യക്ഷിയും നാഗവും നിറഞ്ഞാടുന്ന പെരുമ്പളം; വേമ്പനാട് കായലിന് നടുവിലെ മരതകദ്വീപ്

വള്ളങ്ങളിലും ബോട്ടിലും ജങ്കാറിലും മാത്രം എത്താവുന്ന നാടാണ് പെരുമ്പളം. കേരളത്തില്‍ കായലിന് കുറുകെയുള്ള ഏറ്റവും വലിയ പാലം പെരുമ്പളത്തേക്ക് അതിദ്രുതം പണി തീരുകയാണെങ്കിലും ഈ ദ്വീപിന് പുറംലോകവുമായുള്ള ബന്ധം ജല മാര്‍ഗ്ഗം മാത്രമാണ്. ആലപ്പുഴ ജില്ലയുടെ ഭാഗമാണെങ്കിലും കോട്ടയം, എറണാകുളം ജില്ലകളോടും തൊട്ട് ചേര്‍ന്നാണ് വേമ്പനാട് കായലിന് നടുവിലാണ് പെരുമ്പളത്തിന്റെ കിടപ്പ്.
നിറയെ കാവുകളുള്ള ഉത്സവ നാളുകളായാല്‍ യക്ഷിയും ഗന്ധര്‍വ്വനും നാഗവും നിറഞ്ഞാടുന്ന ഗ്രാമം. ഒറ്റയടിപ്പാതകളും ഇടവഴികളും കുളങ്ങളും
പാടങ്ങളും ഓരോ വഴിയും അവസാനിക്കുന്നിടത്ത് അമ്പലങ്ങളും ഉള്ള നാട്. ഒറ്റയടിപ്പാതയിലൊന്നില്‍ നടന്ന് തുടങ്ങുമ്പോള്‍ വെറ്റില ചെടികളുടെ ഇലകളാരോ ഇറുത്തപ്പോഴത്തെ കൊതിപ്പിക്കുന്ന ഗന്ധം... 'തളിര്‍ വെറ്റിലയുണ്ടോ വരദക്ഷിണ വയ്ക്കാന്‍' എന്നൊരു റീലിപ്പോ തട്ടിയേക്കാമെന്നോര്‍ത്തു.
നിലക്കടല കൃഷിയുടെ കാഴ്ചകള്‍. എള്ളും ആ പാടങ്ങളില്‍ വിതയ്ക്കുമത്രേ. കായലരികില്‍ നിന്ന് ചിത്രമെടുക്കുമ്പോഴാണ് വല വലിക്കുന്ന ചെറുപ്പക്കാര്‍ ജീവനുള്ള കൊഞ്ചിനെ ഉയര്‍ത്തിപ്പിടിച്ചിട്ട് തൊട്ട് നോക്കുന്നോ എന്ന് ചോദിച്ചത്. വലയില്‍ നിറയെ ചാടി മറിയുന്ന ചെമ്മീനുകള്‍. വലയില്‍ ഇഴഞ്ഞ് നീങ്ങുന്ന മത്സ്യത്തിന്റെ പേര് ആരോന്‍ എന്നാണത്രേ.... കൂട്ടിന് പൂളോനും....
തൊട്ടപ്പുറത്ത് കുറച്ച് പേര്‍ കക്ക പുഴുങ്ങി ഇറച്ചി മാറ്റി എടുക്കുകയാണ്. മുണ്ടകന്‍ വിളഞ്ഞിരുന്ന പാടത്ത് മധുര തക്കാളിയും കുക്കുമ്പറും നെയ്ക്കുമ്പളവും സമൃദ്ധമായി നിറഞ്ഞ് കിടക്കുന്നത് കണ്ട് മനം നിറഞ്ഞപ്പോഴുണ്ട് പല നിറത്തിലെ പഴുത്ത പപ്പായയും മഞ്ഞയും ചുവപ്പും നിറങ്ങളിലെ തണ്ണിമത്തന്‍ അരിഞ്ഞതുമായി പെരുമ്പളത്തിന്റെ കാര്‍ഷിക ചരിത്രം മാറ്റിയെഴുതിയ ശ്രീകുമാര്‍ എന്ന ചെറുപ്പക്കാരന്‍ വരുന്നു. എനിക്കയാളുടെ കാല്‍ തൊട്ട് വന്ദിക്കണമെന്ന് തോന്നി. ചൊരിമണലില്‍ അയാള്‍ പൊന്ന് വിളയിക്കുകയാണ്. ടിപ്പുവിന്റെ പടയോട്ടകാലത്ത് പട പേടിച്ച് മരതകം കുഴിച്ചിട്ട നാടെന്നാരോ പറഞ്ഞ് കേട്ട പെരുമ്പളത്തയാള്‍ കനകം വിളയിക്കുകയാണ്. ചായക്കടയില്‍ കയറി പുട്ടും ബീഫും കഴിച്ചാലോ എന്ന് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ആശ ചോദിക്കുമ്പോഴാണ് ഉച്ചയായെന്നോര്‍ക്കുന്നത്.
