കവാടമായി തൂക്കുപാലം, മാന്‍കൂട്ടം, ആനസഫാരി; കാവേരിയുടെ സ്വന്തം ദ്വീപ് നിസര്‍ഗധാമ

#ചിത്രങ്ങളും എഴുത്തും: രമേഷ്‌കുമാര്‍ വെളളമുണ്ട
നിസര്‍ഗധാമയിലെ കൊടവ ശില്‍പ്പങ്ങള്‍
നിസര്‍ഗധാമയിലെ കൊടവ ശില്‍പ്പങ്ങള്‍

കര്‍ണ്ണാടകയിലെ അത്യുഷ്ണങ്ങള്‍ക്ക് നടുവില്‍ കുളിരുപകരുന്ന നിസര്‍ഗധാമ ദ്വീപ് തേടിയാണ് യാത്ര. കുടക് മലനിരകളിലെ തലക്കാവേരിയില്‍ നിന്നും ഉറവയെടുത്ത് ഒഴുകുന്ന കാവേരിയുടെ പുണ്യമാണ് ഈ ജൈവദ്വീപ്. ഭൂരിഭാഗവും ഉഷ്ണഭൂമിയായ കന്നട മണ്ണില്‍ നിന്നും പച്ചപ്പുകള്‍ കൊണ്ട് വേറിട്ട് നില്‍ക്കുന്ന കൂര്‍ഗ്ഗ് ജില്ലയില്‍ നിസര്‍ഗധാമയും ഒരു മനുഷ്യ നിര്‍മ്മിത ഹരിത കാവ്യമാണ്. കൂര്‍ഗിലെ ബൈലക്കുപ്പയ്ക്കും മടിക്കേരിക്കും മധ്യത്തിലാണ് നിസര്‍ഗധാമ. കാവേരി നദി രണ്ടായി പിരിഞ്ഞ് രൂപപ്പെട്ട ഈ ദ്വീപ് സഞ്ചാരികളുടെയും പ്രിയ കേന്ദ്രമാണ്. പ്രകൃതിയുടെ മടിത്തട്ടില്‍ കാവേരി തടത്തില്‍ രൂപപ്പെട്ട ഈ ദ്വീപ് സസ്യ ജൈവ വൈവിധ്യങ്ങളാല്‍ സമ്പന്നമാണ്. കത്തുന്ന വേനലിലും കുളിരുള്ള കാഴ്ചകള്‍ നിറയുന്ന ദ്വീപിലേക്ക് ദേശാടന പക്ഷികളും പതിവ് തെറ്റിക്കാതെ ചേക്കേറുന്നു. കര്‍ണ്ണാടക വനം വകുപ്പിന്റെ മേല്‍നോട്ടത്തിലാണ് നിസര്‍ഗധാമ ദ്വീപിലേക്ക് സഞ്ചാരികളെ കടത്തി വിടുന്നത്.

കുശാല്‍നഗര്‍ മടിക്കേരി പ്രധാനപാതയില്‍ തന്നെയാണ് നിസര്‍ഗധാമയിലേക്കുള്ള പ്രധാന പ്രവേശന കവാടം. മടിക്കേരിയിലെ അബ്ബി വെള്ളച്ചാട്ടത്തെയെല്ലാം അടുത്തറിയാനുള്ള യാത്രയില്‍ നിസര്‍ഗധാമ സഞ്ചാരികള്‍ക്ക് ഒരു വിശ്രമ കേന്ദ്രം കൂടിയാണ്. കാവേരി നദിക്ക് കുറുകെയുള്ള തൂക്കുപാലം കടന്ന് വേണം നിസര്‍ഗധാമയിലേക്ക് പ്രവേശിക്കാന്‍. മുളങ്കാടുകളും പ്രകൃതി സൗഹൃദ ഇരിപ്പിടങ്ങളും ഒരുക്കി ദ്വീപ് സഞ്ചാരികളുടെ ഹൃദയത്തില്‍ കുളിര് നിറയ്ക്കുന്നു. ഉഷ്ണകാലത്തെ പ്രതിരോധിക്കാനുള്ള ഹരിത കവചമായി മുളങ്കാടുകള്‍ ഇവിടെ ധാരാളമായുണ്ട്. നിത്യഹരിത വനങ്ങളുടെ നീണ്ട കാഴ്ചകളും ദ്വീപിനെ പച്ചപ്പണിയിക്കുന്നു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം ഈ തണലില്‍ ഏറെ നേരം സമയം ചെലവിടാനുള്ള സൗകര്യങ്ങളെല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്. കാവേരിയുടെ തീരത്തെ നിത്യഹരിത ചോലവനങ്ങളും ഈ ദ്വീപിന്റെ ചാരുതകളാണ്. 64 ഹെക്ടര്‍ വ്യാപിച്ചു കിടക്കുന്ന ദ്വീപ് മഴക്കാലം പിന്നിടുന്നതോടെ പച്ചപ്പണിയും. ഈ പച്ചപ്പുകള്‍ കത്തുന്ന വേനല്‍ക്കാലം മുഴുവന്‍ നിസര്‍ഗധാമയ്ക്ക് കുട ചൂടി നില്‍ക്കും. 

