നട്ടുച്ചയ്ക്കും പാതിരപോലെ, ശാന്തമായൊഴുകുന്ന വേമ്പനാട്ടുകായലിൽ അതിലും ശാന്തമായി പാതിരാമണൽ

ശാന്തമായൊഴുകുന്ന വേമ്പനാട്ടുകായിൽ, അതിലും ശാന്തമായ ദ്വീപ്. അതാണ് പാതിരാമണൽ. നട്ടുച്ചയ്ക്കും വെയിൽ മണ്ണിൽത്തൊടാൻ ക്ലേശിക്കുന്നയിടം. ഏറെ കാലത്തെ ആഗ്രഹത്തിനൊടുവിലാണ് ആലപ്പുഴയിലെ ഈ ദ്വീപ് കൺമുന്നിൽക്കാണാനുള്ള യാത്ര തുടങ്ങിയത്. കോഴിക്കോട് നിന്ന് നേരേ കോട്ടയം. കോട്ടയത്തുനിന്ന് കുമരകം. അവിടെ നിന്ന് കായിപ്പുറം വഴി പാതിരാമണലിലേക്ക്; അതായിരുന്നു റൂട്ട്.
കുമരകത്തുനിന്ന് യാത്രാ ബോട്ടിൽക്കയറി മുഹമ്മയിലേക്ക് ടിക്കറ്റെടുത്തു. സ്ഥിരം യാത്രക്കാരായിരുന്നു കൂടുതലും. എന്നും കാണുന്ന കാഴ്ചയായതുകൊണ്ട് അവരിലാർക്കും ഈ ജലയാത്ര അത്ര കൗതുകമുള്ളതായിരുന്നുവോ എന്ന് സംശയമായിരുന്നു. പക്ഷേ ഈയുള്ളവന് അങ്ങനെയല്ലായിരുന്നു കേട്ടോ. യാത്രാ ബോട്ട് ആയതുകൊണ്ട് വേഗം അല്പം കുറവായിരുന്നു. പക്ഷേ അതൊരു സൗകര്യമായി. നീണ്ടുപരന്നുകിടക്കുന്ന വേമ്പനാട്ടുകായൽ കാഴ്ചകളുടെ പുതിയ ലോകംതന്നെ സമ്മാനിച്ചു.
മുഹമ്മ-കുമരകം ജലപാതയിലാണ് പാതിരാമണൽ ദ്വീപ് സ്ഥിതി ചെയ്യുന്നത്. വില്വമംഗലം സ്വാമിയാർ കായലിൽ നിന്ന് സൃഷ്ടിച്ച ദ്വീപാണിതെന്നും ഇതുനടന്നത് പാതിരാത്രിയിലായതിനാലാണ് പാതിരാമണൽ എന്ന് പേരുവന്നതെന്നും ഒരു കഥയുണ്ട്. ഒരു ബ്രാഹ്മണ യുവാവിന് മുന്നിൽ കായൽ മാറി കര തെളിഞ്ഞ സ്ഥലമാണ് പാതിരാ മണൽ എന്നും ഐതിഹ്യമുണ്ട്. തിരുവിതാംകൂർ രാജാക്കൻമാർ ഈ സ്ഥലം വർഷങ്ങൾക്കുമുമ്പ് ആൻഡ്രൂ പെരേര എന്ന പോർച്ചുഗീസ് നാവികന് പാട്ടത്തിന് കൊടുക്കുകയായിരുന്നത്രേ. അന്ന് പന്ത്രണ്ട് കുടുംബങ്ങളും ഇവിടെ താമസമുണ്ടായിരുന്നു. 1979 ൽ കാലാവധി പൂർത്തിയായപ്പോൾ ദ്വീപ് നിവാസികളെ പുനരധിവസിപ്പിച്ചു. സ്ഥലം വിനോദസഞ്ചാര വകുപ്പിനെ ഏൽപ്പിക്കുകയും ചെയ്തു.
