സ്‌കൂബ ഡൈവിങ്ങടക്കമുള്ള സാഹസികതകള്‍, ഹൃദയ ആകൃതിയിലുള്ള ദ്വീപ്; കര്‍ണാടകയ്ക്ക് സ്വന്തമാണ് നേത്രണി

സ്‌കൂബ ഡൈവിങ്ങടക്കമുള്ള സാഹസിക വിനോദങ്ങളുള്ള ഒരിടം, അതിലുപരി ഹൃദയത്തിന്റെ ആകൃതിയില്‍ സഞ്ചാരികളെ മാടിവിളിക്കുന്ന ഒരു ദ്വീപ്. കര്‍ണാടകത്തിന്റെ വിനോദസഞ്ചാരമേഖലയ്ക്ക് ലോകത്തിന് മുന്‍പാകെ തുറന്നുകാട്ടാവുന്ന ഒരിടം. പറഞ്ഞുവരുന്നത് നേത്രണി ദ്വീപിനെ കുറിച്ചാണ്. അറബിക്കടലില്‍ കര്‍ണാടകയുടെ തീരപ്രദേശത്തായിട്ടാണ് നേത്രണി ദ്വീപ് സ്ഥിതി ചെയ്യുന്നത്. പീജിയണ്‍ ദ്വീപെന്ന പേരിലും ഈ ദ്വീപ് അറിയപ്പെടുന്നു.
പാറക്കൂട്ടങ്ങള്‍ക്കിടയിലായി ധാരാളം പ്രാവുകളുടെ സാന്നിധ്യം ഈ ദ്വീപിന്റെ സൗന്ദര്യത്തിന് മാറ്റുകൂട്ടുന്നു. ഇവിടേക്ക് സഞ്ചാരികളുടെ ഒഴുക്കുണ്ടെങ്കിലും മറ്റ് പ്രദേശങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കുറച്ചുകൂടി തെളിഞ്ഞ ജലാശയമാണ് ഇവിടുതേത്.
കടലിന്റെ അടിത്തട്ട് നേത്രണിയില്‍ കാണാമെന്ന സഞ്ചാരികള്‍
കടലിന്റെ അടിത്തട്ട് എപ്പോഴെങ്കിലും ആസ്വദിച്ചറിയണമെങ്കില്‍ നേത്രണി ദ്വീപിനെക്കാള്‍ നല്ലൊരു പ്രദേശം മറ്റുണ്ടാകില്ലെന്നാണ് സഞ്ചാരികളുടെ അവകാശവാദം. ഒരു തവണയെങ്കിലും നേത്രണി ദ്വീപ് സഞ്ചരിച്ച വിനോദസഞ്ചാരികളും ഇത് ശരിവെയ്ക്കുന്നു. ടൂറിസവുമായി ബന്ധപ്പെട്ട് കിടക്കുന്ന നിരവധി സൈറ്റുകളും സ്‌കൂബ ഡൈവിങ് അനുഭവിക്കണമെങ്കില്‍ നേത്രണിയിലേക്കെത്തൂവെന്നാണ് പറയുന്നത്. മുരുഡേശ്വര്‍ തീരദേശപട്ടണത്തില്‍ നിന്ന് 19 കിലോമീറ്റര്‍ അകലെയാണ് ഈ ദ്വീപുള്ളത്.
ഇന്ത്യയിലെ ഏറ്റവും മികച്ച സ്‌കൂബ ഡൈവിങ് കേന്ദ്രങ്ങളുള്ള പട്ടികയില്‍ മുന്‍പന്തിയിലാണ് നേത്രണി ദ്വീപിന്റെ സ്ഥാനം.
കടലൊരുക്കുന്ന വര്‍ണക്കാഴ്ചകള്‍
ജെെവവൈവിധ്യം നിറഞ്ഞ മേഖല കൂടിയാണ് നേത്രണി ദ്വീപ്. കടല്‍ക്കുതിരകളിൽ തുടങ്ങി കടലാമകള്‍ വരെയുള്ള സമുദ്ര ജീവജാലങ്ങള്‍ ഇവിടെ വാസമുറപ്പിച്ചിരിക്കുന്നു. സ്‌കൂബ ഡൈവിങ്ങില്‍ പരിചയമുള്ളവര്‍ക്കും തുടക്കകാര്‍ക്കും ധാരാളം കാഴ്ചകള്‍ ഈ സമുദ്രമേഖലയില്‍ കാണാനായി കഴിയുമെന്നത് തീര്‍ച്ചയാണ്. പവിഴപ്പുറ്റുകളൊരുക്കുന്ന മാന്ത്രിക കാഴ്ചകളും അതിമനോഹരം തന്നെയാണ്. പല തരത്തിലുള്ള സ്‌കൂബ ഡൈവിങ്ങ് കോഴ്‌സുകള്‍ ഇവിടെ ലഭ്യമാണ്.
