ജലപാതയ്ക്ക് ആഴംകൂട്ടിയപ്പോള്‍ വാരിയിട്ട മണ്ണ് ദ്വീപായി; ഇവിടെയിപ്പോള്‍ എന്നും ജലോത്സവമാണ്

ദേശീയജലപാതയ്ക്ക് വേണ്ടി ആഴംകൂട്ടിയപ്പോള്‍ വാരിയിട്ട മണ്ണും ചെളിയും മണല്‍പ്പുറമായി. അവിടെ കണ്ടല്‍ച്ചെടികള്‍ വളര്‍ന്നു. അങ്ങിനെ വിശാലമായ കായല്‍നടുവില്‍ ഒരു കാനനതുരുത്ത് ഉണ്ടായി. അവിടേക്ക് സഞ്ചാരികളെ കൊണ്ടുപോവുമ്പോള്‍ ആദ്യം പലരും മൂക്കത്ത് വിരല്‍വെച്ചു. ഇതെന്താ നീര്‍നായയെ കാണിക്കാന്‍ കൊണ്ടുപോവുകയാണോ എന്ന് കളിയാക്കി. എന്നാല്‍ വിദേശികളുമായി പോയപ്പോള്‍ അവര്‍ ഞണ്ട് പിടിക്കുന്നതും മുരിങ്ങയിറച്ചി എടുക്കുന്നതുമെല്ലാം കൗതുകത്തോടെ കണ്ടിരുന്നു. വിദേശികള്‍ക്ക് ഇഷ്ടപ്പെട്ട സ്ഥിതിക്ക് ഇത് സ്വദേശികള്‍ക്കും ഇഷ്ടമാവും എന്ന പ്രതീക്ഷയോടെ കൊല്ലം വിനോദസഞ്ചാരവികസന കൗണ്‍സില്‍ പ്രതീക്ഷയോടെ ഇരുന്നു. ഇന്ന് ദിവസേനെ ആയിരക്കണക്കിന് സഞ്ചാരികളെത്തി ഉല്ലസിച്ച് മടങ്ങിപോവുന്നൊരിടമായി ഇവിടം മാറിയിരിക്കുന്നു.
കെ.എസ്.ആര്‍.ടി.സി ബസ്സുകളുടെ പ്രത്യേക സര്‍വീസ്, സംസ്ഥാമജലഗതാഗക വകുപ്പിന്റെ ബോട്ട് സര്‍വീസ്, പ്രൈവറ്റ് ബോട്ട് സര്‍വീസുകളും.... അങ്ങിനെ അവധി ദിവസങ്ങളില്‍ മാത്രമല്ല എല്ലാ ദിവസവും ജനം ഒഴുകിയെത്തുന്നു. ബോട്ടുകളും, ജനവും, കച്ചവടവും ആയതോടെ കായല്‍നടുവില്‍ ഉത്സവമേളം പോലെയായി. കടവില്‍ പാര്‍ക്കിങ് സൗകര്യം കുറവായതിനാല്‍ തൊട്ടടുത്തുള്ള ഒഴിഞ്ഞ പറമ്പുകളെല്ലാം സ്വകാര്യ പാര്‍ക്കിങ് ഇടങ്ങളുമായി. കൊല്ലം നഗരത്തില്‍ നിന്നും അഞ്ചാലുംമൂട് പ്രാക്കുളം വഴി സാമ്പ്രാണിക്കോടി ബോട്ട് ജെട്ടിയിലെത്തിയാണ് ഇങ്ങോട്ട് പ്രവേശിക്കേണ്ടത്.