ചായക്കടയെ ലക്ഷ്യമാക്കി നടന്ന് തുടങ്ങുമ്പോഴാണ് ജീര്‍ണ്ണിച്ചു പോയെങ്കിലും പടിപ്പുരയിലെ കോലായിലിരുന്നൊരു പ്രായമായ അമ്മ 'സംഭാരമുണ്ട് എടുക്കട്ടേ' എന്ന് ചോദിച്ചത് ഭക്ഷണം കഴിഞ്ഞ് തിരികെ നടക്കുമ്പോള്‍ നിറയെ പൂത്ത് നില്‍ക്കുന്ന ബന്തിപ്പൂക്കള്‍... അവയില്‍ നൂറ് കണക്കിന് ശലഭങ്ങള്‍... ചിത്രമെങ്ങനെ എടുക്കാതിരിക്കും വരുന്നില്ലേ എന്നവര്‍ ചോദിക്കും പോലെ.... ഒരു സെല്‍ഫി എടുത്തിട്ട് പോകൂ എന്ന് ബുധമയൂരി വിളിച്ച് കൊണ്ടേയിരുന്നു...
ഓട്ടോയിലിരുന്ന് പെരുമ്പളത്തെ പെപ്പര്‍ പദ്ധതിയിലിനിയെന്തൊക്കെയെന്ന് ചര്‍ച്ച ചെയ്ത് തീരും മുമ്പേ തറികള്‍ കഥ പറയുന്ന ശബ്ദം കേട്ടു. ഇപ്പോഴും തീര്‍ന്ന് പോകാത്ത തറികളുടെ ചെറുത്ത് നില്‍പ്പിനി എത്രകാലം കൂടിയെന്ന് വെറുതെയോര്‍ത്തു. അല്‍പ്പം നടക്കുമ്പോഴുണ്ട് ഹരിശ്രീ ഗണ പതയെ നമ: എന്ന് താളത്തില്‍ കുഞ്ഞുങ്ങളുടെ ശബ്ദം.. നിലത്തെഴുത്ത് കളരിയും ആശാട്ടിയുമായാണ്. മണ്ണിലും പനയോലയിലും എഴുതി കുഞ്ഞു മക്കളെ ആദ്യാക്ഷരം പഠിപ്പിക്കുകയാണ്. ആശാട്ടിക്കൊപ്പം ഇരുന്നും നിലത്തെഴുതിയും തലമുറകളെ എഴുത്ത് പഠിപ്പിച്ച കഥകേട്ടു. ഓലയിലെഴുതാന്‍ പഠിക്കാന്‍ വരുമെന്ന് പറഞ്ഞ് തിരികെ നടന്ന് തുടങ്ങി.
ഒഴിഞ്ഞ് പോയ റാട്ടുകളുടെ ചരിത്രം കോറിയിട്ട കയര്‍ സൊസൈറ്റിക്കപ്പുറം കൈ കൊണ്ട് കയര്‍ തെറുത്തൊരമ്മ വെറുതെ പഴമയെ ഓര്‍മ്മിപ്പിച്ചു. സന്ധ്യയാവുകയാണ്.... പെരുമ്പളത്തിന്റെ അസ്തമയക്കാഴ്ചകളെന്ത് സുന്ദരമാണ്. കായലരികിലെ ക്ഷേത്രങ്ങളിലെല്ലാം ദീപാരാധന നടക്കുകയാണ്. തൊട്ടടുത്ത് നില്‍ക്കുന്ന അമ്പലമാവട്ടെ പടയോട്ടകാലത്തെ അതിജീവിച്ചതെന്ന് വിശ്വസിക്കുന്നു. തൊഴണോ വേണ്ടയോ എന്നാലോചിച്ച്
അമ്പല നടയില്‍ നില്‍ക്കേ ദീപങ്ങള്‍ അണഞ്ഞ് തുടങ്ങിയിരുന്നു.