സിംഗിള്‍ സ്‌കൂബ ഡൈവ്- ഒറ്റയ്ക്ക് സ്‌കൂബ ഡൈവിങ്ങിന് ചെയ്യണമെന്നാഗ്രഹിക്കുന്നവര്‍ക്ക് ഈ കോഴ്‌സ് തിരഞ്ഞെടുക്കാം. ഈ കോഴ്‌സ് തിരഞ്ഞെടുക്കുന്നവര്‍ക്കൊപ്പം ഒരു ഇന്‍സ്ട്രക്ടര്‍ കൂടിയുണ്ടാകും. കടലിന്റെ അടിത്തട്ടില്‍ സന്ദേശങ്ങള്‍ കൈകാര്യം ചെയ്യാനുപയോഗിക്കുന്ന കൈ ഉപയോഗിച്ച് ചെയ്യാവുന്ന നിര്‍ദേശങ്ങളെ പറ്റി നിങ്ങള്‍ക്ക് പറഞ്ഞുതരും.
സോളോ ഡൈവിങ്-ഒറ്റയ്ക്ക് സ്‌കൂബ ഡൈവിങ് ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് സ്‌കൂബ സ്‌കൂള്‍ ഇന്റര്‍നാഷണലോ പ്രൊഫഷണല്‍ അസോസിയേഷന്‍ ഓഫ് ഡൈവിങ് ഇന്‍സ്ട്രക്ടേഴ്‌സിന്റെയോ നേതൃത്വത്തിലാകും നല്‍കുക. അഞ്ച് മുതല്‍ ഏഴ് ദിവസം വരെയാണ് കോഴ്‌സിന്റെ ദൈര്‍ഘ്യം.
സ്‌കൂബ ഡൈവിങ്ങിനുള്ള 4000-ത്തിനും മുകളിലേക്കാണ്. എത്ര പേര്‍ പങ്കെടുക്കുന്നു, സീസണ്‍ എന്നിവ ആശ്രയിച്ച് തുക വ്യത്യാസപ്പെട്ടിരിക്കും. മുരുഡേശ്വറില്‍ സ്‌കൂബ ഡൈിങ്ങിന്റെ കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന ഓപ്പറേറ്റര്‍മാരുടെ സാന്നിധ്യമുണ്ടാകും. 15 മുതല്‍ 20 മീറ്റര്‍ വരെ ആഴത്തിലേക്ക് ഇവിടെ ഡൈവിങ് സാധ്യമെന്നാണ് റിപ്പോര്‍ട്ടുകള്‍. തിമിംഗില സ്രാവടക്കമുള്ളവയുടെ സാന്നിധ്യവും ഡൈവര്‍മാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
ദീപിലെ മായിക കാഴ്ചകള്‍
മീനുകളെ പ്രധാന ആഹാരമാക്കുന്ന ഫിഷ് ഈഗിളുകളുടെ സാന്നിധ്യം ദ്വീപിന്റെ പ്രധാന സവിശേഷതയാണ്. കടല്‍പാമ്പുകളെയും ഫിഷ് ഈഗിളുകള്‍ ആഹാരമാക്കുന്നു.
ഹനുമാന്റെ ബജരംഗബലി ക്ഷേത്രം
പ്രതിവര്‍ഷം ആയിരക്കണക്കിനാളുകള്‍ ദര്‍ശനം നടത്തുന്ന പുരാതന ഹനുമാന്‍ ക്ഷേത്രമാണ് ബജരംഗബലി. നേത്രണി ദ്വീപിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഹനുമാന്‍ ശ്രീരാമനെ ഇവിടെ ആരാധിച്ചിരുന്നതായി പറയപ്പെടുന്നു.