150 രൂപയാണിപ്പോള്‍ പ്രവേശന ഫീസ്. 41 ബോട്ടുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. രാവിലെ 9 മണിമുതല്‍ നാലരവരെയാണ് പ്രവേശനം. ടിക്കറ്റെടുത്ത് ബോട്ടില്‍ കയറി തുരുത്തിലെ വെള്ളത്തിലറങ്ങി നടക്കാം കളിക്കാം. ഉപ്പൂട്ടി, ചെറുഉപ്പൂട്ടി, നക്ഷത്രകണ്ടല്‍, മഞ്ഞകണ്ടല്‍, ഭ്രാന്തന്‍കണ്ടല്‍ എന്നിങ്ങനെ അഞ്ചിനം കണ്ടലുകള്‍ ഇവിടെയുണ്ട്. ഇവയെ പരിചയപ്പെടാം. വെള്ളത്തിലും കണ്ടല്‍ചെടികളിലും നിന്ന് ഫോട്ടോയെടുക്കാം. വെള്ളത്തില്‍ മേശകളിട്ട് ഉപ്പിലിട്ടതും ശീതളപാനീയങ്ങളുമെല്ലാം വില്‍ക്കുന്ന കടകളുമുണ്ട്. ഇക്കരം ബോട്ട് ജെട്ടിക്കുസമീപം ഭക്ഷണം കഴിക്കാന്‍ ഹോട്ടലുകളുണ്ട്.
സീ അഷ്ടമുടി എന്നൊരു സര്‍വീസ് വേറെയുണ്ട്. കൊല്ലം ബോട്ട് ജെട്ടിയില്‍ നിന്നും രാവിലെ പുറപ്പെടുന്ന ഈ ബോട്ട് അഷ്ടമുടിക്കായലിലെ പ്രധാനകാഴ്ചകളെല്ലാം കാണിച്ച് കല്ലടയാറില്‍ പോയി തിരിച്ചു വരും വഴി സാമ്പ്രാണിക്കോടിയില്‍ ഒരു മണിക്കൂര്‍ നിര്‍ത്തിയിടും. അതില്‍ ബുക്ക് ചെയ്തവര്‍ക്ക് താത്പര്യമുണ്ടെങ്കില്‍ ഇവിടെ നിന്നും ടിക്കറ്റെടുത്ത് തുരുത്ത് സന്ദര്‍ശിക്കാം. സീ അഷ്ടമുടിയില്‍ താഴെ 400 രൂപയും അപ്പര്‍ഡെക്കില്‍ 500 രൂപയുമാണ് ടിക്കറ്റ്് നിരക്ക്. മുന്‍കൂട്ടി ബുക്ക് ചെയ്യാം.
2018 നവംബര്‍ 30നാണ് സാമ്പ്രാണിക്കോടി വിനോദസഞ്ചാര പദ്ധതി ഔപചാരികമായി തുടങ്ങുന്നത്. അന്ന് വല്ലപ്പോഴും വരുന്ന സഞ്ചാരിയെയും കാത്ത് ഒരു ബോട്ടുമായി കാത്തിരുന്ന കാലം ഇവിടുത്തെ ബോട്ട് ഓപ്പറേറ്റര്‍മാരില്‍ ഒരാളായ മെല്‍വിന്‍ ഓര്‍ക്കുന്നു. ആരും വന്നില്ലെങ്കിലും വരുന്നവര്‍ മടങ്ങിപോവരുതെന്ന ചിന്തയോടെ കാത്തിരുന്നു. ഒരിക്കല്‍ വന്നവര്‍ വീണ്ടും വരുന്നുണ്ടെന്നു കണ്ടതാണ് ഇത് സഞ്ചാരികള്‍ക്ക് ഇഷ്ടമാവും എന്നു ഡി.ടി.പി.സിയെ കൊണ്ട് ഉറപ്പിച്ചത്. കോവിഡ് നിയന്ത്രണകാലം കഴിഞ്ഞതോടെ പുതിയ ഭാവത്തിലും രൂപത്തിലും അത് ഹിറ്റാവുകയും ചെയ്തു. ഇന്ന് എന്നും ജലോത്സവമൊരുക്കി സാമ്പ്രാണിക്കോടി തുരുത്ത് കൂടുതല്‍ പച്ചപിടിക്കുന്നു.
Content Highlights: sambranikodi island tourism national tourism day