നമ്മുടെ തൊട്ടടുത്തുണ്ട്, ഭംഗിയില്‍ വിദേശരാജ്യങ്ങളെ തോല്‍പ്പിക്കുന്ന ഒരു കുഞ്ഞു ദ്വീപ്‌

സെന്റ് മേരീസ് ഐലൻഡ് | ഫോട്ടോ: എൻ.എം. പ്രദീപ് \ മാതൃഭൂമി
സെന്റ് മേരീസ് ഐലൻഡ് | ഫോട്ടോ: എൻ.എം. പ്രദീപ് \ മാതൃഭൂമി

താത്പര്യം കേരളത്തിന് പുറത്താണ്. കയ്യിൽ ഒറ്റ ദിവസമേയുള്ളൂ. കൺകുളിർക്കെ കണ്ട് മതിമറന്നാസ്വദിക്കണം. ശുദ്ധവായുവും ശ്വസിച്ച് ശാന്തമായി അങ്ങനെ അൽപ്പനേരം നടക്കണം. അങ്ങനെ ഏതെങ്കിലും സ്ഥലമുണ്ടോ എന്ന അന്വേഷണത്തിനൊടുവിലാണ് കർണാടകയിലെ ഉഡുപ്പിയ്ക്കടുത്ത മാൽപേ ബീച്ചിനേക്കുറിച്ചും സെന്റ് മേരീസ് ദ്വീപിനേക്കുറിച്ചും അറിയാനിടവരുന്നത്. നേരത്തെ അവിടെ പോയിരുന്ന ഒന്നുരണ്ട് പേരോട് ചോദിച്ചും ഗൂഗിൾ ചെയ്ത് നോക്കിയും സ്ഥലത്തേക്കുറിച്ച് ഏകദേശധാരണയുണ്ടാക്കി യാത്ര ചെയ്യാനുറച്ചു.

തിങ്കളാഴ്ചയാണ് യാത്രയ്ക്കായി തിരഞ്ഞെടുത്തത്. വൈകിട്ട് 5.25 ന് കോഴിക്കോട്ടെത്തിയ ട്രെയിനിൽ കയറി. രാത്രി 11.34 ആയപ്പോൾ ഉഡുപ്പിയെത്തി. മുറി നേരത്തേ തന്നെ ബുക്ക് ചെയ്തിരുന്നതിനാൽ താമസം അന്വേഷിച്ച് അലയേണ്ടി വന്നില്ല. രാവിലെ 9 മണിക്കാണ് മാൽപെയിൽ നിന്നും ആദ്യ ബോട്ട് സെന്റ് മേരീസ് ദ്വീപിലേക്ക് പോകുന്നത്. വിവരം ഹോട്ടലിൽ നിന്ന് തലേന്ന് തന്നെ അറിയാൻ സാധിച്ചതിനാൽ എട്ടരയായപ്പോഴേക്കും മാൽപെ ബീച്ചിലെത്തി. ദ്വീപിലേക്ക് പോകുന്നത് ബോട്ടിലാണ്. യാത്രയ്ക്ക് 30 പേരായിക്കഴിഞ്ഞാൽ മാത്രമേ ടിക്കറ്റും കൊടുക്കൂ, ബോട്ടും തിരിക്കൂ. 250 രൂപയാണ് മുതിർന്നവർക്കുള്ള ടിക്കറ്റ് ചാർജ്. കുട്ടികൾക്ക് 150 രൂപയും.

പ്രധാന റോഡിൽ നിന്ന് മാൽപേ ബീച്ചിലേക്ക് തിരിയുന്നിടം മുതൽ കടലിന്റെ കാഴ്ചകളാണ്. റോഡിന് ഇടതുഭാഗത്ത് വലുതും ചെറുതുമായ ബോട്ടുകൾ നങ്കൂരമിട്ടിരിക്കുന്നു. അവയുടെ മുകൾത്തട്ടിലെ പല നിറങ്ങളിലുള്ള കൊടികൾ കാറ്റിൽ പറക്കുന്നതുകാണാൻ പ്രത്യേക ചന്തമാണ്. ടിക്കറ്റ് കൗണ്ടറിന് സമീപം ഒന്ന് രണ്ട് ചെറിയ കടകളുണ്ട്. ഭക്ഷണ സാധനങ്ങളും വെള്ളവും ചിപ്പിത്തോടുകൊണ്ടുള്ള തോരണങ്ങളുമൊക്കെയാണ് വിൽപ്പന വസ്തുക്കൾ. ബീച്ചിൽ നിന്നും കടലിലേക്ക് തള്ളി നിൽക്കുന്ന പുലിമുട്ടിലൂടെ ബോട്ട് വരുന്ന സമയം വരെ ഒന്ന് നടക്കാം.

ഒമ്പത് മണിക്ക് തന്നെ ആദ്യബോട്ട് പുറപ്പെട്ടു. എല്ലാവർക്കും ലൈഫ് ജാക്കറ്റുകൾ നൽകിയിട്ടുണ്ട്. മലയാളം, തമിഴ്, കന്നഡ ഗാനങ്ങൾ ബോട്ടിനകം നിറച്ചു. അൽപ്പം ദൂരം ചെന്നാൽത്തന്നെ സെന്റ് മേരീസ് ദ്വീപ് അകലെയായി കാണാം. ഇടയ്‌ക്കൊരു പാറക്കൂട്ടം കണ്ടു. കറുത്ത പാറയ്ക്ക് മേൽ അലങ്കാരപ്പണികൾ ചെയ്തപോലെ വെളുത്ത കടൽപ്പക്ഷികൾ വിശ്രമിക്കുന്നു. ദ്വീപിലേക്കെത്താൻ ഏതാനും ദൂരം മാത്രമുള്ളപ്പോൾ ബോട്ട് നിർത്തി. ഇനി യാത്രക്കാർ മറ്റൊരു ചെറുബോട്ടിലേക്ക് കയറണം. ഏതാണ്ട് നാൽപ്പത്തഞ്ച് മിനിറ്റുകൊണ്ടാണ് ദ്വീപിലെത്തിയത്.