മുരുഡേശ്വര്‍ ക്ഷേത്രം
ധാരാളം സന്ദര്‍ശകരെത്തുന്ന ക്ഷേത്രം കൂടിയാണ് മുരുഡേശ്വര്‍ ക്ഷേത്രം. ലോകത്തിലെ ഏറ്റവും വലിയ ശിവന്റെ പ്രതിമകളിലൊന്ന് ഇവിടെ കാണാം. മുരുഡേശ്വര്‍ ബീച്ച്, മുരുഡേശ്വറില്‍ നിന്ന് കുറച്ചകലെയായി മിര്‍ജന്‍ ഫോര്‍ട്ടും സ്ഥിതി ചെയ്യുന്നു. ഇന്ത്യന്‍, യൂറോപ്യന്‍ ആര്‍ക്കിടെക്ചര്‍ ശൈലി സമന്വയിപ്പിച്ചാണ് ഈ കോട്ടയുടെ നിര്‍മാണം.
മറ്റ് വിനോദങ്ങള്‍
സ്‌നോര്‍ക്കെലിങ് പോലുള്ള സാഹസിക വിനോദങ്ങളും ദ്വീപില്‍ സഞ്ചാരികള്‍ക്കായി ഒരുക്കിയിട്ടുണ്ട്. ബോട്ട് റൈഡിനും മറ്റുമായി ഒരാള്‍ക്ക് 888 രൂപയാണ് ഈടാക്കുന്നത്. നിരവധി വാട്ടര്‍ സ്‌പോര്‍ട്ടുകളും ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നു. മുരുഡേശ്വറില്‍ തന്നെ സന്ദര്‍ശനത്തിനെത്തുന്നവര്‍ക്കായി താമസസൗകര്യങ്ങളുണ്ട്. ഒരുസമയത്ത് പ്രാദേശികമത്സ്യബന്ധനത്തൊഴിലാളികള്‍ ധാരാളമായി സ്‌കൂബ ഡൈവിങ്ങിനെ എതിര്‍ത്തിരുന്നുവെങ്കിലും നിലവില്‍ പ്രതിസന്ധികളില്ല. കര്‍ണാടക ടൂറിസം വകുപ്പ് സജീവമായി മുന്‍നിരയിലുണ്ട്.
സന്ദര്‍ശിക്കേണ്ട സമയം
ശാന്തമായ അന്തരീക്ഷവും പ്രകൃതിയുടെ മനോഹരദൃശ്യങ്ങളും കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നേത്രണി ദ്വീപ് ഏറെ ഇഷ്ടപ്പെടും. ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള സമയത്ത് സഞ്ചാരികള്‍ ധാരാളമായി ഈ ദ്വീപിലെത്തുന്നു. ഇക്കാലയളവ് ദ്വീപിലെ ടൂറിസം സീസണ്‍ ആയും കണക്കാക്കപ്പെടുന്നു. ധാരാളം സഞ്ചാരികളെത്തുന്നതിനാല്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്തുവേണം ഇവിടെ വരാന്‍. ദ്വീപിലെ ആ സമയത്തെ കാലാവസ്ഥയെ പറ്റി അന്വേഷിച്ച ശേഷം യാത്രയ്ക്കായി ഒരുങ്ങുകയാണ് കൂടുതല്‍ അഭികാമ്യം.
എങ്ങനെ എത്താം
മുരുഡേശ്വരത്ത് റെയില്‍വേ സ്റ്റേഷനുണ്ട്. റോഡുമാര്‍ഗവും മുരുഡേശ്വരത്തെത്താം. ബെംഗളൂരുവില്‍ നിന്ന് 600 കിലോമീറ്റര്‍ അകെലയാണ് മുരുഡേശ്വരം. കര്‍ണാടകത്തില്‍ ഒട്ടുമിക്കയിടത്തുനിന്നും മുരുഡേശ്വരത്തേക്ക് പൊതുഗതാഗത സൗകര്യങ്ങളുണ്ട്. അടുത്തുള്ള വിമാനത്താവളം മംഗളൂരുവാണ്. 150 കിലോമീറ്റര്‍ ദൂരം വരുമിത്. കര്‍ണാടകത്തിന് ആഗോളവിനോദസഞ്ചാരമേഖലയ്ക്ക് മുന്‍പില്‍ പ്രദര്‍ശിപ്പിക്കാവുന്ന ഒരു ടൂറിസം കേന്ദ്രം തന്നെയാണ് നേത്രണി ദ്വീപെന്നത് നിസംശയം പറയാം.
Content Highlights: adventures including scuba diving, heart-shaped netrani island