അഞ്ച് അപകടങ്ങൾ, രണ്ട് ശസ്ത്രക്രിയകൾ; ഒരു സ്വർണമെഡൽ

ഒരു സ്വർണമെഡലിന്റെ വിലയെത്രയാണ്. അഞ്ച് ഗുരുതര അപകടങ്ങൾ, രണ്ട് ശസ്ത്രക്രിയകൾ, കൈയിലും കാലിലുമിട്ട സ്റ്റീൽ കമ്പികൾ, ജീവൻ പണയംവച്ചുള്ള പരിശീലനങ്ങൾ, മുന്നൂറും നാന്നൂറും കിലോമീറ്ററുകൾ താണ്ടിയ യാത്രകൾ എന്നു ചിരിച്ചുകൊണ്ടു തന്നെ പറയും കേരളവുമായി ഒരു വിദൂര ബന്ധമുള്ള പ്രഗ്ന്യ മോഹൻ എന്ന ഗുജറാത്തി പെൺകുട്ടി. ദേശീയ ഗെയിംസിൽ ഏറ്റവും കൂടുതൽ മെഡൽ നേടിയ താരമല്ല പ്രഗ്ന്യ. വനിതകളുടെ ട്രയാത്തലോണിൽ ഒരു സ്വർണമാണ് പ്രഗ്ന്യയ്ക്കുള്ളത്. എന്നാൽ, ഈയൊരു മെഡലിനുവേണ്ടി പ്രഗ്നയോളം വേദന തിന്ന മറ്റൊരാൾ ഈ ഗെയിംസിൽ എന്നല്ല, രാജ്യത്ത് തന്നെ ഉണ്ടാവില്ലെന്ന് ഉറപ്പ്.
റോഡിലെ സൈക്ലിങ്ങും ഓട്ടവും നദിയിലെ നീന്തലും ചേർന്ന ട്രയാത്തലോൺ എന്ന ഏറ്റവും കാഠിന്യമേറിയ ഒളിമ്പിക് മത്സരയിനത്തിനുവേണ്ടിയുള്ള തയ്യാറെടുപ്പിൽ അത്രയ്ക്കും യാതന അനുഭവിച്ചിട്ടുണ്ട് ഈ ചാർട്ടേഡ് അക്കൗണ്ടൻസി വിദ്യാർഥി. സൈക്ലിങ് പരിശീലനത്തിനിടെ അഞ്ചു തവണയാണ് പ്രഗ്ന്യ അപകടത്തിൽപ്പെട്ടത്. ഒരിക്കൽ ഒരു എസ്.യു.വി ഇടിച്ച് ഗുരുതരാവസഥയിലായ ആശുപത്രിക്കിടക്കയിൽ ദിവസങ്ങളോളം കോമയിൽ കിടന്നശേഷമാണ് ജീവിതത്തിലേയ്ക്ക് തിരിച്ചുവന്നത്. അഞ്ച് അപകടങ്ങളിൽ രണ്ടു തവണ മേജർ ശസ്ത്രക്രിയക്കും വിധേയയായി. കാലിലും കൈക്കുഴയിലും കമ്പിയിട്ടു. പക്ഷേ, അതൊക്കെ പ്രഗ്ന്യയിലെ പോരാട്ടവീര്യത്തെ തളർത്തുകയല്ല, ഒന്നുകൂടി ജ്വലിപ്പിക്കുകയാണുണ്ടായത്. ഓരോ തവണയും ശസ്ത്രക്രിയക്കിടക്കയിൽ നിന്നവൾ കൂടുതൽ കരുത്തോടെയാണ് എഴുന്നേറ്റ് ഓടിയും ഊളിയിട്ടും ആഞ്ഞുചവിട്ടിയും മത്സരിച്ചുകൊണ്ടിരുന്നത്. അങ്ങനെയാണ് ട്രയാത്തലോൺ ലോകകപ്പിൽ പങ്കെടുക്കുന്ന ആദ്യ ഇന്ത്യൻ താരമെന്ന ബഹുമതി സ്വന്തമാക്കിയത്. ഈയിടെ കോമൺവെൽത്ത് ഗെയിംസിൽ അരങ്ങേറ്റം കുറിക്കുന്ന ആദ്യത്തെ ഇന്ത്യൻ ട്രയാത്തലേറ്റ് എന്ന ഖ്യാതിയും സ്വന്തം പേരിൽ കുറിച്ചു. ഇപ്പോഴിതാ തുടർച്ചയായ രണ്ടാം തവണയും ദേശീയ ഗെയിംസിൽ സ്വർണമണിയുകയെന്ന നേട്ടവും പ്രഗ്ന്യയ്ക്ക് സ്വന്തമായി. സ്വന്തം നാട്ടിൽവച്ച് മെഡൽ നേടാനായത് വിജയമധുരം ഇരട്ടിയാക്കുന്നു.
