാട്ടിൽ വച്ച് നിയമക്കുരുക്കിൽ പെട്ടുപോകുന്നവർക്കുള്ള നിയമ സഹായം തുടങ്ങിയെല്ലാം ഇക്കൂട്ടത്തിൽപ്പെടുന്നു.
Content Highlights: norka care insurance