മഴ പെയ്ത് കൊണ്ടേയിരുന്നു. കാലത്തിന്റെ അണമുറിയാ പ്രവാഹം പോലെ. മഴയിലും കായലില്‍ യാത്രാ ബോട്ടുകള്‍.
'മഴയേ തൂ മഴയേ....
വാനം തൂകുന്ന പൂങ്കുളിരേ .....
കണ്ടുവോ എന്റെ കാതലിയേ .....
ഹരി ചരണും മൃദുല വാര്യരും പാടുന്നു. അത് തന്നെ ഒരു റീലാക്കിയേക്കാം എന്ന് വീണ്ടും വീണ്ടും ഒരുള്‍ വിളി.
മുനിഞ്ഞു കത്തുന്ന ഇലക്ട്രിക് റാന്തല്‍ വിളക്കുകളാണ് ചുറ്റും. തോണികളില്‍ അവര്‍ കായലില്‍ അന്നം തേടുകയാണ്. പെരുമ്പളത്ത് രാത്രി കനക്കുകയാണ്.
കായലില്‍ നോക്കിയിരിക്കേ കണ്ണുകള്‍ അടഞ്ഞ് പോകുന്നു...
'ശരറാന്തല്‍ തിരി താണു മുകിലിന്‍ കുടിലില്‍ 'തോണിയിലെ എഫ്.എംല്‍ ദാസേട്ടന്‍ പാടുന്നു.
എവിടെ നിന്നോ ഭാഗവ സ്പ്താഹ യജ്ഞത്തിന്റെ വരികള്‍. അതവസാനിച്ചപ്പോള്‍ ഉടുക്ക് പാട്ടിന്റെ സംഗീതം. വാതിലുകള്‍ അടക്കാതിരുന്നൊരു കാലമുണ്ടായിരുന്നു ഈ നാടിനെന്നോര്‍ത്തു. അവധിക്കാല രാത്രികളില്‍ മരച്ചുവട്ടില്‍ ഭയം തോന്നാതെ മാനം നോക്കി കിടന്നുറങ്ങിയ
കുട്ടിക്കാലമോര്‍ത്ത് ഹോം സ്റ്റേയിലെ ബെഡിലുറക്കം.
കിനാവില്‍.... കാവില്‍ തുള്ളി വരുന്നൊരു ഗുരുനാഥന്‍ 'എന്റെ പരദേവതകളേ നീ ഉണ്ണിയെ കാത്തു 'വെന്ന അലര്‍ച്ച കേട്ടാണാണുര്‍ന്നത്.... നേരം വെളുക്കുന്നതേയുള്ളൂ.... കായലില്‍ ആദ്യത്തെ ബോട്ടടുക്കുന്നു. നല്ല മൂവാണ്ടന്‍ മാങ്ങയുണ്ട് മുറിക്കട്ടേ എന്ന ചോദ്യം.... ബ്രേക് ഫാസ്റ്റിന് മാങ്ങയോ എന്ന് ചോദിച്ചതേയില്ല. പെരുമ്പളത്തിന്റെ മാവുകളുടെയും മാധുര്യമേറുന്ന മാങ്ങകളുടെയും ഓര്‍മ്മകള്‍. 40 ലേറെ തരം നാടന്‍ മാവുകള്‍ ഇപ്പോഴും കാത്ത് വെച്ചിട്ടുണ്ടീ നാടിപ്പോഴും.