കവാടമായി തൂക്കുപാലം

തൊണ്ണൂറ് മീറ്ററോളം നീളമുള്ള തൂക്കുപാലമാണ് നിസര്‍ഗധാമയിലേക്കുള്ള പ്രവേശനകവാടം. കാവേരിയുടെ ഒരു ശാഖയെ ഈ പാലത്തിലൂടെ കടന്നുവേണം ദ്വീപിലെത്താന്‍. ദ്വീപിന് ഇക്കരെയുള്ള ടിക്കറ്റ് കൗണ്ടറില്‍ നിന്നും പാസ്സെടുത്തുവേണം പാലം കടക്കാന്‍. കാവേരി നദി ഇടമുറിയാതെ ഒഴുകുന്ന വേളയില്‍ ഇവിടെ ബോട്ടുയാത്ര സൗകര്യമുണ്ട്. ചെറിയ തടാകങ്ങളായി വേനല്‍ക്കാലത്ത് കാവേരി ചുരുങ്ങുമ്പോള്‍ പക്ഷികളും ഇവിടെ കൂട്ടമായി എത്തി തുടങ്ങും. പ്രകൃതി സൗഹൃദ വിനോദ കേന്ദ്രമായതിനാല്‍ പ്ലാസ്റ്റിക്ക് കവറുകളും മറ്റും ഈ ദ്വീപിനുള്ളിലേക്ക് കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. തൂക്ക് പാലം കടന്ന് ദ്വിപിനുള്ളിലെത്തിയാല്‍ അനേകം നടപ്പാതകള്‍ മരങ്ങള്‍ക്കിടയിലൂടെ നീണ്ടുപോകുന്നത് കാണാം. എല്ലാ ഭാഗത്തും ഇരിപ്പിടങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. ദ്വീപിന്റെ നാനാഭാഗത്തേക്കും നീളുന്ന വഴിത്താരകളില്‍ ഉദ്യാനങ്ങളും മനോഹരമായി ഒരുക്കിയിട്ടുണ്ട്. കുട്ടികള്‍ക്കായുള്ള അമ്യൂസ്‌മെന്റ് പാര്‍ക്കുകളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. 

മാനുകള്‍ക്കായും ഉദ്യാനം

നിസര്‍ഗധാമ ദ്വീപിലെ മാന്‍ പാര്‍ക്കും സഞ്ചാരികളുടെ ആകര്‍ഷണമാണ്. വിശാലമായ ഉദ്യാനത്തില്‍ നൂറുകണക്കിന് മാനുകളെ പരിപാലിക്കുന്നുണ്ട്. കാടിന്റെ തണലില്‍ യഥേഷ്ടം സ്വാതന്ത്ര്യത്തോടെയാണ് മാനുകള്‍ വളരുന്നത്. ഉദ്യാനത്തിന് അരികിലായുള്ള കമ്പിവേലിക്കരകില്‍ നിന്നും മാനുകളുമായി സഞ്ചാരികള്‍ക്ക് സല്ലപിക്കാം. ഇവയെല്ലാം സഞ്ചാരികളോടും കാലങ്ങളായി ഇണങ്ങിയതാണ്. വനംവകുപ്പിന്റെ സംരക്ഷണത്തിലാണ് ഇവയെല്ലാം വളരുന്നത്. ശിഖരങ്ങളുള്ള കൊമ്പുകളുമായുള്ള കലമാന്‍ ഇവിടെ ധാരാളമായുണ്ട്. കാട് വാസഗൃഹമായിട്ടുള്ള മനുഷ്യരോട് ഇണങ്ങിയ മാനുകളുടെ കൂട്ടങ്ങള്‍ ഇവിടുത്തെ പ്രത്യേകതയാണ്. എങ്കിലും മാനുകള്‍ക്ക് പുറമെ നിന്നുമുള്ള ഭക്ഷണങ്ങള്‍ നല്‍കുന്നതിന് സഞ്ചാരികളില്‍ നിയന്ത്രണങ്ങളുണ്ട്. വേനല്‍ കനക്കുന്നതോടെ മരത്തിന്റെ തണലുകള്‍ തേടി മാനുകള്‍ ധാരാളമായെത്തും. കുട്ടികളടക്കം മാന്‍ കൂട്ടത്തെ കാണാന്‍ ഇവിടെ എത്താറുണ്ട്. ഇത്രയധികം മാനുകളെ അടുത്തറിയാനുള്ള സൗകര്യം കൂടിയാണ് നിസര്‍ഗധാമ പങ്കുവെക്കുന്നത്. നിസര്‍ഗധാമയിലെ ആനസവാരിയും പേര്‌കേട്ടതാണ്.