ജൈവ വൈവിധ്യങ്ങളുടെ ഒരു കലവറതന്നെയാണ് പാതിരാമണൽ. കായക്കണ്ടൽ, ചക്കരക്കണ്ടൽ, കൊമ്മട്ടി തുടങ്ങിയ കണ്ടൽച്ചെടികളുടേയും മറ്റുസസ്യങ്ങളുടേയും ആവാസസ്ഥാനമാണിത്. പലതരം മത്സ്യങ്ങൾ, കക്കകൾ, ചെമ്മീനുകൾ എന്നിവയ്ക്കും ഈ ദ്വീപ് ആശ്രയംനൽകുന്നു. 24 ഇനം തുമ്പികൾ, 34 ഇനം പൂമ്പാറ്റകൾ, 23 ഇനം ചിലന്തികൾ. 44 മത്സ്യം, 93 ഇനം പക്ഷികൾ, 9 ഇനം സസ്തനികൾ എന്നിവയെ 100-ലേറെ ഏക്കർ വരുന്ന പാതിരാമണലിൽ തിരിച്ചറിഞ്ഞിട്ടുണ്ട്.
കായിപ്പുറത്തുനിന്ന് ആയിരം രൂപ പറഞ്ഞുറപ്പിച്ച തോണിയിലായിരുന്നു ദ്വീപിലേക്കുള്ള യാത്ര. കായിപ്പുറം ജെട്ടിയിൽ നിന്ന് നോക്കിയാൽ കാണാം ദൂരെയായി പാതിരാമണൽ. ഏകദേശം പത്തുമിനിറ്റ് യാത്രയ്ക്കൊടുവിൽ തോണി ദ്വീപിനടുത്തുള്ള പ്ലാറ്റ്ഫോമിനടുത്തെത്തി. ഒരു വലിയ കാട് സ്വാഗതം പറയുന്നപോലൊരു അനുഭൂതി. മുന്നിലെ കവാടം കടന്ന് ദ്വീപിലൂടെ ഒരു കാൽനട യാത്രയാണ് ഇനി. കിളികളും ശലഭങ്ങളും നീർനായ്ക്കളും ധാരാളം. പൂക്കളും സമൃദ്ധമായി വളരുന്നു. കായലിനു മേലെ മാനത്ത് വില്ലു തീർക്കുന്ന പറവക്കൂട്ടങ്ങൾ- എരണ്ടകളും ദേശാടനക്കിളികളും. ചുറ്റുപാടും കക്ക വാരിയും മീൻ പിടിച്ചും അന്നം കണ്ടെത്തുന്ന മനുഷ്യ ജീവിതങ്ങളും. ദ്വീപിലൂടെയുള്ള നടത്തം അവസാനിക്കുന്നത് കായലിന്റെ മറ്റൊരു ഭാഗത്താണ്. അവിടെ രണ്ട് ഹൗസ്ബോട്ടുകൾ സഞ്ചാരികളുമായി ചുറ്റിയടിക്കുന്നത് കണ്ടു.
വേമ്പനാട്ട് കായലിലെ ഈ ഹരിതതുരുത്ത് ദേശാടനപ്പക്ഷികൾ വിരുന്നെത്തുന്ന ഇടമാണ്. തണ്ണീർമുക്കത്തിനും കുമരകത്തിനും ഇടയിലുളള ദ്വീപിലെത്താൻ ബോട്ടുമാർഗ്ഗം വരണം. ആലപ്പുഴയിൽ നിന്ന് ഒന്നര മണിക്കൂർ ബോട്ട് യാത്രയുണ്ട്. സ്പീഡ് ബോട്ടിനാണെങ്കിൽ അരമണിക്കൂർ. റോഡ് മാർഗം മുഹമ്മയിലെത്തി കായിപ്പുറത്തു നിന്ന് നാടൻവള്ളത്തിൽ പോകാം. ഇതിന് 10 മിനുട്ട് യാത്ര മതി.
Content Highlights: pathiramanal island travel, national tourism day 2024