ബ്രേക്ക് ഫാസ്റ്റിന് ശേഷം നടന്നെത്തിയത് ലതിക ചേച്ചിയുടെ വീട്ടിലാണ്. കുടുംബശ്രീ പ്രവര്‍ത്തകയാണ് ചേച്ചി. തേങ്ങ കൊണ്ടുള്ള വിവിധ ഭക്ഷ്യവസ്തുക്കളുടെ നിര്‍മ്മാണവും വിപണനവുമാണ് ചേച്ചിയുടെ പ്രധാന ജോലി. പെരുമ്പളം കോക്കനട്ട് ഹല്‍വ യെന്ന് എസ്‌കേപ്പ് നൗ ഫൗണ്ടര്‍ ഇന്ദുവിന്റെ കമന്റോടെ പുതിയൊരു ബ്രാന്റിന്റെയും ഉല്‍പന്നത്തിന്റെയും പിറവിയായി. അവിടെ നിന്ന് അല്‍പ്പം കൂടി നടന്നപ്പോള്‍ ആശുപത്രിയും ഡോക്ടര്‍മാരും ഒഴുകി വരുന്നു. സഞ്ചരിക്കുന്ന ആശുപത്രി ബോട്ടിലാണ് എത്തിയത്. ഡോക്ടര്‍മാരോ ആശുപത്രിയോ ഇല്ലാത്തത് കൊണ്ടല്ല, അലോപ്പതി, ഹോമിയോപ്പതി, ആയുര്‍വ്വേദ ആശുപത്രികളും യോഗാ സെന്ററിനും പുറമേയാണ് ഈ ഒഴുകി വരുന്ന ആശുപത്രിയും.
ആശുപത്രിയടുത്ത തീരദേശത്തെ ബോട്ട് ജെട്ടിയാവട്ടെ മനോഹരമായ ഒരു വ്യൂ പോയിന്റ് കൂടിയാണ്. തൊട്ടടുത്ത് മനോഹരമായി നിര്‍മ്മിച്ച നടപ്പാത, ചുറ്റിനും ചൈനീസ് നെറ്റുകള്‍, മനോഹരമായ കണ്ടല്‍ക്കാടുകള്‍, കായലിനപ്പുറത്തെ കൊച്ചിയുടെ വിദൂര കാഴ്ച. കണ്ടല്‍ക്കാടിനിടയില്‍ അല്‍പ്പ ദൂരം തോണിയില്‍ യാത്ര ചെയ്ത് നോക്കി. ചുറ്റിനും സേവ് ദ ഡേറ്റ് ഷൂട്ടുകള്‍.... കാഴ്ചകള്‍ കൂടുതല്‍ ഹൃദ്യമാവുകയാണ് ...
പെരുമ്പളം എന്ന ദ്വീപിന് ചുറ്റും പെരുമ്പളം പഞ്ചായത്തിന്റെ ഭാഗമല്ലാത്ത ഒട്ടേറെ ദ്വീപുകള്‍ ഉണ്ട്. അതിലൊന്നിലാണ് സുപ്രീം കോടതി ഉത്തരവിലൂടെ പൊളിച്ച് മാറ്റേണ്ടി വന്ന കാപ്പിക്കോ റിസോര്‍ട്ട്. എന്നാല്‍ പെരുമ്പളം ദ്വീപ് എന്ന പഞ്ചായത്തിനുള്ളില്‍ തന്നെ ഒന്നോ രണ്ടോ വീടുകള്‍ മാത്രമുള്ള ചെറുദ്വീപുകളുണ്ട്. അതിലൊന്നില്‍ വച്ച് ഒരു ചിത്രം കൂടി എടുത്തു. തിരികെ ഓട്ടോയിലേക്ക്... ഓരോ ബോട്ടുജെട്ടികളിലേയും സൗകര്യങ്ങള്‍ കൂടി അറിയുക എന്നതായിരുന്നു ലക്ഷ്യം. എല്ലാ ബോട്ടുജെട്ടികളും മനോഹരമായ വ്യൂ പോയിന്റുകളാണ്...