   

കാണാം കൊടവ ശില്‍പ്പങ്ങള്‍

കര്‍ണ്ണാടക കുടക് നാട്ടിലെ കൊടവ സമുദായങ്ങള്‍ ഈ നാടിന്റെ പാരമ്പര്യത്തിന്റെ നിധി സൂക്ഷിപ്പുകാരാണ്. വേഷത്തിലും ആചാരാനുഷ്ഠാനങ്ങളിലും ഇവര്‍ വ്യത്യസ്തത പുലര്‍ത്തുന്നു. തലപ്പാവുകള്‍ അരപ്പട്ടകള്‍ തുടങ്ങി വേഷത്തില്‍ പുരുഷന്‍മാരും ഇടത്തോട്ട് സാരിയുടുത്ത് സ്ത്രീകളും കുടകിന്റെ പാരമ്പര്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്നു. ക്ഷത്രിയ കുടുംബത്തില്‍പ്പെട്ടവരാണെന്നാണ് ഇവരെന്നും അഭിപ്രായമുണ്ട്. ആയുധങ്ങളേന്തിയ യോദ്ധാക്കളായിരുന്നു ഇവരുടെ മുന്‍ തലമുറകള്‍. വലിയ കഠാരകള്‍ വാളുകള്‍ എന്നിവയെല്ലാം അരയിലേന്തിയ കൊടവ സമുദായങ്ങള്‍ തികഞ്ഞ പാരമ്പര്യവാദികളുമാണ്. കുടകിന്റെ പൈതൃകങ്ങള്‍ പങ്കുവെക്കുന്ന കൊടവ ശില്‍പ്പങ്ങള്‍ നിസര്‍ഗധാമയില്‍ കാണാം. സ്ത്രീകളും പുരുഷന്‍മാരും പരമ്പരാഗത വസ്ത്രങ്ങള്‍ അണിഞ്ഞ് നൃത്തം ചെയ്യുന്ന ശില്‍പ്പങ്ങള്‍ ജീവന്‍ തുളുമ്പുന്നതാണ്. വന്യമൃഗങ്ങളെ വേട്ടയാടിയും മറ്റും കഴിഞ്ഞിരുന്ന ഗ്രാമീണരുടെ ശില്‍പ്പങ്ങളും ഇവിടെയുണ്ട്. മഹത്തായ കാര്‍ഷിക പാരമ്പര്യങ്ങളുടെയും നാടാണ് കുടക്. ഇന്ത്യയില്‍ നല്ലയിനം കാപ്പി വിളയുന്ന നാട് എന്ന വിലാസവും കുടകിന് സ്വന്തമാണ്.  കുടക് നാടിന്റെ പാരമ്പര്യങ്ങളെയുമാണ് ഇവര്‍ ഈ ശില്‍പ്പങ്ങളിലൂടെ പങ്കുവെക്കുന്നത്. നിസര്‍ഗധാമയിലെത്തുന്നവരില്‍ കുടകിന്റെ പാരമ്പര്യങ്ങള്‍ കൂടി അടുത്തറിയാന്‍ ഇതിലൂടെ അവസരമുണ്ട്. 