രണ്ട് കാര്യങ്ങൾ ശ്രദ്ധിക്കണം. കയ്യിൽ ബാഗുണ്ടെങ്കിൽ പുറത്ത് സൂക്ഷിക്കാനേൽപ്പിക്കണം. അതിന് വേറെ ചാർജുണ്ട്. സമ്പൂർണ പ്ലാസ്റ്റിക് നിരോധിത മേഖലയാണ് ദ്വീപ് എന്നതാണ് രണ്ടാമത്തെ കാര്യം. വെള്ളം കൊണ്ടുവരുന്ന കുപ്പികൾക്കും ഇങ്ങോട്ട് പ്രവേശനമില്ല. അതുകൊണ്ട് തന്നെ കർശന പരിശോധനകൾക്ക് ശേഷമാണ് യാത്രികരെ ദ്വീപിനകത്തേക്ക് കയറ്റിവിടുന്നത്. 1498-ൽ പോർച്ചുഗലിൽ നിന്നും കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെ പോർച്ചുഗീസ് നാവികനായിരുന്ന വാസ്‌കോ ഡ ഗാമയാണ് ദ്വീപിന് ഈ പേരിടുന്നത്.

തെങ്ങുകളാൽ സമൃദ്ധമായതിനാൽ കോക്കനട്ട് ദ്വീപെന്നും ഇവിടെ അറിയപ്പെടുന്നു. ദ്വീപിലെ ഏറ്റവും വലിയ ആകർഷണം കൃഷ്ണശിലകളാണ്. ഇന്ത്യയിൽ ആറ് വശങ്ങളുള്ള കൃഷ്ണശിലകൾ ഉള്ളതും ഇവിടെയത്രേ. ബീച്ചിന്റെ പലഭാഗങ്ങളിലായി മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. നിരയായി നിലകൊള്ളുന്ന പല വലിപ്പത്തിലുള്ള കൃഷ്ണശിലകൾക്കുമേൽ ചെറുതിരമാലകൾ മുട്ടിയുരുമ്മുന്നു. ഒന്ന് കയറി ഇരിക്കാൻ തോന്നുന്ന ആകൃതിയിലാണ് ശിലകൾ. കടലിലേക്ക് ഇറങ്ങിച്ചെല്ലുന്ന ഭാഗങ്ങളിലെ മണൽത്തരികൾക്ക് എന്തോ പ്രത്യേകതയുള്ളതുപോലെ തോന്നി. പരിശോധിച്ചപ്പോഴാണ് അത് പൊടിഞ്ഞ ചെറുശംഖുകളും ചിപ്പിത്തോടുകളുമാണെന്ന് മനസിലായത്.

നല്ല ഇളംപച്ച നിറമാണ് കടലിന്. സൂക്ഷിച്ച് നോക്കിയാൽ അടിത്തട്ട് കാണാം. അത്രയ്ക്ക് തെളിമ. പേരിന് പോലും മാലിന്യം കാണാനില്ല. കടലിലൂടെയുള്ള സാഹസികത ഇഷ്ടപ്പെടുന്നവർക്കായുള്ള വിനോദങ്ങളും ദ്വീപിലുണ്ട്. നാല് മണിവരെ ദ്വീപിൽ ചെലവിടാം.

ഹോട്ടലിൽ റൂം ബുക്ക് ചെയ്യാതെയുള്ള യാത്രയാണ് താത്പര്യമെങ്കിൽ ഞായറാഴ്ചകളിൽ പുലർച്ചെ 12.20 ന് കോഴിക്കോട്ടെത്തുന്ന കൊച്ചുവേളി-ശ്രീ ഗംഗാനഗർ വീക്ക്‌ലി എക്‌സ്പ്രസ്, തിങ്കളാഴ്ചകളിൽ മാത്രമുള്ള മരുസാഗർ എക്‌സ്പ്രസ്, കൊച്ചുവേളി ഭാവ്‌നഗർ ടെർമിനസ് എക്‌സ്പ്രസ്, ബുധനാഴ്ചകളിൽ മാത്രമുള്ള നാഗർകോവിൽ ഗാന്ധിഗ്രാം എക്‌സ്പ്രസ് എന്നിവ തിരഞ്ഞെടുക്കാം. ഈ നാല് തീവണ്ടികളും രാവിലെ 6.20 ആവുമ്പോഴേക്കും ഉഡുപ്പിയെത്തും.

ജനറൽ ടിക്കറ്റെടുക്കുകയാണെങ്കിൽ 120 രൂപയാണ് കോഴിക്കോട് നിന്ന് ഉഡുപ്പിയിലേക്കുള്ള ചാർജ്. റെയിൽവേ സ്റ്റേഷനിലെ പ്രീപെയ്ഡ് കൗണ്ടറിൽ 80 രൂപ അടച്ചാൽ ഓട്ടോയിൽ ബസ് സ്റ്റാൻഡിലെത്തിക്കും. അല്ലെങ്കിൽ നടന്ന് മെയിൻ റോഡിലെത്തിയാൽ ബസ് കിട്ടും സ്റ്റാൻഡിലേക്ക്. 8 രൂപയേയുള്ളൂ ചാർജ്. ബസ് സ്റ്റാൻഡിൽ നിന്ന് മാൾപേയിലേക്ക് 10 രൂപ കൊടുത്താൽ മതി.

Content Highlights: national tourism day 2024, udupi travel, malpe travel, st mary's island trip