എൺപതുകളുടെ തുടക്കത്തിൽ കെമിക്കൽ എഞ്ചിനീയറിങ് പഠിച്ച് കുറച്ചുകാലം ആലുവ എഫ്.എ.സി.ടിയിൽ ഇന്റേൺഷിപ്പ് ചെയ്തിരുന്നു പ്രഗ്ന്യയുടെ അച്ഛൻ പ്രതാപ്. മകളെ ഇന്ത്യയിൽ ഇന്നോളം ആരും പരീക്ഷിക്കാത്ത ഈ മത്സരയിനത്തിലേയ്ക്ക് ഇറക്കിയതും മാത്തൺ ഓട്ടക്കാരൻ കൂടിയായ അച്ഛൻ തന്നെ. അച്ഛനും സഹോദരനുമൊപ്പം മാരത്തണിലായിരുന്നു ആദ്യ പരീക്ഷണം. പിന്നെ നീന്തലായി. അതുകഴിഞ്ഞാണ് സൈക്ലിങ് ആരംഭിച്ചത്. എല്ലാറ്റിലും മികവ് പുർലത്തുന്നത് കണ്ടപ്പോൾ അച്ഛൻ തന്നെയാണ് ട്രയാത്തലോണിന്റെ കാര്യമെടുത്തിട്ടത്. അങ്ങനെ 2013-ൽ ട്രായാത്തലോണിൽ അരങ്ങേറ്റം കുറിച്ചു. എന്നാൽ, വിദഗ്ധ ഉപദേശമോ പരിശീലനമോ നൽകാൻ ആരുമുണ്ടായില്ല. അങ്ങനെ നീന്തലിനും സൈക്ലിങ്ങിനും ഓട്ടത്തിനും വെവ്വേറെ പരിശീലകരുടെ അടുത്തുപോയി. എല്ലാം കൂടി കൂട്ടിക്കുഴയ്ക്കുന്നതിനെ അവർ പ്രോത്സാഹിപ്പിച്ചില്ല. അപ്പോൾ യൂട്യൂബ് വീഡിയോകൾ കണ്ടും പുസ്തകങ്ങൾ വായിച്ചും അച്ഛൻ തന്നെ പരിശീലകനായി.
നിത്യേനയുള്ള പരിശീലനമായിരുന്നു പ്രധാന പ്രശ്നം. അഹമ്മദാബാദ് നഗത്തരിലെ വാഹനത്തിരക്കായിരുന്നു സൈക്ലിങ്ങിന് തടസം. അങ്ങനെ നിത്യവും പുലർച്ചെ നാലര മണിക്ക് എഴുന്നേറ്റ് സൈക്കിളുമായി ഇറങ്ങും. എന്നിട്ടും അഞ്ചു തവണ അപകടത്തിൽപ്പെട്ടു. സാബർമതി അടിമുടി മാലിന്യവും യഥേഷ്ടം മുതലകളുമുള്ള നല്ല പുഴകൾ തേടി ആഴ്ചയിലൊരിക്കൽ അകലെയുള്ള പോർബന്ദറോ സൂറത്തോ തേടിപ്പോകേണ്ടിവന്നു. തുടർന്നാണ് വിദേശപര്യടനത്തെക്കുറിച്ച് ചിന്തിച്ചത്. അങ്ങനെ ആറ് മാസം ഓസ്ട്രേലിയയിലും സ്പെയിനിലും യുകെയിലുമായി പരിശീലനം നടത്തി. യു.കെ.യിൽ നിന്ന് നേരിട്ടാണ് ദേശീയ ഗെയിംസിനെത്തിയത്. 12-ന് മടങ്ങും. തുർക്കിയിലും മൊറാക്കോയിലും ഏതാനും മത്സരങ്ങളുണ്ട്. അതുകഴിഞ്ഞ് യു.കെ.യിൽ പരിശീലനവും.
രണ്ടാം തവണയാണ് ഗെയിംസിൽ സ്വർണം നേടുന്നതെങ്കിലും ഇത്തവണത്തെ നേട്ടത്തിൽ അതിയായ സന്തോഷമുണ്ടെന്ന് പ്രഗ്ന്യ പറഞ്ഞു. ഒന്നാമത് കോമൺവെൽത്ത് ഗെയിംസിനുശേഷം സമയം മെച്ചപ്പെടുത്താനായി. രണ്ടാമത് സ്വന്തം നാട്ടിൽ വച്ച് ആദ്യമായി ഒരു മെഡൽ നേടാനായി. കോമൺവെൽത്ത് ഗെയിംസിനുശേഷം യഥേഷ്ടം മത്സരങ്ങൾ ഉണ്ടായിരുന്നതിനാൽ വലിയ ബുദ്ധിമുട്ട് നേരിട്ടില്ല. കാലാവസ്ഥയും വലുതായി ബുദ്ധിമുട്ടിച്ചില്ല. ഇനി അടുത്ത ഒളിമ്പിക്സാണ് ലക്ഷ്യം. ഇതിനുവേണ്ടിയാണ് ഇനിയുള്ള ഒരുക്കങ്ങൾ - പ്രഗ്ന്യ പറഞ്ഞു.
Content Highlights: story of Gujarat s Pragnya Mohan who won triathlon gold in National Games 2022