സഞ്ചാരികളുടെ സ്വന്തം ദ്വീപ്

ഏതു സീസണിലും സഞ്ചാരികള്‍ വന്നുപോകാറുള്ള നിസര്‍ഗധാമ ദ്വീപില്‍ കര്‍ണ്ണാടകയില്‍ നിന്നും കേരളത്തില്‍ നിന്നുള്ളവരുടെയുമെല്ലാം നീണ്ട നിരകളുണ്ട്. തൊട്ടടുത്തുള്ള ബുദ്ധമത അനുയായികളുടെ സങ്കേതം കുശാല്‍ നഗര്‍, ദുബരൈ ആനക്യാമ്പ്, അബ്ബി വെളളച്ചാട്ടം, ഇരുപ്പ് വെള്ളച്ചാട്ടം എന്നിവയെല്ലാം ഉള്‍പ്പെടുത്തി യാത്ര തീരുമാനിക്കുന്നവര്‍ക്ക് നിസര്‍ഗധാമയും കൂട്ടത്തില്‍ ഉള്‍പ്പെടുത്താം. കൂര്‍ഗ് യാത്രകളില്‍ സഞ്ചാരികളുടെ റൂട്ട് മാപ്പില്‍ ഇവയെല്ലാം ചേര്‍ന്ന് അടയാളപ്പെടുത്തുന്നത് വേറിട്ടൊരു സഞ്ചാരനുഭവമാണ്. ആള്‍പാര്‍പ്പില്ലാത്ത ദ്വീപ് എന്ന വിശേഷണം നിസര്‍ഗധാമയ്ക്കും സ്വന്തമാണ്. വേനല്‍ രൂക്ഷമാകുമ്പോള്‍ ഈ ദ്വീപിനെയും കാലാവസ്ഥ ചുട്ടുപൊള്ളിക്കും. പിന്നെ മഴക്കാലം വന്നു തുടങ്ങുമ്പോഴാണ് നിസര്‍ഗധാമ കൂടുതല്‍ ഹരിതാഭമാവുക. കുശാല്‍ നഗറില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ ദൂരമാണ് ഈ ദ്വീപിലേക്കുള്ളത്. കണ്ണൂരില്‍ നിന്നും ഇരിട്ടി വിരാജ്‌പേട്ട വഴിയും മാനന്തവാടിയില്‍ നിന്നും കുട്ട വഴിയും ഇവിടെയെത്താം. കുടകിന്റെ തലസ്ഥാനമായ മടിക്കേരിയില്‍ നിന്നും 38 കിലോമീറ്റര്‍ സഞ്ചരിച്ചാലും ഇവിടെ എത്താം. രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെയാണ് നിസര്‍ഗധാമയിലേക്കുളള പ്രവേശനം. 

പച്ചപ്പുകളാണ് വഴിയിലെങ്ങും

കൂര്‍ഗ് കര്‍ണ്ണാടകയുടെ പച്ചതുരുത്താണ്. പരന്നു കിടക്കുന്ന കാപ്പിത്തോട്ടങ്ങളും അംബരചുംബിയായ മരങ്ങളും ഇലചാര്‍ത്തുകളുമായി പരിസ്ഥിതി സൗഹൃദ ജീവിതത്തിന്റെ വേറിട്ട കഥയാണ് ഈ നാടിനും പറയാനുള്ളത്. ആവുന്ന കാലത്തോളം മരങ്ങള്‍ മുറിക്കാതെയും പ്രകൃതിയെ നോവിക്കാതെയുമുള്ള ജീവിതമാണ് ഇവരുടെ ലക്ഷ്യം. വലിയ തോട്ടങ്ങളുടെ നടവിലെ പ്രകൃതി സൗഹൃദ വീടുകളില്‍ ജീവിതം ശീലിച്ചവരാണ് കുടകിന്റെ പഴയ തലമുറകള്‍. വനങ്ങള്‍ വന്യജീവികള്‍ ജലാശയങ്ങള്‍ എന്നിവയെല്ലാം സംരക്ഷിക്കുന്നതിനും ഇവര്‍ക്കും പൊതുവായ തീരുമാനങ്ങളുണ്ട്. തലക്കാവേരി മുതല്‍ കാവേരിയുടെ കൈവഴികളും കുടകിന്റെ നന്മകള്‍ക്ക് തെളിമ നല്‍കുന്നു.

കാവേരിയെന്ന പുണ്യമാണ് കുടകിനെയും സമൃദ്ധമാക്കുന്നത്. വരള്‍ച്ചയുടെ പാഠങ്ങള്‍ ഇവര്‍ക്ക് അന്യമാണ്. ഇതെല്ലാം മഞ്ഞും മഴയുമെല്ലാം കാലം തെറ്റാതെ ഈ നാടിനെ പുണരുന്നതിന് കാരണമായി പറയാം. നിസര്‍ഗധാമയെന്ന ദ്വീപും കൂര്‍ഗിന്റെ വരദാനമാണ്. വെള്ളച്ചാട്ടങ്ങള്‍ ഉദ്യാനങ്ങള്‍ വന്യജീവി സങ്കേതങ്ങള്‍ എന്നിങ്ങനെ കാലത്തിനൊപ്പം മായാത്ത കാഴ്ചകളുമായി ഈ നാടും കൂടുതല്‍ ഹരിതാഭമാവുകയാണ്. 

Content Highlights: nisargadhama island karnataka travel national tourism day