പഞ്ചായത്ത് ഓഫീസാണ് അവസാന ചര്‍ച്ചാ വേദി. കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ എങ്ങനെയും നാടിനെ രക്ഷപ്പെടുത്താന്‍ - പുതിയൊരു ഉപജീവന മാര്‍ഗ്ഗമായി ടൂറിസത്തെക്കൂടി മാറ്റിയെടുക്കാന്‍ ഒറ്റക്കെട്ടായി നില്‍ക്കുന്ന മനുഷ്യര്‍. ഓട്ടോ റിക്ഷാ ഡ്രൈവറും കര്‍ഷകരും കുടുംബശ്രീ പ്രവര്‍ത്തകരും മത്സ്യത്തൊഴിലാളികളും അഭിഭാഷകയും അടങ്ങുന്ന ആ ഗ്രാമത്തിന്റെ യഥാര്‍ത്ഥ പരിശ്ചേദമാണ് ആ ജനപ്രതിസഭയെന്നോര്‍ത്തു. വടിവുടയാത്ത ഉടയാടകളുടെ ധാരാളിത്തമോ പ്രാസമൊപ്പിച്ച ഭാഷയോ ഇല്ലാതവര്‍ ഹൃദയം കൊണ്ട് സംസാരിച്ചു. നാടിന്റെ സ്വപ്നങ്ങളെക്കുറിച്ച്. നന്മകള്‍ മാത്രമുള്ള ഗ്രാമത്തെക്കുറിച്ച്. ജനകീയതയുടെ വിനോദ സഞ്ചാര കേന്ദ്രം തുറക്കാന്‍ കാത്തിരിക്കുന്നവര്‍.
യാത്ര പറയുകയാണ്. കൂടെയുള്ള ഭഗതിനും അമ്പിളിക്കും ഒപ്പം എനിക്കും ബാഗ് നിറയെ പഴുത്ത മാങ്ങകള്‍. പെരുമ്പളം മധുരം നല്‍കി സ്‌നേഹിക്കുകയാണ്. ഇന്ദുവാണെങ്കില്‍ ഓട്ടോ ഓടിച്ചു നോക്കാനും സ്വന്തമായൊന്ന് വാങ്ങാനും തീരുമാനിച്ചു കഴിഞ്ഞു. പെരുമ്പളത്തെ പാക്കേജ് ഫൈനലാക്കിയോ എന്ന തുടരന്‍ മെസേജുകളുമായി ലെറ്റ്‌സ് ഗോ ഫോര്‍ എ ക്യാമ്പിന്റെ ഗീതു മോഹന്‍ദാസ്.
ഓട്ടോയില്‍ നിന്നിറങ്ങി വീണ്ടും നടന്ന് തുടങ്ങി... ഇടവഴികളിലൂടെ നടക്കുമ്പോള്‍ ആരോ വിളിക്കുന്നത് പോലെ.... തിരിഞ്ഞ് നോക്കുമ്പോള്‍
വള്ളിനിക്കറിട്ട് സൈക്കിള്‍ ടയര്‍ കമ്പ് കൊണ്ടടിച്ച് കൊണ്ട് ഒരു പയ്യന്‍ ഓടി വരുന്നു. ഒന്ന് കൂടി സൂക്ഷിച്ച് നോക്കുമ്പോള്‍ അതെന്റെ ബാല്യം തന്നെയല്ലേ എന്ന് തോന്നി. കണ്ണട വെറുതേ തുടച്ച് നോക്കി. കാഴ്ച മറയുന്നത് കണ്ണ് നിറഞ്ഞത് കൊണ്ടാവാം. ആ നാട്ടില്‍ മറന്ന് വെച്ചതായിരുന്നെന്റെ ബാല്യം. അതേ . കളഞ്ഞ് പോയ ബാല്യം ആ നാട്ടിടവഴികളില്‍ നിന്ന് കണ്ടെടുക്കാനാവുന്ന നാടാണ് പെരുമ്പളം. വെറുതെ ഓര്‍ത്ത് കൊണ്ട് കൈയ്യുയര്‍ത്തി. ഒരുപാട് കൈകള്‍ ഒരുമിച്ചുയരുന്നു. പ്രതീക്ഷയുടെ പുതുജാലകം തുറക്കാന്‍ ഒരു നാടിന്റെ ജനസഭ ഒറ്റക്കെട്ടായി കൈയ് ഉയര്‍ത്തുന്ന കാഴ്ച എത്ര മനോഹരമാണ്.
(കേരള റെസ്‌പോണ്‍സബിള്‍ ടൂറിസം മിഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറാണ് ലേഖകന്‍)
Content Highlights: perumbalam island alappuzha national tourism day